ADVERTISEMENT

കാട്ടുചോലകളുടെ ചന്തവും പച്ചപ്പിന്‍റെ കമ്പളം വിരിച്ച താഴ്‍‍വരകളും തുള്ളിച്ചാടിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളും തിളങ്ങുന്ന നദികളുമെല്ലാം ചേര്‍ന്ന് അതുല്യമായ പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്ന സുന്ദരിയാണ് തമിഴ്നാട്ടിലെ നീലഗിരി പർവതനിരകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന മസിനഗുഡി. കേരളത്തിലെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടിയില്‍ നിന്നു വെറും ഒരു മണിക്കൂര്‍ മതി ഈ മനോഹരഭൂമിയിലെത്താന്‍.

വൈൽഡ് ലൈഫ് സഫാരി, നേച്ചര്‍ വാക്ക്, ജംഗിൾ സ്റ്റേകൾ, ക്യാംപിങ്, മീൻപിടിത്തം, ബോട്ടിങ്, ഫോട്ടോഗ്രാഫി തുടങ്ങി സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ ഒത്തിരി കാര്യങ്ങളുണ്ട് മസിനഗുഡിയില്‍. കേരളത്തില്‍ നിന്നും രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളില്‍ നിന്നുമെല്ലാം ഇവിടേക്ക് ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തുന്നവരും കുറവല്ല.

masinagudi
masinagudi forest- Favas Kalathil/Istock

പേരു വന്നതിങ്ങനെ

ഇരുള ഗോത്രവർഗക്കാരുടെ നാടാണ് മസിനഗുഡി. മാതൃ ശക്തിയുടെ പ്രതിരൂപമായ മസാനി അമ്മനിൽ നിന്നാണ് മസിനഗുഡിക്ക് ആ പേര് ലഭിച്ചത്. ഈ ഗോത്രമേഖലയിലെ പുരുഷന്മാർ ചോള രാജവംശത്തിന്‍റെ രാത്രി കാവൽക്കാരായിരുന്നത്രേ.

masinagudi1
Istock

പിന്നീട്, ചോള രാജവംശത്തിന്‍റെ പ്രതാപം നഷ്ടപ്പെട്ടപ്പോൾ, ഇക്കൂട്ടര്‍ കൃഷി, മൃഗസംരക്ഷണം, പാമ്പ് പിടുത്തം തുടങ്ങി പലവിധ തൊഴിലുകള്‍ ചെയ്യാനാരംഭിച്ചു. പാമ്പുകടിയ്‌ക്കുള്ള മറുമരുന്ന് ഉത്പാദിപ്പിക്കാൻ തുടങ്ങിയ അവർ ക്രമേണ കേരളത്തിലെയും തമിഴ്നാട്ടിലെയും കര്‍ണ്ണാടകയിലെയും നഗരങ്ങളിലേക്ക് ചേക്കേറി. എന്നിരുന്നാലും രണ്ടായിരം വര്‍ഷത്തോളമായി തങ്ങളുടെ സംസ്കാരങ്ങളും ആചാരങ്ങളും പിന്തുടര്‍ന്ന് ജീവിക്കുന്നവരാണ് ഇവരിലേറെയും.

മസിനഗുഡിയിലെ കാഴ്ചകള്‍

മസിനഗുഡിയില്‍ എത്തുമ്പോള്‍ത്തന്നെ ആദ്യം കാണുന്ന കാഴ്ചയാണ് പച്ചപ്പട്ടു വിരിച്ചതുപോലെ, മലനിരകളിലൊന്നാകെ പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങൾ. ഇവിടെ സന്ദര്‍ശകര്‍ക്ക് കയറാന്‍ അനുവാദമുണ്ട്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ നടക്കുന്നതിനു പുറമേ, ചായപ്പൊടി ഉണ്ടാക്കുന്നത്‌ കാണുകയും വിവിധ തേയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും ചെയ്യാം.

ദക്ഷിണേന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനമായ മുതുമല വന്യജീവി സങ്കേതം മസിനഗുഡിക്കടുത്താണ് സ്ഥിതിചെയ്യുന്നത്. മനോഹരമായ നീലഗിരി പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തിനുള്ളില്‍ ആനകള്‍, ബംഗാൾ കടുവകൾ, പുള്ളിപ്പുലികൾ തുടങ്ങി വൈവിധ്യമാര്‍ന്ന ജീവിവര്‍ഗങ്ങളുണ്ട്. 

