ADVERTISEMENT

എങ്ങും പൂത്തുലഞ്ഞുനില്‍ക്കുന്ന ആപ്പിള്‍മരങ്ങള്‍... പാറക്കൂട്ടങ്ങളില്‍ നിന്ന് പൊട്ടിയൊഴുകുന്ന നീര്‍ച്ചോലകള്‍... മഞ്ഞുകാലമാകുമ്പോള്‍ വെള്ളക്കുപ്പായമിടുന്ന കന്യാവനങ്ങള്‍...അരുണാചല്‍പ്രദേശിലെ ഒരു കൊച്ചുഗ്രാമമായ ദിരാംഗിന്‍റെ വിശേഷങ്ങള്‍ എത്ര പറഞ്ഞാലും തീരില്ല. ബോംഡിലയിൽ നിന്ന് തവാങ്ങിലേക്കുള്ള വഴിയിൽ ഏകദേശം 43 കിലോമീറ്റർ അകലെയായി, കമേങ് നദിയുടെ തീരത്താണ് ഈ മനോഹരമായ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

അസമിലെ ജോർഹട്ടിനും അരുണാചൽ പ്രദേശിലെ തവാങ്ങിനും ഇടയിലാണ് ദിരാംഗ്. ഉള്‍പ്രദേശമായതുകൊണ്ടുതന്നെ ഈയടുത്തിടെയാണ് ദിരാംഗ് വിനോദസഞ്ചാരികളുടെ ശ്രദ്ധയിൽപ്പെട്ടത്. മാത്രമല്ല, 4900 അടി ഉയരത്തിലാണ് എന്നതും ഇവിടേക്ക് ആളുകള്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അടുത്ത കാലത്തായി, തവാങ് സന്ദർശിക്കുന്ന ആളുകൾ രാത്രികാലങ്ങളില്‍ ഇവിടെ തങ്ങുന്നത് പതിവാണ്.

രോഗം മാറ്റുന്ന ഉറവ

ദിരാംഗിൽ നിന്ന് ഒരു കിലോമീറ്റർ അകലെ തവാങ്ങിലേക്കുള്ള വഴിയിലായി ഒരു ചുടുനീരുറവയുണ്ട്. പ്രദേശവാസികള്‍ക്കിടയില്‍ പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്ന ഈ ഉറവക്കരികില്‍ എത്താൻ ഏകദേശം 500 മീറ്ററോളം പടികൾ താണ്ടണം. സള്‍ഫറിന്‍റെ അംശം ധാരാളമുള്ള ഈ ചുടുനീരുറവയ്ക്ക് രോഗശാന്തി ഗുണമുണ്ടെന്ന് ആളുകള്‍ വിശ്വസിക്കുന്നു. ത്വക് രോഗങ്ങളും മറ്റുമുള്ള ആളുകള്‍, അവ മാറുമെന്ന വിശ്വാസത്തില്‍ ഇവിടെ വന്ന് കുളിക്കുന്നത് പതിവാണ്.

dirang-tourism1
Danielrao/istock

യാക്ക് ഗവേഷണ കേന്ദ്രം

ദിരാംഗിൽ നിന്ന് 31 കിലോമീറ്റർ അകലെയായി യാക്കുകള്‍ക്കായുള്ള ദേശീയ ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. ന്യൂക്മണ്ഡുങ്ങിൽ ഒരു യാക്ക് ഫാമും ഉണ്ട്. യാക്ക് ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് കേന്ദ്രത്തില്‍ ഗവേഷണം നടത്തുന്നു. വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കാമെങ്കിലും അതിനായി അധികൃതരുടെ അനുമതി മുന്‍കൂട്ടി വാങ്ങണം.

അരികിലെ മറ്റു മനോഹരസ്ഥലങ്ങള്‍

ദിരാംഗിന് ചുറ്റുമായി സന്ദർശിക്കേണ്ട ഒട്ടേറെ സ്ഥലങ്ങളുണ്ട്. ആറാമത്തെ ദലൈലാമയുടെ ജന്മസ്ഥലമായി അറിയപ്പെടുന്നതും മനോഹരവും പ്രധാനപ്പെട്ടതുമായ നിരവധി ബുദ്ധ ആശ്രമങ്ങൾക്ക് പേരുകേട്ടതുമായ തവാങ് ആണ് അവയില്‍ മുഖ്യം. ആത്മീയതയുടെ സുഗന്ധത്തിൽ പൊതിഞ്ഞ പ്രകൃതി സൗന്ദര്യത്താൽ ഈ സ്ഥലം സഞ്ചാരികളെ വിസ്മയിപ്പിക്കും.

ഹിമാലയത്തിന്‍റെ നിഴല്‍പ്രദേശത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ പട്ടണമായ ബോംഡിലയാണ് സമീപത്തുള്ള മറ്റൊരു കാഴ്ച. പ്രകൃതിദൃശ്യങ്ങളും ഹിന്ദു, ബുദ്ധക്ഷേത്രങ്ങളും ആപ്പിള്‍ തോട്ടങ്ങളും വന്യജീവി സങ്കേതങ്ങളുമെല്ലാം ഇവിടുത്തെ കാഴ്ചകളാണ്. കൂടാതെ ട്രെക്കിങ്, ഹൈക്കിങ് തുടങ്ങിയ വിനോദങ്ങള്‍ക്കും ഇവിടം ബെസ്റ്റാണ്.

ചുറ്റും വനവും കമെങ് നദിയും അതിരിടുന്ന ഭലുക്പോങ് പട്ടണവും ഈ യാത്രയില്‍ സന്ദര്‍ശിക്കാം. ഇവിടെ സന്ദർശകർക്ക് ട്രെക്കിങ്, ഹൈക്കിങ്, മീൻപിടുത്തം, ക്യാംപിങ് തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ആനകൾ, കടുവകൾ, മാനുകൾ തുടങ്ങി പലതരം മൃഗങ്ങള്‍ക്കൊപ്പം സമയം ചിലവിടാന്‍ ആഗ്രഹമുള്ളവര്‍ക്ക് പാഖുൽ ഗെയിം സാങ്ച്വറി സന്ദര്‍ശിക്കാം. 

എങ്ങനെ എത്താം?

വര്‍ഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണ് ദിരാംഗിൽ. അതുകൊണ്ടുതന്നെ സഞ്ചാരികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാവുന്നതാണ്. ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബൊർദോലോയ് അന്താരാഷ്ട്ര വിമാനത്താവളമാണ് ദിരാംഗ് പട്ടണത്തിന് ഏറ്റവും അടുത്തുള്ള എയർപോര്‍ട്ട്. തേസ്പൂർ ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷന്‍.

English Summary: Dirang Tourism in Arunachal Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com