ADVERTISEMENT

വിദേശികൾക്കും സ്വദേശികൾക്കും ആതിഥേയത്വം വഹിക്കുന്ന, ആട്ടവും പാട്ടും നിറഞ്ഞ ഗോവയുടെ കടൽത്തീരങ്ങളിലേക്കു യാത്രക്കൊരുങ്ങുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത്  യാത്രയെ കൂടുതൽ സുഖകരവും ആസ്വാദ്യകരവുമാക്കുകയും ചെയ്യും.

goa-trip

വര്‍ഷം മുഴുവനും ആളുകൾ വന്നും പോയുമിരിക്കുന്ന സ്ഥലമാണ് ഗോവ. സീസൺ എന്നൊന്ന് അവിടെയില്ല. എല്ലാ കാലവും അവിടെ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. എങ്കിലും അല്പം തിരക്ക് കുറവുള്ള സമയങ്ങൾ ഗോവയിലുണ്ട്. ആ സമയങ്ങൾ എപ്പോഴെല്ലാമാണെന്നു ശ്രദ്ധിച്ച് യാത്രക്കൊരുങ്ങിയാൽ യാത്ര കൂടുതൽ ആനന്ദകരമാക്കാം. ജനുവരി മുതലാണ് ഗോവയിലെ സീസൺ തുടങ്ങുന്നത്. ഫെബ്രുവരി വരെ തിരക്കോടു തിരക്ക് തന്നെയാണ്. ഗോവൻ സന്ദർശനത്തിന് ഏറ്റവും ഉചിതമായ സമയമിതാണെങ്കിലും താമസവും ഭക്ഷണവും തുടങ്ങി എല്ലാത്തിനും ഇരട്ടിയും രണ്ടിരട്ടിയുമൊക്കെയായിരിക്കും ചെലവ്.

പോക്കറ്റ് കാലിയാകുമോ?

സീസൺ കാലത്തേ ഗോവൻ സന്ദർശനം പോക്കറ്റ് കാലിയാക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. മാർച്ച് മുതൽ മെയ് വരെയുള്ള കാലവും ഗോവൻ സന്ദർശനത്തിനു ഉചിതമാണ്. വലിയ തിരക്കുണ്ടാകുകയില്ലെന്നു മാത്രമല്ല, സീസണിന്റെ അവസാനത്തിലേക്കു നീങ്ങുന്നത് കൊണ്ട് തന്നെ ബിയർ പാർലറുകളും ഷാക്കുകളുമെല്ലാം അടക്കുന്നതിനുള്ള തയാറെടുപ്പിലുമായിരിക്കും. മെയ് മുതൽ ഓഗസ്റ്റ് വരെ ഗോവയിലെ മഴക്കാലമാണ്.

goa-trip1

സെപ്തംബര്‍ മുതൽ  ഗോവ  വീണ്ടും ഒരുങ്ങി തുടങ്ങും. വീണ്ടും ഷാക്കുകളും ബിയർ പാർലറുകളും തുറക്കും. കൂടാതെ സീസൺ തുടങ്ങുന്നതിന്റെ ഭാഗമായുള്ള പാർട്ടികൾക്കും ആരംഭമാകും. നവംബര്‍ മുതൽ ഗോവയിൽ ആഘോഷമാണ്. ക്രിസ്തുമസും പുതുവര്‍ഷവും കഴിഞ്ഞു  പിന്നെയും നീളും. ഗോവൻ യാത്രക്കൊരുങ്ങുമ്പോൾ ഈ തിരക്കും കാര്യങ്ങളുമൊക്കെ പരിഗണിച്ചു കൊണ്ട് വേണം തയാറെടുപ്പുകൾ നടത്താൻ. 

goa-trip2

സഞ്ചാരികൾ ഏറെയെത്തുന്ന ബീച്ചുകളാണ് അഞ്ജുന, കലാൻഗുട്ട്, ബാഗ,കണ്ഡോലിം എന്നിവ. ഈ പറഞ്ഞ ബീച്ചുകൾ പോലെത്തന്നെ മനോഹരവും അത്ര തിരക്കുമില്ലാതെ നിരവധി ബീച്ചുകളും ഗോവയിലുണ്ട്. ഗോവയുടെ സൗന്ദര്യവും ലഹരിയും നുണയാനും മനോഹരമായ കടൽക്കാഴ്ചകളും സൂര്യോദയവും അസ്തമയവും കാണാനും  തിരക്കധികമില്ലാത്ത ബീച്ചുകൾ ആഗ്രഹിക്കുന്നവർക്ക് വടക്കൻ ഗോവയിലെ ബീച്ചുകൾ അനുയോജ്യമായയിടങ്ങളായിരിക്കും.

