ലഡാക്കിലെ വിചിത്രമായ ആഘോഷങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ?
Mail This Article
സിയാച്ചിൻ ഹിമാനി മുതൽ ഹിമാലയം വരെ വ്യാപിച്ചുകിടക്കുന്ന ലഡാക്ക്, ഭൂമിയിലെ പറുദീസകളില്‍ ഒന്നാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല. എവിടെ നോക്കിയാലും മഞ്ഞണിഞ്ഞ പര്‍വതത്തലപ്പുകളും പുരാതന ടിബറ്റൻ ബുദ്ധവിഹാരങ്ങളുമെല്ലാം ലഡാക്കിന്‍റെ മാറ്റു കൂട്ടുന്ന ചില കാര്യങ്ങളാണ്. കൂടാതെ റാഫ്റ്റിങ്, ട്രെക്കിങ് മുതലായ ഒട്ടേറെ സാഹസിക വിനോദങ്ങളും ഇവിടെയുണ്ട്.
ലഡാക്കിലെ ജനങ്ങൾ വർഷം മുഴുവനും നിരവധി ഉത്സവങ്ങൾ ആഘോഷിക്കുന്നവരാണ്. ലഡാക്കില്‍ മാത്രം കാണാവുന്നതും ഇവിടുത്തെ ജനങ്ങളുടെ സംസ്കാരവും ജീവിതരീതിയുമായി അങ്ങേയറ്റം ഇഴചേര്‍ന്നു കിടക്കുന്നതുമായ ഒട്ടേറെ ആഘോഷങ്ങളുണ്ട്. ഇവയില്‍ പലതും അയൽരാജ്യമായ ടിബറ്റിന് സമാനമാണ്. ലഡാക്ക് യാത്രയ്ക്ക് മുന്‍പ്, ഇത്തരത്തിലുള്ള ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും സമയവും രീതികളും മനസ്സിലാക്കി വയ്ക്കുന്നത് സഞ്ചാരികളെ സംബന്ധിച്ച് വളരെ മികച്ച ഒരു കാര്യമായിരിക്കും.
ഹെമിസ് ഫെസ്റ്റിവൽ
ബുദ്ധന്‍റെ പുനർജന്മമായി കരുതപ്പെടുന്ന ഭഗവാൻ പത്മസംഭവയ്ക്ക് (ഗുരു റിൻപോച്ചെ) സമർപ്പിക്കപ്പെട്ടതാണ് ഹെമിസ് ഫെസ്റ്റിവൽ. ബുദ്ധന്‍ പ്രവചിച്ച പോലെ, വാനരവർഷത്തിലെ അഞ്ചാം മാസത്തിലെ പത്താം ദിവസമാണ് അദ്ദേഹം ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ബുദ്ധ മതക്കാരിലെ ദ്രുഗ്പ വംശക്കാരുടെ ആശ്രമം അഥവാ ഗൊമ്പ ആയ ഹെമിസ് മൊണാസ്ട്രിയിലെ പ്രധാന വാതിലിനു മുന്നിലുള്ള ചതുരാകൃതിയിലുള്ള മുറ്റത്താണ് ഹെമിസ് ഉത്സവം നടക്കുന്നത്. ചാംസ് പെർഫോമൻസ് എന്ന് വിളിക്കുന്ന മിസ്റ്റിക് മാസ്ക് നൃത്തങ്ങളാണ് ആഘോഷത്തിന്‍റെ ഒരു പ്രധാനപ്പെട്ട കാഴ്ച. താന്ത്രിക വജ്രയാന രീതി പിന്തുടരുകയും സന്യാസിമാർ താന്ത്രിക പൂജകൾ നടത്തുകയും ചെയ്യുന്ന ഗോമ്പകളിൽ മാത്രം നടത്തപ്പെടുന്ന ഒന്നാണിത്. എല്ലാ കൊല്ലവും ജൂലൈ ആദ്യ വാരമാണ് ഉത്സവം നടക്കുന്നത്. ഹെമിസ് വാർഷിക ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയവും ഇവിടെയുണ്ട്.
ലോസാർ
ടിബറ്റൻ ബുദ്ധമതത്തിലെ ഒരു ഉത്സവമായ ലോസാർ, ടിബറ്റൻ ന്യൂ ഇയർ എന്നും അറിയപ്പെടുന്നു. ടിബറ്റ്, ഭൂട്ടാൻ, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളില്‍ എല്ലാം ഈ ആഘോഷമുണ്ട്. സാധാരണയായി ഫെബ്രുവരി മാസത്തിലാണ് ലോസാര്‍ ആഘോഷിക്കുന്നത്. ആളുകള്‍ അവരുടെ വീടുകൾ വൃത്തിയാക്കിക്കൊണ്ട് ദിവസങ്ങൾക്ക് മുമ്പ് തന്നെ ലോസാറിനായി തയ്യാറെടുക്കുന്നു. ചുവരുകളും മറ്റും ശുഭ ചിഹ്നങ്ങൾ കൊണ്ട് അലങ്കരിക്കുന്നു. കടങ്ങൾ തീർക്കുന്നു, കലഹങ്ങൾ പരിഹരിക്കുന്നു, പുതുവസ്ത്രങ്ങൾ ധരിക്കുന്നു. കൂടാതെ വിശിഷ്ടമായ ഒട്ടേറെ വിഭവങ്ങളും അവര്‍ ഈ സമയത്ത് ഉണ്ടാക്കാറുണ്ട്. ലഡാക്കികളുടെ രുചിയേറിയ വിഭവങ്ങള്‍ നേരിട്ട് അനുഭവിക്കാന്‍ ഈ സമയം സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുത്താം.
