ഹിമാലയത്തിലെ സ്വര്‍ണബിന്ദു; മഞ്ഞണിഞ്ഞ കേദാര്‍നാഥിന്റെ വിഡിയോയുമായി ശോഭന
Mail This Article
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയും നര്‍ത്തകിയുമാണ് ശോഭന. ഒരിക്കലും മറക്കാനാവാത്ത ഇത്രയേറെ കഥാപാത്രങ്ങളും അഭിനയമുഹൂര്‍ത്തങ്ങളും മലയാളിക്ക് സമ്മാനിച്ച മറ്റൊരു അഭിനേത്രിയില്ല. അതുകൊണ്ടുതന്നെ സിനിമയില്‍ സജീവമല്ലെങ്കില്‍പ്പോലും ശോഭന എന്ന പേര് മറക്കാന്‍ ഇപ്പോഴും ആര്‍ക്കുമാവില്ല.
സമൂഹമാധ്യമത്തിലൂടെ തന്‍റെ ഏറ്റവും പുതിയ യാത്രാവിശേഷം പങ്കുവച്ചിരിക്കുകയാണ് ശോഭന. കേദാര്‍നാഥില്‍ നിന്നും എടുത്ത സെല്‍ഫി വിഡിയോ ശോഭന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 'അതാണ് എന്റെ പുറകിലുള്ള കേദാർനാഥ് ക്ഷേത്രം', എന്നും പങ്കുവച്ച വിഡിയോക്കൊപ്പം ശോഭന കുറിച്ചിട്ടുണ്ട്. മഞ്ഞിന്‍റെ പുതപ്പിട്ട ഹിമാലയത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്നും കേദാര്‍നാഥ് ക്ഷേത്രത്തിന്‍റെ ദൃശ്യങ്ങള്‍ ശോഭന പങ്കിട്ട വിഡിയോയിലുണ്ട്.
ഉത്തരാഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിലാണ് പ്രശസ്തമായ കേദാർനാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മന്ദാകിനി നദിക്കരയിലുള്ള ഈ ശിവക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണ് എന്നു കരുതപ്പെടുന്നു. ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയത്താണ് ഭക്തര്‍ക്കായി ക്ഷേത്രത്തിന്‍റെ നട തുറക്കുന്നത്. നവംബർ മുതൽ മെയ് വരെയുള്ള ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ നടത്തുന്നത്. ഈ സമയത്ത് രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തരും സഞ്ചാരികളും കേദാര്‍നാഥിലെത്തുന്നു.
ശിവനും ഭീമസേനനും
മഹാഭാരതകാലത്തോളം പഴക്കമുണ്ട് കേദാര്‍നാഥ് ക്ഷേത്രത്തിന് എന്നാണ് ഐതിഹ്യങ്ങളില്‍ പറയുന്നത്. മോക്ഷം നേടുന്നതിനായി, പരമശിവനെ അന്വേഷിച്ചു നടന്ന പാണ്ഡവര്‍ കൈലാസത്തിലെത്തി. എന്നാല്‍ ശിവന്‍ അവിടെ നിന്നും ഓടിമറഞ്ഞു ഹിമാലയത്തിലെത്തി. ഹിമാലയസാനുക്കളില്‍ മേഞ്ഞുനടന്ന ഗോക്കളുടെ കൂട്ടത്തില്‍ ഒരു കാളയായി നിലയുറപ്പിച്ചു.
അധികം വൈകാതെതന്നെ പാണ്ഡവര്‍ ഹിമാലയത്തിലെ പശുക്കളുടെ അടുത്തെത്തി. അക്കൂട്ടത്തില്‍ പരമശിവനുമുണ്ടെന്ന് അവര്‍ക്ക് മനസ്സിലായി. പാണ്ഡവരെ കണ്ട ശിവന്‍, കാളയുടെ രൂപത്തില്‍ത്തന്നെ ഭൂമിക്കടിയിലേക്ക് മറയാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ ഭീമസേനന്‍, കാളയുടെ മുതുകിലെ മുഴയില്‍ പിടിച്ച് അതിനെ അവിടെത്തന്നെ നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഭീമന്‍ തൊട്ട ഭാഗം പാറയായി മാറി.