മറവക്കണ്ടി അണക്കെട്ടാണ് മറ്റൊരു കാഴ്ച. ഒരുവശത്ത് നിറയെ മരങ്ങളും മറുവശത്ത് നദിയുമായി മനോഹരമായ പ്രകൃതിയാണ് ഇവിടെയുള്ളത്. ദാഹമകറ്റാന്‍ എത്തുന്ന കടുവകളെയും ആനകളെയും ഈ പരിസരത്ത് പലപ്പോഴും കാണാം. മസിനഗുഡിയിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള മോയാർ നദിയില്‍ ബോട്ടിംഗ്, മീൻപിടിത്തം, ക്യാംപിങ് തുടങ്ങിയ ഒട്ടേറെ വിനോദങ്ങള്‍ക്ക് സൗകര്യമുണ്ട്. ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തെയും മുതുമല വന്യജീവി സങ്കേതത്തെയും ബന്ധിപ്പിക്കുന്ന നദിയായതിനാല്‍ ഇവിടെയും വെള്ളം കുടിക്കാനെത്തുന്ന വന്യമൃഗങ്ങളെ കാണാന്‍ സാധിക്കും.

1972ൽ സ്ഥാപിതമായ തെപ്പക്കാട് ആന ക്യാമ്പ് മസിനഗുഡിയിലെ മറ്റൊരു ആകര്‍ഷണമാണ്. ആനകളെ പരിശീലിപ്പിക്കുന്ന ഇടമാണിത്. സഞ്ചാരികള്‍ക്ക് ആനകളെ കണ്ടുകൊണ്ട് വന്യജീവി സഫാരി നടത്താനും ഇവിടെ സൗകര്യമുണ്ട്.

മസിനഗുഡിയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് പ്രശസ്തമായ ബന്ദിപ്പൂർ നാഷണൽ പാർക്കും ടൈഗർ റിസർവും. ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഹിമവദ് ഗോപാലസ്വാമി ബേട്ടയും കാണേണ്ട കാഴ്ചയാണ്. മലമുകളിലേക്ക് ട്രെക്കിങ് ചെയ്യാം. ഏറ്റവും മുകളിൽ ചെന്നാല്‍, ചുറ്റും നീലഗിരി പർവതനിരകളുടെ സുന്ദരമായ ദൃശ്യമാണ് വരവേല്‍ക്കുക. ഏകദേശം ഏഴ് നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച വേണുഗോപാലസ്വാമിയുടെ ക്ഷേത്രവും മൈസൂർ ഭരണാധികാരിയുടെ ഉടമസ്ഥതയിലുള്ള ഒരു ബംഗ്ലാവും ഇവിടെയുണ്ട്.

മസിനഗുഡി സന്ദർശിക്കാൻ പറ്റിയ സമയം

ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് മസിനഗുഡി സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ലത്. വർഷത്തിലെ ഏറ്റവും ചൂടേറിയ സമയമായതിനാൽ ഏപ്രിൽ മാസം ഒഴിവാക്കണം.

എങ്ങനെ എത്തിച്ചേരാം?

ഊട്ടി, കോയമ്പത്തൂർ, മുതുമല വന്യജീവി സങ്കേതം തുടങ്ങിയ സമീപ സ്ഥലങ്ങളിൽ നിന്ന് റോഡ് വഴി മസിനഗുഡിയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. 123 കിലോമീറ്റർ അകലെയുള്ള കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളമാണ് അടുത്തുള്ള എയർപോർട്ട്. ഉദഗമണ്ഡലം അഥവാ ഊട്ടിയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ, മസിനഗുഡിയില്‍ നിന്നു 20 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം. മസിനഗുഡിയിലെത്തുന്ന സഞ്ചാരികളെ നാടു ചുറ്റിക്കാണിക്കാന്‍ ജീപ്പുകള്‍ ഇവിടെ ധാരാളമുണ്ട്.

English Summary: Masinagudi Travel Guide 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com