ADVERTISEMENT

എസ്കേപ് റൂട്ട് എന്നു കേട്ടിട്ടുണ്ടാകുമല്ലോ? കൊടൈക്കനാലിൽനിന്നു മൂന്നാറിലേക്കെത്തുന്ന കാനനപാതയായിരുന്നു എസ്കേപ് റൂട്ട്. പേരുപോലെ തന്നെ ഒരു രക്ഷപ്പെടലിനു വേണ്ടിയായിരുന്നു ആ പാത നിർമിച്ചത്.  ഒരു പക്ഷെ, ഇന്നുണ്ടാകുമായിരുന്നെങ്കിൽ മലമുകളിലൂടെയുള്ള മറ്റൊരു മനോഹരപാതയാകുമായിരുന്ന എസ്കേപ് റൂട്ടിന്റെ തുടക്കം ഒരു തടാകക്കരയാണ്. ബേരി ജം. കൊടൈക്കനാലിലെത്തുന്ന മലയാളി മിസ് ചെയ്യുന്ന അതിസുന്ദരമായ സ്ഥലമാണു ബേരിജം. അവിടേക്കാണു നമ്മുടെ യാത്ര. 

kodaikanal

 

രണ്ടാം ലോകമഹായുദ്ധ കാലം. ജപ്പാന്റെ പോർവിമാനങ്ങളിലൊന്ന് ഇങ്ങു മദ്രാസിലും ബോംബിട്ടതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ശത്രുരാജ്യം ശക്തമായി മുന്നേറുകയാണെങ്കിൽ തമിഴ്നാട്ടിൽനിന്നു സായിപ്പിനു രക്ഷപ്പെടാൻ ഒരു വഴി വേണമായിരുന്നു. അതാണ് കൊടൈക്കനാൽ- മൂന്നാർ പാത.  കൊടൈക്കനാലിലെ ബേരിജം തടാകക്കരയിൽ നിന്നാരംഭിച്ച്  നമ്മുടെ പാമ്പാടും ചോല ദേശീയോദ്യാനത്തിലെ ബന്തർ മലയുടെ മുകളിലൂടെ വന്ന് ചെക്ക്പോസ്റ്റിലേക്കെത്തുന്ന ആ വഴിയിലൂടെ ഇന്നു ഗതാഗതമില്ല. അതുകൊണ്ടു നമുക്കു ബേരിജം വരെ പോയിവരാം. 

kodaikanal3

 

kodaikanal1

തമിഴ്നാടിന്റെ സമതലങ്ങളിൽനിന്നു കയറുന്നതു ചെറിയ ചുരങ്ങളുള്ള വഴി. അകലെ പാലാർ ഡാമിന്റെ കാഴ്ച. രണ്ടുദിവസം വേണം ബേരിജം കണ്ടുവരാൻ. ആദ്യം ചെല്ലുമ്പോൾ ഡിഎഫ്ഒ ഒഫീസിൽനിന്നു ബേരിജം പോകാൻ അനുമതി വാങ്ങുക. പിന്നീട് കൊടൈക്കനാലിൽ താമസസൗകര്യമുറപ്പാക്കി മറ്റു സാധാരണ കാഴ്ചകൾ കാണാനിറങ്ങാം. ഇരട്ടഗോപുരം പോലെ പില്ലർ റോക്ക്, മലയിടുക്കുകളുടെ ആഴത്തിൽ മൗനവും മരണവും ഒളിപ്പിച്ച ഗുണകേവ് അഥവാ ഡെവിൾസ് കിച്ചൺ എന്നിവ ഇതിൽ ശ്രദ്ധേയം. വൈകിട്ട്, കൃത്രിമമായുണ്ടാക്കിയ കൊടൈക്കനാൽ തടാകക്കരയിലെ സായാഹ്നമാസ്വദിച്ചു രാവുറങ്ങാം.

 

രണ്ടാംദിവസം രാവിലെ ബേരിജത്തിലേക്കു പുറപ്പെടാം. ഗുണ കേവും മറ്റുമുള്ള സാധാരണ റൂട്ട് തന്നെയാണിത്. പൈൻ ഫോറസ്റ്റിനപ്പുറം വലത്തോട്ടു തിരിയണം. പിന്നെ വിദേശമരങ്ങൾ അതിരിടുന്ന പാത നമ്മുടെ വാഹനത്തിനു മാത്രം. കാട്ടുപോത്തുകൾ പലയിടത്തുമുണ്ട്. വാഹനം നിർത്തുന്നതു സൂക്ഷിച്ചുവേണം എന്ന് ഉപദേശം കിട്ടി. മഞ്ഞുപൊതിയുന്ന കാട്ടുപ്രദേശം. അതിലൊന്നിന്റെ പേര് ഡോക്ടേഴ്സ് വാലി. സഞ്ചാരികളുടെ വീക്ക് പോയിന്റുകളാണല്ലോ വ്യൂ പോയിന്റുകൾ. ഒരിക്കൽ അത്തരമൊരു കുന്നിൻമണ്ടയിൽനിന്നൊരു ഡോക്ടർ സഞ്ചാരി താഴേക്കു നോക്കിയിരിക്കുമ്പോൾ കൊക്കയിൽ വീണത്രേ. അന്നു മുതൽ ആ സ്ഥലം ഡോക്ടേഴ്സ് വാലി എന്നറിയപ്പെട്ടു. പട്ടണത്തിൽനിന്ന് കാട്ടിലൂടെ 21 കിമീ ദൂരം യാത്ര ചെയ്താൽ  ബേരിജമെത്താം. 9.30 മുതൽ 3.00 മണി വരെ മാത്രമേ സന്ദർശകരെ ബെരിജാം ലേക്കിലേക്ക് കടത്തിവിടൂകയുള്ളൂ. 

