ഇവിടെ എത്തിയാൽ ഗോവയുടെ മുഴുവൻ സൗന്ദര്യവും ആസ്വദിക്കാം
Mail This Article
സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ് ഗോവ. ബീച്ചും കാഴ്ചകളുമൊക്കെയായി എന്നും സഞ്ചാരികളിൽ പുതുമ നിറയ്ക്കുന്ന ഇടം. ഗോവയിൽ അധികമാരും കടന്നുചെല്ലാത്ത മനോഹരയിടങ്ങളുമുണ്ട്. ഗോവയുടെ തലസ്ഥാനമായ പഞ്ചിമില്‍ നിന്നും ഉള്ളിലേക്കുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് ഡൊന പൗല. തദ്ദേശീയരും വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഡൊന പൗലയുടെ പൊതുവിലുള്ള ഭാവം ശാന്തതയാണ്. പോര്‍ച്ചുഗീസ് കാലത്തോളം നീളുന്ന ഒരു നഷ്ടപ്രണയത്തിന്റെ കഥ കൂടി പറയാനുണ്ട് ഡൊന പൗലക്ക്.
ഗോവയിലെ ആഘോഷങ്ങളുടെ വടക്കന്‍ ബീച്ചുകള്‍ക്കും പ്രശാന്തിയുടെ തെക്കന്‍ തീരങ്ങള്‍ക്കും ഇടയിലാണ് ഡൊന പൗല. അതുകൊണ്ടുതന്നെ ഇവിടെ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തേക്ക് എളുപ്പത്തിലെത്താന്‍ സാധിക്കും. പാര്‍ട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കുമൊടുവില്‍ ശാന്തമായി വിശ്രമിക്കുകയും ചെയ്യാം. വിമാനത്താവളത്തില്‍ നിന്നും ഇവിടേക്കുള്ള ദൂരം ആകെ 23 കിലോമീറ്റര്‍ മാത്രം.
പേരിനു പിന്നിൽ
ഡൊന പൗലയെന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചത് പോര്‍ച്ചുഗീസുകാരിയായ ഡൊന പൗല ഡി മെനെസസില്‍ നിന്നാണ്. പോര്‍ച്ചുഗീസ് ഭരണകാലത്ത് ഗോവയിലെ വൈസ്രോയിയുടെ മകളായിരുന്നു ഡൊന പൗല. അവരും നാട്ടുകാരനായ ഒരു മത്സ്യതൊഴിലാളിയും തമ്മില്‍ ഇഷ്ടത്തിലായി. ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഡൊന പൗലയുടെ പിതാവ് അനുമതി നല്‍കിയില്ല. ഇതോടെ പ്രദേശത്തെ ഒരു മല മുകളില്‍ നിന്നും ചാടി ഡൊന പൗല ജീവനൊടുക്കി. ഇന്ന് ആ സ്ഥലം ലൗവേഴ്‌സ് പാരഡൈസ് എന്നാണ് അറിയപ്പെടുന്നത്. പഞ്ചിമില്‍ നിന്നും ഏഴ് കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ പ്രണയികളുടെ സ്വര്‍ഗം.
വാട്ടര്‍സ്‌പോര്‍ട്‌സ് ഇഷ്ടപ്പെടുന്നവരുടെ ഗോവയിലെ പ്രധാന കേന്ദ്രം കൂടിയാണ് ഡൊന പൗല. നിരവധി വാട്ടര്‍സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസിനുള്ള സൗകര്യം ഇവിടെയുണ്ട്. ഷോപ്പിങിന് പറ്റിയ നിരവധി കടകളും ഇവിടെയുണ്ട്. അല്‍പം വിലപേശല്‍ വശമില്ലെങ്കില്‍ പോക്കറ്റിലെ പൈസ കൂടുതല്‍ പോകുമെന്ന് മറക്കണ്ട. ഇവിടെ നിന്നും ബൈക്കോ സൈക്കിളോ കാറോ വാടകക്കെടുത്തും നിങ്ങള്‍ക്ക് ഗോവ ചുറ്റാം. സഞ്ചാരികള്‍ക്ക് ഗോവയുടെ എല്ലാ സൗന്ദര്യവും എളുപ്പത്തില്‍ ആസ്വദിക്കാന്‍ സഹായിക്കുന്ന ഇടമാണ് ഡൊന പൗല.
English Summary: Dona Paula Beach in Goa