ADVERTISEMENT

സ്വപ്നം സഫലമാക്കൂ എന്നതൊരു ചുരുക്കപ്പേരാക്കുമ്പോൾ ബിവൈഡി എന്നു കിട്ടും. (Build Your Dream). ലോകത്തിന്റെ സ്വപ്നമാണ് പുകയില്ലാ വാഹനങ്ങൾ. അവിടെ ബിവൈഡിയുണ്ട്. നമ്മുടെ സ്വപ്നങ്ങളിലൊന്നാണ് യാത്ര പോകണം എന്നത്. അവിടെയും ബിവൈഡിയുണ്ട്. ബിവൈഡി ഇ6 ൽ സ്വപ്നയാത്ര. ഹിറ്റ് ചിത്രമായ പുഷ്പയുടെ ലൊക്കേഷൻ തേടി. 

ഫുൾ ചാർജിൽ തുടക്കം

രാഷ്ട്രീയം ‘സ്വപ്നമയവും’ തെരുവുകൾ ലാത്തിമയവുമായ സമയത്താണ് ബിവൈഡി ഫുൾചാർജിൽ കയ്യിലെത്തിയത്. കൺസോളിൽ 500 കിമീ എന്നു റേഞ്ച് കാണിക്കുന്നുണ്ട്. എന്തൊരാശ്വാസം! മുൻപ് ഇടുക്കിയിലേക്കുള്ള യാത്രയിൽ ബിവൈഡിയോട്  ആത്മബന്ധം തോന്നിയിരുന്നു. കാരണം മറ്റൊന്നുമല്ല– പറയുന്നതിന്റെ ഏതാണ്ട് അടുത്തൊരു റേഞ്ച് അന്നു കിട്ടിയിരുന്നു. മാത്രമല്ല, അഞ്ചുപേർ ലാവിഷായി ലഗേജുമായി പോയതിന്റെ രസവുമുണ്ടായിരുന്നു. 

kerala-tamil-nadu-trip2
ചിത്രങ്ങൾ: ലെനിൻ കോട്ടപ്പുറം

അതുകൊണ്ടൊക്കെ തന്നെ ആത്മവിശ്വാസത്തോടെ യാത്രയ്ക്കിറങ്ങി. നാം പോകുന്ന ‘പുഷ്പ’ ലൊക്കോഷൻ മുൻപു കേരളത്തിലായിരുന്നു. ദൂരം 215 കിമീ. അതായത്, ഫുൾചാർജിൽ അങ്ങുപോയി ഇങ്ങെത്താം. പുഷ്ബട്ടണിൽ കയ്യമർത്തി. ആക്സിലറേറ്ററിൽ കാലമർത്തി. അതിരാവിലെ കൊച്ചിയിൽനിന്നു പുറപ്പെട്ടു. 

ആദ്യ റീച്ചാർജ് 

അടൂരിൽ ഒരു സിയോൺ ചാർജിങ് പോയിന്റുണ്ട്. അവിടെനിന്നു ഫുൾ ചാർജാക്കിയിട്ടു പോകുന്നതാണ് ഉചിതമെന്നു ബിവൈഡിയിലെ മാനേജർ ഷിജു ഉപദേശിച്ചിരുന്നു. അടൂരിലെത്തുമ്പോൾ 126 കിമീ. ഒരു മണിക്കൂർ ചാർജിങ്ങിനുശേഷം  ഇ6 ഫുൾ റേഞ്ച് വീണ്ടെടുത്തു. ചാർജ് ചെയ്തതു നന്നായി എന്നു സഹയാത്രികർ. 

kerala-tamil-nadu-trip1
ചിത്രങ്ങൾ: ലെനിൻ കോട്ടപ്പുറം

കാരണം വേറൊന്നുമല്ല, ഒരു ലൊക്കേഷനിലേക്കുള്ള യാത്രയിലാകും മറ്റൊരു ബോർഡ് കണ്ണിൽപ്പെടുക. അവിടെക്കൂടി ചെല്ലാതെ പിന്നെയൊരു സമാധാനമുണ്ടാകാറില്ല ട്രാവലോഗ് ടീമിന്. അടൂർ- കൊട്ടാരക്കര -പുനലൂർ വഴി തെൻമലയിലേക്ക് റിയൊരു ചുരം കയറ്റം. അതിർത്തി കടന്നിറങ്ങിയാൽ  കയറ്റിറക്കങ്ങൾ കുറവ്. തെങ്കാശിയാണു പ്രധാന പട്ടണം. അതിനു മുൻപ് നമുക്കു ‘പുഷ്പ’ ഗ്രാമം കാണേണ്ടേ?   

