ഓറഞ്ചും ലിച്ചിയും സ്ട്രോബറിയും; പഴത്തോട്ടങ്ങളിലൂടെ നടക്കാം
Mail This Article
കൂട്ടുകാര്‍ക്കൊപ്പം മരംകയറി പഴങ്ങള്‍ പറിച്ചു നടന്നവര്‍ക്കൊന്നും ആ അനുഭവങ്ങള്‍ മറക്കാനാവില്ല. അത്തരം അനുഭവങ്ങളിലേക്ക് വീണ്ടും നടന്നുകയറാനുള്ള അവസരങ്ങള്‍ നമ്മുടെ നാട്ടിലെ പല പഴത്തോട്ടങ്ങളും നല്‍കുന്നുണ്ട്. ഈ തോട്ടങ്ങളില്‍ മരത്തിൽ കയറിയും നിലത്തു നിന്നുമെല്ലാം പഴങ്ങള്‍ പറിക്കാനും കഴിക്കാനും വിലയ്ക്കുവാങ്ങാനുമൊക്കെ സാധിക്കും. പഞ്ചാബിലെ ഓറഞ്ചു തോട്ടങ്ങള്‍, മഹാരാഷ്ട്രയിലെ മാന്തോപ്പുകള്‍, മേഘാലയയിലെ സ്‌ട്രോബറി, ബിഹാറിലെ ലിച്ചി, മണിപ്പുരിലെ പൈനാപ്പിള്‍... അങ്ങനെയങ്ങനെ നമ്മുടെ രാജ്യത്ത് പഴങ്ങളുടെ പേരില്‍ പ്രസിദ്ധമായ നാടുകളും പലതുണ്ട്. അത്തരം പത്തു നാടുകളെപ്പറ്റി അറിയാം.
1 മഹാരാഷ്ട്രയിലെ മാങ്ങയും സപ്പോട്ടയും
മഹാരാഷ്ട്രയിലെ തീര നഗരങ്ങളായ ഗോല്‍വാദും ദഹാനുവും സപ്പോട്ട തോട്ടങ്ങളുടെ പേരില്‍ പ്രസിദ്ധമാണ്. തുണി വ്യവസായിയായ സേത്ത് ദിന്‍ഷൗ പെറ്റിറ്റാണ് മധ്യ അമേരിക്കയില്‍നിന്ന് ആദ്യമായി സപ്പോട്ട മഹാരാഷ്ട്രയിലെത്തിച്ച് കൃഷി തുടങ്ങിയത്. ഇന്ന് ആയിരക്കണക്കിനു പാഴ്‌സി കുടുംബങ്ങളുടെ ജീവിതമാർഗമായി സപ്പോട്ട കൃഷി മാറിയിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തും മഹാരാഷ്ട്രയിലെ തീര നഗരങ്ങളില്‍ നിന്നുള്ള സപ്പോട്ടകള്‍ എത്തുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ദഹാനുവിലെ ബോര്‍ഡി ബീച്ച് വാര്‍ഷിക ചിക്കു ഉത്സവത്തിന് സാക്ഷിയാവാറുണ്ട്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് സീസണ്‍.
സപ്പോട്ടയുടെ മാത്രമല്ല, മാങ്ങകളിലെ രാജാവെന്നറിയപ്പെടുന്ന അല്‍ഫോണ്‍സ മാമ്പഴത്തിന്റെ കൂടി കേന്ദ്രമാണ് മഹാരാഷ്ട്ര. രത്‌നഗിരി, പല്‍ഷെറ്റ് തുടങ്ങിയ പ്രദേശങ്ങളാണ് അല്‍ഫോണ്‍സ മാമ്പഴത്തിന്റെ പേരില്‍ പ്രസിദ്ധം. കൊങ്കണ്‍ മേഖലയിലാകെ ആയിരക്കണക്കിന് മാവിന്‍തോപ്പുകളുണ്ട്. മേയ് മുതല്‍ ഓഗസ്റ്റ് വരെയാണ് മഹാരാഷ്ട്രയിലെയും കൊങ്കണിലെയും മാമ്പഴക്കാലം.
