ADVERTISEMENT

ഒരു മല നിറയെ ഓടി നടക്കുന്ന ജോനൻ ഉറുമ്പുകൾ, ആയിരമല്ല, പതിനായിരവും ലക്ഷങ്ങളുമല്ല, കോടിക്കണക്കിനാണ്. അവ മെല്ലെ മലയ്ക്ക് താഴെയുള്ള ഗ്രാമങ്ങളിലേക്ക് ചേക്കേറി തുടങ്ങുന്നു. നൂറു കണക്കിനായ മനുഷ്യർ താമസിക്കുന്ന ഇടങ്ങളിലേക്ക് കുറച്ചു ജോനൻ ഉറുമ്പുകൾ ചെന്നാലിപ്പോൾ എന്താണ്! നമ്മളൊക്കെയെന്താ ഉറുമ്പുകളെ കാണാത്തവരോ അവയുടെ ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവരോ ആണോ? അതും കടിക്കാത്ത ഉറുമ്പുകൾ.

 

Velayuthampatti-02
കാരന്തു മലയിലെ ഗ്രാമ കാഴ്ചകൾ

പക്ഷേ... കാരന്തു മലയുടെ താഴെയുള്ള ഗ്രാമങ്ങളിലെ ആളുകളുടെ കാലുകൾ നിറയെ വൃണങ്ങളാണ്. അവിടുത്തെ ആടുകളുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു, നായ്ക്കളുടെ ശരീരത്ത് ഉറുമ്പ് കടിച്ചു മുറിവുകളും അത് വൃണങ്ങളുമായി തീർന്നിരിക്കുന്നു. ജനിക്കുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിക്കാതെ ഒന്ന് കാഴ്ച മാറിപ്പോയാൽ അവ മരണപ്പെട്ടു പോയേക്കും എന്ന ഭീതിയിൽ കഴിയുന്ന മനുഷ്യർ! വിശ്വസിക്കാൻ പ്രയാസമുണ്ടാകും. പക്ഷേ സത്യമാണ്. ഡിണ്ടിഗൽ ജില്ലയിലെ വേലായുധം പെട്ടി, നതം, ഗോപാൽ പെട്ടി  തുടങ്ങിയ ഗ്രാമങ്ങൾ കാരന്തുമലയുടെ താഴെയാണ്. മുകളിലെ മലയിൽ നിന്നും സർവ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു ജോനൻ ഉറുമ്പുകൾ പെറ്റു പെരുകി അത് താഴെ ഗ്രാമങ്ങളിലേക്ക് ഇറങ്ങി തുടങ്ങിയിരിക്കുന്നു. ജീവിക്കുന്ന മനുഷ്യരുടെ സർവ്വ പ്രതീക്ഷയുമാണ് ഈ അധിനിവേശം തകർത്തെറിഞ്ഞിരിക്കുന്നത്.

Velayuthampatti-04
കാരന്തു മലയിലെ ഗ്രാമ കാഴ്ചകൾ

 

Velayuthampatti-09
കാരന്തു മലയിലെ ഗ്രാമ കാഴ്ചകൾ

ഒരു നോവലിന്റെ ആശയം അന്വേഷിച്ചുള്ള ഒരു യാത്രയായിരുന്നു വേലായുധം പെട്ടിയിലേക്ക്. കഴിഞ്ഞ ആഴ്ചയിലെ മനോരമ വാരാന്ത്യത്തിൽ പ്രധാന സ്റ്റോറി  ഉള്ളിലൊരു പ്രകമ്പനമുണ്ടാക്കി. ഉറുമ്പ് ഗ്രാമത്തെ കുറിച്ചായിരുന്നു അത്. എന്തൊരു വലിയ അധിനിവേശമാണത്! എല്ലായ്പ്പോഴും സങ്കൽപ്പിച്ചു കൂട്ടിയ ഒരു ഭീതിപ്പെടുത്തുന്ന സ്വപ്നമായിരുന്നു അത്. ഒരിക്കൽ ഭൂമിയെ മുഴുവൻ വിഴുങ്ങുന്ന ഉറുമ്പുകൾ. അത് ഓരോ വീടുകളിലും ഓരോ കവലയിലും നഗരങ്ങളിലും തുടങ്ങി എല്ലായിടത്തും അതിന്റെ കൂടുകൾ മണ്ണിനടിയിൽ നിർമ്മിച്ചിരിക്കുന്നു, ഒരിക്കൽ അവിടെ നിന്നും ഉറുമ്പുകൾ മണ്ണിനു മുകളിലേയ്ക്ക് വന്നു സർവ്വവും കീഴ്പ്പെടുത്തുന്നു. ഭ്രാന്തൻ ചിന്തയാണ്, പക്ഷെ വാരാന്ത്യത്തിലെ ആ വാർത്ത ഞെട്ടലുണ്ടാക്കി. സങ്കൽപ്പിച്ചത് ഇതാ നടന്നുകൊണ്ടിരിക്കുന്നു! ചില ഗ്രാമങ്ങളിൽ ഉറുമ്പുകൾ അവയുടെ അധിനിവേശം ആരംഭിച്ചിരിക്കുന്നു. ഇതല്ലാതെ മറ്റെന്താണ് പുതിയ നോവലിനായി കണ്ടെത്തേണ്ടത്!

