ADVERTISEMENT

വിശ്വസിക്കാന്‍ പ്രയാസമുള്ള നിരവധി കഥകളുണ്ട് ഇന്ത്യയിലെ മിക്ക ആരാധനാലയത്തിനു പിന്നിലും. ഇത്തരം കഥകള്‍ മതഭേദമന്യേ, രാജ്യമെങ്ങുമുള്ള തീര്‍ഥാടനകേന്ദ്രങ്ങളിലേക്ക് ആളുകളെ കൊണ്ടുവരുന്നു. അക്കൂട്ടത്തില്‍ വിശ്വാസമര്‍പ്പിച്ച് വരുന്നവരുണ്ട്, കാര്യങ്ങള്‍ കണ്ടു നേരിട്ട് മനസ്സിലാക്കാന്‍ വരുന്നവരുണ്ട്‌, വെറുതെ ആ അനുഭവം ഒന്നു നേരിട്ടറിയാന്‍ എത്തുന്നവരുമെല്ലാമുണ്ട്. തലമുറകളായി പകര്‍ന്നുവരുന്ന ഇത്തരം കഥകള്‍ അറിഞ്ഞോ അറിയാതെയോ പലപ്പോഴും നമ്മുടെ യാത്രകളുടെയും സംസ്കാരത്തിന്‍റെ തന്നെയും ഭാഗമായി മാറാറുണ്ട്.

ഇതേപോലെ നിഗൂഢതയും കഥകളും കൊണ്ട് വലയം ചെയ്യപ്പെട്ട ഇന്ത്യയിലെ ആരാധനാലയങ്ങളില്‍ ഒന്നാണ് ആഗ്രയിലെ ശ്രീ രാജേശ്വര്‍ മഹാദേവ് ക്ഷേത്രം. ഷംസാബാദ് റോഡിലെ രാജ്പുർ ചുങ്കിയിലാണ് എണ്ണൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

നിറം മാറും

ദിവസത്തില്‍ മൂന്നു പ്രാവശ്യം നിറം മാറുന്ന ശിവലിംഗമാണിത് എന്നതാണ് മറ്റൊരു പ്രത്യേകത. രാവിലെ ആരതി സമയത്ത് ശിവലിംഗത്തിന്‍റെ നിറം വെളുത്തതാണ്. ശിവന്‍റെ ഈ രൂപം ദർശിക്കുന്നതിലൂടെ ഭക്തര്‍ക്ക് സമാധാനം ലഭിക്കുന്നു. ഉച്ചയ്ക്ക് ആരതി സമയത്ത്, ശിവലിംഗത്തിന്‍റെ നിറം ഇളം നീലയായി മാറുന്നു. ഈ സമയത്ത്, ശിവൻ നീലകണ്ഠ രൂപത്തിൽ കാണപ്പെടുന്നുവെന്ന് പറയപ്പെടുന്നു. ഈ സമയത്തെ ദർശനം ദുരിതങ്ങള്‍ അകറ്റുന്നു. വൈകുന്നേരം ആരതി സമയത്ത് ഈ ശിവലിംഗത്തിന്‍റെ നിറം പിങ്ക് ആകും. ഇത് കാണുന്നത് ജീവിതത്തിൽ സന്തോഷം കൊണ്ടുവരും.സാധാരണയായി പഞ്ചസാര, തേൻ, പൂക്കൾ, പാൽ, ഗംഗാജലം എന്നിവ കൊണ്ടാണ് ശിവന് പൂജ നടത്തുന്നത്.

ടൂറിസ്റ്റ് ആകർഷണങ്ങൾ

സഞ്ചാരികളെ കാത്ത് ആഗ്രയിൽ നിരവധി ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുണ്ട്. പ്രണയകൂടീരമായ താജ്മഹൽ, ആഗ്രാ ഫോർട്ട്, ആഗ്ര കോട്ടയ്ക്കുള്ളിലെ അതിമനോഹരമായ നിർമിതികളിൽ ഒന്നായ ശീഷ് മഹൽ. യുസ്കോയുടെ പൈകൃക സ്മാരകമായ ഫത്തേപൂര്‍ സിക്രി അങ്ങനെ നിരവധി ഇടങ്ങൾ ഇവിടെയുണ്ട്. ആഗ്രയിലേക്കുള്ള  അവധിക്കാല യാത്ര നടത്താൻ ഏറ്റവും നല്ല സമയം ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്.