2 മേഘാലയയിലെ സ്‌ട്രോബറി
മേഘാലയയിലെ റി ബോയ് ജില്ലയിലെ സോഹ്‌ലിയ എന്ന ചെറു ഗ്രാമത്തിന് സ്‌ട്രോബറിയുടെ പേരിലാണ് പ്രസിദ്ധി. ഇവിടെയുള്ള ഏതാണ്ടെല്ലാ വീടുകളിലും സ്‌ട്രോബറിയാണ് കൃഷി. മേഘാലയയുടെ സ്‌ട്രോബറി വിപ്ലവത്തിന് തുടക്കമായത് സോഹ്‌ലിയ ഗ്രാമത്തില്‍ നിന്നാണ്. എല്ലാ വര്‍ഷവും ഫെബ്രുവരി 14ന് ഈ ഗ്രാമത്തില്‍ ഒരു സ്‌ട്രോബറി ഫെസ്റ്റിവെല്‍ നടക്കാറുണ്ട്.
ആ സമയത്ത് വിളവെടുപ്പിനും സ്‌ട്രോബറി വൈനും ഐസ്ക്രീമുമെല്ലാം രുചിക്കാനും വാങ്ങാനുമൊക്കെ അവസരമുണ്ടാകും. സ്‌നേഹത്തിന്റെ പഴമായാണ് മേഘാലയക്കാര്‍ സ്‌ട്രോബറിയെ കാണുന്നത്. ഇപ്പോള്‍ മനസ്സിലായില്ലേ ഫെബ്രുവരി 14 തന്നെ എന്തുകൊണ്ടാണ് സ്‌ട്രോബറി ഉത്സവത്തിനു തിരഞ്ഞെടുത്തതെന്ന്.
3 മണിപ്പുരിലെ പൈനാപ്പിള്‍
ഇന്ത്യയുടെ പൈനാപ്പിള്‍ തലസ്ഥാനമാണ് മണിപ്പുര്‍. മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയാണ് പൈനാപ്പിളിന്റെ വിളവെടുപ്പു കാലം. ചുരാചന്ദ്പുര്‍ ജില്ലയില്‍ ഓഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബര്‍ ആദ്യമോ പൈനാപ്പിള്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കാറുമുണ്ട്. ചുരാചന്ദ്പുര്‍ തന്നെയാണ് മണിപ്പുരിന്റെ പൈനാപ്പിള്‍ ആസ്ഥാനം. ഇവിടെ തയോങ് ഗ്രാമം പോലുള്ള സ്ഥലങ്ങള്‍ കണ്ണെത്താ ദൂരത്തോളം പൈനാപ്പിള്‍ തോട്ടങ്ങള്‍ നിറഞ്ഞവയാണ്.
4 പഞ്ചാബിന്റെ ഓറഞ്ച്
അബോഹര്‍, ഫാസില്‍ക, ഹോഷിയാര്‍പുര്‍, മുക്ത്‌സര്‍, ബത്തിന്‍ഡ തുടങ്ങി പഞ്ചാബിലെ പല ജില്ലകളിലും ഹെക്ടർ കണക്കിന് നീണ്ട ഓറഞ്ച് തോട്ടങ്ങള്‍ കാണാം. അത്യുല്‍പാദന ശേഷിയുളള കിന്നൗ ഓറഞ്ചുകളാണിത്. ഒരു മരത്തില്‍നിന്നു മാത്രം 1000 ഓറഞ്ചുകള്‍ വരെ ലഭിക്കും. ഹോഷിയാര്‍പുരിലെ സിട്രസ് കൗണ്ടി പോലുള്ള ഫാമുകളില്‍ പോയാല്‍ ഓറഞ്ച് നേരിട്ടു പറിച്ചു കഴിക്കാനും അവസരം ലഭിക്കും.
5 ഉത്തരാഖണ്ഡിലെ പ്ലം, പീച്ച്, അപ്രിക്കോട്ട്
ഉത്തരാഖണ്ഡിലെ രാംഗ്രഹിന് ‘കുമയൂണിലെ പഴക്കൊട്ട’ എന്നൊരു പേരു കൂടിയുണ്ട്. ഇന്ത്യയില്‍ അധികം ഇടങ്ങളില്‍ വിളയാത്ത പഴങ്ങളില്‍ പലതും ഇവിടെ സുലഭമാണ്. പ്ലം, പീച്ച്, അപ്രിക്കോട്ട്, പിയര്‍, ആപ്പിള്‍ എന്നിവയുടെയെല്ലാം വലിയ തോട്ടങ്ങളാണ് രാംഗ്രഹിന് ഇങ്ങനെയൊരു പേരു നല്‍കിയത്. മേയ് മുതല്‍ ഓഗസ്റ്റ് വരെയാണ് പ്രധാന സീസണ്‍.