താമസം 

തിരക്കേറിയ സമയങ്ങളിലാണ് ഗോവയിലെ സന്ദർശനമെങ്കിൽ ഒരിക്കലും വെബ്‌സൈറ്റിൽ കാണുന്ന റൂമുകൾ മുൻകൂട്ടി ബുക്ക് ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം വെബ്‌സൈറ്റിലെ പരസ്യം കണ്ട് ബുക്ക് ചെയ്യുമ്പോൾ റൂമിന്റെ വാടകക്കൊപ്പം കമ്മീഷനും നമ്മളറിയാതെ നൽകുന്നുണ്ട്.  ഗോവയിലെത്തിയതിനു ശേഷം നേരിട്ട് ഹോട്ടലുകളിൽ അന്വേഷിച്ചു, മുറിയെടുക്കുന്നതാണ് സാമ്പത്തികമായി ഗുണകരം.

യാത്ര എങ്ങനെ

യാത്ര ഫ്ലൈറ്റിലായിരുന്നുവെങ്കിൽ, എയർപോർട്ടിൽ നിന്നും വിളിക്കുന്ന ടാക്സി ചെലവ് വളരെ കൂടുതലായിരിക്കും. എയർപോർട്ടിനു പുറത്തു കടന്നാൽ പ്രീപെയ്ഡ് ടാക്സി ലഭിക്കും, ഒരേ സ്ഥലത്തേക്ക് പോകുന്നവർക്കൊപ്പം കൂടിയാൽ, തുച്ഛമായ പണത്തിൽ ലക്ഷ്യസ്ഥാനത്തേക്കു എത്താം.

goa-Calangute-Beach

ടാക്സി വിളിച്ചു ഗോവ മുഴുവൻ ചുറ്റി കാണാമെന്നു വിചാരിച്ചാൽ സാമ്പത്തികമായി വലിയ നഷ്ടം നേരിടേണ്ടി വരും. ചെലവേറ്റവും  കുറഞ്ഞ രീതി ഒരു സ്കൂട്ടർ ദിവസവാടകയ്ക്കു എടുക്കുക എന്നതാണ്. സ്കൂട്ടറിന്റെ ബുക്കും പേപ്പറും നിങ്ങളുടെ ഡ്രൈവിങ് ലൈസൻസും കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണ്. 

ഗോവയിലെ എല്ലാ തീരങ്ങളും നീന്തുന്നതിനു അനുമതി നൽകിയിട്ടില്ല. ചില തീരങ്ങളിൽ ചുവന്ന നിറത്തിലുള്ള പതാകകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ, കടലിൽ നീന്തുന്നത് അപകടരമാണെന്ന മുന്നറിയിപ്പാണത്. കൂടുതൽ അപകടം ക്ഷണിച്ചുവരുത്താതെ, ആ മുന്നറിയിപ്പ് കണക്കിലെടുക്കുന്നതാണ് ജീവന്റെ സുരക്ഷയ്ക്ക് നല്ലത്.

ഭക്ഷണം ശ്രദ്ധിക്കാം

ഗോവൻ ഭക്ഷണം ഏറെ രുചികരവും അതേസമയം നല്ല എരിവും നിറഞ്ഞതാണ്. എരിവ് കുറച്ചു കഴിക്കുന്നവരാണെങ്കിൽ ഭക്ഷണത്തിനു ഓർഡർ നല്കുന്നതിനുമുമ്പു ഓരോ വിഭവത്തിന്റെയും ചേരുവകൾ ചോദിച്ചു മനസിലാക്കി, എരിവ് കുറച്ചു ഉണ്ടാക്കാൻ നിർദ്ദേശം നൽകാവുന്നതാണ്.

ഗോവൻ തീരങ്ങളിലെ വഴിയോര കച്ചവടക്കാരിൽ നിന്നും വസ്തുക്കൾ വാങ്ങുമ്പോൾ, വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വസ്തുക്കളുടെ വില ഉയർത്തി സഞ്ചാരികളെ കബളിപ്പിക്കുന്ന കച്ചവടക്കാർ നിരവധിയുണ്ട്. നല്ലതുപോലെ വിലപേശി മാത്രം സാധനങ്ങൾ വാങ്ങിയാൽ കബളിപ്പിക്കപ്പെടുകയില്ല.

English Summary:Complete Travel Guide to Goa for First Timers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com