ADVERTISEMENT

ചുറ്റും മഞ്ഞു പുതച്ച് മാടി വിളിക്കുന്ന പര്‍വതങ്ങള്‍. കാലികള്‍ മേഞ്ഞുനടക്കുന്ന പച്ചവിരിച്ച പുല്‍മേടുകള്‍. ആഴത്തിലെ തിളങ്ങുന്ന കല്ലുകളുടെ പ്രഭ നെഞ്ചിലേറ്റി വെയിലിനോടു പുഞ്ചിരിക്കുന്ന ജലാശയങ്ങള്‍. പകലിന്‍റെ നേരിയ മഞ്ഞ വെളിച്ചത്തിന്‍റെ കിരീടം ചൂടി ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന പൈന്‍ മരങ്ങളും ദേവതാരുക്കളും. കേള്‍ക്കുമ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിനെക്കുറിച്ചാണെന്ന് തോന്നാം. എന്നാല്‍ ഇന്ത്യയിലും ഇതേപോലെയുള്ള ഒട്ടേറെ ഇടങ്ങളുണ്ട്. നമ്മുടെ നാട്ടില്‍ സ്വിറ്റ്സര്‍ലന്‍ഡുമായി താരതമ്യം ചെയ്യാറുള്ള ചില അതിമനോഹര ഇടങ്ങള്‍.

1. ഖജ്ജിയാർ, ഹിമാചൽ പ്രദേശ്

പുൽമേടുകളും മേച്ചില്‍പ്പുറങ്ങളും ഇടതൂർന്ന വനങ്ങളും ശാന്തമായ തടാകങ്ങളുമെല്ലാം നിറഞ്ഞ ഖജ്ജിയാർ, ഒറ്റ നോട്ടത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് ആണെന്നേ തോന്നൂ. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ, ദൗലാധർ പർവതനിരകളുടെ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന ഈ പട്ടണം 'ഇന്ത്യയുടെ മിനി സ്വിറ്റ്‌സർലൻഡ്' എന്നറിയപ്പെടുന്നു.

switzerland1
AKOLIANITIN/Istock

ഡൽഹൗസിയിൽ നിന്ന് ആർക്കും ബസിൽ കയറി എളുപ്പത്തില്‍ ഇവിടെയെത്താം. വര്‍ഷം മുഴുവനും സന്ദര്‍ശിക്കാവുന്ന ഇടമാണിത്. ട്രക്കിംഗ് പ്രേമികൾക്ക് ഖജ്ജിയാർ മുതൽ ദൈൻകുണ്ഡ് വരെ 3.5 കിലോമീറ്റർ ട്രെക്കിങ് നടത്താം. സഞ്ചാരികള്‍ക്കായി ഹിമാചൽ പ്രദേശ് ടൂറിസം, പിഡബ്ല്യുഡി, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എന്നിവ നടത്തുന്ന കോട്ടേജുകളും ഹോട്ടലുകളും വിശ്രമകേന്ദ്രങ്ങളും ഇവിടെയുണ്ട്.

2. കശ്മീർ

'ഭൂമിയിലെ പറുദീസ' എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന കാശ്മീർ, ഇന്ത്യയിൽ സന്ദർശിക്കേണ്ട ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്. തിളങ്ങുന്ന തടാകങ്ങളും നദികളും, പച്ചപ്പ് നിറഞ്ഞ പുൽമേടുകളും മഞ്ഞുമൂടിയ പർവതങ്ങളും, ആദ്യനോട്ടത്തിൽ തന്നെ ഈ നാടുമായി പ്രണയത്തിലാക്കും. ഹിമാലയൻ പർവതനിരകൾക്കും പിർപാഞ്ജൽ പർവതനിരകൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ താഴ്‌വര, ശൈത്യകാലത്ത് ഒരു അത്ഭുതലോകമായി മാറുന്നു. ഗുല്‍മാര്‍ഗും ദാല്‍ തടാകവുമെല്ലാം ഈ സമയത്തും സഞ്ചാരികളെക്കൊണ്ട് നിറയാറുണ്ട്. പ്രകൃതിരമണീയമായ കാഴ്ചകളും അനന്തമായ താഴ്‌വരകളും മഞ്ഞുമൂടിയ മലനിരകളുമെല്ലാം നിറഞ്ഞ കശ്മീരിന്, സ്വിറ്റ്‌സർലൻഡിനെ കവച്ചുവെക്കുന്ന ഭംഗിയുണ്ട്.