 

Velayuthampatti-01
രഞ്ജിത്തും മാധവനുമൊപ്പം.

നേരത്തെ തന്നെ തീരുമാനിച്ചിരുന്ന കൊടൈക്കനാൽ യാത്ര ഡിണ്ടിഗൽ വഴിയാക്കി. പ്രതീക്ഷിച്ചിരുന്ന ദൂരത്തിൽ നിന്നും എൺപതോളം കിലോമീറ്ററുടെ വ്യത്യാസം മാത്രം. കൂടെയുള്ള ആൾ എഴുത്തിൽ ഞാൻ നടത്തുന്ന എന്തു പരീക്ഷണങ്ങളെയും സന്തോഷത്തോടെയും കൗതുകത്തോടെയും നോക്കിക്കാണുന്ന ആളായതിനാൽ യാത്ര ഡിണ്ടിഗൽ വഴി കൊടൈക്കനാൽ ആക്കി മാറ്റി. ഒരു സുഹൃത്ത് വഴി അവിടെ നതം എന്ന ഗ്രാമത്തിലുള്ള രണ്ടു പയ്യന്മാരെ കൂട്ടും കിട്ടി. മാധവൻ, രഞ്ജിത്, രണ്ടു പേർക്കും ഞാൻ പോകാൻ ഉദ്ദേശിച്ച വേലായുധം പെട്ടിയെ കുറിച്ച് അത്ര ഗ്രാഹ്യമില്ല, പക്ഷേ മുന്നിൽ നടന്നു വഴി തെളിക്കാൻ തങ്ങൾ റെഡി എന്ന് അവർ പ്രസ്താവിച്ചു കഴിഞ്ഞിരുന്നു. ഡിണ്ടിഗൽ ബിരിയാണി കഴിക്കാൻ പോയത് മറ്റൊരു വലിയ കഥ തന്നെയായതിനാൽ അത് മറ്റൊരിക്കൽ പറയാം.

 

വേലായുധം പെട്ടിയിലേക്കുള്ള വഴിയിൽ നിറയെ പുളി മരം തണൽ വിരുത്തി നിൽക്കുന്നു. അത്രയധികമൊന്നും വരണ്ട സമതലമല്ല. നിറയെ പച്ചപ്പുള്ള, ഇടയിൽ ചെറു കുടിലുകളും വീടുകളും നിറഞ്ഞ ഗ്രാമം. എന്നാൽ അവിടെ നിന്ന് വണ്ടി ശരിക്കുമുള്ള വേലായുധം പെട്ടിയിൽ എത്തിയപ്പോഴാണ് ആ ഗ്രാമങ്ങൾ ഇത്രയടുത്ത് ആയിരുന്നിട്ടും അവ തമ്മിലുള്ള വ്യത്യാസം മനസ്സിലായത്. വേലായുധം പെട്ടിയും നിറയെ പുളി തണലുള്ള ഗ്രാമമാണ്, പച്ചപ്പുമുണ്ട്, പക്ഷേ മണ്ണിനും കാടിനും വേർതിരിച്ചറിയാനാകാത്ത മറ്റെന്തോ ഗന്ധം. കുറച്ചു കൂടി വരണ്ട മണ്ണാണ് ഇവിടെ. പക്ഷെ മുകളിലേയ്ക്ക് ഉയർന്നു പൊന്തി നിൽക്കുന്ന കാരന്തു മലയിലെ എണ്ണമറ്റ മരങ്ങൾ. ഇവിടെ എവിടെയാണ് ഉറുമ്പുകൾ?

