ഇത് 'ലേക്ക് പാലസ്'; വെള്ളത്തിനു നടുവിലെ വിസ്മയ കൊട്ടാരം
Mail This Article
ജലത്തിന് നടുവില്‍ നിര്‍മിച്ച രാജസ്ഥാനിലെ ജല്‍ മഹല്‍ കൊട്ടാരത്തിനെക്കുറിച്ച് സഞ്ചാരികളില്‍ പലരും കേട്ടിട്ടുണ്ടാവും. വളരെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഇത്. എന്നാല്‍ ഇതേപോലെ മറ്റൊരു കൊട്ടാരം കൂടി ഇന്ത്യയില്‍ ഉണ്ടെന്ന കാര്യം അറിയാമോ? വലുപ്പത്തില്‍ ജൽ മഹലിനെ കവച്ചുവെക്കുന്ന ഈ കൊട്ടാരം ഉള്ളത് അങ്ങ് ത്രിപുരയിലാണ്.
1930- കളില്‍ ത്രിപുര സാമ്രാജ്യത്തിലെ മഹാരാജാവായിരുന്ന ബിർ ബിക്രം കിഷോർ മാണിക്യ ബഹാദൂർ ആണ് ഈ കൊട്ടാരം നിർമിച്ചത്. ത്രിപുരയിലെ 'ലേക്ക് പാലസ്' എന്നറിയപ്പെടുന്ന നീർമഹൽ ഒരു വേനൽക്കാല വസതിയായാണ് നിർമിച്ചത്. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ നിന്ന് 53 കിലോമീറ്റർ അകലെ മേലാഘറില്‍ രുദ്രസാഗർ തടാകത്തിന് നടുവിലായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. അന്ന് രുദ്രസാഗർ തടാകം ട്വിജിലിക്മ എന്നാണ് അറിയപ്പെട്ടിരുന്നത്.
കിഴക്കേ ഇന്ത്യയിലെ ഒരേയൊരു കൊട്ടാരമാണിത്. ബ്രിട്ടീഷ് കമ്പനിയായ മാർട്ടിൻ ആൻഡ് ബേൺസ്, ഒന്‍പതു വര്‍ഷം കൊണ്ടാണ് കൊട്ടാരത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മധ്യകാല ഹിന്ദു-മുസ്ലിം പാരമ്പര്യങ്ങളെയും സംസ്‌കാരങ്ങളെയും സമന്വയിപ്പിക്കുന്നതാണ് ഇതിന്‍റെ നിര്‍മാണ ശൈലി.
കൊട്ടാരത്തിനു രണ്ടു ഭാഗങ്ങളുണ്ട്. പടിഞ്ഞാറ് ഭാഗം അന്ദർ മഹൽ എന്നാണ് അറിയപ്പെടുന്നത്. ഇത് രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് താമസിക്കാനായി വേണ്ടി നിർമിച്ചതാണ്. രാജകുടുംബങ്ങൾക്ക് വേണ്ടി നാടകം,നൃത്തം, മറ്റ് സാംസ്കാരിക പരിപാടികൾ എന്നിവ അവതരിപ്പിച്ചിരുന്ന ഒരു ഓപ്പൺ എയർ തിയേറ്ററാണ് കിഴക്ക് ഭാഗത്തുള്ളത്. കൊട്ടാരത്തില്‍ ആകെ 24 മുറികളുണ്ട്.
രുദ്രസാഗര്‍ തടാകത്തിലേക്ക് ഇറങ്ങാനായി കൊട്ടാരത്തിന് ഗോവണിപ്പടികള്‍ ഉണ്ട്. കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ബോട്ടിലാണ് രാജാവ് കൊട്ടാരത്തിലേക്ക് പോയിരുന്നത്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ടെറസ് ഗാർഡനുകളിലൊന്നാണ് ഇവിടെ ഉണ്ടായിരുന്നത്.
ഇപ്പോള്‍ സഞ്ചാരികള്‍ക്ക് ഇവിടേക്ക് ബോട്ടില്‍ എത്തിച്ചേരാം. ഒരാള്‍ക്ക് അന്‍പതു രൂപയാണ് പ്രവേശനത്തിന് ഈടാക്കുന്നത്. രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് നാലുമണി വരെ ഇവിടം തുറന്നിരിക്കും.
കൂടാതെ, വിനോദസഞ്ചാരികളെ ലക്ഷ്യംവെച്ചുകൊണ്ട്, എല്ലാ വർഷവും ആഗസ്ത് മാസത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനവും ടൂറിസം വകുപ്പും ചേര്‍ന്ന് "നീർമഹൽ ജലോത്സവം" സംഘടിപ്പിക്കാറുണ്ട്. 3 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍, വർണ്ണാഭമായ നിരവധി സാംസ്കാരിക പരിപാടികള്‍ അരങ്ങേറാറുണ്ട്. രുദ്രസാഗർ തടാകത്തിലെ വള്ളംകളിയാണ് നീർമഹൽ ജലോത്സവത്തിന്‍റെ പ്രധാന ആകർഷണം. വള്ളംകളി മത്സരത്തിൽ വിവിധയിനം വള്ളങ്ങൾ പങ്കെടുക്കാറുണ്ട്. കൂടാതെ നീന്തൽ മത്സരവും സംഘടിപ്പിക്കുന്നു. ഇതുകൂടാതെ, എല്ലാ വർഷവും ഡിസംബർ മാസത്തിൽ വീണ്ടുംനീർമഹൽ ഉത്സവം സംഘടിപ്പിക്കാറുണ്ട്
English Summary: Neermahal Palace on Rudrasagar Lake – The Iconic Attraction of Tripura