ADVERTISEMENT

ജോലിയൊക്കെ ഒന്നൊതുക്കി വച്ചിട്ട് ഗോവന്‍ യാത്ര ചെയ്യാമെന്നാണോ പ്ലാനിടുന്നത്? എന്നാലിനി അത്രയും വൈകേണ്ട കാര്യമില്ല, ജോലി ചെയ്യുന്നവര്‍ക്കായി അടിപൊളി സൗകര്യങ്ങള്‍ ഗോവയില്‍ ഉടനീളം ഒരുങ്ങിക്കഴിഞ്ഞു. ലാപ്ടോപ്പും ആവശ്യമായ മറ്റു സാമഗ്രികളുമായി നേരെയങ്ങ് ചെന്നാല്‍ മതി, സുന്ദരമായ ബീച്ചുകളും കാഴ്ചകളുമെല്ലാം ആസ്വദിച്ചിരുന്നു ജോലി ചെയ്യാം!

ഗോവ സന്ദർശിക്കുന്ന പ്രൊഫഷണലുകൾക്കായി, ബീച്ചുകളിൽ കോ-വർക്കിങ് സ്പേസുകൾ എന്ന ആശയം പ്രവര്‍ത്തികമാക്കുകയാണ് സംസ്ഥാന സർക്കാർ. "#WorkationGoa" എന്നാണ് ഇത് പരക്കെ അറിയപ്പെടുന്നത്.

പ്രാരംഭ ഘട്ടത്തിൽ, സൗത്ത് ഗോവ ജില്ലയിലെ ബനൗലിം ബീച്ചും നോർത്ത് ഗോവ ജില്ലയിലെ മോർജിം, മിരാമർ ബീച്ചുകളുമാണ് ഇത്തരം കോ-വർക്കിങ് സ്‌പേസുകൾക്കായി ഒരുങ്ങുകയെന്ന് സംസ്ഥാന ടൂറിസം, ഇൻഫർമേഷൻ ആൻഡ് ടെക്നോളജി (ഐടി) മന്ത്രി രോഹൻ ഖൗണ്ടേ പറഞ്ഞു. ഇതിലൂടെ പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാനും കടൽത്തീരത്ത് പോയി സർഫ് ചെയ്യാനും തിരികെ വന്ന് ഫ്രെഷായ ശേഷം ബീച്ചുകളിലെ ഈ കോ-വർക്കിങ് സ്‌പെയ്‌സുകളിലൂടെ ജോലി പുനരാരംഭിക്കാനും കഴിയും. പല കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്ന സാഹചര്യത്തില്‍ ഈ പദ്ധതി വിജയകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ ഇവിടെ വന്ന് ഈ കോ വര്‍ക്കിങ് സ്പേസുകള്‍ ഉപയോഗപ്പെടുത്തണമെന്നും ഐടി ആവാസവ്യവസ്ഥയിൽ സംസ്ഥാനത്തെ സഹായിക്കണമെന്നും ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞു.

തെലങ്കാനയിലെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്നൊവേഷൻ ഇന്റർമീഡിയറിയും ബിസിനസ് ഇൻകുബേറ്ററുമായ ടി-ഹബ്ബിന്‍റെ മാതൃകയിൽ ഗോവയെ വികസിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി വിശദമാക്കി. നവീകരണത്തിന്‍റെ ട്രിപ്പിൾ ഹെലിക്‌സ് മാതൃകയെ അടിസ്ഥാനമാക്കി, തെലങ്കാന സർക്കാരും ഹൈദരാബാദിലെ മൂന്ന് അക്കാദമിക് സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തമാണ് ടി-ഹബ്ബ്. ടി-ഹബ്ബ് പോലെ ഗോവ വികസിപ്പിക്കാൻ കൂടുതല്‍ കോ-വർക്കിംഗ് സ്പോട്ടുകൾ ആവശ്യമാണ്. ഇത്തരം ഇടങ്ങൾക്കായി സര്‍ക്കാര്‍ ഇതിനകം പരസ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

ഐടി വ്യവസായത്തിന് ആവശ്യമായ വൈദഗ്ധ്യമുള്ളവരെ ഗോവയിൽ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി തെലങ്കാന അക്കാദമി ഫോർ സ്‌കിൽ ആൻഡ് നോളജ്(ടാസ്‌ക്)മായി ഗോവ സർക്കാർ ധാരണാപത്രം ഒപ്പിടും. നോർത്ത്, സൗത്ത് ഗോവ ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന നാല് റീച്ചുകളിൽ ഉപഭോക്താക്കൾക്കായി വൈഫൈ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളുള്ള മോഡൽ ബീച്ച് ഷാക്കുകൾ സ്ഥാപിക്കാൻ ടൂറിസം വകുപ്പ് പദ്ധതിയിടുന്നതായി ഖൗണ്ടേ പറഞ്ഞു.

ദക്ഷിണ ഗോവയിലെ കോൾവ, ബെനൗലിം, ബൈന ബീച്ചുകളിലും വടക്കൻ ഗോവയിലെ കലാൻഗുട്ട് ബാഗ ബെൽറ്റിലും ഷാക്കുകൾ സ്ഥാപിക്കും, ഇവയില്‍ “പ്ലഗ് ആൻഡ് പ്ലേ” സൗകര്യവും ഉണ്ടായിരിക്കും. ഇവയിലേയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary: Goa to set up co-working spaces for working professions on beaches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com