'നിങ്ങൾ സ്വയം മറക്കുന്നത് വരെ യാത്ര സാഹസികമാകില്ല'; ബൈക്കിൽ ഹിമാലയം ചുറ്റിയ മഞ്ജു വാര്യർ
Mail This Article
തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിനൊപ്പം ലഡാക്കിലേക്ക് യാത്ര ചെയ്യാനായതിന്റെ സന്തോഷത്തിലാണ് മലയാളി സൂപ്പര്‍താരം മഞ്ജു വാര്യർ. ഇക്കഴിഞ്ഞിടയ്ക്ക് നടത്തിയ ബൈക്ക് യാത്രയുടെ ചിത്രങ്ങൾ വീണ്ടും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് താരം. 'നിങ്ങൾ സ്വയം മറക്കുന്നത് വരെ യാത്ര സാഹസികമാകില്ല എന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. 'ലഡാക്കിലൊരു ബൈക്ക് റൈഡ്', അത് ഏതൊരു യാത്രാ പ്രേമികളുടേയും സ്വപ്‌നമാണ്. ആ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് താരം. അജിത് കുമാറിന് ബൈക്കിനോടും യാത്രകളോടുമുള്ള ഇഷ്ടം അറിയാത്തവർ ചുരുക്കമാണ്. ലഡാക്ക് യാത്ര വിജയകരമായി പൂർത്തിയയതിന് അജിത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പും സമൂഹമാധ്യമത്തിൽ അന്ന് മഞ്ജുവാര്യർ പങ്കുവച്ചിരുന്നു.
'സൂപ്പര്‍സ്റ്റാര്‍ റൈഡര്‍ അജിത്ത് സാറിന് ഒരുപാട് നന്ദി. യാത്രാ പ്രേമിയായതിനാല്‍ തന്നെ ആയിരക്കണക്കിന് കിലോമീറ്റര്‍ കാറില്‍ യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യമാണ് ഒരു ടു വീലര്‍ യാത്രാ അനുഭവം. അതിഗംഭീര ബൈക്ക് റൈഡര്‍മാരെ പരിചയപ്പെടുത്തിയതിന് ആദ്യം നന്ദി പറയുന്നത് അഡ്വഞ്ചര്‍ റൈഡേഴ്‌സ് ഇന്ത്യയോടാണ്. ഒരുപാട് സ്‌നേഹം, നന്ദി...' എന്നാണ് മലയാളി സൂപ്പര്‍താരം മഞ്ജുവാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
സോഷ്യല്‍മീഡിയയില്‍ അജിത്തിനും സഹ റൈഡര്‍മാര്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും മഞ്ജു പങ്കുവച്ചിരുന്നു. നിരവധി ആരാധകരും യാത്രാചിത്രങ്ങൾക്ക് താഴെ കമന്റു ചെയ്തിരുന്നു. മഞ്ജുവും അജിത്തും കര്‍ദുങ്‌ലയില്‍ വച്ച് എടുത്ത ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അജിത്തിനൊപ്പം മഞ്ജുവാര്യര്‍ അഭിനയിക്കുന്ന എകെ 61 എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് സംഘം ലഡാക്കിലേക്കുള്ള ബൈക്ക് റൈഡ് നടത്തിയത്.
ബൈക്ക് പ്രേമികളുടെ സ്വര്‍ഗം
സഞ്ചാരികളുടെ സ്വപ്നഭൂമികളില്‍ ഒന്നാണ് ലഡാക്ക്. വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ അല്‍പം ബുദ്ധിമുട്ടാണ് എന്നതാണ് ഇവിടം സാഹസിക സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കി മാറ്റുന്ന ഒരു കാര്യം. എന്നിരുന്നാലും ഇവിടേക്കുള്ള ഗതാഗത സൗകര്യങ്ങളും മറ്റും കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഒട്ടനവധി സ്ത്രീകളും ഇവിടേക്ക് ബൈക്കിലും മറ്റും യാത്ര ചെയ്തെത്തുന്നത് പതിവാണ്.
വ്യക്തമായി പ്ലാൻ ചെയ്തു മാത്രമേ യാത്ര തിരിക്കാവൂ. പലർക്കും അവിടെയെത്തിക്കഴിഞ്ഞ് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. യാത്രയ്ക്കു മുമ്പ് അവിടുത്തെ കാലാവസ്ഥയെക്കുറിച്ചു പഠിക്കണം. അതിശക്തമായ തണുപ്പാണവിടെ. അതിനുള്ള ജാക്കറ്റും മറ്റും കരുതണം. താമസസ്ഥലത്ത് മുറിയില്‍ ഹീറ്റർ ഉണ്ടെന്ന് ഉറപ്പുവരുത്തണം.
English Summary: manju warrier Shares ladakh bike ride pictures with actor ajith