കുന്നുകളുടെ രാജകുമാരി; ചിത്രങ്ങൾ പങ്കിട്ട് സനൂഷ
Mail This Article
മലയാളികളുടെ പ്രിയതാരമാണ് സനൂഷ. അഭിനയം പോലെ യാത്രകളും താരത്തിന് പ്രിയമാണ്. അവധിക്കാലം കുന്നുകളുടെ രാജകുമാരിയായ കൊടൈക്കനാലിൽ ആഘോഷമാക്കിയ ഒാർമചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഒരു കുഞ്ഞു പട്ടിക്കുട്ടിയെ ഉമ്മ വയ്ക്കുന്ന സനുഷയാണ് ചിത്രത്തില്‍. കൂടാതെ കണ്ണൂരിലെ ബീച്ചിന്റെ മനോഹാരിത നിറഞ്ഞ ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
മലയാളികളുടെ ഇഷ്ടയിടം
തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയില്‍, പളനി മലയുടെ തെക്കേ അറ്റത്തായാണ് 'കുന്നുകളുടെ രാജകുമാരി' എന്ന് വിളിക്കപ്പെടുന്ന കൊടൈക്കനാൽ സ്ഥിതിചെയ്യുന്നത്. മഞ്ഞിന്‍റെയും മേഘങ്ങളുടെയും മനംമയക്കുന്ന കാഴ്ചകള്‍ തെളിയുന്ന മലയിടുക്കുകളും ഇടതൂര്‍ന്ന വനങ്ങളും ഹരിതാഭയാര്‍ന്ന താഴ്‍വാരങ്ങളും സമൃദ്ധമായ നദികളും വെള്ളച്ചാട്ടങ്ങളുമെല്ലാം നിറഞ്ഞ കൊടൈക്കനാലിന്‍റെ പ്രകൃതിസൗന്ദര്യം ലോകമെങ്ങുമുള്ള സഞ്ചാരികളെ വിസ്മയഭരിതരാക്കുന്നു. നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവം സ്ഥലങ്ങളിൽ ഒന്നാണ് എന്നൊരു പ്രത്യേകതയും ഉണ്ട്.
വര്‍ഷംമുഴുവനും വളരെ ഹൃദ്യമായ കാലാവസ്ഥയാണ് കൊടൈയിലേത്. വേനൽക്കാലം തുടങ്ങുന്നത് ഏപ്രിൽ മുതലാണ്. ഈ സമയത്ത് പോലും 11 ഡിഗ്രി സെല്‍ഷ്യസിനും 19 ഡിഗ്രി സെല്‍ഷ്യസിനും ഇടക്കാണ് ഇവിടുത്തെ താപനില. മഞ്ഞുകാലം നവംബറോടെ ആരംഭിക്കുന്നു. താപനില ഇക്കാലത്ത് പൂജ്യം വരെ താഴാറുണ്ട്. കൂടാതെ കേരളത്തിലേതു പോലെത്തന്നെ മൺസൂൺ മഴയും തുലാം മഴയും ലഭിക്കാറുണ്ട്.
ഹണിമൂൺ ഡെസ്റ്റിനേഷൻ
തമിഴ്നാട്ടിലെ ഒരു പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷൻ കൂടിയാണ് കൊടൈക്കനാല്‍. കൊടൈക്കനാലിനെ വേനൽക്കാല തലസ്ഥാനമായി ഉപയോഗിച്ചിരുന്ന ബ്രിട്ടീഷ് മിഷനറിമാർ 19ാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ ഹിൽ സ്റ്റേഷൻ ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിച്ചെടുക്കുകയായിരുന്നു. കാലം കഴിയവേ, കൂടുതൽ വിനോദസഞ്ചാരികൾ ഈ സ്ഥലത്തേക്ക് എത്തിതുടങ്ങി, രാജ്യത്തിന്‍റെ തെക്കൻ ഭാഗങ്ങളിൽ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി മാറാന്‍ കൊടൈക്കനാലിന് അധികകാലം വേണ്ടിവന്നില്ല.
മണ്‍സൂണ്‍ സീസണ്‍ ആയതിനാല്‍ കൊടൈക്കനാല്‍ ഇപ്പോള്‍ പതിന്മടങ്ങ് മനോഹരമാണ്. മഴക്കാലം ആസ്വദിക്കാനായി കേരളത്തില്‍ നിന്നും നിരവധി സഞ്ചാരികള്‍ ഇവിടങ്ങളിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
English Summary: Sanusha Kodaikanal Travel