ADVERTISEMENT

മഹത്വവും സൗന്ദര്യവും നിറഞ്ഞ ഇന്ത്യയുടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. യാത്രാപ്രേമികളെ കാത്ത് നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ലോകമെമ്പാടു നിന്നുമുള്ള അനേകായിരം സഞ്ചാരികൾ വർഷംതോറും സന്ദർശിക്കുന്ന തിരക്കേറിയ വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഒഴിച്ചുനിർത്തിയാൽ ക്ഷേത്രങ്ങളടക്കം നിരവധിയിടങ്ങളും ഇന്നാട്ടിലുണ്ട്. ഹിമാലയത്തിലെ തീർഥാടന കേന്ദ്രങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് കേദാർനാഥ്. ശങ്കരാചാര്യർ പുനർനിർമിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം, ഇന്ത്യയിലെ 12 ദ്വാദശ ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്. കേദാർനാഥ് സന്ദർശിക്കുന്നവർ തീര്‍ച്ചയായും രുദ്രപ്രയാഗിലെ കാർത്തിക് സ്വാമി ക്ഷേത്രവും കണ്ടുമടങ്ങാം. രുദ്രപ്രയാഗില്‍നിന്ന് ധിംതോലി എന്ന ഗ്രാമത്തിലൂടെ ബസിൽ യാത്ര ചെയ്ത് ഇവിടെ എത്താം. ഇരുവശവും മോഹിപ്പിക്കുന്നതും അതിലേറെ ഭയപ്പെടുത്തുന്നതുമായ കയറ്റിറക്കങ്ങളുമാണ്. ദുർഘട പാത താണ്ടിയെത്തുന്നത് മനോഹരമായ ക്ഷേത്രത്തിലേക്കാണ്.

ആയിരക്കണക്കിന് മണികളാൽ അലങ്കരിച്ച ശാന്ത സുന്ദരമായ ക്ഷേത്രം ആദ്യകാഴ്ചയിൽ തന്നെ ആരുടെയും മനംകവരും. രുദ്രപ്രയാഗിലെ കനക്ചൗരി ഗ്രാമത്തിനടുത്തുള്ള ഒരു കുന്നിൻ മുകളിലാണ് ഇൗ ക്ഷേത്രം. കാര്‍ത്തിക് സ്വാമി എന്ന് അറിയപ്പെടുന്ന പര്‍വതം ഉത്തരാഖണ്ഡിലെ സുപ്രധാന ഹിമാലയ കാഴ്ചാകേന്ദ്രമാണ്. സമുദ്രനിരപ്പില്‍ നിന്നു 3050 മീറ്റര്‍ ഉയരമുള്ള കാര്‍ത്തിക് സ്വാമിയുടെ മുകളില്‍നിന്നാല്‍ 360 ഡിഗ്രിയില്‍ ഹിമാലയം കാണാമെന്നതാണ് ഏറ്റവും പ്രത്യേകത..

kartik-swami-temple-pic
Photo by : Vikas Mehta (Facebook)

ഉഖിമത്ത്,ഡോറിയ ടാൽ, ചോപ്ത, എന്നിവ കാർത്തിക് സ്വാമി ക്ഷേത്രത്തിന് സമീപമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ. മറ്റൊരു ആകർഷണം ട്രെക്കിങ്ങാണ്. കനക്ചൗരിയിൽ നിന്ന് ആരംഭിക്കുന്ന ട്രെക്കിങ്  ലക്ഷ്യസ്ഥാനത്ത് എത്താൻ ഏകദേശം 1 മണിക്കൂർ എടുക്കും.

ആയിരക്കണക്കിന് മണികളാൽ അലങ്കരിച്ച ക്ഷേത്രം

200 വർഷം പഴക്കമുള്ള കാർത്തിക് സ്വാമി ക്ഷേത്രം വികസിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ്. രുദ്രപ്രയാഗിൽനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ കനക്ചൗരി ഗ്രാമത്തിൽ നിന്ന് 3 കിലോമീറ്റർ നടന്നാണ് ഇവിടേക്ക് ഇപ്പോള്‍ ഭക്തര്‍ എത്തുന്നത്. ദക്ഷിണേന്ത്യയില്‍ മുരുകനെന്നും സുബ്രഹ്മണ്യനെന്നും വിളിക്കപ്പെടുന്ന കാര്‍ത്തികേയ സ്വാമിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഭക്തരെയും വിനോദ സഞ്ചാരികളെയും ആകർഷിക്കുക എന്നതാണ് പുതിയ വികസനപദ്ധതിയുടെ പ്രധാനലക്ഷ്യം. ആയിരക്കണക്കിന് മണികളാൽ അലങ്കരിച്ച ശാന്തമായ ക്ഷേത്രത്തിലേക്ക് നിരവധി ആളുകള്‍ എത്തിച്ചേരാറുണ്ട്. കാർത്തിക പൂർണിമ ദിനത്തിൽ ഇവിടെ ഒരു മണി അർപ്പിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം.