ഇവിടങ്ങളിലെ ഹേം സ്‌റ്റേകളില്‍ പഴത്തോട്ടങ്ങളില്‍നിന്നു പഴം പറിച്ചു കഴിച്ച് ആസ്വദിക്കാനുമാകും. മുക്തേശ്വര്‍, നൈനിറ്റാള്‍, അല്‍മോഹ്, ഭാഗേശ്വര്‍ എന്നിവിടങ്ങളിലെല്ലാം വലിയ പഴത്തോട്ടങ്ങളുണ്ട്. പീച്ചസും ആപ്രിക്കോട്ടും മാത്രമല്ല നാടന്‍ പഴങ്ങളായ ഗിന്‍ഗരു, കില്‍മോഡ്, ദാദിം എന്നിവയെല്ലാം ഇവിടെ വിളയുന്നു.
6 ജമ്മു കശ്മീരിലെയും ഹിമാചലിലെയും ആപ്പിള്‍ തോട്ടങ്ങള്‍
ഇന്ത്യയിലേക്ക് ആത്മീയ യാത്രയ്ക്കായെത്തിയ സാമുവല്‍ സ്‌റ്റോക്ക് ഇവിടെ സ്ഥിരമായി താമസിക്കാന്‍ തീരുമാനിക്കുന്നു. സത്യാനന്ദ എന്ന പേരു സ്വീകരിച്ച ഈ അമേരിക്കക്കാരനാണ് ഹിമാചല്‍ പ്രദേശില്‍ അമേരിക്കന്‍ ആപ്പിള്‍ തോട്ടങ്ങള്‍ ആരംഭിക്കുന്നത്. അതൊരു ആപ്പിള്‍ വിപ്ലവത്തിനു കൂടിയാണ് ആരംഭം കുറിച്ചത്. ഇന്ന് 1.75 ലക്ഷത്തിലേറെ ഹിമാചല്‍ കുടുംബങ്ങള്‍ ആപ്പിള്‍ കൃഷി കൊണ്ട് ജീവിക്കുന്നവരാണ്. കിന്നൗര്‍, ഷിംല, മണ്ടി, കുളു മേഖലകളിലെല്ലാം ആപ്പിള്‍ തോട്ടങ്ങള്‍ കാണാനാകും. ആപ്പിളിന്റെ പേരില്‍ പ്രസിദ്ധമായ ഷിംലയില്‍ ബഞ്ചാര ഓര്‍ച്ചഡ് റിട്രീറ്റ് പോലുള്ള പഴത്തോട്ടങ്ങളും നിരവധിയാണ്.
മധുര ആപ്പിളിന്റെ പേരില്‍ ലോകം മുഴുവന്‍ പ്രസിദ്ധിയുണ്ട് ജമ്മു കശ്മീരിന്. ശ്രീനഗര്‍, ഗാന്ധര്‍ബല്‍, ബഡ്ഗാം, ബരാമുള്ള, അനന്തനാഗ്, ഷോപിയാന്‍ ഇവിടങ്ങളെല്ലാം ആപ്പിള്‍ തോട്ടങ്ങളാല്‍ സമൃദ്ധമാണ്. ആപ്പിള്‍ ടൗണ്‍ ഓഫ് കശ്മീര്‍ എന്നറിയപ്പെടുന്നത് ബാരാമുള്ളയിലെ സോപോറാണ്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പഴങ്ങളുടെ ചന്തയും ഇവിടെത്തന്നെ. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മേഖലയിലെ ആപ്പിള്‍ സീസണ്‍.
7 ബിഹാറിലെ ലിച്ചി
ഇന്ത്യയുടെ ലിച്ചി ആസ്ഥാനമാണ് മുസഫറാപുര്‍. മണംകൊണ്ടു രുചികൊണ്ടും പ്രസിദ്ധമായ ഷാഹി ലിച്ചിപ്പഴം ഇവിടെയാണ് വിളയുന്നത്. ഇന്ത്യക്കകത്തും പുറത്തും ഇവിടുത്തെ ലിച്ചിപ്പഴങ്ങള്‍ കയറ്റി അയയ്ക്കപ്പെടുന്നു. വൈശാലി, സമസ്തിപുര്‍, ചമ്പാരന്‍, ബേഗുസരായ് ജില്ലകളും ലിച്ചിപ്പഴ തോട്ടങ്ങളുടെ പേരില്‍ പ്രസിദ്ധമാണ്. മേയ് മുതല്‍ ജൂണ്‍ വരെയാണ് ലിച്ചിപ്പഴത്തിന്റെ സീസണ്‍.
