ADVERTISEMENT

സമ്പന്നമായ സംസ്കാരത്തിനും പാരമ്പര്യത്തിനും ആത്മീയതയ്ക്കും അറിവുകള്‍ക്കുമെല്ലാം ലോകപ്രശസ്തമാണ് ഇന്ത്യ. മാത്രമല്ല ഭൂമിശാസ്ത്രപരമായ വൈവിധ്യവും ഇന്ത്യയെ മറ്റു രാജ്യങ്ങള്‍ക്ക് മുന്നില്‍ വേറിട്ട്‌ നിര്‍ത്തുന്നു. ഒരേസമയം തന്നെ ചുട്ടു പഴുത്ത മരുഭൂമികളും മഞ്ഞുമൂടിക്കിടക്കുന്ന ഗിരിശൃംഗങ്ങളുമുള്ള സ്ഥലങ്ങള്‍ നമുക്ക് ഇന്ത്യയില്‍ കാണാന്‍ സാധിക്കും. സീസണ്‍ മാറുമ്പോള്‍ മറ്റു കാലാവസ്ഥകള്‍ തേടി രാജ്യം വിട്ടു പോകേണ്ടതില്ലെന്നു സാരം. ലോകത്തിലെ ഏറ്റവും മനോഹരമായ ചില സ്ഥലങ്ങളുടെ തനിപ്പകര്‍പ്പുകള്‍ എന്നു വിളിക്കാവുന്ന സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. അത്തരം ചില ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

1. ഗുരുഡോങ്‌മാർ തടാകം, സിക്കിം: ഐസ്‌ലൻഡ്

travel-pic6

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ15 തടാകങ്ങളിൽ ഒന്നാണ് സിക്കിമിലെ ഗുരുഡോങ്മർ തടാകം. ഈ തടാകത്തിന് ഐസ്‌ലൻഡിലെ മനോഹരമായ ജോകുൽസർലോൺ തടാകത്തോട് അതിശയകരമായ സാമ്യമുണ്ട്. ഈ തടാകം പ്രകൃതിരമണീയം മാത്രമല്ല, ഇവിടുത്തെ ജലത്തിന് അദ്ഭുതകരമായ രോഗശാന്തി ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

2. ചിത്രകോട്ട് വെള്ളച്ചാട്ടം, ഛത്തീസ്ഗഡ്: നയാഗ്ര വെള്ളച്ചാട്ടം

chitrakote-falls

കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം പോലെ അതിമനോഹരമാണ് ഛത്തീസ്ഗഡിലെ ചിത്രകോട്ട് വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച. 95 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം, രാജ്യത്തെ ഏറ്റവും വീതിയുള്ള വെള്ളച്ചാട്ടമാണ്. ഏറ്റവും ഭംഗിയിലും പൂര്‍ണതയിലും വെള്ളച്ചാട്ടം കാണണമെങ്കിൽ ജൂലൈ മുതൽ ഒക്ടോബർ വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം. 

3. താര്‍ മരുഭൂമി: സഹാറ മരുഭൂമി

travel-pic

മരുഭൂമികളില്‍ കാണാന്‍ ഇത്രയ്ക്ക് എന്തിരിക്കുന്നു എന്നാണോ ചിന്തിക്കുന്നത്? പ്രകൃതിമനോഹാരിതയ്ക്ക് പച്ചപ്പിന്റേതല്ലാത്ത മറ്റൊരു നിര്‍വചനം നല്‍കുകയാണ് മരുഭൂമികള്‍ ചെയ്യുന്നത്. കണ്ണിനു കുളിരേകുന്ന കാഴ്ചകള്‍ ഒന്നുമില്ലെങ്കിലും മരുഭൂമിയിലേക്കുള്ള യാത്ര ഒരു പ്രത്യേക അനുഭവം തന്നെയാണ്. അനന്തമായ മൺകൂനകളും നക്ഷത്രങ്ങൾ നിറഞ്ഞ രാത്രികളുമുള്ള രാജസ്ഥാനിലെ താർ മരുഭൂമി, ആഫ്രിക്കയില്‍ സ്ഥിതിചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ഉഷ്ണമരുഭൂമിയായ സഹാറയുടെ അതേ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.

4. ഷില്ലോങ്ങിലെ ചെറി ബ്ലോസം: ജപ്പാനിലെ ചെറി ബ്ലോസം ഫെസ്റ്റിവൽ

ജപ്പാനിലെ ഏറ്റവും മനോഹരമായ കാലമാണ് ചെറിപ്പൂക്കള്‍ പൂക്കുന്ന സീസണ്‍. തെരുവോരങ്ങളില്‍ നിറയെ പിങ്ക് പൂവിതളുകള്‍ താഴെയും മുകളിലും ഒരുപോലെ വസന്തച്ഛായ പടര്‍ത്തുന്ന ജാപ്പനീസ് ചെറി ബ്ലോസം സീസണ്‍ സോഷ്യല്‍ മീഡിയയിലെങ്ങും വൈറലാകാറുണ്ട്.

travel-pic1

ഇതിനു സമാനമായ അനുഭവമാണ് ഇന്ത്യയിലെ ഷില്ലോങ്ങില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. നവംബര്‍ മാസമാകുമ്പോഴേക്കും ഷില്ലോങ്ങില്‍ ചെറി വസന്തം തുടങ്ങും. ഈ സമയത്ത് ഇവിടെ രാജ്യാന്തര ചെറി ബ്ലോസം ഫെസ്റ്റിവലും അരങ്ങേറുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഈ സമയത്ത് ഇവിടെയെത്തുന്നു.

5. കസോൾ: മിനി ഇസ്രായേൽ

ഹിമാചല്‍പ്രദേശിലെ പാര്‍വതീനദിക്കരയില്‍ സ്ഥിതിചെയ്യുന്ന മനോഹരപട്ടണമായ കസോളിനെ മിനി ഇസ്രായേല്‍ എന്നു വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് അവിടെ എത്തുന്ന ഓരോ സഞ്ചാരിക്കും ഉടനടി മനസ്സിലാകും.

travel-pic2

പ്രത്യേകതരം പാരമ്പര്യവസ്ത്രമണിഞ്ഞ ഇസ്രായേലി ആളുകളെയും ഹീബ്രു അടയാളങ്ങളുമെല്ലാം കസോളിനെ മറ്റൊരു ഇസ്രായേലാക്കി മാറ്റുന്നു. തങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലാണോ ഇസ്രായേലിലാണോ എന്ന് ഒരു നിമിഷത്തേക്ക് ഏതൊരു സഞ്ചാരിയും ഒന്ന് സംശയിച്ചുപോകും!

6. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ: ഫിഫി ദ്വീപുകൾ, തായ്‌ലൻഡ്

travel-pic4

തായ്‌ലൻഡിലെ പ്രശസ്തമായ ഫിഫി ദ്വീപുകൾക്ക് തുല്യമാണ് ഇന്ത്യയിലെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. സ്കൂബ ഡൈവിങ്, സർഫിങ്, യാച്ചിങ്, സ്നോർക്കലിങ് തുടങ്ങി നിരവധി സാഹസിക പ്രവർത്തനങ്ങൾക്ക് പേരുകേട്ടതാണ് ഫിഫി ദ്വീപുകള്‍. തലസ്ഥാന നഗരിയായ പോർട്ട് ബ്ലെയറിലെ പ്രകൃതിഭംഗിയും ഏതൊരു സഞ്ചാരിയുടെയും ഹൃദയം കവരുന്നതാണ്.

English Summary: Check Out These Amazing Indian Places that Resemble Foreign Destinations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com