ADVERTISEMENT

ആകെ വറ്റിവരണ്ട്, അടിത്തട്ടിലെ മണല്‍ മുഴുവന്‍ പുറത്തു കാണുന്ന നിളയുടെയും വിഷമാലിന്യങ്ങള്‍ നിറഞ്ഞ് മരണാസന്നനിലയില്‍ കിടക്കുന്ന യമുനാനദിയുടെയുമെല്ലാം ചിത്രങ്ങള്‍ സ്ഥിരം വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. കുറച്ചു കാലം മുന്‍പ് മറ്റൊരു നദിയുടെ ചിത്രങ്ങള്‍ കൂടി ജനശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍, കണ്ണെടുക്കാന്‍ തോന്നാത്തത്ര മനോഹാരിതയായിരുന്നു ആ നദിയുടെ പ്രത്യേകത. ജൽ ശക്തി മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പ്രൊഫൈലില്‍ പങ്കിട്ട ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ അധികം വൈകാതെ തന്നെ വൈറല്‍ ആയി മാറിയിരുന്നു. 

 

അടിത്തട്ട്െ തെളിഞ്ഞു കാണുന്ന മരതകനിറമുള്ള ജലം. നദിക്കടിയിലെ ഉരുളന്‍ കല്ലുകളും മണലുമെല്ലാം ഒരു ചില്ലുജാലകത്തിലൂടെയെന്ന വണ്ണം കാണാം. അതിനു മുകളിലൂടെ ഒരാള്‍ വള്ളം തുഴയുന്നു. അതിലാകട്ടെ നാലു യാത്രക്കാരുമുണ്ട്. മേഘാലയയിലെ ഉംഗോട്ട് നദിയില്‍ നിന്നാണ് ഈ ചിത്രമെടുത്തത്. ഇന്ത്യയ്ക്കും ബംഗ്ലദേശിനും ഇടയിലുള്ള അതിര്‍ത്തിപ്രദേശത്ത്, ജയന്തിയാ കുന്നുകളുടെ താഴ്‌വരയിലെ ചെറിയ പട്ടണമായ ഡാവ്കിയിലൂടെ ഒഴുകുന്ന നദിയാണ് ഇത്. 

 

umngot-river
Meghalaya. Hari Mahidhar/shutterstock

ഷില്ലോങ്ങിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഈ നദി, ലോകത്തിലെ ഏറ്റവും ശുദ്ധമായ നദികളിൽ ഒന്നായാണ് കണക്കാക്കുന്നത്. ഡാവ്കിയിലൂടെ ബംഗ്ലദേശിലേക്ക് ഒഴുകുന്ന നദി ജയന്തിയ, ഖാസി കുന്നുകളെ വിഭജിക്കുന്നു. ഏകദേശം ഇരുപതടി ആഴമുണ്ട് നദിക്ക്. സെപ്റ്റംബറിൽ മണ്‍സൂണ്‍ കഴിയുന്ന സമയത്താണ് നദി ഏറ്റവും സുന്ദരമാകുന്നത്. 1932 ൽ ബ്രിട്ടിഷുകാര്‍ നിര്‍മിച്ച ഡാവ്കി തൂക്കുപാലം ഉംഗോട്ട് നദിക്ക് കുറുകെ ഇപ്പോഴും കാണാം.

 

ഇന്‍റര്‍നെറ്റിലൂടെ സഞ്ചാരികള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ കണ്ട് ഈയിടെയായി നിരവധി സഞ്ചാരികള്‍ ഡാവ്കിയിലേക്ക് എത്തുന്നുണ്ട്. മനോഹരമായ ബൈർഡോ വെള്ളച്ചാട്ടം നദിക്കടുത്ത് സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഷില്ലോങ്ങിൽ നിന്ന് 78 കിലോമീറ്റർ അകലെയാണ് നദി കടന്നുപോകുന്ന മറ്റൊരു ഗ്രാമമായ മൗലിൻയോങ്. 

 

മേഘാലയയിലെ കിഴക്കൻ ഖാസി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന മൗഷൂൻ ഗുഹകളാണ് മറ്റൊരാകര്‍ഷണം. ഈ ഗുഹകള്‍ മുഴുവനും മനോഹരമായ സ്‌റ്റാലഗ്‌മൈറ്റ്‌ കൊണ്ട് നിറഞ്ഞിരിക്കുന്നു. ജീവനുള്ള മരങ്ങളുടെ വേരുകള്‍ കെട്ടുപിണച്ച് നിര്‍മിച്ച, ‘ലിവിംഗ് റൂട്ട് ബ്രിജ്’ എന്നു വിളിക്കുന്ന പാലങ്ങളും പരിസരത്തുണ്ട്.

 

കാഴ്ചകള്‍ക്ക് പുറമേ, വയറും മനസ്സും ഒരുപോലെ നിറയ്ക്കുന്ന രുചികരമായ മേഘാലയന്‍ വിഭവങ്ങളും സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. ഷില്ലോങ്ങിൽ നിന്ന് ഡാവ്‌കിയിലേക്കുള്ള വഴിയിലെ ധാബകളിൽ ജാദോ, ജുർ സിദെ, ദോ ഖ്ലീഹ് തുടങ്ങിയ പ്രാദേശിക പലഹാരങ്ങൾ ലഭിക്കും.

English Summary: Umngot River One of the cleanest rivers in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com