മെയ്സ് ഗാർഡൻ, മിയാവാക്കി ഫോറസ്റ്റ്, ഹൗസ് ബോട്ട്; മുഖം മിനുക്കി ഏകതാപ്രതിമ
Mail This Article
രണ്ടു വര്‍ഷം മുന്‍പ്, ഒക്ടോബര്‍ 31 നായിരുന്നു, ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിലെ സാധൂ ബെറ്റ് എന്ന ദ്വീപില്‍ ഏകതാപ്രതിമ ജനങ്ങള്‍ക്കായി തുറന്നത്. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ ഈ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയാണ്. 182 മീറ്റർ നീളമുള്ള ഈ പ്രതിമ ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്.
പ്രതിമയുടെ രണ്ടാംവാര്‍ഷിക ദിനത്തില്‍ മൂന്ന് ആകർഷണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഒരു മെയ്സ് ഗാർഡനും ഒരു 'മിയാവാക്കി' വനവും ഹൗസ്‌ബോട്ടുമാണ് ഇവിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന്‍റെ ആദ്യ ദിവസം, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം നർമ്മദാ ജില്ലയിലെ ഏകതാ നഗറിൽ എത്തിയാണ് ഈ പുതിയ ആകർഷണങ്ങൾ അദ്ദേഹം ഉദ്ഘാടനം ചെയ്തത്.
രാജ്യത്തെ ഏറ്റവും വലിയ മേസ് ഗാർഡൻ ആണ് ഇവിടെ പുതിയതായി ചേർത്തിരിക്കുന്നത്. ശ്രീയന്ത്രത്തിന്‍റെ ആകൃതിയിലാണ് ഗാർഡൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഈ രൂപം പരിസരമാകെ പോസിറ്റീവ് എനര്‍ജി പരത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. 2,100 മീറ്റർ നീളമുള്ള പാതയുള്ള ഗാര്‍ഡന്‍ മൂന്ന് ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു. വെറും എട്ട് മാസം കൊണ്ടാണ് ഇത് വികസിപ്പിച്ചെടുത്തത്.
മേസ് ഗാർഡന് സമീപമുള്ള 'മിയാവാക്കി' വനത്തിന്‍റെ ഭാഗമായി 1,80,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ആദ്യം മാലിന്യം തള്ളാനുള്ള സ്ഥലമായി ഉപയോഗിച്ചിരുന്ന സ്ഥലമാണ് ഇപ്പോള്‍ പൂങ്കാവനമാക്കി മാറ്റിയത്. ഈ വനത്തിനുള്ളില്‍ നേറ്റീവ് ഫ്ലോറൽ ഗാർഡൻ, തടിത്തോട്ടം, പഴത്തോട്ടം, ഔഷധത്തോട്ടം, സമ്മിശ്ര ഇനങ്ങളുടെ ഒരു പ്രത്യേക മിയാവാക്കി വിഭാഗം, ഒരു ഡിജിറ്റൽ ഓറിയന്റേഷൻ സെന്റർ എന്നിവ ഉണ്ടാകും.
ജാപ്പനീസ് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ അകിര മിയാവാക്കിയുടെ ആശയങ്ങള്‍ അനുസരിച്ചുള്ള വനവല്‍ക്കരണ രീതിയില്‍ രൂപകല്‍പ്പന ചെയ്തതിനാലാണ് ഇവ മിയാവാക്കി വനം എന്നറിയപ്പെടുന്നത്. വലിയ മരമായി മാറുന്ന തരം തൈച്ചെടികൾ പരസ്പരം അടുത്ത് നടുന്നത് ഇതിൽ ഉൾപ്പെടുന്നു. ഈ രീതി ഉപയോഗിച്ച് ചെടികളുടെ വളർച്ച പതിന്മടങ്ങ് വേഗത്തിലാകുന്നു.
സ്റ്റാച്യു ഓഫ് യൂണിറ്റി പരിസരത്ത് ഗുജറാത്തിലെ ആദ്യത്തെ ഹൗസ് ബോട്ട് സർവീസായ 'ഏകതാ ഹൗസ് ബോട്ടും' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 90 അടി നീളവും 20 അടി വീതിയുമുള്ള ഹൗസ് ബോട്ടിൽ രണ്ട് കിടപ്പുമുറികൾ, ഒരു ഡൈനിംഗ് റൂം, ഒരു ഡ്രോയിംഗ് റൂം, ഒരു അറ്റാച്ച്ഡ് കിച്ചൻ, ഫ്രണ്ട് ഡെക്ക്, അപ്പർ ഒബ്സർവേഷൻ ഡെക്ക് എന്നിവയുണ്ട്. കശ്മീരി, ഗുജറാത്തി കലകളുടെയും സംസ്‌കാരത്തിന്‍റെയും മനോഹരമായ മിശ്രിതമാണ് ഹൗസ് ബോട്ട്.
കൊത്തുപണികളും തടികൊണ്ടുള്ള ഫിനിഷുമെല്ലാമായി കശ്മീരി സംസ്‌കാരത്തിന്‍റെ അലയൊലികള്‍ ബോട്ടിന്‍റെ പുറംഭാഗത്ത് കാണാം. ബോട്ടിന്‍റെ ഉൾവശമാകട്ടെ, വൈവിധ്യമാർന്ന ഗുജറാത്തി സംസ്‌കാരത്തിൽ നിന്നും കലയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു. 2989 കോടി ഇന്ത്യൻ രൂപ ചിലവില്‍ നാലുവര്‍ഷങ്ങള്‍ കൊണ്ടാണ് ഏകതാപ്രതിമ നിര്‍മ്മിച്ചത്. ഉരുക്കുകൊണ്ടുള്ള ഘടനയിൽ പ്രബലിത സിമറ്റ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പുറമെ വെങ്കലംകൊണ്ട് പൊതിഞ്ഞിരിക്കുന്നു. കിഴക്കൻ ചൈനീസ് പ്രവിശ്യയായ നാൻചംഗിലെ ജിയാംഗ്ഷി ടോംഗ്കിങ് മെറ്റൽ ഹാൻഡിക്രാഫ്റ്റ്‌സ് കമ്പനിയുടെ നിർമാണശാലയിലാണ് ഈ പ്രതിമയുടെ നിർമ്മാണം നടന്നത്.
2018 നവംബർ 1 ന് പൊതുജനങ്ങൾക്കായി തുറന്ന് വെറും 11 ദിവസത്തിനുള്ളിൽ 128,000 വിനോദ സഞ്ചാരികളായിരുന്നു ഇവിടം സന്ദര്‍ശിച്ചത്. 2019 നവംബറിൽ, സന്ദര്‍ശകരുടെ എന്നതില്‍ സ്റ്റാച്യു ഓഫ് ലിബർട്ടിയെക്കാള്‍ മുന്നിലെത്തി. കൂടുതല്‍ വിനോദാനുഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടെ ഇവിടേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary: Statue of Unity gets three new tourist attractions, Maze Garden, Miyawaki Forest and Ekta Houseboat