പൻപൊഴി ഗ്രാമം 

തമിഴ്നാട്–കേരള അതിർത്തിഗ്രാമമാണ് പൻപൊഴി. അച്ചൻകോവിലിലേക്കുള്ള കാട്ടുവഴിയിലെ നാട്ടുഗ്രാമം. അവിടെ സഹ്യപർവതത്തോടു ചേർന്നിരിക്കുന്നൊരു ചെറു കുന്നിനു മുകളിലാണു തിരുമലൈക്കോവിൽ അമ്പലം. മുൻപൊരിക്കൽ ഇതിലേ വന്നതാണെങ്കിലും കോവിഡും കാലവും ഏറെ മാറ്റിയിട്ടുണ്ട് പൻപൊഴിയെ. തിരുമലൈക്കോവിലിലെത്തും മുൻപ് ചെക്പോസ്റ്റ് പോലൊരു കെട്ടിടക്കൂട്ടമുണ്ട്.അതിനോടു ചേർന്നുള്ള കുടിലുകൾക്ക് മേൽക്കൂര പുല്ലിനു പകരം ഇരുമ്പുഷീറ്റുകളായി. നമുക്കു നഷ്ടമാകുന്നതു നൊസ്റ്റാൾജിയ. അവർ നേടുന്നതു കൂടുതൽ സുരക്ഷിതത്വം.     

kerala-tamil-nadu-trip3
ചിത്രങ്ങൾ: ലെനിൻ കോട്ടപ്പുറം

പുഷ്പ ലൊക്കേഷൻ

തിരുമലൈക്കോവിലിലാണ് ശ്രീവല്ലി എന്ന ‘പുഷ്പ’ പാട്ട് കൂടുതലും ചിത്രീകരിച്ചിട്ടുള്ളത്. നായികയുടെ ഗ്രാമവും ഉത്സവവും സെറ്റിട്ടത് ക്ഷേത്രകവാടത്തിനടുത്താണ്. അമ്പലത്തിലേക്ക് 526 സ്റ്റെപ്പുകളുണ്ട്. കുന്നു ചുറ്റി അതിസുന്ദരമായ വഴിയിലൂടെ ബിവൈഡിയിൽ തന്നെ മുകളിലേക്കു കയറി. ഏതാണ്ട് ഒരു കിമീ ദൂരം. പക്ഷേ, പാസ് അൻപതു രൂപ! ലോകത്തെ ഏറ്റവും ചെലവേറിയ റോഡ് ടോൾ ഇതായിരിക്കുമെന്നു തോന്നുന്നു. പാർക്കിങ് ഗ്രൗണ്ടും ചുവപ്പും വെള്ളയും കലർത്തി ചായം പൂശിയ പടവുകളും ‘പുഷ്പ’യിൽ വ്യക്തമായി അറിയാം. 

kerala-tamil-nadu-trip6
ചിത്രങ്ങൾ: ലെനിൻ കോട്ടപ്പുറം

കാറ്റ് ആരെയോ തിരയുന്നതുപോലെ എല്ലാ മുഖങ്ങളെയും നോക്കി പോകുന്നുണ്ട്. ആരിലും ഭക്തിയുണർത്തുന്ന പഴയ കുമാരസ്തുതികൾ കോളാമ്പിയിലൂടെ കേൾക്കാം. 500 വർഷം പഴക്കമാണ് അമ്പലത്തിനു കണക്കാക്കുന്നത്. ബാലമുരുകനാണു പ്രതിഷ്ഠ. പന്തളരാജാവ് നിർമാണത്തിനു മുൻകയ്യെടുത്തു എന്ന് ഐതിഹ്യം. കാറ്റെത്തും ദൂരത്ത് കരഞ്ഞുതീർക്കുന്ന  സഹ്യനെ കാണാം. ഇപ്പുറം മഴയില്ലാതെ തെളിമയോടെയുള്ള താഴ്‌വാരങ്ങൾ. കാറ്റിനോടു വിട പറഞ്ഞു  തിരുമലൈകോവിലിൽനിന്ന് സന്ധ്യയോടെ തിരിച്ചിറങ്ങി. ഇനി തെങ്കാശിയിലേക്ക്.   

പുഷ്പഗ്രാമം 

തിരുമലൈക്കോവിലിൽ പുഷ്പയുടെ സെറ്റ് ആയിരുന്നെങ്കിൽ യഥാർഥത്തിലൊരു പുഷ്പഗ്രാമമുണ്ട്. സുന്ദരപാണ്ഡ്യപുരം.  തെങ്കാശിയും കുറ്റാലവും ഇടത്താവളങ്ങൾ.   ശനിയാഴ്ച ആയതിനാൽ കുറ്റാലത്തെ ഹോട്ടലുകളെല്ലാം ഫില്ല്! വൃത്തിയില്ലാത്ത ചില ഹോട്ടലുകളോടു സുല്ല്. ഇനി തെങ്കാശി ശരണം. ഒരിടത്തു കട്ടനടിച്ചിരിക്കുമ്പോൾ  തമിഴരുടെ മുഖമുദ്രയായ ഈച്ചവണ്ടി എന്നു വിളിക്കപ്പെടുന്ന മോപ്പഡിൽ രണ്ടുപേരെത്തി. 