8 മഹാരാഷ്ട്രയിലെ മുന്തിരിത്തോട്ടങ്ങള്‍
പേഴ്‌സ്യന്‍ സഞ്ചാരികളാണ് ഇന്ത്യയിൽ മുന്തിരി പരിചയപ്പെടുത്തുന്നത്. അതു വേഗത്തില്‍ പടര്‍ന്നു പന്തലിച്ചത് മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു. ഇന്ന് ഇന്ത്യയുടെ വൈന്‍ തലസ്ഥാനമെന്ന പെരുമയും നാസിക്കിന് സ്വന്തം. സംഗ്ലി, സതാറ, അഹ്‌മദ്‌നഗര്‍ എന്നിവിടങ്ങളിലും മനോഹരമായ മുന്തിരിപ്പാടങ്ങള്‍ കാണാം.
സുള, യോക്, സാംപ തുടങ്ങിയ പ്രസിദ്ധരായ വൈന്‍ നിര്‍മാതാക്കള്‍ ഇവിടുത്തെ മുന്തിരി കൊണ്ട് വൈന്‍ നിര്‍മിക്കുന്നുണ്ട്. എല്ലാ ഫെബ്രുവരിയിലും നാസിക്ക് മുന്തിരി വിളവെടുപ്പ് ഉത്സവം ആഘോഷിക്കാറുണ്ട്. ഏപ്രില്‍ വരെ നീളാറുണ്ട് നാസിക്കിലെ മുന്തിരി വിളവെടുപ്പ്.
9 കര്‍ണാടകയുടെ സ്‌ട്രോബറി
കര്‍ണാടകയിലെ കൃഷിക്കാര്‍ക്കിടയില്‍ പുതിയ വിളയാണ് സ്‌ട്രോബറി. എന്നാല്‍ കര്‍ണാടക സ്‌ട്രോബറിയുടെ ആവശ്യക്കാര്‍ കൂടിയതോടെ ഇവിടെ സ്‌ട്രോബറി കൃഷി വ്യാപകമാവുകയായിരുന്നു. ചിക്കബല്ലാപുര്‍, ബെംഗളൂരുവിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സ്‌ട്രോബറി കൃഷി വ്യാപകമാണ്. നിങ്ങള്‍ ബെംഗളൂരുവിലാണെങ്കില്‍ സ്‌ട്രോബറി പറിക്കാന്‍ ഹോള്‍സം ഫാമിലേക്കു പോകാം. മറാത്തി പാല്യയില്‍ 20 ഏക്കറിലാണ് ഈ ഫാം പരന്നു കിടക്കുന്നത്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കര്‍ണാടകയുടെ സ്‌ട്രോബറിക്കാലം.
10 ലഡാക്കിന്റെ ആപ്രിക്കോട്ട്
ലഡാക്കികള്‍ ആപ്രിക്കോട്ടിനെ ചുള്ളി എന്നാണ് വിളിക്കുക. ഒരു നൂറ്റാണ്ടിലേറെയായി ആപ്രിക്കോട്ട് ലഡാക്കില്‍ വിളയുന്നുണ്ട്. ലോകത്തിലെ ഏറ്റവും മധുരമുള്ള ആപ്രിക്കോട്ട് എന്നു പേരുള്ള രാക്‌സി കര്‍പോ വളരുന്നത് ലഡാക്കിലാണ്. ഏതാണ്ടെല്ലായിടത്തും ഇത് ജൈവകൃഷി രീതിയിലാണ് കൃഷി ചെയ്യുന്നതും. ഹല്‍മാന്‍, സഫെയ്ദ, ലക്‌സ്റ്റെ കര്‍പൊ, കാന്റേഷ് തുടങ്ങി പല തരം ആപ്രിക്കോട്ടുകള്‍ ലഡാക്കിലുണ്ട്. സോങ്‌സ്റ്റിയിലെ ആപ്രിക്കോട്ട് വില്ലേജ് ഹോംസ്‌റ്റേ പോലുള്ള ഇടങ്ങളില്‍ ആപ്രിക്കോട്ട് പറിക്കാനും കഴിക്കാനുമെല്ലാം അവസരമുണ്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്ത് ലഡാക്കിലെത്തിയാല്‍ ആപ്രിക്കോട്ടും രുചിക്കാം.
English Summary: Best Fruit Picking Destinations For the Perfect Family Vacation