Velayuthampatti-08
കാരന്തു മലയിലെ ഗ്രാമ കാഴ്ചകൾ

കണ്ണുകൾ മുകളിൽ നിന്നും നിലത്ത്, മണ്ണിലേക്ക് പായിച്ചെങ്കിലും അവിടെയും ഇവിടെയും അതി തീവ്ര വേഗത്തിൽ ആരെയോ സ്വീകരിക്കാൻ ഉണ്ടെന്ന പോലെ ഓടിപ്പോകുന്ന ചില ഉറുമ്പുകളെ കണ്ടെങ്കിലും വാർത്തയിൽ കണ്ടത് പോലെ ഒന്നുമില്ല. പക്ഷേ, അത് വെറും തുടക്കം മാത്രമായിരുന്നു.

Velayuthampatti-03
കാരന്തു മലയിലെ ഗ്രാമ കാഴ്ചകൾ

രഞ്ജിത്തും മാധവനും അവിടുത്തെ ഗ്രാമീണരോട്‌ ഞങ്ങളെ കുറിച്ച് സംസാരിച്ചു. പക്ഷേ അവർ മുഖം തിരിച്ചു.

"ഇവിടെ പലരും വാർത്ത കൊടുക്കാൻ വരും, ആർക്കെന്തു പ്രയോജനം? ഞങ്ങളുടെ നാട്ടിൽ നിന്നും ഉറുമ്പുകൾ പോയിട്ടില്ല. അതിനുള്ള പരിഹാരമുണ്ടെങ്കിൽ പറഞ്ഞു തരൂ",

എന്ത് പറയാൻ! എനിക്കറിയില്ല. സ്വന്തം വീട്ടിൽ വരുന്ന ഉറുമ്പുകളുമായുള്ള യുദ്ധത്തിൽ പോലും പലപ്പോഴും പരാജയപ്പെടുന്ന ഒരുവൾക്ക് കോടിക്കണക്കിനു ഉറുമ്പുകളുമായി എങ്ങനെ യുദ്ധം ചെയ്യാനാകും?

 

സ്ഥിരമായി യാത്രകളിൽ കൂടുന്ന അനിയന്മാർ രണ്ടു പേരും രഞ്ജിത്തും മാധവനുമായി മല കയറാൻ തുടങ്ങി. മുകളിലേക്ക് ചെല്ലുന്തോറും എവിടെ നിന്നെന്നില്ലാതെ ജോനൻ അതിന്റെ എണ്ണം കൂട്ടി തുടങ്ങി. മരങ്ങളില്‍ നിന്നും വരണ്ട മണ്ണില്‍ നിന്നുമൊക്കെ എണ്ണമറ്റ ഉറുമ്പ്‌ പട അലറിപ്പാഞ്ഞു നടക്കുന്നു. പതുക്കെ അത് ഓരോരുത്തരുടെയും കാലുകളിലൂടെ അരിച്ചു കയറാന്‍ തുടങ്ങി. വിചാരിക്കും മുൻപു തന്നെ ശരീരത്തിന്റെ പലയിടങ്ങളിലേക്കും അത് ഓടിയെത്തി. അസ്വസ്ഥത തോന്നിക്കുന്നുണ്ട്. കാരന്തു മലയുടെ മുകളില്‍ എത്തും മുൻപു തന്നെ ഞങ്ങള്‍ തിരികെ നടന്നു. ഗ്രാമത്തില്‍ എത്തിയപ്പോഴേക്കും ഞങ്ങള്‍ എത്തിയത് അറിഞ്ഞു കുറച്ചു ഗ്രാമവാസികള്‍ അവിടെയും ഇവിടെയുമായി നില്‍പ്പുണ്ട്. റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വന്നവരെന്നു കരുതി അവര്‍ പ്രതികരിക്കാന്‍ മടിച്ചു. പക്ഷെ കൂടെ നിന്ന അനിയന്‍ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നു നോക്കാം എന്ന ഉറപ്പില്‍ അവര്‍ അനുഭവങ്ങള്‍ പങ്കിട്ടു തുടങ്ങി.

 

"ഉറുമ്പ് കടിക്കില്ല, പക്ഷെ അരിച്ചു കയറുമ്പോള്‍ തട്ടി കളയാന്‍ വേണ്ടി ഉരച്ചാല്‍ അതിന്റെ ശരീരത്തിലെ ദ്രവം (ഫോമിക് ആസിഡ്) അത് ശരീരത്തില്‍ പറ്റിക്കും. അതിനെ തുടർന്നു കാലില്‍ മുറിവു വരുകയും വൃണം ഉണ്ടാവുകയും ചെയ്യും"

അവര്‍ പറഞ്ഞ അനുഭവങ്ങള്‍ വല്ലാതെ പൊള്ളിക്കുന്നതാണ്.  