ബിവൈഡി ഇ സിക്സിനെപ്പറ്റി ചോദിച്ചറിഞ്ഞു. ആദ്യമായി ബാറ്ററി വണ്ടി കണ്ടതിന്റെ സന്തോഷം മുഖങ്ങളിൽ.രാത്രി നഗരത്തിൽതന്നെ ചേക്കേറേണ്ടി വന്നു. പാർക്ക് ചെയ്യുന്നിടത്തെല്ലാം ആൾക്കുട്ടം പൊതിയുന്ന തരത്തിലുള്ള വാഹനമാണ് ബിവൈഡി. 

kerala-tamil-nadu-trip4
ചിത്രങ്ങൾ: ലെനിൻ കോട്ടപ്പുറം

ക്ഷേത്രത്തിലെ കാറ്റ് 

അതിരാവിലെ തെങ്കാശിയിലെ അരുൾമിഗു വിശ്വനാഥർ ക്ഷേത്രത്തിലെത്തി. പ്രകൃതിയോടിണങ്ങുന്ന തരത്തിൽ കല്ലുകെട്ടിയാണ് അമ്പല നിർമാണം.   ഉൾവശത്ത്  ഫാനിന്റെയൊന്നും ആവശ്യമില്ല. കാരണം പോത്തിഗൈ തെൻട്രൽ (വടക്കു കിഴക്കൻ കാറ്റ്) ഗോപുരം കടന്നുള്ളിൽ സഞ്ചാരികളെ ആനന്ദിപ്പിക്കുന്നു. ആ കൽക്കെട്ടുകളിൽ ഏഴു നൂറ്റാണ്ടിന്റെ തെന്നൽ കറങ്ങിയടിച്ചുനിൽപുണ്ടാകുമെന്നു വെറുതേ ഓർത്തു. ശിൽപകലാവൈവിധ്യം തന്നെ ആസ്വദിക്കാനേറെ. ചരിത്രകുതുകികളാണെങ്കിൽ കൽഭിത്തികളിലെ വട്ടെഴുത്ത് നോക്കി നടക്കാം.  തെങ്കാശിയിൽ തിരക്കേറിയപ്പോൾ മെല്ലെ ബിവൈഡിയുമൊത്തു ഞങ്ങൾ ഗ്രാമത്തിലേക്കു രക്ഷപ്പെട്ടു. അടുത്ത സ്ഥലം സുന്ദരപാണ്ഡ്യപുരം.   

കടുകും നെല്ലും മാറിമാറി വിളയുന്ന, തെങ്ങോലകൾ കാറ്റിന്റെ ഇക്കിളിയേറ്റ് ചിരിച്ചുമറിഞ്ഞുകൊണ്ടിരിക്കുന്ന പാടങ്ങൾക്കരികിലൂടെയാണ് വഴി. ബിവൈഡി മൂന്നക്കവേഗത്തിലാണ് പാതകൾ താണ്ടിയത്. പിൻസീറ്റിൽ രാജാവിനെപ്പോലെ ഇരുന്നുപോകാം. ഉഗ്രൻ സസ്പെൻഷൻ. കുടുക്കമില്ലാത്ത യാത്ര. ദേശാടനക്കിളികളുടെ മേളമാണ് പാടങ്ങളിൽ. ചൈനീസ് ദേശാടനക്കിളിയായി ബിവൈഡിയും. ചൂടു കൂടിത്തുടങ്ങിയപ്പോൾ ബിവൈഡിയുടെ  വലിയ കാബിനിൽ ആവശ്യത്തിനു തണുപ്പെത്തുന്നില്ലേ എന്നൊരു സംശയം. പുറത്തിറങ്ങിയപ്പോൾ പ്രശ്നം മനസ്സിലായി- പൊള്ളുന്ന ചൂട്! അതേ അളവിൽ  കാറ്റുമുണ്ടെന്ന് കാറ്റാടികളുടെ കറക്കം കാണിച്ചു തരുന്നു. ഇലക്ട്രിക് കാറുകൾ കൂടുതൽ പ്രകൃതിയോടിണങ്ങണമെങ്കിൽ കാറ്റാടികളിൽനിന്നുള്ള വൈദ്യുതി  കൂടുതൽ ആവശ്യമായി വരും. 