എല്ലാ വര്‍ഷവും സാവൻ മാസത്തിലെ (ജൂലൈ പകുതി മുതൽ ആഗസ്റ്റ് പകുതി വരെ)ആദ്യ തിങ്കളാഴ്ച മുതൽ ഈ ക്ഷേത്രത്തിൽ ഒരു വലിയ മേള സംഘടിപ്പിക്കാറുണ്ട്. ഈ സമയത്ത് പുലര്‍ച്ചയ്ക്ക് 4 മണിക്ക് നട തുറക്കുന്നു, നട രാത്രി 10.30 വരെ തുറന്നിരിക്കും. ആഗ്രഹസാധ്യത്തിനായി ദൂരദേശങ്ങളില്‍ നിന്നുവരെ നിരവധി ആളുകള്‍ ഈ സമയത്ത് ക്ഷേത്രത്തില്‍ എത്തുന്നു.

കഥ ഇങ്ങനെ

ഈ ശിവലിംഗം ഇവിടെ സ്ഥാപിക്കപ്പെട്ടതിനെക്കുറിച്ച് പ്രദേശവാസികള്‍ക്കിടയില്‍ ഒരു കഥ പ്രചാരത്തിലുണ്ട്. ഒരിക്കല്‍, രാജ്ഖേഡയില്‍ നിന്നുള്ള ഒരു പണമിടപാടുകാരന് നർമ്മദാ നദിയിൽ നിന്ന് ഒരു ശിവലിംഗം ലഭിച്ചു. ഇതു കൊണ്ടുപോയി തന്‍റെ നാട്ടില്‍ പ്രതിഷ്ടിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. വഴിമധ്യേ രാത്രിയായപ്പോള്‍ വിശ്രമിക്കാനായി അദ്ദേഹം രാജ്പൂർ ചുങ്കിയിൽ തങ്ങി. തന്‍റെ കയ്യിലുള്ള ശിവലിംഗം അവിടെ തന്നെ സ്ഥാപിക്കണം എന്ന് അന്നുരാത്രി സ്വപ്നത്തില്‍ വന്ന് ശിവന്‍ അദ്ദേഹത്തോട് പറഞ്ഞത്രേ.

പിറ്റേ ദിവസം ഉറക്കമുണര്‍ന്നപ്പോള്‍ സ്വപ്നം കണ്ട കാര്യം ശ്രദ്ധിക്കാതെ പണമിടപാടുകാരന്‍ ഒരു കാളവണ്ടിയിൽ ശിവലിംഗം എടുത്തു കയറ്റി വച്ചു. കാളകള്‍ വണ്ടി വലിക്കാന്‍ തയ്യാറായില്ല. വണ്ടിയിലെ ശിവലിംഗം താഴെ നിലത്തേക്ക് വീണു. പണമിടപാടുകാരൻ ശിവലിംഗം ഉയർത്താൻ ഒരുപാട് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട്, പലരും ഈ ശിവലിംഗം അവിടെ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും എല്ലാവരും പരാജയപ്പെട്ടു. തുടര്‍ന്ന് അന്നത്തെ രാജാവ്‌, ഈ സ്ഥലത്ത് ഒരു ശിവക്ഷേത്രം പണിയാന്‍ ഉത്തരവിട്ടു. അങ്ങനെയാണത്രേ ക്ഷേത്രം ഉണ്ടായത്.

എങ്ങനെ എത്താം: ആഗ്രയിലെ ഷംസാബാദ് റോഡിലെ രാജ കൈരയിലാണ് ഇൗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെത്താൻ നിരവധി വഴികളുണ്ട്. ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിലൂടെയാണ് വരുന്നതെങ്കിൽ ഷംസാബാദ് റോഡിൽ എത്തിയാൽ ഇവിടെയെത്താം. പവർ സ്റ്റേഷനിൽ നിന്ന് ഇവിടെയെത്താൻ സിറ്റി ബസുകളോ ഓട്ടോകളോ ലഭ്യമാണ്.

English Summary: This 850-Year-Old Historical Temple In Agra Has A Shivling That Changes Colour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com