ADVERTISEMENT

ബജറ്റ് യാത്രക്കാര്‍ക്കും ബാക്ക്പാക്കര്‍മാര്‍ക്കും പ്രിയപ്പെട്ട ഇടമാണ് ഹിമാചല്‍ പ്രദേശ്‌. വളരെയധികം ജനപ്രിയമായതും തിരക്കേറിയതുമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പോലെത്തന്നെ, അധികമാരും കാണാത്ത ഒട്ടേറെ ഇടങ്ങളും ഇവിടെയുണ്ട്. പഴുത്തുതുടുത്ത ആപ്പിൾ തോട്ടങ്ങളും മനോഹരമായ പുൽമേടുകളും കുന്നുകളും മലകളും പുരാതന ക്ഷേത്രങ്ങളുമെല്ലാം നിറഞ്ഞ താച്ചി താഴ്‍‍‍‍വര, ഈയിടെയായി സഞ്ചാരികള്‍ക്കിടയില്‍ പ്രിയമേറി വരുന്ന ഒരിടമാണ്. 

Image From hpmandi.nic.in official site
Image From hpmandi.nic.in official site

സമുദ്രനിരപ്പില്‍ നിന്നും 2000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന താച്ചി താഴ്‌വര, മാണ്ഡി ജില്ലയിലെ സെറാജ് മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. ഗ്രാമീണ അന്തരീക്ഷവും സഞ്ചാരികളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്ന നിഷ്കളങ്കരായ നാട്ടുകാരുമാണ് താഴ്‌വരയുടെ ഹൈലൈറ്റ്. താമസത്തിനായി ഹോംസ്റ്റേകളും ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളുമെല്ലാമുണ്ട്. ഭക്ഷണവും വിനോദാനുഭവങ്ങളും ഉള്‍പ്പെടെയുള്ള താമസത്തിനും മറ്റുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെലവ് കുറവാണ്. 

ആവിപറക്കുന്ന നാടന്‍ ഹിമാചലി വിഭവങ്ങള്‍ വിളമ്പുന്ന ഫുഡ് ജോയിന്റുകളും ധാബകളുമെല്ലാം അവിടവിടെയായി കാണാം. ക്യാംപിങ്, പാരാഗ്ലൈഡിങ്, ട്രെക്കിങ് തുടങ്ങി, സാഹസിക പ്രേമികൾക്കായി നിരവധി വിനോദങ്ങളും ഈ താഴ്‍‍‍വരയിലുണ്ട്.

thachi-valley-trip1
Image From hpmandi.nic.in official site

കാഴ്ചകള്‍ കണ്ട് നടക്കാന്‍ ട്രെക്കിങ്

താച്ചി താഴ്‌വരയിൽ തുടക്കക്കാര്‍ക്ക് അനുയോജ്യമായ ട്രെക്കാണ് തുംഗഷി ടോപ്പ് ട്രെക്ക്. ഇത് പൂര്‍ത്തിയാക്കാന്‍ ഏകദേശം മൂന്നു ദിവസമെടുക്കും. വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, കുളങ്ങൾ, മഞ്ഞുമൂടിയ ഹിമാലയൻ പർവതനിരകളുടെ കാഴ്ചകൾ, വനങ്ങൾ തുടങ്ങിയവയെല്ലാം കണ്ടു നടക്കുമ്പോള്‍ ക്ഷീണം തോന്നുകയേ ഇല്ല. 

ഈ മേഖലയിലെ മറ്റൊരു ജനപ്രിയ ട്രെക്കിംഗ് ആണ് ചഞ്ച്വാല കൊടുമുടിയിലേക്കുള്ള ട്രെക്കിങ്. ഏകദേശം 18 കിലോമീറ്റര്‍ ട്രെക്ക് ചെയ്ത് ഏറ്റവും മുകളില്‍ എത്താം. 11,000 അടി ഉയരത്തിലാണ് ചഞ്ച്വാല കൊടുമുടി. ഇതിനു മുകളില്‍ ഒരു ക്ഷേത്രവുമുണ്ട്. സഞ്ചാരികള്‍ക്ക് ഇവിടെ രാത്രി ക്യാംപ് ചെയ്യാനും സൗകര്യമുണ്ട്.

പാരാഗ്ലൈഡിങ് ചെയ്യാം

താച്ചി മാർക്കറ്റിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള സ്പെയ്നി ധാറിലാണ് പാരാഗ്ലൈഡിംഗ് ഉള്ളത്. ഈ പ്രദേശത്തെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നാണ് സ്പെയ്നി ടോപ്പ്. പച്ചപ്പു നിറഞ്ഞ പുല്‍മേടുകള്‍ എങ്ങും വിരിച്ചുനില്‍ക്കുന്ന ഈ കുന്നിന്‍പ്രദേശം, കണ്ണിനു കുളിരേകുന്ന കാഴ്ചയാണ്.

ബിത്തു നാരായൺ ക്ഷേത്രവും കാഴ്ചകളും

പതിനൊന്നു തലകളുള്ള മഹാവിഷ്ണുവിന്‍റെ വിഗ്രഹമുള്ള ബിത്തു നാരായൺ ക്ഷേത്രമാണ് താച്ചിയിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ദേവദാരു മരങ്ങളാല്‍ ചുറ്റപ്പെട്ട ഈ ക്ഷേത്രപരിസരം പൊതുവേ എപ്പോഴും ശാന്തമാണ്. ക്ഷേത്രത്തിന് സമീപമാണ് താച്ചിയിലെ പ്രധാന മാർക്കറ്റ്, ഇതിനപ്പുറം പോയാല്‍ ആഷു അല്ലി വെള്ളച്ചാട്ടത്തിലെത്താം. കൂടാതെ ഗൗൺബീഡ് വെള്ളച്ചാട്ടവും ഗൗൺബീഡ് പീഠഭൂമിയും ഇവിടെയുള്ള മറ്റു ചില കാഴ്ചകളാണ്.

സന്ദര്‍ശിക്കാന്‍ മികച്ച സമയം

വർഷത്തിൽ ഏത് സമയത്തും സന്ദർശിക്കാൻ കഴിയുന്ന ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് താച്ചി താഴ്‌വര. എന്നാലും സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളായിരിക്കും യാത്രയ്ക്ക് ഏറ്റവും സുഖകരം.

എങ്ങനെ എത്താം?

ഡൽഹിയിൽ നിന്ന് എല്ലാ ദിവസവും മണാലി, കുളു, ഭുന്തർ എന്നിവിടങ്ങളിലേക്ക് ബസുകളുണ്ട്. മണാലിക്ക് 2 മണിക്കൂർ മുമ്പ്, ഔട്ട് ടണല്‍ കഴിയുന്നിടത്ത് ബസിറങ്ങി ഇവിടെ നിന്നും താച്ചി താഴ്‌വരയിലേക്ക് പോകുന്ന ബസുകളില്‍ കയറാം. മഞ്ഞുമൂടിയ ഹിമാലയത്തലപ്പുകളുടെ കാഴ്ച കണ്ടാസ്വദിച്ച് ബസില്‍ താച്ചിയിലേക്കുള്ള യാത്ര തന്നെ ഒരു അനുഭവമാണ്. ഡൽഹിയിൽ നിന്ന് താച്ചി താഴ്‌വരയിലേക്ക് ഏകദേശം 13-14 മണിക്കൂർ സമയമെടുക്കും.

English Summary: Thachi Valley The Unexplored Haven of Himachal Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com