ADVERTISEMENT

ഉത്തരാഖണ്ഡിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാളിന് സമീപമുള്ള ഒരു കൊച്ചു ഹിൽ സ്റ്റേഷനാണ് നൗകുചിയാതൽ. 'ഒൻപത് തടാകങ്ങളുടെ നാട്' എന്നാണ് നൗകുചിയാതൽ എന്ന വാക്കിന്‍റെ അർഥം. ശാന്തമായ തടാകങ്ങളും വനങ്ങളും പര്‍വതങ്ങള്‍ക്കരികിലെ സൂര്യാസ്തമയക്കാഴ്ചകളും പുരാതന ക്ഷേത്രങ്ങളുമെല്ലാമായി നിരവധി കാഴ്ചകളും അനുഭവങ്ങളും അത്രയധികം അറിയപ്പെടാത്ത ഈ സ്ഥലത്തുണ്ട്. ഇവിടുത്തെ ചില അനുഭവങ്ങളെക്കുറിച്ച് അറിയാം..

1. തടാകങ്ങളിലേക്ക് യാത്ര പോകാം

ഭീംതാൽ, സാത്താൽ തടാകം, നൗകുചിയാതൽ തടാകം എന്നിങ്ങനെ അനേകം മനോഹരമായ തടാകങ്ങള്‍ ഇവിടെയുണ്ട്. ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ് ഭീംതാൽ അഥവാ ഭീം തടാകം. വനവാസ കാലത്ത് ഭീമൻ സന്ദർശിച്ച തടാകമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. പൂർണ്ണ താൽ, രാം താൽ, സീതാ താൽ, ലക്ഷ്മൺ താൽ, നാൽ ദമയന്തി താൽ, സുഖ് താൽ, ഗരുഡ് താൽ എന്നിങ്ങനെ ഏഴ് ശുദ്ധജല തടാകങ്ങളുടെ ഒരു കൂട്ടമാണ് സാത്താൽ, ഇത് ഭീംതാലിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. നിരവധി ഇനം ചിത്രശലഭങ്ങളെയും നിശാശലഭങ്ങളെയും വരവേല്‍ക്കുന്ന ഒരു ബട്ടർഫ്ലൈ മ്യൂസിയം സാത്താലിൽ ഉണ്ട്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് നൗകുചിയാതൽ തടാകം. മത്സ്യബന്ധനം, ബോട്ടിങ്, പാരാസെയ്‌ലിങ് എന്നിവയുൾപ്പെടെയുള്ളവ ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Naukuchiatal1
Nainital Lake. Amit kg/shutterstock

2. മുക്തേശ്വർ

അപാരമായ പ്രകൃതിഭംഗിയുള്ള ഒരു പ്രദേശം എന്നതിലുപരി ചരിത്രപരമായ പ്രാധാന്യവും നൗകുചിയാതലിനുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 2,285 മീറ്റർ ഉയരത്തിലുള്ള പ്രദേശമാണ് മുക്തേശ്വര്‍. തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു പാണ്ഡ്യ രാജാവ് പണികഴിപ്പിച്ചതും 350 വർഷത്തോളം പഴക്കമുള്ളതുമായ ഇവിടുത്തെ ശിവക്ഷേത്രം തീര്‍ച്ചയായും സന്ദർശിക്കേണ്ടതാണ്. വിനോദസഞ്ചാരികൾക്കിടയിൽ പ്രസിദ്ധമായ ഈ സ്ഥലം ജിം കോർബറ്റിന്‍റെ ‘ദ് ടെംപിൾ ടൈഗർ’ എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

3. ജംഗ്ലിഗാവ് 

ജൈവവൈവിധ്യത്തിന്‍റെ കലവറയാണ് ജംഗ്ലിഗാവ് പ്രദേശം. പ്രകൃതിരമണീയമായ പർവതനിരകൾ മുതൽ വിവിധ ഇനം പക്ഷികൾ വരെ ഒട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്. വന്യജീവി ഫൊട്ടോഗ്രഫർമാരുടെ പറുദീസയാണ് ഇവിടം. വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ട ഹോട്ട്‌സ്‌പോട്ടാണ് ഈ വനപ്രദേശം. സഞ്ചാരികള്‍ക്ക് വേണ്ടി ട്രെക്കിങ് പോലെയുള്ള വിവിധ സാഹസിക വിനോദങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.

Naukuchiatal2
The peaceful and serene village of Naukuchiatal. Aishwarya Dwivedi/shutterstock

4. ട്രെക്കിങ്

ട്രെക്കിങ് ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ഈ സ്ഥലം ഒരു ഹോട്ട്‌സ്‌പോട്ടാണ്. നൗകുചിയാതൽ പർവതനിരകൾക്കിടയിലെ വിവിധ പാതകളിലൂടെയുള്ള ട്രെക്കിങ് സാഹസികയാത്രക്കാര്‍ക്ക് ഉന്മേഷദായകമായ അനുഭവമായിരിക്കും. വഴികാട്ടാന്‍ ഗൈഡുകളും ഷെർപ്പകളും ഈ പ്രദേശത്ത് ധാരാളമുണ്ട്.

5. ഹനുമാൻ ക്ഷേത്രം 

നൗകുചിയാത്തലിലേക്കുള്ള പ്രധാന റോഡിലാണ് ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ 52 അടി ഉയരമുള്ള ഒരു ഹനുമാന്‍ പ്രതിമയുണ്ട്. പ്രസിദ്ധമായ വൈഷ്ണോദേവി ക്ഷേത്രത്തിന്‍റെ രീതിയില്‍ നിര്‍മിച്ച ഒരു കൃത്രിമ ഗുഹ, ഭക്തർക്ക് വിശ്രമിക്കാനുള്ള ഇടം, ഒരു ധ്യാനമുറി, രാം ദർബാർ ക്ഷേത്രം, ശനി ക്ഷേത്രം എന്നിവയും ഇവിടെയുണ്ട്.

6. സാഹസിക കായിക വിനോദങ്ങൾ

മൗണ്ടൻ ബൈക്കിങ്, കുതിര സവാരി, ബോട്ടിങ്, പാരാഗ്ലൈഡിങ് തുടങ്ങി നിരവധി കാര്യങ്ങൾ ഇവിടെ ചെയ്യാനാകും. കൂടാതെ പുള്ളിപ്പുലി, മാൻ തുടങ്ങിയ മൃഗങ്ങളെയും വിവിധയിനം പക്ഷികളെയും കാടുകളുടെ ഇടതൂർന്ന ഭാഗത്ത് പതിവായി കാണാറുണ്ട്. കൂടാതെ, എല്ലാ വർഷവും മേയ് മാസത്തിൽ നടക്കുന്ന 'എസ്‌കേപ്പ് ഫെസ്റ്റിവലി'ല്‍ പങ്കെടുക്കാനും അനേകം ആളുകള്‍ ഇവിടെയെത്തുന്നു.

English Summary:  Activities For Every Type Of Traveller When You Visit The Hill Station Of Naukuchiatal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com