2022 വിടപറയുംമുന്പേ പോകാം; മഞ്ഞും മഴയും മോഹിപ്പിക്കും ഇടങ്ങള്‍!
Mail This Article
ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ഒരു മാസം പോലും തികച്ചില്ല. പുതുവര്‍ഷത്തിന്‍റെ തിരക്കുകളിലേക്ക് ഊളിയിടാനാവുന്നതിനു മുന്‍പ്, അല്‍പം ശാന്തമായ ഏതെങ്കിലും ഇടങ്ങളിലേക്ക് യാത്ര പോകണം എന്നു ആഗ്രഹമുണ്ടോ? ഓഫീസിന്‍റെ മടുപ്പില്‍ നിന്നും ജോലിയുടെ ഭാരത്തില്‍ നിന്നുമെല്ലാമകന്ന്, ദൂരെ മഞ്ഞും മഴയും കാടും കഥ പറയുന്ന നാടുകളില്‍പ്പോയി ഒന്ന് റീചാര്‍ജ് ചെയ്തു വന്നാലോ? ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിനു പറ്റിയ മനോഹരവും സമാധാനപൂര്‍ണവുമായ ഒട്ടേറെ ഇടങ്ങളുണ്ട്. അത്തരത്തിലുള്ള ചില ഇടങ്ങള്‍...
നാക്കോ, ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ ട്രാൻസ്ഹിമാലയൻ മേഖലയിൽ ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നാക്കോ. ഗ്രാമത്തിന്‍റെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന നാക്കോ തടാകമാണ് ഇവിടുത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്ന്. വേനൽക്കാലത്ത് തടാകത്തിൽ ബോട്ടിംഗ് സൗകര്യം ഒരുക്കാറുണ്ട്. മഞ്ഞുകാലത്ത് തണുത്തുറഞ്ഞ തടാകത്തിന്‍റെ ഉപരിതലത്തിൽ ഐസ് സ്കേറ്റിംഗും നടത്താറുണ്ട്.
1025ല്‍ നിര്‍മിച്ച നാക്കോ മൊണാസ്ട്രിയാണ് മറ്റൊരു പ്രധാനകാഴ്ച. 500 വർഷത്തിലേറെ പഴക്കമുള്ള ഒരു പ്രാർത്ഥനാ ചക്രമുള്ള ചാംഗോ ഗോമ്പയും നിരവധി സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ്. പ്രകൃതിരമണീയമായ നാക്കോ ഗ്രാമത്തില്‍ ട്രെക്കിംഗ്, ഹൈക്കിങ് മുതലായവയ്ക്ക് പറ്റിയ ഒട്ടേറെ പാതകളുണ്ട്. നാക്കോയിൽ നിന്ന് ചാംഗോ, ഹാംഗോ, താഷിഗാംഗ് ഗ്രാമങ്ങളിലേക്ക് നയിക്കുന്ന ചെറിയ വഴികളിലൂടെ ട്രെക്കിംഗ് നടത്താം.
മെചുക, അരുണാചൽ പ്രദേശ്
അരുണാചൽ പ്രദേശിലെ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണിത്. മഞ്ഞുമൂടിയ പര്‍വ്വതങ്ങളും സൗമ്യമായി ഒഴുകുന്ന സിയോം നദിയുമെല്ലാം ചേര്‍ന്ന്, പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഈ പ്രദേശം, അരുണാചൽ പ്രദേശിലെ തിരക്കേറി വരുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.
ഗ്രാമത്തിന്‍റെ പടിഞ്ഞാറു വശത്തായി സ്ഥിതിചെയ്യുന്ന 400 വർഷം പഴക്കമുള്ള ബുദ്ധവിഹാരമാണ് ഇവിടുത്തെ പ്രധാനകാഴ്ച. നിരവധി പുരാതന പ്രതിമകളും ഇവിടെ കാണാം. മെചുകയിലെ ജൈവവൈവിധ്യവും ശ്രദ്ധേയമാണ്. ടൂറിസ്റ്റ് ലോഡ്ജുകളിലും ഇൻസ്പെക്ഷൻ ബംഗ്ലാവിലും സഞ്ചാരികള്‍ക്ക് താമസസൗകര്യം ലഭ്യമാണ്,
ഹഫ്‌ലോങ്, അസം
അസമിലെ ഒരേയൊരു ഹിൽ സ്റ്റേഷനാണ് ഹഫ്‌ലോങ്. സമുദ്രനിരപ്പിൽ നിന്ന് 600 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹഫ്‌ലോങ് ഗ്രാമം, പച്ചപ്പ് നിറഞ്ഞതും മൂടൽമഞ്ഞ് മൂടിയതുമായ കുന്നുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു, കൂടാതെ സമാധാനപരമായ യാത്ര ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരിടമാണ് ഇത്.
