27 നദി, 51 ദിനം, 3200 കിമീ: ഫ്ലാഗ് ഓഫിന് മോദി; വാരാണസിയിൽ നിന്ന് 'ഗംഗാ വിലാസ്' ആഡംബര കപ്പൽ
Mail This Article
2021 ഡിസംബറിൽ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലെ ഖിർകിയ ഘട്ടിൽനിന്ന് ലളിതാ ഘട്ടിലേക്ക് പുറപ്പെട്ടത് ഒരു ക്രൂസിലാണ്. തുടർന്ന് അദ്ദേഹം ഗംഗാ ആരതിക്ക് സാക്ഷ്യം വഹിച്ചതും ഇവിടെ നിന്നായിരുന്നു. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലം കൂടിയായ വാരാണസിയിൽ നിന്ന് 3200 കിമീ നീണ്ട, ലോകത്തെ ഏറ്റവും വലിയ ‘റിവർ ടൂറിസം ക്രൂസ്’ യാത്രയ്ക്കും ഈ മാസം തുടക്കമാവുകയാണ്. ഉത്തർ പ്രദേശിലെ വാരാണസിയിൽനിന്ന് ബംഗ്ലദേശ് വഴി അസമിലെ ദിബ്രുഗഡിലേക്കാണ് ‘ഗംഗാ വിലാസ്’ എന്നു പേരിട്ടിരിക്കുന്ന ഈ യാത്രാ പദ്ധതി. രാജ്യത്തിലൂടെ തലങ്ങും വിലങ്ങും ഒഴുകുന്ന നദികളിലൂടെയുള്ള യാത്രാ മാർഗങ്ങളും ചരക്കുനീക്കവും ടൂറിസവുമൊക്കെ ഏറെ നാളായി നടപ്പാക്കി വരുന്നുണ്ട്. കേരളത്തിന്റെ തെക്കു മുതൽ വടക്കേ അറ്റം വരെ പൂർത്തിയായി വരുന്ന കോവളം–ബേക്കൽ പശ്ചിമ തീര ജലപാതയും ഇതിന്റെ ഭാഗമാണ്. ഇതിൽനിന്നെല്ലാം എന്തു വ്യത്യാസമാണ് ഗംഗാ ക്രൂസിനുള്ളത്? എന്താണ് ഗംഗാ ക്രൂസ്? രാജ്യത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇത് എന്തു മാറ്റമായിരിക്കും കൊണ്ടുവരിക? ഒപ്പം രണ്ട് അയൽ രാജ്യങ്ങൾ തമ്മിൽ ടൂറിസത്തിലൂടെ ബന്ധം മെച്ചപ്പെടുത്തുന്നതും എങ്ങനെയാണ്? വിശദമായി പരിശോധിക്കാം.