പുതുക്കോട്ടയില്‍ ഭുവനേശ്വരിയുടെ അനുഗ്രഹം തേടി അനുമോള്‍
Mail This Article
പുതുക്കോട്ടയിലെ ഭുവനേശ്വരി ദേവിയുടെ അനുഗ്രഹം തേടി അനുമോള്‍. പ്രശസ്തമായ ഭുവനേശ്വരി അമ്മൻ ക്ഷേത്ര ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ അനുമോള്‍ പങ്കുവച്ചിട്ടുണ്ട്. അറിവിനെയും ബുദ്ധിയെയും പ്രതിനിധീകരിക്കുന്ന ഭുവനേശ്വരി ദേവിയുടെ ആരാധനാലയമാണ് ഭുവനേശ്വരി അമ്മൻ ക്ഷേത്രം. ദേവിയുടെ അനുഗ്രഹം തേടി വര്‍ഷംതോറും നിരവധി ഭക്തർ ഇവിടേക്ക് ഒഴുകിയെത്തുന്നു. ഇവിടം സന്ദർശിച്ചാല്‍ തങ്ങളുടെ കഷ്ടപ്പാടുകൾ മാറി സമയം നല്ലതാകുമെന്ന് ആളുകള്‍ വിശ്വസിക്കുന്നു.
വളരെ കലാപരവും ഗംഭീരവുമാണ് ക്ഷേത്രത്തിന്‍റെ ഘടന. രാജരാജേശ്വരി, ആദിപരാശക്തി, ജഗദാംബാൾ എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ വിളിക്കുന്ന ശക്തിയുടെ കാളി, താര, ഷോഡസി എന്നിങ്ങനെയുള്ള പത്ത് വ്യത്യസ്ത ഭാവങ്ങളില്‍ ഒന്നായ ഭുവനേശ്വരിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഭുവനം പ്രപഞ്ചമാണ്, ഈശ്വരി എന്നാൽ ഭരണാധികാരി എന്നാണര്‍ത്ഥം. നാല് അഭയ ഹസ്തങ്ങളോടു കൂടിയ ദേവി കുടിയിരിക്കുന്ന ശ്രീകോവിലിനു മുന്നിൽ ഒരു ശ്രീചക്ര മഹാമേരു സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, അഭീഷ്ട വരദ മഹാഗണപതി, പഞ്ചമുഖ ഹേരംബ മഹാഗണപതി, പഞ്ചമുഖ ബ്രഹ്മം, കാശി വിശ്വനാഥർ, മുരുകൻ, അയ്യപ്പൻ, ദക്ഷിണാമൂർത്തി എന്നിവർക്ക് പ്രത്യേകം പ്രതിഷ്ഠകളുണ്ട്.
വെള്ളാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു വലിയ നഗരമാണ് പുതുക്കോട്ടൈ. ചോളന്മാർ , ആദ്യകാല പാണ്ഡ്യന്മാർ , ബ്രിട്ടിഷുകാർ എന്നിങ്ങനെ നിരവധി ആളുകള്‍ അധികാരം കൈമാറിപ്പോന്ന ഭൂമിയാണിത്. സംസ്ഥാന തലസ്ഥാനമായ ചെന്നൈയിൽ നിന്ന് ഏകദേശം 395 കിലോമീറ്റർ തെക്കുപടിഞ്ഞാറായും തിരുച്ചിറപ്പള്ളിയിൽ നിന്ന് ഏകദേശം 55 കിലോമീറ്റർ തെക്കുകിഴക്കായുമാണ് ഇത് സ്ഥിതിചെയ്യുന്നത്.
കോട്ടകൾ, കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, ഗുഹാചിത്രങ്ങൾ, മറ്റ് നിരവധി ചരിത്ര സ്മാരകങ്ങൾ എന്നിവയാൽ സമ്പന്നമായ സാംസ്കാരിക പൈതൃകമുണ്ട് പുതുക്കോട്ടയ്ക്ക്. തമിഴ് സംഘ സാഹിത്യത്തിൽ പലപ്പോഴും പുതുക്കോട്ട പരാമർശിക്കപ്പെട്ടിട്ടുണ്ട്. ട്രിച്ചി, ശിവഗംഗ, രാമനാഥപുരം, തഞ്ചാവൂർ എന്നീ തെക്കൻ ജില്ലകൾ ചേർന്ന് കിഴക്ക് ബംഗാൾ ഉൾക്കടലിന്‍റെ കടൽവേലിയാൽ ചുറ്റപ്പെട്ട കരയുടെയും കടലിന്‍റെയും പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ് ഇവിടം.
പുരാതന തമിഴ് രാജാക്കന്മാരുടെ ഭരണകാലത്ത് നിർമിച്ച കൊട്ടാരങ്ങൾ, കോട്ടകൾ, കനാലുകൾ, ടാങ്കുകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. കൂടാതെ, ആവുടയാർകോവിലിലെ ക്ഷേത്രം, കുടുമിയാൻമല, ചിത്തന്നവാസൽ എന്നിവയും പ്രധാനപ്പെട്ടതാണ്. മുസ്ലീങ്ങളുടെ പുണ്യസ്ഥലമായ കാട്ടുഭവ പള്ളിവാസൽ, അവൂരിലെ ക്രിസ്ത്യൻ സ്മാരകവും അന്നവാസലിലെ ജൈനക്ഷേത്രങ്ങളും ജില്ലയുടെ മതസൗഹാർദ്ദം വിളിച്ചറിയിക്കുന്നു. വിരാലിമലയിലെ മയിൽ സങ്കേതം, ഗുഹാക്ഷേത്രങ്ങൾ, പർവതങ്ങളിൽ നിർമിച്ച ക്ഷേത്രങ്ങൾ എന്നിവയും പ്രധാന ടൂറിസം കേന്ദ്രങ്ങളാണ്.
English Summary: Anumol Shares Pictures from Bhuvaneshwari Amman Temple, Pudukkottai