ADVERTISEMENT

ഹൗറയിൽ നിന്നു ശാന്തിനികേതനിലേക്ക് ട്രെയിൻ കാത്തിരിക്കുന്നതിനെക്കുറിച്ച് പറഞ്ഞായിരുന്നല്ലോ കഴിഞ്ഞ കുറിപ്പ് അവസാനിപ്പിച്ചത്. കൃത്യസമയത്ത് തന്നെ ജനശതാബ്ദി എത്തി. സാധാരണ ട്രെയിൻ സ്ലീപ്പറിൽ 90 രൂപയാണെങ്കിൽ ജനശതാബ്ദിയിൽ അത് 500ന് മുകളിലാണ്.  അതിന് തക്ക സൗകര്യമുള്ള വണ്ടിയാണ്.  നിശ്ചിതദൂരം കഴിഞ്ഞാൽ ഭക്ഷണം വിതരണം ചെയ്യും. പുറത്ത് കത്തുന്ന വെയിൽച്ചൂടായതിനാൽ യാത്രക്കാർ കർട്ടൻ വലിച്ചിട്ടിരുന്നു. അതുകൊണ്ടു തന്നെ സൈഡ് സീറ്റിലിരുന്നു പുറംകാഴ്ചകൾ കാണാനായില്ല. ഒന്നേ മുക്കാൽ   മണിക്കൂർ കൊണ്ട് ട്രെയിൻ ബോൽപ്പൂർ ശാന്തിനികേതൻ സ്റ്റേഷനിലെത്തി. 

 

kolkata-travel-01
കൊൽക്കത്ത യാത്ര, ചിത്രം : രതി നാരായണൻ

പുറത്തു വന്നപാടെ ഇ-റിക്ഷ ടോട്ടോക്കാർ വളഞ്ഞു. കോൺഫറൻസുമായി ബന്ധപ്പെട്ടുള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും എത്രരൂപ കൂലികൊടുക്കാമെന്നുമൊക്കെ കൃത്യമായ നിർദേശങ്ങളുണ്ടായിരുന്നതിനാൽ വാഗ്വാദത്തിനൊന്നും നിന്നില്ല. യൂണിവേഴ്സ്റ്റിയിൽ നിന്നുള്ള മറ്റ് ഗവേഷകരും കോൺഫറൻസിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. സുഹൃത്ത് ആതിര രണ്ട് ദിവസം മുമ്പ് തന്നെ എത്തിയിരുന്നു. കാമ്പസിലെ ഗസ്റ്റ് ഹൗസിലാണ് ആതിരയുടെ താമസം. ഫാമിലിയായി എത്തിയതിനാൽ പുറത്ത് ഹോട്ടലിലാകാം വാസമെന്നു തീരുമാനിച്ചിരുന്നു. തരക്കേടില്ലാത്ത ഒരു ഇടത്തരം ഹോട്ടൽ ആതിര പറഞ്ഞുതന്നിരുന്നു. റിക്ഷ നേരേ ഹോട്ടലിലേക്കു വിടാൻ പറഞ്ഞു. ഉച്ച കഴിഞ്ഞുള്ള ആലസ്യത്തിലായതിനാലാകാം നിരത്തുകളിൽ അധികം തിരക്കുണ്ടായിരുന്നില്ല. പക്ഷേ ഓഫീസ് സമയവും സ്കൂൾ സമയവും കഴിയുന്ന നേരമാണെങ്കിൽ വലിയ ട്രാഫിക്കുണ്ടാകും. ഹോട്ടലിലെത്തി മുറിയൊക്കെ കണ്ടു, അത്രവലിയ സൗകര്യമൊന്നുമില്ല, കോൺഫറൻസ് തുടങ്ങുന്ന അദ്യദിവസം തന്നെ പേപ്പർ അവതരിപ്പിക്കാൻ കഴിഞ്ഞാൽ നാളെ തന്നെ കൊൽക്കത്തയ്ക്കു മടങ്ങാമെന്നു തീരുമാനിച്ചിരുന്നു. അതുകൊണ്ടു തന്നെ ഒരു രാത്രിയിലേക്ക് ഉള്ള സൗകര്യം കൊണ്ടു തൃപ്തിപ്പെടാമെന്ന് കരുതി. 