kodaikanal44

ബേരിജം എന്ന പേരിന് എന്താണർഥം? കൂടെ വന്ന വനംവകുപ്പ്  ഉദ്യോഗസ്ഥൻ താഴ്‌വരകളിലെ സബർജില്ലി തോട്ടങ്ങൾ കാണിച്ചുതന്നു. പേരി എന്നാണ് സബർജില്ലിക്ക് തമിഴിലെ പേര്. ഇവിടെ സുലഭമായിരുന്ന പേരി പഴങ്ങൾ കൊണ്ടു ജാം ഉണ്ടാക്കിയിരുന്നതുകൊണ്ടാണത്രേബേരിജം എന്ന പേരു വന്നത്.  ആ കാട്ടിൽ മനുഷ്യർ തന്നെ അധികമില്ല. പിന്നെയാരാണു ജാം ഉണ്ടാക്കുക…? കഥയിൽ ചോദ്യമില്ല. കൊടൈക്കനാൽ വല്യജീവി സങ്കേതത്തിന്റെ ബേരിജം റേഞ്ചിലാണ് തടാകം. മിലിട്ടറി കന്റോൺമെന്റിന് അനുയോജ്യമായ ഇടമായിരുന്നു ബെരിജാം ലേക് എന്നും സായിപ്പ് കണക്കുകൂട്ടിയിരുന്നു. സൈലന്റ് വാലി എന്നൊരു  വ്യൂപോയിന്റും ഈ റൂട്ടിലുണ്ട്.  

സഹ്യപർവതത്തിന്റെ സിഗ്‌നേച്ചർ ആണ് ചോലക്കാടുകൾ. കേരളത്തിലേതുപോലെ മതികെട്ടാൻ ചോല എന്നൊരു ചോലക്കാട് ഇവിടെയുണ്ട്.  വാറ്റിൽ തുടങ്ങിയ വിദേശമരങ്ങൾ തിങ്ങിയ പാതയിൽനിന്ന് വ്യത്യസ്തമായി വനവൈവിധ്യത്തിന്റെ ആഡംബരം നിറഞ്ഞതാണ് മതികെട്ടാൻ ചോല. പശ്ചിമഘട്ടത്തിലെ കുഞ്ഞുപൂവുകളും റോഡോ ഡെൻഡ്രോൺ എന്ന അത്യപൂർവമരവും ഇവിടെ കാണാം. വൈവിധ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിദേശമരങ്ങളൊക്കെ വെട്ടിമാറ്റുന്നുണ്ട്. മുൻപ് പൾപ്പിനും വിറകിനും വേണ്ടി സായിപ്പ് കൊടൈക്കനാലിന്റെ പുൽമേടുകളെല്ലാം നശിപ്പിച്ച് ഇവയെ വളർത്തി. കാഴ്ചയ്ക്കു രസമാണെങ്കിലും പ്രകൃതിക്ക് ഇണങ്ങിയവയല്ല ഈ മരങ്ങളെന്നു പറയപ്പെടുന്നു. ഒരു ചെറുവളവിൽ കൂൺരൂപത്തിൽ വ്യൂ പോയിന്റ് ഗ്യാലറി ഉണ്ടാക്കിയിട്ടുണ്ട്. അവിടെനിന്നാൽ അങ്ങകലെ ബേരിജം തടാകം കാണാം. 59 ഏക്കറിൽ പരന്നുകിടക്കുന്ന തടാകത്തിന്റെ ചെറുഭാഗമേ നമുക്കു കാണാനാകൂ. 