 3. ഔലി, ഉത്തരാഖണ്ഡ്

ഒരു സ്കീ റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കാനാണ് ആഗ്രഹമെങ്കില്‍, സ്വിസ് ആൽപ്സ് വരെ പോകേണ്ടതില്ല. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഹിൽ സ്റ്റേഷനായ ഔലിയില്‍ അതിനുള്ള സൗകര്യമുണ്ട്. ഇന്ത്യയിലെ മുൻനിര സ്കീയിങ് ഡെസ്റ്റിനേഷനുകളിലൊന്നായ ഔലിയിൽ വൃത്തിയുള്ളതും കുത്തനെയുള്ളതുമായ പർവത ചരിവുകൾ മഞ്ഞ് പരവതാനി വിരിച്ച് കാത്തിരിക്കുന്നു. ശൈത്യകാല സാഹസിക വിനോദങ്ങള്‍ക്ക് ഏറെ അനുയോജ്യമായ ഔലിയില്‍, ഹിമാലയത്തിന്റെയും നന്ദാദേവി, കാമറ്റ് തുടങ്ങിയ കൊടുമുടികളുടെയും ദൃശ്യങ്ങളും ഏറ്റവും മനോഹരമായി ആസ്വദിക്കാനാവും.

 4. മണിപ്പൂർ

മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്നു വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇവിടം ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകും. പ്രകൃതിഭംഗിയില്‍ ഇന്ത്യയിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ഇടങ്ങളില്‍ ഒന്നാണ് ഈ വടക്കുകിഴക്കന്‍ സംസ്ഥാനം. മൊത്തം ഭൂവിസ്തൃതിയുടെ മൂന്നില്‍ രണ്ടു ഭാഗവും മനോഹരമായ കുന്നിന്‍പ്രദേശങ്ങളുള്ള മണിപ്പൂരിനെ സ്വിറ്റ്സര്‍ലന്‍ഡുമായി താരതമ്യപ്പെടുത്താറുണ്ട്. ഏകദേശം 500 ഇനം ഓർക്കിഡുകളുള്ള മണിപ്പൂര്‍, ജൈവവൈവിധ്യത്തിനും സംസ്കാരസമ്പന്നതയ്ക്കും പ്രശസ്തമാണ്. 

 5. കൗസാനി, ഉത്തരാഖണ്ഡ്

പർവതപ്രദേശമായ ഉത്തരാഖണ്ഡിലെ മറ്റൊരു മനോഹരമായ ഹിൽ സ്റ്റേഷനാണ് കൗസാനി. ബാഗേശ്വർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ചെറിയ ഗ്രാമം പ്രകൃതിരമണീയതയ്ക്കും നന്ദാദേവി, പഞ്ചുളി തുടങ്ങിയ ഹിമാലയൻ കൊടുമുടികളുടെ ആകര്‍ഷണീയമായ കാഴ്ചകള്‍ക്ക്. പ്രകൃതിഭംഗി കാരണം  മഹാത്മാഗാന്ധി തന്നെ ഈ സ്ഥലത്തെ സ്വിറ്റ്സർലൻഡുമായി താരതമ്യം ചെയ്തിട്ടുണ്ട്.

switzerland3
Uttarakhand, Roop_Dey/Istock

 6. ബരോട്ട് വാലി, ഹിമാചൽ പ്രദേശ്

switzerland
himalayan mountains - Navaashay rawat/Istock

ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബരോട്ട് വാലിയും പ്രകൃതിഭംഗിയുടെ കാര്യത്തില്‍ സ്വിറ്റ്സർലൻഡിനെപ്പോലെ തോന്നിക്കുന്ന മറ്റൊരു സ്ഥലമാണ്. ഉഹ്‌ൽ നദിക്ക് മുകളിലൂടെയുള്ള ഒരു ഹൈഡൽ പദ്ധതിക്ക് വേണ്ടിയാണ് ബരോട്ട് വാലി ആദ്യം വികസിപ്പിച്ചെടുത്തത്, അത് ഇപ്പോൾ പര്‍വ്വതപ്രേമികളായ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. ഉയരം കൂടിയ ദേവദാരു മരങ്ങളും പച്ചപ്പ് നിറഞ്ഞ കുന്നുകളും ചുറ്റും അതിരിടുന്ന ഈ മനോഹരമായ താഴ്‌വരയില്‍ ട്രെക്കിംഗ്, ക്യാമ്പിംഗ്, മീൻപിടുത്തം തുടങ്ങിയ വിനോദങ്ങളും ആസ്വദിക്കാം.ഏപ്രിൽ-ജൂൺ സമയത്തും നവംബർ-ഫെബ്രുവരി മാസങ്ങളിലുമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 

English Summary: places in India that look like Switzerland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com