kolkata-travel-03
കൊൽക്കത്ത യാത്ര, ചിത്രം : രതി നാരായണൻ

 

kolkata-travel-05
കൊൽക്കത്ത യാത്ര, ചിത്രം : രതി നാരായണൻ

കുളിച്ചു ഫ്രഷായി ഓരോ ചായയും കുടിച്ചു വെളിയിലേക്കിറങ്ങി.   ശാന്തിനികേതനിൽ കാണാൻ നിരവധി ചരിത്ര കെട്ടിടങ്ങളും മ്യൂസിയങ്ങളും ഉണ്ട്. കാമ്പസിനു ചുറ്റുമുള്ള എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളും സന്ദർശിക്കണമെങ്കിൽ ഒരു ദിവസം മുഴുവൻ വേണ്ടിവരും. സമയമുള്ളവർക്കു കാൽനടയായി ചുറ്റിനടന്ന് കാണാം.   അല്ലെങ്കിൽ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലേക്കും   ടോട്ടോയെ ആശ്രയിക്കാം. നടന്നു കാണാനുള്ള സമയമൊന്നുമുണ്ടാകില്ല. ടോട്ടോ തന്നെ ആശ്രയം.   ബംഗാളിയാണ് മുഖ്യഭാഷയെങ്കിലും ഹിന്ദി സാധാരണമാണിവിടെ. പക്ഷേ മലയാളികളുടെ ഉച്ചാരണം ബംഗാളികളെ കുഴയ്ക്കും. അതുപോലെ തന്നെ അവരുടെ ഹിന്ദി ചിലപ്പോൾ നമ്മളെ ചുറ്റിക്കുന്നതാണ്. ശാന്തിനികേതനിലേക്കുള്ള ഗേറ്റ് കടന്ന് പ്രധാനപോയിൻറുകളിലെല്ലാം റിക്ഷക്കാരൻ നിർത്തി അതിന്റെ പ്രാധാന്യം വിവരിക്കാൻ തുടങ്ങി.  അതേക്കുറിച്ചു പറയുന്നതിനു മുൻപു ശാന്തിനികേതനെക്കുറിച്ചു ചിലത് അറിയണം.

 

kolkata-travel-04
കൊൽക്കത്ത യാത്ര, ചിത്രം : രതി നാരായണൻ

രവീന്ദ്രനാഥ ടാഗോറിന്റെ പേരിലാണു  ശാന്തിനികേതൻ അറിയപ്പെടുന്നതെങ്കിലും വാസ്തവത്തിൽ അദേഹത്തിന്റെ പിതാവ് ദേബേന്ദ്രനാഥ് ടാഗോറാണ് തന്റെ അവധിക്കാല മന്ദിരത്തിനു ശാന്തിനികേതൻ എന്നു പേര് നൽകിയത്.  ഇന്ത്യൻ നവോത്ഥാനസംസ്കാരത്തിൽ വലിയ പങ്കു വഹിച്ചിരുന്ന ആളായിരുന്നു മഹർഷി  ദേബേന്ദ്രനാഥ് ടാഗോർ.  കുട്ടിക്കാലത്തു അച്ഛനൊപ്പം അവധിക്കാലം ചെലവഴിച്ചിരുന്ന തനിക്ക് ഏറെ പ്രിയപ്പെട്ട ശാന്തിനികേതൻ പിന്നീട് ടാഗോർ ബ്രഹ്മചര്യാശ്രമത്തിനായി തെരഞ്ഞെടുത്തു. 1901 ൽ അഞ്ച് വിദ്യാർത്ഥികളുമായി ടാഗോർ ശാന്തിനികേതനിലെ ആദ്യപാഠശാല ആരംഭിച്ചു. പഠനവും പാഠനവും മരച്ചുവടുകളിലെന്ന വ്യത്യസ്ത ആശയവുമായി അദ്ദേഹം വിദ്യാർത്ഥികളെ ക്ലാസ്മുറിയുപേക്ഷിച്ച് പ്രകൃതിയിലേക്ക് ഇറക്കിക്കൊണ്ടു വരികയായിരുന്നു. ഇന്ന് ശാന്തിനികേതനിലെ വിശ്വഭാരതി യൂണിവേഴ്സിറ്റി ലോകമറിയുന്ന അന്താരാഷ്ട്രപഠനകേന്ദ്രമാണ്. ശാന്തിനികേതന്റെ അക്കാദമിക് പാരമ്പര്യവും സംസ്കാരവും വിവരിക്കാൻ മറ്റൊരു ലേഖനം തന്നെ എഴുതേണ്ടി വരും. 

