ഇവിടേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല; ശുദ്ധവായു ശ്വസിച്ച് കാഴ്ചകൾ കാണാം
Mail This Article
വാഹനങ്ങളൊന്നും കടന്നു ചെല്ലാത്ത വഴികൾ, ഇരുവശവും പച്ചപ്പ്, അതിമനോഹരമായ മലകളും കുളിർമയുള്ള കാഴ്ചകളും മാത്രം. ബൈക്കോ സൈക്കിളോ പോലും കൊണ്ട് പോകാനാകാത്ത ഏതു സ്ഥലമാണ് ഇതെന്നാവും ചോദ്യം? അങ്ങനെയൊരിടമുണ്ട് മഹാരാഷ്ട്രയിൽ. മതേരൻ എന്ന ഹിൽസ്റ്റേഷനിൽ വാഹനങ്ങൾ പ്രവേശിപ്പിക്കുകയില്ല.
പ്രകൃതിയുടെ ഭംഗിയും വൃത്തിയും അതേപടി നിലനിർത്തുക എന്ന ആശയത്തിൽ നിന്നാണ് ഇവിടെ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര വനംവകുപ്പ് മന്ത്രാലയമാണ് ഈ പ്രദേശത്തെ ഇക്കോ-സെൻസിറ്റീവ് പ്രദേശമാക്കി പ്രഖ്യാപിച്ച് ഇവിടേക്കുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഇവിടെ എത്തിപ്പെടാൻ ഇത്തിരി ബുദ്ധിമുട്ടാണ്. സുന്ദരകാഴ്ചകൾ കാണാനായി എന്തു കഷ്ടപ്പാടും സഹിക്കാനും സഞ്ചാരികൾ ഒരുക്കമാണ്. നിരവധിപേരാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്.
മലിനീകരണം ഒട്ടുമില്ലാത്ത മനോഹരയിടം
നേരൽ റെയിൽവേ സ്റ്റേഷനാണ് മതേരനിലേക്കുള്ള അവസാന സ്റ്റോപ്പ്. മുംബൈയിൽ നിന്നുള്ള കാർജെറ്റ് ലോക്കൽ ട്രെയിനിൽ കയറിയാൽ നേരൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം, പൂണയിൽ നിന്നാണ് വരുന്നതെങ്കിൽ ആദ്യം കാർജെറ്റിൽ ഇറങ്ങി അവിടെ നിന്ന് നേരലിലേക്കുള്ള ട്രെയിൻ പിടിക്കണം. നേരലിൽ ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ കാൽനട യാത്രയാണ്.
ഇവിടുത്തെ ടൂറിസ്റ്റുകളെ ആകർഷിക്കാനായി ടോയ് ട്രെയിൻ സൗകര്യം ഒരുക്കിയിട്ടുള്ളതുകൊണ്ട് രണ്ടു മണിക്കൂറോളം എടുക്കുന്ന ഈ ടോയ് ട്രെയിൻ യാത്രയും കാടിനുള്ളിലേക്കുള്ള യാത്രയ്ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. ടോയ് ട്രെയിൻ യാത്ര ടൂറിസത്തിന്റെ കൂടി ഭാഗമായതുകൊണ്ട് വളരെ ആസ്വാദ്യകരമായ യാത്രയാണ്. യാത്രികരുടെ സുരക്ഷയെ കണക്കിലെടുത്തുകൊണ്ട് മഴക്കാലത്ത് ടോയ് ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തി വയ്ക്കാറുണ്ട്. കാഴ്ചകൾ കണ്ടു ആസ്വദിച്ച് പോകാനിഷ്ടമുള്ളവർക്ക് മാത്രം ടോയ് ട്രെയിൻ യാത്ര തിരഞ്ഞെടുക്കാവുന്നതാണ്.
നേരൽ സ്റ്റേഷനിൽ നിന്നു ദാസ്തുരി പോയ്ന്റ്റ് വരെ ഷെയർ ടാക്സി സേവനം ലഭ്യമാണ്. സ്റ്റേഷനിൽ നിന്ന് പലർക്ക് ഒന്നിച്ച് സഞ്ചരിക്കാൻ കഴിയുന്ന ഇത്തരം ടാക്‌സികൾ ലഭ്യമാണ്. ദാസ്തുരിയിലെത്താം, അവിടെ നിന്ന് മുന്നോട്ട് നടക്കണം. ദാസ്തുരി നിന്ന് മുപ്പത് മിനിട്ടോളമെടുക്കും മതേരനിൽ എത്താൻ.
മതേരൻ ഹിൽ സ്റ്റേഷനിൽ കയറുന്നതിന് ചെറിയൊരു തുക ഫീസായി നൽകണം. മുപ്പതിലധികം ഡെസ്റ്റിനേഷൻ വ്യൂ പോയിന്റുകളാണ് ഇവിടെയുള്ളത്. രണ്ടു ദിവസത്തോളം ഇവിടെ തങ്ങി കാഴ്ചകൾ ആസ്വദിക്കാം. താമസിക്കാനുള്ള റിസോർട്ട് സൗകര്യങ്ങളും ഈ ഹിൽസ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ സൂര്യോദയവും അസ്തമയവും കാണേണ്ട കാഴ്ചയാണ്. 360 ഡിഗ്രിയിലുള്ള പനോരമിക്ക് വ്യൂ ആണ് ഇവിടെയുള്ള മറ്റൊരു ആകർഷണം. നേരൽ പട്ടണം ഈ മലയുടെ മുകളിൽ നിന്നാൽ ഭംഗിയായി കാണാനാകും.
സന്ദര്‍ശനം എപ്പോള്‍
ഒക്ടോബര്‍ മാസം മുതൽ മെയ് മാസം വരെയാണ് മതേരൻ യാത്ര പോകാൻ ഏറ്റവും നല്ല സമയം. മഴക്കാലത്ത് കാടിന് പ്രത്യേക ഭംഗിയുണ്ട് എന്നതിനാൽ മഴക്കാലമായി ജൂൺ -സെപ്റ്റംബർ മാസങ്ങളും യാത്രയ്ക്ക് അനുയോജ്യമാണ് മണ്ണിടിച്ചൽ ഉണ്ടാകാൻ സാധ്യതയുള്ള ഇടമായതിനാൽ സൂക്ഷിക്കേണ്ടതുണ്ട്.
English Summary: Matheran – Asia's only automobile free hill station