ഗ്രാമത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഹഫ്‌ലോങ് തടാകക്കരയിലെ കാഴ്ചകളും ബോട്ടിംഗ് പോലുള്ള വിനോദങ്ങളും ആസ്വദിക്കാം.
'പക്ഷികളുടെ മരണ താഴ്‌വര' എന്നും അറിയപ്പെടുന്ന ജതിംഗ, ഹഫ്‌ലോംഗ് പട്ടണത്തിൽ നിന്ന് 9 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. നിറയെ ഓറഞ്ച് തോട്ടങ്ങള്‍ നിറഞ്ഞ ഈ പ്രദേശം അതിമനോഹരമാണ്. കൂടാതെ 16-ാം നൂറ്റാണ്ടിലെ ദിമാസ രാജ്യത്തിന്‍റെ തലസ്ഥാനമായി പ്രവർത്തിച്ചിരുന്ന മൈബോംഗ്, ഫിയാങ്‌പുയ് ഗാർഡൻ, വടക്കുകിഴക്കൻ ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന പാനിമൂർ വെള്ളച്ചാട്ടം എന്നിവയും കാണേണ്ട കാഴ്ചകളാണ്.
ഡിസോക്കോ താഴ്‌വര, നാഗാലൻഡ്
നാഗാലൻഡ് , മണിപ്പൂർ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ താഴ്‌വരയാണ് ഡിസോക്കോ താഴ്‌വര. പ്രകൃതിഭംഗിക്കും പൂക്കള്‍ക്കും വൈവിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ക്കും പേരുകേട്ടതാണ് ഇവിടം.
സമുദ്രനിരപ്പിൽ നിന്ന് 2452 മീറ്റർ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഡിസോക്കോ താഴ്‌വരയില്‍ എല്ലാ സീസണിലും നിറയെ മനോഹരമായ പൂക്കള്‍ കാണും. ഈ താഴ്‌വരയില്‍ മാത്രം കാണപ്പെടുന്ന ഒരിനമാണ് ഡിസോക്കോ ലില്ലി. സഞ്ചാരികള്‍ക്ക് ട്രെക്കിംഗ് മുതലായ വിനോദങ്ങള്‍ക്കായുള്ള നിരവധി പാതകളും ഇവിടെയുണ്ട്.
ലൈത്മാവ്സിയാങ്, മേഘാലയ
പ്രകൃതിസൗന്ദര്യത്താൽ അനുഗൃഹീതമായ, മേഘാലയയിലെ ഏറ്റവും മികച്ച ഇടങ്ങളില്‍ ഒന്നാണ് ലൈത്മാവ്സിയാങ്. ഖാസി മലനിരകളുടെ കിഴക്കൻ ഭാഗത്താണ് മനോഹരമായ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 50 നൂറ്റാണ്ടിലേറെയായി നിലനിൽക്കുന്ന പൂന്തോട്ടങ്ങളും ഗുഹകളും ഇവിടുത്തെ പ്രത്യേകതയാണ്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഖാസി ഗോത്രങ്ങളും ദേശസ്നേഹികളും ഈ ഗുഹകൾ ഒളിത്താവളമായി ഉപയോഗിച്ചിരുന്നു.
ഏതു സമയത്തും വെള്ളമുള്ള ഇവിടുത്തെ അരുവിയിലെ ജലത്തിന് ഔഷധഗുണമുള്ളതായി വിശ്വസിക്കപ്പെടുന്നു. ഇവിടെ നിന്നും വെള്ളം ശേഖരിച്ച് കൊണ്ടുപോകുന്ന വിനോദസഞ്ചാരികള്‍ ഒരു സ്ഥിരം കാഴ്ചയാണ്.
സുലുക്ക് വില്ലേജ്, സിക്കിം
ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചരിത്രപരമായ സിൽക്ക് റൂട്ടിലെ ഒരു പ്രധാന പോയിന്റായി ഒരിക്കൽ പ്രവർത്തിച്ചിരുന്ന മനോഹരമായ ഗ്രാമമാണ് സുലുക്ക്. സിലിഗുരി, ഗാംഗ്‌ടോക്ക് എന്നിവിടങ്ങളിൽ നിന്ന് ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. ഇവിടെനിന്ന് കാഞ്ചൻജംഗ പർവതനിരകളുടെ മനോഹരമായ കാഴ്ചകൾ കാണാൻ കഴിയും.
English Summary: Best Places To Visit In December In India