 

kolkata-travel-02
കൊൽക്കത്ത യാത്ര, ചിത്രം : രതി നാരായണൻ

തരിശ് ഭൂമിയായിരുന്ന മണ്ണിലാണ് ഇന്ന് കാണുന്ന ശാന്തിനികേതനം എന്ന തപോവനം ടാഗോർ പടുത്തുയർത്തിയത്. പേര് അന്വർത്ഥമാക്കുന്ന ശാന്തതയുണ്ട് ഈ പുണ്യഭൂമിയിലെങ്ങും. ഒച്ചയും ബഹളവുമില്ലാതെ തികച്ചും ആത്മീയമായ ഒരു അന്തരീക്ഷം. പ്രകൃതിസൗഹൃദ വാഹനങ്ങൾ മാത്രമേ ക്യാംപസിൽ അനുവദിക്കൂ. കവികളും സംഗീതജ്ഞരും അഭിനേതാക്കളും എഴുത്തുകാരും ആത്മീയസഞ്ചാരികളും ഒരുപോലെ തേടിവരുന്ന മണ്ണാണിത്. ടാഗോർ വിട പറഞ്ഞിട്ട് എട്ട് പതിറ്റാണ്ട് കഴിയുമ്പോഴും  എവിടെയും അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവവേദ്യമാക്കുന്ന എന്തോ ഒന്ന് ഇവിടെയുണ്ട്. 

 

ചില പ്രത്യേക സ്ഥലങ്ങളിൽ നിർത്തി റിക്ഷക്കാരൻ ആ സ്ഥലത്തിന്റെ  പ്രാധാന്യം വിവരിക്കുന്നുണ്ട്. ശുദ്ധമായ ഹിന്ദി കേട്ടാൽ മനസിലാകുമെങ്കിലും ഇദ്ദേഹം പറയുന്നത് പൂർണമായും പിടികിട്ടുന്നുണ്ടായിരുന്നില്ല. ടാഗോർ എഴുതാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന സ്ഥലങ്ങളിലൊന്നായ ആൽമരച്ചുവട് അയാൾ ചൂണ്ടിക്കാണിച്ചു തന്നു. പരിപാലനത്തിന്റെ ഭാഗമായി സന്ധ്യയ്ക്കു നൽകുന്ന ലൈറ്റിങ് ആ ആൽമരത്തിന് അലൗകികമായ ഒരു ചാരുത നൽകുന്നുണ്ടായിരുന്നു. ആ വടവൃക്ഷത്തിൻറെ വിജനമായ ചുവട് നോക്കി നിന്നപ്പോൾ മനസിൽ വെറുതേ ഒരു സങ്കടം. സന്ധ്യമയങ്ങിയതിനാൽ തിരികെ പോകാൻ തീരുമാനിച്ചു. രാവിലെ പേപ്പർ അവതരിപ്പിച്ചതിന് ശേഷം വീണ്ടും ഇവിടേക്കു വരാമെന്നു തീരുമാനിച്ച് തിരികെ ഹോട്ടലിലേക്കു പുറപ്പെട്ടു. 

 

ആദ്യമായി ശാന്തിനികേതൻ സന്ദർശിച്ചപ്പോൾ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താത്പര്യം കാണിച്ചിരുന്നില്ല. പക്ഷേ ഇത്തവണ യാത്ര അക്കാദമിക് ആയതിനാൽ യൂണിവേഴ്സിറ്റി കാമ്പസിലായിരുന്നു ആദ്യദിനം മുഴുവൻ. കല, സാഹിത്യം, ശാസ്ത്രം, ഫൈൻ ആർട്സ് തുടങ്ങി ഈ കാമ്പസിൽ പഠിപ്പിക്കാത്ത വിഷയങ്ങളില്ല എന്നു തോന്നിപ്പോകും. ഓരോന്നും ഓരോ ബ്ലോക്കായി വേർതിരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിയിൽ കോൺഫറൻസ് ഉദ്ഘാടനവും പേപ്പർ അവതരണവും കഴിഞ്ഞപ്പോൾ വൈകിട്ട് അഞ്ച് മണി കഴിഞ്ഞു. സന്ദർശന കേന്ദ്രങ്ങളെല്ലാം അടച്ചുകഴിഞ്ഞു. കൊൽക്കത്തക്കു പോകാനുള്ള പ്ലാനും തെറ്റി. ഹോട്ടലിൽ പോയി ഫ്രഷായി തെരുവിലൂടെ ഒന്നു കറങ്ങാനിറങ്ങി. 