സുന്ദരപാണ്ഡ്യപുരം

പഴയൊരു ഗ്രാമമാണ് സുന്ദരപാണ്ഡ്യപുരം. അവിടെ അഗ്രഹാരങ്ങളിൽ ഏറെ സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ട്. നയൻതാരയുടെ ‘യാരെടീ നീ മോഹിനി’ ചിത്രീകരിച്ച വീടാണത്രേ ഏറ്റവും പഴക്കമുള്ളത്. അതിനുള്ളിലേക്കു കയറിപ്പോയാൽ അറ്റം കാണാൻ കുറച്ചു പാടുപെടും. നീണ്ടൊരു ഇടനാഴി പോലെയാണ് ഉൾവശം. സ്വകാര്യമുറികൾ കുറവ്. അഗ്രഹാരങ്ങളുടെ അറ്റത്ത് വലിയൊരു കുളം. സുന്ദരപാണ്ഡ്യപുരത്തെ സാധാരണ തെരുവും ഭംഗിയുള്ളവയാണ്.

ഓരോ നിറങ്ങളാണ് ഓരോ വീടിനും. അതുപോലെയാണ് പ്രാദേശിക ദൈവങ്ങളുടെ കാര്യവും. മരങ്ങളെ ചേലചുറ്റി ദൈവമാക്കിയിട്ടുണ്ട്. അതിൽ ഇഷ്ടകാര്യസാധ്യത്തിനായി കെട്ടിത്തൂക്കപ്പെട്ടിരിക്കുന്നു- കുഞ്ഞുതൊട്ടിലുകളും മഞ്ഞച്ചരടുകളും. തമിഴന് ഇവയെല്ലാം ചേർന്നാണു ജീവിതം. തെങ്കാശിയുടെ പൂപ്പാടമാണു സുന്ദരപാണ്ഡ്യപുരം. ഇപ്പോൾ സൂര്യകാന്തിപ്പൂക്കളുടെ സമയമല്ല. 

ചൂടേറ്റു വാടിയപ്പോൾ വിശപ്പ് കാറിലേക്കു കയറിവന്നു. തെങ്കാശിയിലെ ഹോട്ടൽ ഗ്രീൻസ് ലാൻഡിലെ നാട്ടുകോഴി ബിരിയാണി തീർച്ചയായും പരീക്ഷിക്കേണ്ടതു തന്നെ. പിന്നെ ചെങ്കോട്ട റഹ്മത്ത് ബോർഡർ ഹോട്ടലിലെ നാണയപ്പൊറോട്ടയും പെപ്പർ ചിക്കനും. റഹ്മത്തിൽ അത്ര വൃത്തിയോടെയല്ല വിളമ്പിത്തരുന്നതെങ്കിലും രുചിയുടെ മുന്നിൽ നമ്മളതൊക്കെ മറക്കും. പൻപൊലി (ഴി) യിലേക്കു തന്നെ വീണ്ടും വരണം. കാരണം അച്ചൻകോവിൽ കാട്ടിലൂടെയാണ് ബിവൈഡിയുമായി ഇനി പോകാൻ ഉദ്ദേശിക്കുന്നത്.  റേഞ്ച് കാണിച്ചത്  230 കിമീ. ആനപ്പിണ്ടങ്ങൾ ഏറെയുണ്ട് പാതയിൽ. അച്ചൻകോവിൽ ധർമശാസ്താ ക്ഷേത്രത്തിന്റെ പഴമ കൂടി കണ്ടു.

ഗൃഹസ്ഥാശ്രമിയായ ശാസ്താവ് നിനയ്ക്കുന്നവർക്കു മാത്രമേ അവിടെയെത്താനാകൂ എന്നൊരു കഥയുണ്ട്. അങ്ങനെ  നോക്കുമ്പോൾ ബിവൈഡിയെ ഈ നാട് ആഗ്രഹിച്ചിരുന്നിരിക്കാം. അല്ലെങ്കിൽ ചൈനയിൽനിന്ന് ഈ സുന്ദരൻ എംപിവി ആ കാട്ടിലെത്തുമായിരുന്നോ?  മുള്ളുമല താഴ്‌വാരത്തിൽവച്ചു സായാഹ്നമാസ്വദിച്ചശേഷം വീണ്ടും അടൂരിലേക്ക്. ഒന്നു കൂടി ചാർജ് ചെയ്തു. അര മണിക്കൂറിൽ ചാർജിങ് നിർത്തി. കാരണം കൊച്ചിയിലെത്താനുള്ളതിന്റെ ഇരട്ടിയായിട്ടുണ്ടായിരുന്നു ബാറ്ററിചാർജ്. കൂടെ കൊണ്ടുപോകാം ബിവൈഡിയെ, എന്നുറപ്പിച്ചൊരു യാത്രയായിരുന്നു തെങ്കാശിയിലേത്. 

English Summary: Kerala Tamil Nadu Border Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com