Velayuthampatti-07
കാരന്തു മലയിലെ ഗ്രാമ കാഴ്ചകൾ

"ആട്ടിന്കുട്ടികൾ ജനിക്കുമ്പോൾ സൂക്ഷിച്ചു നോക്കി നിന്നില്ലെങ്കിൽ മിനിട്ടുകൾക്കകം തന്നെ ഉറുമ്പുകൾ അവയെ ആക്രമിക്കുകയും അത് മരണപ്പെടുകയും ചെയ്യും. ആടുകളുടെ കണ്ണുകൾ പലതും ഉറുമ്പാക്രമണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്"

 

ആടുകളും മനുഷ്യരും മാത്രമല്ല, നിരന്നു നിൽക്കുന്ന പുളിമരങ്ങളും നായ്ക്കളുമെല്ലാം ഉറുമ്പിന്റെ ഇരകൾ തന്നെ. മൂന്നു മാസം പ്രായമായ ഒരു നായ്ക്കുട്ടിയുടെ വയറിൽ തന്നെയാണ് ഞങ്ങൾ കണ്ട ഒരു വ്രണം. ഉറുമ്പ് കടിച്ചതാണ്, അത് പഴുത്ത് വൃണമായി മാറിയിരിക്കുന്നു. ഒന്ന് തൊടുമ്പോൾ തന്നെ നോവ് കൊണ്ടു നായ്ക്കുട്ടി കരയുന്നുമുണ്ട്. പുളിമരത്തിൽ ഉണ്ടാകുന്ന കായ്‌കളൊന്നും നന്നായി ഗ്രാമീണർക്കു ലഭിക്കാറില്ല. അതിലും ഉറുമ്പുകൾ തങ്ങളുടെ അധിനിവേശം ഉറപ്പിച്ചിരിക്കുന്നു.

 

കർഷകരാണു വേലായുധം പെട്ടിയിലെ മനുഷ്യർ. ആടും മാടും വളർത്തലും പുളി കൃഷിയും കൊണ്ടു ജീവിക്കുന്നവർ. പക്ഷെ കഴിഞ്ഞ ഏഴ് വർഷത്തോളമായി അവർ ദുരിതത്തിലാണ്. ആ സമയത്താണ് വർഷങ്ങൾക്കു മുൻപ് കാരന്തു മലയിൽ നിന്നും ഉറുമ്പുകൾ കൂട്ടത്തോടെ ഇറങ്ങി വരവ് തുടങ്ങിയത്. ഇതിന്റെ കാരണം എന്താണെന്നോ പരിഹാരം എന്താണെന്നോ ഇതുവരെ ഇവർക്ക് മനസ്സിലായിട്ടില്ല.

 

"കളക്ടർ വന്നിട്ട് അവിടെ ഗ്രാമത്തിലേക്ക് വരുന്ന വഴിയിൽ നിന്ന് സംസാരിച്ചതല്ലാതെ അകത്തേയ്ക്ക് കയറിയില്ല. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അവർ നോക്കിയിട്ടില്ല. പലരും വന്നു വാർത്ത ചെയ്യുന്നുണ്ട്, പക്ഷെ പരിഹാരം മാത്രം ആർക്കും അറിയില്ല"

ഗ്രാമത്തിലെ മുതിർന്ന ഗ്രാമീണൻ തന്റെ കയ്യിലെ പുളി വടി കൊണ്ട് നിലത്ത് കിടന്ന പാറയുടെ അടി വശം മാന്തി കാട്ടി, അവിടെ നിന്നും ഉറുമ്പുകൾ കൂട്ടത്തോടെ പുറത്തേയ്ക്ക് വരുന്നത് കാണാം. പുളിയുടെ വേരുകൾക്കടിയിലും ഇവ കൂട്ടത്തോടെ തമ്പടിച്ചിരുന്നു. ചെന്നത് നട്ടുച്ചയ്ക്ക് ആയതുകൊണ്ട് ഉറുമ്പുകൾ ഗ്രാമത്തിൽ അത്രയധികമില്ല. വൈകുന്നേരമാണ് ഇവ കൂട്ടത്തോടെ ആക്രമണം ആരംഭിക്കുക, ഒപ്പം മഴക്കാലത്തും. പക്ഷെ അവ അധിനിവേശപ്പെടുത്തിയ ഗ്രാമത്തിൽ നിന്നും അവർ എങ്ങും പോയിട്ടില്ല. അതിനെ പ്രതിരോധിക്കാൻ പരമാവധി അവർ ശ്രമിക്കുന്നുമുണ്ട്. കേരളത്തിൽ നിന്നും ലഭിക്കുന്ന തരത്തിലുള്ള ഡിഡിറ്റി പൊടികൾ അവർ ഉറുമ്പുകളെ കാണുന്നിടത്തെല്ലാം വിതറുന്ന കണ്ടു. അതിട്ടാൽ രണ്ടു ദിവസത്തേയ്ക്ക് അവയുടെ ശല്യം ഉണ്ടാവില്ലത്രേ.