 

പാതയുടെ ഒരു വശം മുഴുവൻ തുണിക്കച്ചവടക്കാരാണ്. മനോഹരമായ ശാന്തിനികേതൻ കുർത്തകളാണ് ഇവിടത്തെ പ്രധാനആകർഷണീയത. ഇരുനൂറോ മുന്നുറോ രൂപ കൊടുത്താൽ തരക്കേടില്ലാത്ത കുർത്ത കിട്ടും. നേർത്ത കോട്ടൺ തുണിയിലാണ് തുന്നിയിരിക്കുന്നത്. സ്ത്രീകൾക്കുള്ള തുണിത്തരങ്ങളുമുണ്ട്. അതൊന്നും വലിയ ഗുണമേൻമ അവകാശപ്പെടാനില്ലാത്തവയാണെന്നു തോന്നിയതിനാൽ വാങ്ങിയില്ല. കറങ്ങിനടന്നു വിശന്നു വലഞ്ഞപ്പോൾ വലിയ ഹോട്ടലൊന്നും അന്വേഷിക്കാൻ പോയില്ല. അത്യാവശ്യം വൃത്തിയുണ്ടെന്നു തോന്നിയ തെരുവോരത്തു നിന്നു തന്നെ ഭക്ഷണം വാങ്ങി. കൺമുന്നിൽ ഉണ്ടാക്കുന്ന ഭക്ഷണമാണ്, വിശ്വസിക്കാം. ബംഗാളികളുടെ എല്ലാ ഭക്ഷണത്തിലും വഴുതനങ്ങയും പനീറും കിഴങ്ങുമുണ്ടെന്നു തോന്നുന്നു.  പൂരിയാണ് പ്രധാനമായും എല്ലാ കടകളിലും. എവിടെ പോയാലും അതേ കിട്ടുകയുള്ളൂ. പൂരിയും പനീർ മസാലയും രുചികരമായതിനാൽ നിരാശയൊന്നുമില്ലാതെ ഭക്ഷണം കഴിച്ചെഴുന്നേറ്റു. 

 

മ്യൂസിയവും മറ്റും കാണാനായി ഇറങ്ങിയ ശാന്തിനികേതനിലെ മൂന്നാംദിവസം പക്ഷേ നിരാശപ്പെടേണ്ടി വന്നു. ടാഗോറുമായി ബന്ധപ്പെട്ട എന്തോ അവധിദിവസമായതിനാൽ അന്നു സന്ദർശകരെ അനുവദിച്ചിരുന്നില്ല. ടാഗോറിന്റെ സ്വന്തം ശബ്ദത്തിൽ ജനഗണമന മുഴങ്ങുന്ന ടാഗോർ മ്യൂസിയത്തിലെ കാഴ്ചയും കേൾവിയും   നഷ്ടമായതിൽ വലിയ നിരാശ തോന്നി. ടാഗോർ ഉപയോഗിച്ചിരുന്ന പേനയും കോട്ടും ഷൂസും ഉൾപ്പെടെ ഒട്ടേറെ വസ്തുക്കൾ   മ്യൂസിയത്തിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വരവിൽ അതൊക്കെ കണ്ട് വിസ്മയപ്പെട്ടതാണ്. കൊൽക്കത്തയിലെ അദ്ദേഹത്തിൻറെ ജൻമഗൃഹത്തിലും ഇത്തരത്തിലുള്ള സാധനസാമഗ്രികൾ കാണാം. 

