ADVERTISEMENT

പച്ചപുതച്ച മലനിരകളിലൂടെ മൂടല്‍മഞ്ഞ് ഒഴുകിവരുന്ന പുലര്‍കാലങ്ങളും നേരിയ ചാറ്റല്‍മഴയെ താങ്ങി താഴ്‍‍‍വരകളിലൂടെ വീശിയെത്തുന്ന കാറ്റും പാല്‍നുര പോലെ ചിന്നിച്ചിതറുന്ന വെള്ളച്ചാട്ടങ്ങളും പച്ചവെല്‍വെറ്റ് പോലെ പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളും... കൂനൂര്‍ എന്ന സുന്ദരി സഞ്ചാരികള്‍ക്കായി കാത്തുവയ്ക്കുന്ന മനോഹര അനുഭവങ്ങള്‍ക്ക് കയ്യും കണക്കുമില്ല.

coonoor-travel3

നീലഗിരിയിലെ രണ്ടാമത്തെ വലിയ ഹിൽ സ്റ്റേഷനായ കൂനൂർ പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ നിരവധി കാഴ്ചകള്‍ നിറഞ്ഞ ഇടമാണ്. കാഴ്ചകള്‍ മാത്രമല്ല, ട്രെക്കിങ്, ഹൈക്കിങ് മുതലായ വിനോദങ്ങള്‍ക്കും അനുയോജ്യമായ സ്ഥലങ്ങള്‍ ഇവിടെ ധാരാളമുണ്ട്. കൂനൂരിലെ ഏറ്റവും മികച്ച വിനോദസഞ്ചാര അനുഭവങ്ങള്‍ പരിചയപ്പെടാം. 

1. സിംസ് പാർക്ക്  

കൂനൂർ റെയിൽവേ സ്‌റ്റേഷന്‍റെ വടക്കുഭാഗത്തുള്ള മലയിടുക്കിലാണ് ഒരുനൂറ്റാണ്ട് പഴക്കമുള്ള ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. 12 ഹെക്ടർ വിസ്തൃതിയുള്ള പാർക്കിൽ, ബീഡ് ട്രീ, ക്വീൻസ്‌ലാൻഡിലെ കാരി പൈൻ തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്ന അസാധാരണമായ 1,000-ലധികം സസ്യജാലങ്ങളുണ്ട്. 1874 ഡിസംബറിൽ ഒരു ഉല്ലാസകേന്ദ്രം എന്ന നിലയിലാണ് ഇത് ആരംഭിച്ചതെങ്കിലും, പ്രാധാന്യമുള്ള വിവിധ വിദേശസസ്യങ്ങള്‍ക്കായുള്ള ഒരു ബൊട്ടാണിക്കൽ ഗാർഡനായി ഇപ്പോൾ പാർക്ക് വികസിപ്പിച്ചിരിക്കുന്നു. വാർഷിക പച്ചക്കറി-ഫല പ്രദർശനത്തിനുള്ള വേദി കൂടിയാണ് സിംസ് പാർക്ക്.

2. ടോയ് ട്രെയിൻ റൈഡ്

കൂനൂരിന്‍റെ മനോഹാരിത ശരിക്കും അനുഭവിച്ചറിയാനാകുന്ന ഒരു യാത്രയാണ് ടോയ്ട്രെയിന്‍ റൈഡ്. കൂനൂരിനെ മേട്ടുപ്പാളയം, ഊട്ടി എന്നിവയുമായി ബന്ധിപ്പിക്കുന്ന ടോയ് ട്രെയിനിൽ കയറിപ്പോകുമ്പോള്‍ കാണുന്ന നീലഗിരി മലനിരകളുടെ അതിമനോഹരമായ കാഴ്ചകൾ ആരുടേയും മനംകവരും. ട്രെയിന്‍ സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. 

coonoor-travel1

3. ഡ്രൂഗ് കോട്ട

കൂനൂരിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഡ്രൂഗ് കോട്ട. പശ്ചിമഘട്ടത്തിലെ അതിമനോഹരമായ കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട, സഞ്ചാരികള്‍ക്കും ചരിത്രസ്‌നേഹികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. 

coonoor-travel

സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട മുമ്പ് ടിപ്പു സുൽത്താൻ ഒരു ഔട്ട്‌പോസ്റ്റായി ഉപയോഗിച്ചിരുന്നു. കോട്ടയില്‍ അടിയന്തിര സാഹചര്യങ്ങളിലോ യുദ്ധസമയത്തോ ശത്രുക്കളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ രാജാക്കന്മാർക്ക് ഒളിഞ്ഞിരിക്കാവുന്ന തുരങ്കങ്ങളുണ്ട്. കോട്ടയിലേക്കുള്ള ട്രെക്കിങ് വളരെ ആസ്വാദ്യകരമായ ഒരു അനുഭവമാണ്.

4. സെന്റ് ജോർജ് പള്ളി 

മനോഹരമായ പെയിന്റിംഗ് ശേഖരങ്ങൾക്ക് പേരുകേട്ട പള്ളിയുടെ ഗോഥിക് ഘടന ആരെയും ആകര്‍ഷിക്കും. വാസ്തുവിദ്യയുടെ തനിമയും സൗന്ദര്യവും ചരിത്രപരമായ നിർമ്മിതികളുടെ ആധികാരികതയും ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണിത്.  

5. ലോസ് വെള്ളച്ചാട്ടം  

കുന്നൂരിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫി പ്രേമികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. മഴക്കാലത്ത് ഇവിടേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് ഒരു കണക്കുമില്ല. കൂനൂരിലെത്തുന്ന എല്ലാ സഞ്ചാരികളുടെയും ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. കൂടാതെ, പച്ചപ്പ് നിറഞ്ഞ മഴക്കാടുകളാൽ ചുറ്റപ്പെട്ട ഈ വെള്ളച്ചാട്ടം പിക്നിക്കിനും വേനൽക്കാല യാത്രയ്ക്കും പറ്റിയ സ്ഥലമാണ്. 

6. ഡോൾഫിന്‍സ് നോസ്

കൂനൂരിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഡോൾഫിന്‍റെ മൂക്കിന്‍റെ ആകൃതിയിലുള്ള ഡോൾഫിന്‍സ് നോസ്. കൂനൂരിൽ നിന്ന് 12 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഡോൾഫിൻസ് നോസ്, പ്രകൃതി ഭംഗി ഏറ്റവും നന്നായി ആസ്വദിക്കാൻ കഴിയുന്ന ഒരു അദ്ഭുതകരമായ സ്ഥലമാണ്. 

സമുദ്രനിരപ്പിൽ നിന്ന് 1,550 മീറ്റർ ഉയരത്തിലുള്ള ഈ സ്ഥലത്ത് നിന്നും, അതിമനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം 180-ഡിഗ്രി വിസ്തൃതിയില്‍ കാണാം. പക്ഷിനിരീക്ഷകർക്കും ഫോട്ടോഗ്രാഫർമാർക്കും അനുയോജ്യമായ സ്ഥലമാണിത്.    

English Summary: Places to Visit in Coonoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com