ഭയപ്പെടുത്തും മുളകൊണ്ടുള്ള ഇൗ പാലം; കല്ലുകളുടെ രാജാവിനെ തേടിയുള്ള യാത്ര
Mail This Article
മേഘാലയയിലെ ഏറ്റവും കഠിനമായ ട്രെക്കുകളിൽ ഒന്നായാണ് മൗറിങ്ഖാങ് ട്രെക്ക് കണക്കാക്കപ്പെടുന്നത്. കിഴക്കൻ ഖാസി കുന്നുകളിലെ ഒരു ചെറിയ കുഗ്രാമത്തിൽ നിന്ന് ആരംഭിച്ച്, പർവതനിരകൾക്കിടയിലൂടെ, അലറുന്ന നദികൾക്ക് മുകളിലൂടെ ഗ്രാമീണർ മുള കൊണ്ടു നിര്‍മിച്ച പാലങ്ങളിലൂടെയുള്ള നടത്തമാണിത്. എപ്പോള്‍ വേണമെങ്കിലും വീണുപോയേക്കാമെന്ന് തോന്നും, അതാണീ യാത്രയുടെ സൗന്ദര്യവും.
മൗറിങ്ഖാങ്ങിനു പിന്നിലെ ഐതിഹ്യം
ഈ പ്രദേശവുമായി ബന്ധപ്പെട്ട്, മേഘാലയയില്‍ ഒരു ഐതിഹ്യം പ്രചരിക്കുന്നുണ്ട്. പണ്ടുകാലത്ത് വസിച്ചിരുന്നതും "കല്ലുകളുടെ രാജാവ്" എന്നറിയപ്പെട്ടിരുന്നതുമായ ഒരു യുവാവായിരുന്നു മൗറിങ്ഖാങ്. മറ്റൊരു രാജ്യമായ ക്തിയാംഗിൽ നിന്നുള്ള ഒരു പെൺകുട്ടിയുമായി അയാൾ പ്രണയത്തിലായി. അതേ സമയം, മൗപട്ടോര്‍ എന്നു പേരായ മറ്റൊരു യുവാവിനും അവളോട് പ്രണയം തോന്നി. അത്, ഇരുവരും തമ്മിലുള്ള വഴക്കിൽ കലാശിച്ചു. അങ്ങനെ വാക്കേറ്റം മൂത്ത് ഇരുവരും തമ്മില്‍ നടന്ന യുദ്ധത്തില്‍, മൗറിങ്ഖാങ് മൗപട്ടോറിനെ വധിച്ചു. അയാളുടെ തല താഴെയുള്ള ആഴത്തിലുള്ള തോട്ടിലേക്ക് വീണു.
മുകളിലെ വ്യൂപോയിന്റിൽ നിന്ന് നോക്കിയാല്‍, ആഴത്തിലുള്ള മലയിടുക്കിൽ ഇപ്പോഴും മൗപട്ടോറിന്‍റെ തല കാണാൻ കഴിയുമെന്ന് പറയപ്പെടുന്നു. മൗറിങ്ഖാങ് ആണെന്ന് വിശ്വസിക്കപ്പെടുന്ന കല്ലും ഇവിടെ കാണാം.
മൗറിങ്ഖാങ് ട്രെക്ക് തുടക്കവും ഒടുക്കവും
മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ പൈനുർസ്‌ല തെഹ്‌സിലിൽ സ്ഥിതി ചെയ്യുന്ന വാഖെൻ വില്ലേജിൽ നിന്നാണ് മൗറിങ്‌ഖാങ് ട്രെക്ക് ആരംഭിക്കുന്നത്. ഷില്ലോങ്ങിൽ നിന്ന് 42 കിലോമീറ്റർ അകലെയാണ് ഇത്. ഏറ്റവും അടുത്തുള്ള ഗ്രാമം പോംലം ആണ്.
വാഖെനിൽ നിന്ന് മൗറിങ്ഖാങ്ങിൽ എത്താൻ ആദ്യം തന്നെ ഒരു മലഞ്ചെരിവിലൂടെ നടക്കണം. കുറച്ചു നടന്നാല്‍ മുളകൊണ്ടുള്ള ഒരു പാലം കാണാം. ഇതു കടന്നാല്‍ മനോഹരമായ നിരവധി ജലാശയങ്ങളാണ്. ഇടയ്ക്കിടെ ഇവയില്‍ ഇറങ്ങി കാലും മുഖവും കഴുകി ഫ്രെഷാവാം. നാട്ടുകാരുടെ കഠിനാധ്വാനത്തിന്‍റെ ഫലമായാണ് കൂറ്റൻ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഈ പാലം നിർമിച്ചിരിക്കുന്നത്.
മൗറിങ്ഖാങ് ട്രെക്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വാഖെൻ വില്ലേജില്‍ നിന്ന് മൗറിങ്ഖാങ്ങിലേക്കും തിരിച്ചും വെറും മൂന്നോ നാലോ മണിക്കൂറിനുള്ളിൽ ട്രെക്കിംഗ് പൂർത്തിയാക്കാനാകും. ശാരീരിക ക്ഷമതയെയും ഇടയ്ക്ക് എടുക്കുന്ന ഇടവേളകളുടെ എണ്ണത്തെയും ആശ്രയിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.
ഇടുങ്ങിയ മുള പാലങ്ങൾക്ക് മുകളിലൂടെ ഒന്നോ രണ്ടോ മണിക്കൂർ ട്രെക്കിംഗ് ഉണ്ട്. ഇതാണ് ഈ യാത്രയെ പ്രയാസമേറിയതാക്കുന്നത്. നല്ല ബാലന്‍സ് ഇല്ലെങ്കില്‍ അടിതെറ്റി താഴേക്ക് വീഴാം എന്നൊരു ഭയം ഉള്ളില്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ ഉയരം പേടിയുള്ള ആളുകള്‍ ഈ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
വാഖെൻ ഗ്രാമത്തിൽ എങ്ങനെ എത്തിച്ചേരാം
വാഖെൻ വില്ലേജിലേക്ക് ഷെയർ ടാക്സികൾ ഓടുന്നുണ്ട്, എങ്കിലും വൈകുന്നേരങ്ങളിൽ മാത്രമേ സര്‍വീസ് ഉള്ളൂ. ഇതുകൂടാതെ, ഷില്ലോംഗില്‍ നിന്നും സ്കൂട്ടര്‍ വാടകയ്ക്കെടുത്തും പ്രൈവറ്റ് ടാക്സി വഴിയും ഇവിടെയെത്താം.
English Summary: The Scariest Bamboo Trail Mawryngkhang trek in Meghalaya