ADVERTISEMENT

 മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. 2005-ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയില്‍ എത്തിയത്. അനൂപ്‌ മേനോന്‍റെ ‘ട്രിവാൻഡ്രം ലോഡ്ജി’ല്‍ ഹണി അവതരിപ്പിച്ച  'ധ്വനി നമ്പ്യാർ' എന്ന കഥാപാത്രമാണ് ഹണിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. പിന്നീട്, തമിഴ് , കന്നഡ , തെലുങ്ക് സിനിമകളിലും പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയായി. കനൽ, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ തുടങ്ങിയ സിനിമകളില്‍ മോഹൻലാലിനൊപ്പവും മമ്മൂട്ടിയ്‌ക്കൊപ്പം ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് , ജയറാമിനൊപ്പം സർ സിപി തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലും ഹണി റോസ് അഭിനയിച്ചു.

 

 

ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റിയിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ഹണി. 

 

ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്‌സ് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ റാമോജി ഫിലിം സിറ്റി, ഹൈദരാബാദിലെ വിജയവാഡയിൽ ഹയാത്നഗറിലാണ്. ഏകദേശം 2000 ഏക്കർ പ്രദേശത്ത് പരന്നുകിടക്കുന്ന ഈ പ്രദേശം കാഴ്ചകളുടെ ഉത്സവമാണ് സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. അത്ഭുതദൃശ്യങ്ങള്‍ നിറഞ്ഞ റാമോജി ഫിലിം സിറ്റിയെ "നഗരത്തിനുള്ളിലെ നഗരം" എന്നാണ് ‘ദി ഗാർഡിയൻ’ വിശേഷിപ്പിച്ചത്.

 

റാമോജി ഗ്രൂപ്പിന്‍റെ തലവനും, ചലച്ചിത്ര നിർമാതാവുമായ റാമോജി റാവുവാണ് 1996-ൽ ഫിലിം സിറ്റി ഒരുക്കിയത്. റാമോജി റാവുവിന്‍റെ ഉടമസ്ഥതയിലുള്ള ഉഷാ കിരൺ മൂവീസ് എന്ന ചലച്ചിത്ര കമ്പനി ഇന്ത്യൻ ചലച്ചിത്രങ്ങളിൽ ചെലുത്തിയ സ്വാധീനമാണ് ഇങ്ങനെ ഒരു ഫിലിം സിറ്റി തുടങ്ങാൻ പ്രേരണയായത്. ഹോളിവുഡിലെ സ്റ്റുഡിയോയ്ക്ക് സമാനമായി ഒരു സ്റ്റുഡിയോ നിർമിക്കാൻ റാമോജി ആഗ്രഹിച്ചു. ഹിന്ദി, മലയാളം, തെലുങ്കു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ ഏകദേശം 80-ഓളം ചലച്ചിത്രങ്ങൾ ഉഷാ കിരൺ മൂവിസ് നിർമിച്ചിട്ടുണ്ട്.

 

അക്കാലത്ത് കാടുകളും പർവതപ്രദേശങ്ങളും അടങ്ങുന്ന ഭൂമിയിലെ മരമോ മലയോ ഒന്നും നീക്കം ചെയ്യാതെയാണ് ഫിലിം സിറ്റി രൂപകല്‍പന ചെയ്തിട്ടുള്ളത്. അമ്യൂസ്‌മെന്‍റ് പാർക്ക് ഉൾപ്പെടെയുള്ള പ്രകൃതിദത്തവും കൃത്രിമവുമായ ആകർഷണങ്ങൾ ഉൾക്കൊള്ളുന്ന ഒരു ടൂറിസം, വിനോദ കേന്ദ്രം കൂടിയാണിത്. ആളുകൾക്ക് ഫിലിം സെറ്റുകൾ, തീം പാർക്കുകൾ, അമ്യൂസ്മെന്‍റ് റൈഡുകൾ മുതലായവ സന്ദർശിക്കാം. ഫിലിം സിറ്റിയിൽ 6 ഹോട്ടലുകളും 47 സൗണ്ട് സ്റ്റേജുകളും റെയിൽവേ സ്റ്റേഷനുകൾ മുതൽ ക്ഷേത്രങ്ങൾ വരെയുള്ള സ്ഥിരം സെറ്റുകളും ഉണ്ട്. ലോകപ്രശസ്തമായ ബാഹുബലി: ദി ബിഗിനിംഗ് , ബാഹുബലി 2: ദി കൺക്ലൂഷൻ എന്നീ ചിത്രങ്ങൾക്ക് ഉപയോഗിച്ച സെറ്റും ഫിലിം സിറ്റിയിലുണ്ട്.

 

 ഇവിടെ ഇന്നോളം ഷൂട്ട്‌ ചെയ്ത വിവിധ സിനിമകളിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാ പ്രതിമകളും ഉപകരണങ്ങളും ഇവിടെ കാണാം. പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം വിനോദസഞ്ചാരികൾ ഈ സ്ഥലം സന്ദർശിക്കുന്നു എന്നാണ് കണക്ക്.

English Summary: Honey Rose shares pictures from Ramoji Film City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com