പാറ ഉണ്ടായ പ്രദേശത്ത് പാണ്ഡവര്‍ ഒരു ക്ഷേത്രം പണിതു. ഏറെക്കാലത്തിനു ശേഷം ഇവിടെയെത്തിയ ശങ്കരാചാര്യര്‍, ആ ക്ഷേത്രം പുനസ്ഥാപിച്ചു. അന്ന് അദ്ദേഹം ഉണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇന്നും ഇവിടെ പിന്തുടരുന്നത്. ശിവന്‍റെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നായാണ് കേദാര്‍നാഥിനെ കണക്കാക്കുന്നത്.
വെള്ളപ്പൊക്കത്തിന് തൊടാനായില്ല
2013- ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശമായിരുന്നു കേദാർനാഥ്. ക്ഷേത്ര സമുച്ചയത്തിനും പരിസര പ്രദേശങ്ങൾക്കും കേദാർനാഥ് പട്ടണത്തിനും വ്യാപകമായ കേടുപാടുകൾ സംഭവിച്ചു, എന്നാല്‍, മതിലുകളുടെ ഭാഗത്ത് ഏതാനും വിള്ളലുകൾ ഉണ്ടായതൊഴിച്ചാൽ ക്ഷേത്രത്തിന് കാര്യമായ കേടുപാടുകൾ ഒന്നും സംഭവിച്ചില്ല. ഒരു വലിയ പാറ നാശനഷ്ടങ്ങളില്‍ നിന്നും ക്ഷേത്രത്തെ സംരക്ഷിച്ചു. ഇതൊരു വലിയ അത്ഭുതമായാണ് ഇന്നും കണക്കാക്കുന്നത്.
എത്തിച്ചേരാന്‍
ഉത്തരാഖണ്ഡിലെ ഛോട്ടാ ചാർ ധാം യാത്രയുടെ ഭാഗമാണ് കേദാർനാഥ്. ക്ഷേത്രത്തിലേക്ക് റോഡ് മാർഗം നേരിട്ട് എത്തിച്ചേരാനാകില്ല, ഗൗരികുണ്ഡിൽ നിന്ന് 22 കിലോമീറ്റർ കയറ്റം കയറി വേണം എത്തിച്ചേരാൻ. ഹെലികോപ്റ്റര്‍ വഴിയും എത്തിച്ചേരാം. സോൻപ്രയാഗിന് സമീപമുള്ള ഫാറ്റ വില്ലേജിൽ നിന്നും അഗസ്റ്റ്മുനി ഹെലിപാഡുകളിൽ നിന്നും ദിവസേന ഹെലികോപ്റ്റർ സർവീസ് നടത്തുന്നു. കൂടാതെ, ക്ഷേത്രത്തിലെത്താൻ കുതിര, കോവർകഴുത തുടങ്ങിയവയും ഉണ്ട്.
പുലർച്ചെ 5 മണിക്ക് തുറക്കുന്ന ക്ഷേത്രം വൈകീട്ട് മൂന്നുമണി മുതല്‍ അഞ്ചുമണി വരെ അടച്ചിരിക്കും. സോൻപ്രയാഗില്‍ ഒന്നര മണിക്കൂര്‍ നീളുന്ന ബയോമെട്രിക് രജിസ്ട്രേഷൻ കഴിഞ്ഞ ശേഷം, ക്യൂവില്‍ നിന്നാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം. ക്ഷേത്രത്തില്‍ തൊഴുന്ന ദിവസം തന്നെ തിരിച്ചുപോവുക എന്നത് ബുദ്ധിമുട്ടാണ്. ഡെറാഡൂൺ ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഋഷികേശ് ആണ്.
English Summary: Actress Shobana Shares kedarnath temple visit video