ഇവിടെ താമസിക്കാൻ 10 ലക്ഷം രൂപ; ഇന്ത്യയിലെ ഈ ഹോട്ടൽ നിങ്ങളെ അമ്പരപ്പിക്കും
Mail This Article
അടുത്തിടെയാണ് ട്രിപ് അഡ്വൈസർ ജയ്പൂരിലെ താജ് രാം ബാഗ് പാലസിനെ ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലായി തിരഞ്ഞെടുത്തത്. ട്രിപ്പ് അഡ്വൈസർ തയാറാക്കിയ 10 ലോകോത്തര ഹോട്ടലുകളിൽ നമ്പർ വൺ ആണ് ജയ്പൂരിലുള്ള താജ് രാം ബാഗ് പാലസ്. മാലദ്വീപിലെയും ഫ്രാൻസിലെയും പാരീസിലെയുമെല്ലാം ലോകോത്തര ഹോട്ടലുകളെ പിന്തള്ളിയാണ് രാം ബാഗ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
Read Also : നീലാചല്‍ കുന്നിനു മുകളിലെ അമ്പുബാച്ചി മേള; വടക്കു കിഴക്കിന്റെ കുംഭമേള...
മറ്റേതൊരു വിനോദസഞ്ചാര കേന്ദ്രത്തിലെ താമസയിടത്തെക്കാളും രാം ബാഗ് പാലസിനെ വ്യത്യസ്തമാക്കുന്നത് അവിടുത്തെ മുറികൾ തന്നെയാണ്. അങ്ങനെയെങ്കിൽ രാം ബാഗിൽ ഒരു രാത്രി ചെലവഴിക്കാൻ എത്ര രൂപയാകും? ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലിലെ താമസത്തിന് ഏകദേശം 10 ലക്ഷം രൂപയാണ് ചെലവ്! ആശ്ചര്യപ്പെടേണ്ട. അത്യാഡംബരത്തിന്റെ മറ്റൊരു പേരായ രാം ബാഗ് പാലസിന്റെ സൗകര്യങ്ങൾ ആരെയും അമ്പരപ്പിക്കും. ഈ കൊട്ടാരത്തിൽ ഒരു രാജാവിനെ പോലെ താമസിക്കാൻ ഇത്രയും തുക വേണ്ടി വരുമെന്നാണ് കണക്ക്. ഓഫ് സീസണിൽ അത് 4.5 ലക്ഷം വരെ കുറഞ്ഞേക്കാം. ഏറ്റവും വിലകൂടിയ ഈ മുറിയുടെ പേര് ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ട്, 9 - 10 ലക്ഷം മുടക്കിയാൽ ഈ മുറിയിൽ താമസിക്കാം.
31,000 രൂപയിലാണ് ഇവിടത്തെ മുറികളുടെ നിരക്ക് ആരംഭിക്കുന്നത്. ഈ ഹെറിറ്റേജ് ഹോട്ടലിൽ നിരവധി റൂം ചോയ്‌സുകളും പാലസ് റൂം മുതൽ സുഖ് നിവാസ് എന്നറിയപ്പെടുന്ന ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ട് വരെ എഴുപതിലധികം മുറികളുമുണ്ട്. ഒരു കൊട്ടാരത്തിൽ എന്ന പോലെയാണ് ഇവിടുത്തെ സജ്ജീകരണങ്ങൾ എല്ലാം കസേര മുതൽ ഡൈനിങ് ഏരിയ വരെ രാജകീയമാണ്. മുറികളിൽ ഉപയോഗിക്കുന്ന കർട്ടനുകളും അലങ്കാര വിളക്കുകളും എല്ലാം കണ്ണഞ്ചിപ്പിക്കും വിധം മനോഹരമാണ്.
മുൻ രാജകീയ വസതിയായിരുന്ന രാംബാഗ് കൊട്ടാരം 1835ൽ പണികഴിപ്പിച്ചതാണ്. മഹാരാജ സവായ് മാൻ സിങ് രണ്ടാമന്റെയും അദ്ദേഹത്തിന്റെ രാജ്ഞി മഹാറാണി ഗായത്രി ദേവിയുടെയും കുടുംബത്തിന്റെയും വസതിയായിരുന്നു ഇത്. ഇന്ത്യൻ സംസ്‌കാരത്തിന്റെയും ആതിഥ്യ മര്യാദയുടെയും നേർകാഴ്ച നൽകുന്ന ഒരു ആഡംബര ഹോട്ടലാണിത്.
രാജഭരണകാലത്ത് എങ്ങനെയാണോ കൊട്ടാരം അണിയിച്ചൊരുക്കിയിരുന്നത് അതുപോലെതന്നെയാണ് ഇന്നും ഈ ഹോട്ടലിന്റെ അകത്തളങ്ങളും മറ്റും അലങ്കരിച്ചിരിക്കുന്നതും സംരക്ഷിച്ചു പോരുന്നതും. ഇവിടെയെത്തുന്നവരെ ആകർഷിക്കുന്ന പ്രധാന ഘടകം പൂന്തോട്ടങ്ങൾ തന്നെ. പിന്നെ മുറികൾ. ഇത്രയധികം രാജകീയ സൗകര്യങ്ങൾ ഒരു ഹോട്ടൽ മുറിയിൽ അനുഭവിക്കാൻ ആകുമോ എന്ന് സംശയിച്ചു പോകും അതിനകത്തേക്ക് കടന്നു കഴിയുമ്പോൾ. ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലിൽ താമസിക്കാൻ കുറച്ച് അധികം ചെലവാക്കേണ്ടി വരുമെന്ന് സാരം.
Content Summary: Rambagh Palace is a luxury hotel in Jaipur.