മധുരമീനാക്ഷി ക്ഷേത്രം സന്ദർശിച്ച് സണ്ണി വെയ്ന്‍
Mail This Article
മധുരയിലെ പ്രശസ്തമായ മീനാക്ഷി ക്ഷേത്രത്തിനു മുന്നില്‍ നിന്നുമുള്ള ചിത്രം പങ്കുവച്ച് നടന്‍ സണ്ണി വെയ്ന്‍. മനോഹരമായ കൊത്തുപണികള്‍ നിറഞ്ഞ ക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുന്ന സണ്ണി വെയ്നിനെ ചിത്രത്തില്‍ കാണാം. കറുത്ത കുര്‍ത്തയാണ് നടന്‍റെ വേഷം. യാത്ര പോകുന്നിടത്തെ ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാൻ താരം മറക്കാറില്ല. കഴിഞ്ഞിടയ്ക്ക് മാലദ്വീപിലേക്ക് നടത്തിയ യാത്രയുടെ നിരവധി ചിത്രങ്ങളും വിഡിയോയും സണ്ണി വെയ്ന്‍ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.
മധുരയിലെ വൈഗ നദിയുടെ തെക്കേ കരയിൽ സ്ഥിതി ചെയ്യുന്ന മീനാക്ഷി ക്ഷേത്രം ലോകപ്രസിദ്ധമാണ്. ശ്രീ പാർവതിയുടെ അവതാരമായ മീനാക്ഷിയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. പച്ചൈ ദേവി, മരഗതവല്ലി, താടഗൈ പിരട്ടി, സുന്ദരവല്ലി തുടങ്ങി നിരവധി പേരുകളിൽ മധുര മീനാക്ഷി അറിയപ്പെടുന്നു. മീനാക്ഷി ക്ഷേത്രം വർഷങ്ങളായി ദക്ഷിണേന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.
'തെക്കിന്‍റെ മധുര' എന്നും വിളിപ്പേരുള്ള ഇവിടം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നാണ്. ഗാംഭീര്യമുള്ള 4 രാജഗോപുരങ്ങൾ, 2 സ്വർണ ഗോപുരങ്ങൾ, ചിത്തിര ഗോപുരങ്ങൾ, അഞ്ച് നിലയുള്ള ഗോപുരങ്ങൾ, രണ്ടു മൂന്ന് നിലകളുള്ള ഗോപുരങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്. ആയിരം തൂണുകളുള്ള ഒരു മണ്ഡപം, പൂജാമുറി, കല്യാണമണ്ഡപം, എണ്ണമറ്റ ചെറിയ ആരാധനാലയങ്ങൾ, പൂന്തോട്ടങ്ങൾ, ആനപ്പുരകൾ എന്നിവയും ക്ഷേത്രത്തിന്‍റെ ഭാഗമാണ്.
കല്ലിൽ തീർത്ത അനവധി ശില്‍പങ്ങൾകൊണ്ട് ക്ഷേത്രത്തിന്‍റെ ഓരോനിലയും അലങ്കരിച്ചിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ പ്രധാന ഭാഗത്ത് 32 സിംഹരൂപങ്ങളും 8 വെള്ളാന രൂപങ്ങളും 64 ശിവഗണങ്ങളുടെ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33,000 ത്തോളം ശിൽപങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു.
വർഷം മുഴുവനും തുറന്നിരിക്കുമെങ്കിലും ഏപ്രിലില്‍ പോയാല്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ ചിത്തിരൈ ഉത്സവത്തിൽ പങ്കെടുക്കാം. സുന്ദരേശ്വരനും മീനാക്ഷിയും തമ്മിലുള്ള വിവാഹമാണ് ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്.
English Summary: Sunny Wayne shares Travel pictures from Madurai Meenakshi Temple