 

രബീന്ദ്രനാഥ ടാഗോർ ക്ലാസുകൾ എടുത്തിരുന്ന ഛതിം താല, പ്രാർത്ഥനാ ഹാൾ ബ്രഹ്മോ മന്ദിർ, ദേബേന്ദ്രനാഥ ടാഗോർ പണികഴിപ്പിച്ചതും ടാഗോർ താമസിച്ചിരുന്നതുമായ ശാന്തിനികേതൻ ഗൃഹം, ശാന്തിനികേതനിലെ പരമ്പരാഗത ക്ലാസ് മുറികൾ  തുടങ്ങി ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ കേന്ദ്രങ്ങളുണ്ട് ഇവിടെ. കലാഭവന, പാത ഭവന, പ്രകൃതി ഭവന തുടങ്ങിയവ   വേറെയുമുണ്ട്. ഒപ്പമുണ്ടായിരുന്ന വിശിഷ്ടവ്യക്തികൾക്കായി ടാഗോർ പണി കഴിപ്പിച്ച മന്ദിരങ്ങളും ഇക്കൂട്ടത്തിലുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന കാർ ഒരു പൊടി പോലും പറ്റാതെ സൂക്ഷിച്ചിരിക്കുന്നതും കണ്ടു. ദേബേന്ദ്രനാഥ ടാഗോറിൻറെയും രവീന്ദ്രനാഥടാഗോറിൻറെയും അദ്ദേഹത്തിന്റെ പുത്രൻ രതീന്ദ്രനാഥ ടാഗോറിന്റെയും കയ്യൊപ്പ് പതിഞ്ഞതാണ് ഇന്നത്തെ ശാന്തിനികേതനെന്ന് പറയാം. ടാഗോറിനൊപ്പം ശാന്തിനികേതൻ നമ്മെ ഓർമിപ്പിക്കുന്ന രണ്ട് പേരുകൾ കൂടിയുണ്ട്. പ്രശസ്ത ശിൽപി രാംകിംങ്കർ ബെയ്ജിയും മോഡേൺ ആർട്ടിസ്റ്റ് നന്ദലാൽ ബോസും. രാം കിങ്കറിൻറെ ശിൽപ്പങ്ങളും നന്ദലാൽ ബോസ് ആസൂത്രണം ചെയ്ത് നിർമിച്ച പാത ഭവനയും  ഈ പ്രതിഭകളുടെ മഹത്വം വിളിച്ചോതുന്നവയാണ്. ടാഗോറിനോടുള്ള ആദരവ് കൊണ്ട് ശാന്തിനികേതനിലെത്തിയവരാണ് ഇരുവരും. 

 

എന്തായാലും ഉച്ച കഴിഞ്ഞുള്ള ട്രെയിനിന് കൊൽക്കത്തയിലേക്കു ബുക്ക് ചെയ്തിട്ടുണ്ട്. ഇനി ഇവിടെ ചുറ്റിക്കറങ്ങി നടക്കാൻ സമയമില്ല എന്നറിയാമായിരുന്നതിനാൽ ശാന്തിനികേതിന് സമീപമുള്ള ഡീർ പാർക്ക് കൂടി കണ്ടിട്ട് പോകമെന്ന് തീരുമാനിച്ചു. അങ്ങോട്ടേക്കുള്ള യാത്രയിലാണ് നോബേൽ പുരസ്കാര ജേതാവായ അമർത്യസെന്നിന്റെ വീടു കണ്ടത്. ഇന്ത്യയിലേക്കു നോബേൽ പുരസ്കാരം കൊണ്ടുവന്ന രണ്ടുപേർ  അയൽപക്കക്കാരോ  എന്നോർത്ത് അതിശയപ്പെട്ടു. പക്ഷേ അമർത്യസെന്നിനെ കടന്നുകയറ്റക്കാരനെന്ന നിലയിലാണ് ശാന്തിനികേതൻ കാണുന്നതെന്ന് അപ്പോൾ തന്നെ മനസിലായി. അദ്ദേഹത്തിൻറെ വീടിന് മുന്നിൽ പൊലീസുകാരും മാധ്യമങ്ങളും അടക്കം വലിയ ഒരു ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. അതേക്കുറിച്ച് അടുത്ത കുറിപ്പിൽ വിവരിക്കാം. 

 

Content Summary : Kolkata, a city with a rich history and culture, dating back to the 17th century travelogue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com