തക് ടോക്ക് ഫെസ്റ്റിവല്‍
ലഡാക്കിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തക് ടോക്ക്. തക് ടോക്കിലെ ഗുഹാ ഗോമ്പയിലാണ് ഇത് ആഘോഷിക്കുന്നത്. ലാമകളുടെ നൃത്തമാണ് ഈ ആഘോഷത്തിന്‍റെ ഹൈലൈറ്റ്, കൂടാതെ മാസ്ക് നൃത്തങ്ങളും ഉണ്ടാകും. ദിവസം മുഴുവൻ നീളുന്ന സാംസ്കാരിക പരിപാടികളും ഈ ആഘോഷത്തിന്‍റെ ഭാഗമായി ഉണ്ടാകും. സാധാരണയായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഇത് നടക്കുന്നത്.
പരമ്പരാഗത രീതിയില്‍ വര്‍ണാഭമായി വസ്ത്രധാരണം ചെയ്ത ആളുകളെ എങ്ങും കാണാം. ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദുഷ്ടശക്തികളില്‍ നിന്നും രക്ഷനേടാന്‍ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഡോസ്മോചെ
ലഡാക്കിലെ ലേ, ലികിർ, ഡിസ്കിറ്റ് ആശ്രമങ്ങളിലാണ് ഡോസ്മോചെ ആഘോഷിക്കപ്പെടുന്നത്. പുതുവത്സര ആഘോഷങ്ങളുടെ അവസാനത്തെ ഉത്സവമാണ് ഇത്. "ബലിയാടിന്‍റെ ഉത്സവം" എന്നും ഇതിനെ വിളിക്കാറുണ്ട്, ഉത്സവം കൊണ്ടാടുമ്പോള്‍ ദുരാത്മാക്കളിൽ നിന്ന് നഗരം മോചിതമാകും എന്നാണ് ഇവിടുത്തെ ആളുകള്‍ വിശ്വസിക്കുന്നത്.
പതിമൂന്നാം നൂറ്റാണ്ടില്‍ ലഡാക്കിലെ ഭരണാധികാരികളാണ് ഡോസ്മോച്ചെ ആരംഭിച്ചത്. ഈ ഉത്സവത്തിനായി ലഡാക്കിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ ആശ്രമങ്ങളിൽ നിന്ന് ലാമകളെ ഒരു റൊട്ടേഷൻ അടിസ്ഥാനത്തിൽ കൊണ്ടുവരുന്നു. ചാം ഡാൻസ് എന്നറിയപ്പെടുന്ന വിശുദ്ധ മുഖംമൂടി നൃത്തങ്ങള്‍ ഡോസ്മോച്ചെ ആഘോഷവേളയിലും കാണാം. ഫെബ്രുവരി മാസത്തിലാണ് സാധാരണയായി ഇത് അരങ്ങേറുന്നത്.
സകാ ദവ ഫെസ്റ്റിവല്‍
ജൂൺ മാസത്തിലാണ് ലഡാക്കിലെ ഏറ്റവും ആദരണീയമായ ബുദ്ധമത ആഘോഷമായ സകാ ദവ ആഘോഷിക്കുന്നത്. ലഡാക്കുകാരുടെ മാത്രമല്ല, ലോകമെങ്ങുമുള്ള ബുദ്ധമതക്കാരുടെ ജീവിതത്തിൽ സകാ ദവയ്ക്ക് വളരെ സവിശേഷമായ സ്ഥാനമുണ്ട്. ബുദ്ധന്‍റെ ജനനം, ജ്ഞാനോദയം, മഹാപരിനിർവാണം എന്നിവ ആഘോഷിക്കുന്ന ഉത്സവമാണിത്.
ഈ ദിവസം, ആശ്രമങ്ങളിലെ ലാമകൾ ടാർബോച്ചെ എന്ന കൊടിമരം മാറ്റുന്നതാണ് പ്രധാന ആകർഷണം. കൊടിമരം മാറ്റിയ ശേഷം അത് കുത്തനെ നിൽക്കണമെന്നും അല്ലാത്തപക്ഷം അത് ദുശ്ശകുനമാണെന്നും വിശ്വസിക്കപ്പെടുന്നു. ബന്ദികളാക്കിയ മൃഗങ്ങളെ മോചിപ്പിക്കുന്ന ദിവസമായും സകാ ദവ കണക്കാക്കപ്പെടുന്നു. ആശ്രമങ്ങളിൽ പ്രത്യേകപ്രാർത്ഥനകൾ ഉണ്ടാകും. ചാം ഡാൻസ് പോലെയുള്ള പരിപാടികളും ഉണ്ടാകും. ലേയിലെ പോളോ ഗ്രൗണ്ടിൽ മതപ്രഭാഷണങ്ങൾ കേൾക്കാനും സകാ ദവ ആഘോഷിക്കാനും ധാരാളം ആളുകൾ ഒത്തുകൂടുന്നു.
English Summary: exploring the ladakhi culture, touch the soul of Ladakh