പുൽമേടുകളും ചതുപ്പും ഇടകലർന്ന് പച്ചയുടെ പല നിറവിന്യാസമൊരുക്കിയൊരു പാർക്ക് പോലെയാണ് ബേരിജം. ചതുപ്പുനിലത്തിലേക്കാണു റോഡെത്തുന്നത്. വലതുവശത്തേക്കുള്ള വഴി മന്നവന്നൂരിലേക്ക്. അവിടെയാണു തടാകക്കാഴ്ച കൂടുതൽ. ഇടത്തേക്കുള്ള കെട്ടിടമുള്ള വഴിയാണ് കൊടൈക്കനാൽ–മൂന്നാർ എസ്കേപ് റോഡ്. വനംവകുപ്പിന്റെ ബസുകളിൽ സഞ്ചാരികൾ വന്നിറങ്ങി ബേരിജത്തിന്റെ വിശാലത ആസ്വദിച്ചു നടക്കുന്നു. 

ഇരിപ്പിടങ്ങളിൽ പലതും ആനക്കൂട്ടം തകർത്തിട്ടുണ്ട്. ചില ദിവസം ആനകളിറങ്ങുന്നതുകൊണ്ട് സഞ്ചാരികൾക്ക് അനുമതിയുണ്ടാകാറില്ല. അതുകൊണ്ടൊക്കെത്തന്നെ സാധാരണ പോലെ ഓടിച്ചെന്ന് ഈ ബേരിജത്തെ കണ്ടുപോകാൻ കഴിയില്ല. കണ്ടാലോ ഒരു മരതകമാണിക്യം പോലെ മനസ്സിലങ്ങനെ തങ്ങിനിൽക്കുകയും ചെയ്യും. 

എസ്കേപ് റോഡ്

ബേരിജത്ത് സായിപ്പിന്റെ കാലത്തുള്ള ക്യാംപ് ഷെഡ് ഇന്നുമുണ്ട്. അന്നു എസ്കേപ് റോഡിലൂടെയുള്ള യാത്രയിൽ വിശ്രമിക്കാനായിരിക്കും അതു നിർമിച്ചിട്ടുണ്ടാകുക. ചെറിയ കള്ളി ജനാലകളൊക്കെയുള്ള ആ കൽകെട്ടിടത്തിനു ചുറ്റുംകാട്ടുപോത്തുകൾ വിഹരിക്കും. അവിടെനിന്ന് ഇടത്തോട്ട് ചോലക്കാട്ടിലൂടെയാരു വഴി പോകുന്നുണ്ട്. അതാണ് നമ്മുടെ ചരിത്രവഴി. ബേരിജത്തിൽനിന്നു തുടങ്ങി മലമുകളിലൂടെയും പുൽമേട്ടിലൂടെയും കയറിയിറങ്ങി ഇങ്ങു കേരളത്തിലെ പാമ്പാടുംഷോല കാട്ടിലെ ഓഫീസിലേക്ക് ആ വഴിയെത്തുന്നു. എസ്കേപ് റോഡിന്റെ ബേരിജം ഭാഗത്തുനിന്നാണ് വഴി അപ്രത്യക്ഷമാകുന്നത്.  

ചെറുകുന്നുകളാൽ ചുറ്റപ്പെട്ട ബേരിജത്ത് വനംവകുപ്പ് താമസസൗകര്യമൊരുക്കി വരുന്നു. പണിപൂർത്തിയായാൽ സഞ്ചാരകൾക്കതൊരു പറുദീസയായിരിക്കും. ചതുപ്പുനിലങ്ങളിൽ ചെറുപക്ഷികൾ ഇരതേടുന്നുണ്ട്. വൈകുന്നേരത്തിനു മുൻപ് സഞ്ചാരികളെവനംവകുപ്പുദ്യോഗസ്ഥർ ഒഴിപ്പിച്ചു തുടങ്ങി. കാണാൻ കാനനക്കാഴ്ചകളല്ലാതെ എന്തുണ്ട് എന്നു ചോദിക്കുന്നവരുണ്ട്.  ചരിത്രത്തിൽ മറഞ്ഞൊരു കാട്ടുപാതയുടെ തുടക്കമറിയാം.  നമ്മൾക്കുമാത്രമുള്ള കൊടൈക്കനാൽ റൂട്ടിലൂടെ സഞ്ചരിക്കാം… ഇതൊക്കെ തന്നെ ഉത്തരം. 

കൊടൈക്കനാൽ നോട്ട്സ്

എല്ലാ വ്യൂപോയിന്റിലേക്കും രാവിലെ പുറപ്പെടുക. ചെറിയ വഴികളിൽ മിക്കനേരത്തും ബ്ലോക്കുണ്ടാകാറുണ്ട്. അതിരാവിലെ തടാകം ചുറ്റാം.  മന്നവന്നൂരിൽ രാത്രി ചെലവിടുന്നത് നല്ലതല്ലെന്നു ചുറ്റുപാടുകൾ പറയുന്നു. താമസം കൊടൈക്കനാലിൽ ആക്കാം. ബേരിജത്തിലേക്ക് അനുമതി  ഡിഎഫ്ഒ ഒഫീസിൽനിന്നു വാങ്ങണം. 

English Summary: Hidden places in Kodaikanal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com