മണാലിയിലേക്കാണോ? ഇൗ മനോഹര ഗ്രാമം കാണാതെ പോകരുത്
Mail This Article
താഴ്‌വാരങ്ങളില്‍ നിന്നുള്ള മനുഷ്യരെ അമ്പരപ്പിക്കുന്ന പ്രകൃതി സൗന്ദര്യമുള്ള നിരവധി പ്രദേശങ്ങള്‍ ഹിമാചല്‍ പ്രദേശിലുണ്ട്. ചൂടുകാലത്തും അവധിക്കാലത്തുമെല്ലാം മഞ്ഞുമൂടിയ ഹിമാചലിലെ മലനിരകള്‍ ഒരുപാട് സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. എങ്കിലും ഷിംല, കുളു, മണാലി, സ്പിതി താഴ്‌വര എന്നിങ്ങനെയുള്ള വിരലിലെണ്ണാവുന്ന സ്ഥലങ്ങളിലേക്കാണ് ഭൂരിഭാഗം പേരും പോവാറ്. എന്നാല്‍ അധികം സഞ്ചാരികളെത്താത്ത ഒളിഞ്ഞിരിക്കുന്ന അതിമനോഹരമായ സ്ഥലങ്ങളും ഹിമാചലിലുണ്ട്. അത്തരം സ്ഥലങ്ങളിലൊന്നാണ് സിസു.
അടല്‍ ടണലിന്റെ വരവോടെ വിനോദ സഞ്ചാരം ഉണര്‍ന്ന പ്രദേശങ്ങളിലൊന്നാണ് സിസു ഗ്രാമം. മണാലിയില്‍ നിന്നും വെറും നാല്‍പത് കിലോമീറ്ററില്‍ താഴെ ദൂരം മാത്രമാണുള്ളതെന്നതും സിസുവിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. കാറില്‍ പോകുകയാണെങ്കില്‍ ഒന്നര മണിക്കൂര്‍ ധാരാളം മതി മണാലിയില്‍ നിന്നും സിസുവിലേക്കെത്താന്‍. മണാലി കാണാന്‍ പോകുന്നവര്‍ക്ക് പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന സ്ഥലമായി സിസു മാറി കഴിഞ്ഞു.
ലാഹുള്‍ താഴ്‌വരയിലാണ് സിസു ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചന്ദ്ര നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന സിസു സമുദ്ര നിരപ്പില്‍ നിന്നും 10,235 അടി മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ബുദ്ധമത വിശ്വാസികളാണ് സിസു ഗ്രാമത്തിലെ ഭൂരിഭാഗവും. മണാലിയില്‍ താമസിച്ച് സിസു സന്ദര്‍ശിക്കുന്നതിനേക്കാള്‍ സിസുവില്‍ തന്നെ കഴിയാനുള്ള സൗകര്യങ്ങളുണ്ട്. വിനോദസഞ്ചാരം പച്ചപിടിച്ചു വരുന്ന സിസുവിലെ ഹോട്ടലുകളിലും ഹോം സ്‌റ്റേകളിലും താരതമ്യേന ചിലവു കുറവാണെന്നതും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.
ചന്ദ്ര നദിയുടെ തീരത്താണ് മനുഷ്യ നിര്‍മിത തടാകമായ സിസു തടാകം സ്ഥിതി ചെയ്യുന്നത്. വലിയൊരു കണ്ണാടിയെ പോലെ തോന്നിക്കുന്ന ഈ തടാകം പ്രകൃതിഭംഗികൊണ്ട് ആരെയും ആകര്‍ഷിക്കും. ചുറ്റും മഞ്ഞുമൂടിയ മലനിരകളും നീലാകാശവുമെല്ലാം ഈ കാഴ്ച്ചകളെ നമ്മുടെ മനസിലേക്ക് പതിപ്പിക്കും. സിസു ഗ്രാമത്തില്‍ നിന്നും കാര്‍ മാര്‍ഗവും പടികള്‍ കയറിയും സിസു തടാകത്തിലേക്ക് എത്താനാകും.
സിസുവിലെ പ്രധാന കാഴ്ചകളിലൊന്ന് ഇവിടുത്തെ വെള്ളച്ചാട്ടമാണ്. ലേ മണാലി ദേശീയ പാതക്കു സമീപമാണ് ഈ സുന്ദര വെള്ളച്ചാട്ടമുള്ളത്. ഇതുവഴി പോകുന്ന റൈഡര്‍മാരില്‍ പലരും സിസു വെള്ളച്ചാട്ടത്തിന്റെ മാസ്മരിക സൗന്ദര്യം കണ്ട് വാഹനം നിര്‍ത്തി വെള്ളച്ചാട്ടം ആസ്വദിക്കാറുണ്ട്. ഏതൊരു സഞ്ചാരിയേയും അതിശയിപ്പിക്കുന്ന സൗന്ദര്യമുള്ള വെള്ളച്ചാട്ടമാണ് സിസു.
English Summary: Guide To Explore The Hidden Paradise Of Himalayas Sissu