"കൂടുതൽ ഡിഡിറ്റി പൊടികൾ എത്തിക്കാനുള്ള സഹായം ഉറപ്പായും ചെയ്യാം" എന്ന് പറഞ്ഞു അനിയൻ ആരെയോ വിളിക്കുന്നത് കേട്ടു.

 

കാരന്തു മലയുടെ മുകളിലെ അരുവിയിൽ നിന്നും ശേഖരിച്ചു വച്ചിരിക്കുന്ന വെള്ളം ഒരു കുടത്തിൽ നിന്നും അവർ ഞങ്ങൾക്ക് കുടിക്കാൻ തന്നു. തീരെ ഭാരമില്ലാത്ത സ്വാദുള്ള ജലം. കാടിന്റെ പച്ചപ്പിനെ തൊട്ടു, കിനിഞ്ഞിറങ്ങി വരുന്ന തണുത്ത ജലം വെയിൽ ചൂടിനെ ശമിപ്പിച്ചു. പോകുന്നതിനു മുൻപ് അവിടെ ഗ്രാമത്തിലെ മാവിലുണ്ടായ വലിയ മാങ്ങ കുറെയേറെ പറിച്ചു തന്നു വിട്ടു. വേണ്ടെന്നു പറയാൻ ആഗ്രഹിച്ചെങ്കിലും അവരുടെ സ്നേഹത്തോടെയുള്ള നിർബന്ധങ്ങൾക്കു മുന്നിൽ കുറ്റബോധത്തോടെ ആ മാങ്ങകൾ കാറിന്റെ ഡിക്കിയിൽ സുരക്ഷിതമാക്കി വച്ചു.


എന്താണ് അവർക്കു വേണ്ടി ചെയ്യാനാവുക?

 

എനിക്കറിയില്ല. മലയുടെ മുകളിൽ ഹെലികോപ്റ്ററിൽ മരുന്ന് തളിക്കണം എന്നാണു അവരുടെ ആവശ്യമെന്നു തോന്നി. പക്ഷേ കാസർഗോഡ് എന്നൊരു ജില്ലയും അവിടുത്തെ മരുന്നടി മൂലമുള്ള ബുദ്ധിമുട്ടുകളും കണ്ട ഒരാളെന്ന നിലയ്ക്ക് അതെങ്ങനെ സുരക്ഷിതമാർഗ്ഗമായി പറയാനാകും? മലയ്ക്ക് മുകളിൽ മറ്റു ജീവജാലങ്ങൾ ഒന്നും തന്നെയില്ല. നടവഴിയിൽ ഒരു തവള ചത്ത് കിടക്കുന്നതും അതിനെ പൊതിഞ്ഞു ഉറുമ്പുകളെയും കണ്ടു. മുകളിൽ ഓരോ ജീവജാലങ്ങളുടെയും അവസ്ഥ ഇത് തന്നെ ആയിരുന്നിരിക്കണം. മുകളിൽ മാത്രമല്ല, താഴെയും!

കൃത്യമായി പ്രതിരോധ മാർഗ്ഗങ്ങളെങ്കിലും സർക്കാരിന്റെ ചിലവിൽ ഈ ഗ്രാമീണർക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ട്. 

 

വേലായുധംപെട്ടി ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനല്ല. ഒരിക്കലും കാഴ്ച കാണാൻ പോകരുതാത്ത ഗ്രാമമാണ് അത്. കുറ്റബോധം കൊണ്ട് ആ മനുഷ്യരുടെ മുന്നിൽ നിന്ന് ഉരുകാനല്ലാതെ മറ്റൊന്നിനും നിങ്ങളെക്കൊണ്ടാവില്ല.

മനസ്സിലിപ്പോൾ നോവലെഴുതാനുള്ള തന്തുവില്ല, അവിടുത്തെ കുറെയേറെ മനുഷ്യരുടെ പരാതിയും പരിഭവവും സങ്കടങ്ങളും സ്നേഹവും അലിവും നിറഞ്ഞ മുഖങ്ങൾ മാത്രമേയുള്ളൂ. അവർ തന്ന കുടി വെള്ളത്തിന്റെ തണുപ്പ് മാത്രമേയുള്ളൂ.

 

Content Summary : Velayuthampatti is a village in the Nattam taluk of Dindigul district, Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com