Kartik-Swami-Temple1
Image Source: Kartik Swami Temple Official Site

ക്ഷേത്രം വികസിപ്പിക്കുന്നത് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരെ ആകർഷിക്കുമെന്ന് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് പറഞ്ഞു. ദക്ഷിണേന്ത്യൻ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി ദക്ഷിണേന്ത്യൻ വിഭവങ്ങൾ പാകം ചെയ്യാനും വിളമ്പാനും ആളുകളെ പരിശീലിപ്പിക്കാൻ കേന്ദ്രം തുറക്കും. സഞ്ചാരികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ പൊലീസിനെ വിന്യസിക്കാനും ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്. പ്രാദേശിക കച്ചവടക്കാർ സഞ്ചാരികളെ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അനധികൃത റിസോർട്ടുകളും ക്യാംപുകളും നിരീക്ഷണത്തിലാക്കുകയും ചെയ്യും.

Kartik-Swami-Temple3
Image Source: Istock

ഇരുനൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്ക്

യുദ്ധത്തിന്‍റെയും വിജയത്തിന്‍റെയും ദേവനായ കാർത്തികേയൻ മുരുകൻ, സ്കന്ദൻ, കുമാരൻ, സുബ്രഹ്മണ്യൻ എന്നിങ്ങനെയൊക്കെ വിളിക്കപ്പെടുന്നു. പുരാതന കാലം മുതൽ ദക്ഷിണേന്ത്യ, ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ ആരാധിക്കപ്പെടുന്ന സുബ്രഹ്മണ്യന്റെ പ്രതിഷ്ഠയുള്ള ഉത്തരാഖണ്ഡിലെ ഏക ക്ഷേത്രമാണിത്. മതപരവും സാംസ്കാരികവുമായി ഈ ക്ഷേത്രത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഏകദേശം ഇരുനൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. 

ശിവന്‍റെയും പാർവതി ദേവിയുടെയും മൂത്ത പുത്രനായിരുന്നു സുബ്രഹ്മണ്യന്‍. ഒരിക്കല്‍ മക്കളായ ഗണപതിയോടും സുബ്രഹ്മണ്യനോടും ലോകം ചുറ്റിവരാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. സുബ്രഹ്മണ്യന്‍ ലോകം ചുറ്റാന്‍ പോയപ്പോള്‍ ഗണപതി ശിവപാര്‍വതിമാരെ വലംവച്ചു. മാതാപിതാക്കളാണ് തന്‍റെ ലോകം എന്നു ഗണപതി പറഞ്ഞപ്പോള്‍ ശിവപാര്‍വതിമാര്‍ സംപ്രീതരായി. തിരിച്ചുവന്നപ്പോള്‍ ഗണപതി വിജയിച്ചത് കണ്ടു കോപിഷ്ഠനായ സുബ്രഹ്മണ്യന്‍, തന്‍റെ മാംസം അമ്മയായ പാര്‍വതിക്കും അസ്ഥികള്‍ പിതാവായ ശിവനും നല്‍കിയത്രേ. ആ അസ്ഥികളാണ് ഇവിടെയുള്ള വിഗ്രഹത്തില്‍ ഉള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. 

മനംനിറയ്ക്കും കാഴ്ചകൾ

ബാന്ദർപഞ്ച്, കേദാർനാഥ് ഡോം, ചൗഖംഭ കൊടുമുടി എന്നിവയുടെയും നീലകണ്ഠ പർവതം, ദ്രോണഗിരി, നന്ദ ഗുണ്ടി, ത്രിശൂൽ, നന്ദാദേവി കൊടുമുടികള്‍, മേരു-സുമേരു പർവതങ്ങള്‍ എന്നിവയുടെയും സുന്ദരമായ കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ടു ക്ഷേത്രത്തിലേക്കുള്ള ട്രെക്കിങ് ഏറെ ജനപ്രിയമാണ്. മാർച്ച്, ഏപ്രിൽ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഈ പ്രദേശം സുന്ദരമായ റോഡോഡെൻഡ്രോണ്‍ പൂക്കളാല്‍ മൂടും. നവംബർ മുതല്‍ ജനുവരി വരെ മഞ്ഞുമൂടിയ ഹിമാലയൻ പർവതനിരകളുടെ കാഴ്ച ഏതൊരു സഞ്ചാരിയെയും മയക്കാന്‍ പോന്നതാണ്. അപൂര്‍വയിനം പക്ഷികളെ നിരീക്ഷിക്കാനും ഇവിടം ഏറെ അനുയോജ്യമാണ്. സ്വർണകഴുകൻ, സ്റ്റെപ്പി കഴുകൻ, കറുത്ത കഴുകൻ, ഹിമാലയൻ മോണൽ ഫെസന്‍റ് എന്നിവയുൾപ്പെടെ 150 ലധികം ഇനം പക്ഷികൾ ഇവിടെയുണ്ട്.

സന്ദര്‍ശനം എപ്പോൾ

ഒക്ടോബർ മുതൽ ജൂൺ വരെയാണ് ക്ഷേത്രം സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം. ഒക്‌ടോബർ, നവംബർ മാസങ്ങളിൽ മഞ്ഞുമൂടിയ ഹിമാലയൻ കൊടുമുടികളുടെ ദൃശ്യങ്ങൾ കാണാം. ഈ സമയത്തെ ഉദയാസ്തമയക്കാഴ്ചകളും അതീവ മനോഹരമാണ്. ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളും ഈ സമയത്താണ്.

English Summary: Kartik Swami Temple Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com