10 മണിക്കൂര്‍, മൂന്നു സംസ്ഥാനങ്ങള്‍, മൂന്നു വന്യജീവി സങ്കേതങ്ങള്‍, 36 ഹെയര്‍പിന്‍ വളവ്: വന്‍ വൈബാണ് ഈ വഴി
Mail This Article
കറുത്ത റോഡിനു നടുവിലെ വെളുത്ത വരകള്‍ അതിവേഗം പിന്നോട്ട് ഓടിക്കൊണ്ടിരുന്നു. ഇരുവശവും വിശാലമായ കൃഷിയിടങ്ങള്‍. റോഡ് സൈഡിലെ വെള്ള വരയ്ക്കപ്പുറത്തുകൂടി മണികിലുക്കി കാളവണ്ടികള്‍ കടന്നു പോകുന്നു. കൂറ്റൻ കാളകളുടെ പിന്നിലെ വണ്ടികളില്‍ ചാക്കുകെട്ടുകള്‍ അടുക്കിവച്ചിരിക്കുന്നു. ചിലതിൽ കുറച്ചു പുല്ലുകെട്ട്, ചോളത്തണ്ട്. തിടുക്കമൊന്നുമില്ലാതെ കാളകള്‍ മന്ദംനടക്കുന്നു. കട്ടന്‍ബീഡി വലിച്ച് പുകയൂതി വിട്ട് മുഷിഞ്ഞ വേഷം ധരിച്ചൊരാള്‍ മിക്ക കാളവണ്ടിയിലുമുണ്ടാകും.
പരന്നുകിടക്കുന്ന കൃഷിത്തോട്ടങ്ങള്‍ താണ്ടി ഗുണ്ടില്‍പേട്ട് ടൗണില്‍നിന്നു വലത്തേക്കുള്ള വഴി പിടിച്ചു. മലബാറിലെ മലയാളികളെ ഏറെയും തീറ്റിപ്പോറ്റുന്ന പാടങ്ങള്‍ കണ്ണെത്താദൂരത്തോളം. ഓണക്കാലത്തേക്കുള്ള പച്ചക്കറികളും പൂക്കളും കൃഷി ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. മണ്ണില്‍ നട്ടുമുളപ്പിക്കുക, വളര്‍ത്തി വലുതാക്കുക, കൊയ്ത് ലോറിയില്‍ കയറ്റിവിടുക. രാവിലെ ഉണരുക, കൃഷിയിടത്തിലേക്കു പോകുക, വീണ്ടും നട്ടുവളര്‍ത്തുക... മണ്ണില്‍നിന്നു മണ്ണിലേക്കുള്ള യാത്രയില്‍ മണ്‍മറഞ്ഞു പോകുന്ന ഒരു കൂട്ടം ആള്‍ക്കാര്‍.
മസിനഗുഡി വഴി ഊട്ടിയാണ് ലക്ഷ്യം. ബത്തേരിയില്‍നിന്നു മുത്തങ്ങയിലൂടെ വയനാട് വന്യജീവി സങ്കേതം പിന്നിട്ട് കര്‍ണാടകയിലെ ബന്ദിപ്പുര്‍ വന്യജീവി സങ്കേതത്തിലൂടെ ഗുണ്ടില്‍പേട്ടിലെത്തി അവിടെനിന്നു വീണ്ടും ബന്ദിപ്പുര്‍ വന്യജീവി സങ്കേതം കടന്ന് തമിഴ്‌നാട് മുതുമലൈ വന്യജീവിസങ്കേതത്തിലൂടെ യാത്ര. 10 മണിക്കൂറു കൊണ്ട് മൂന്നു സംസ്ഥാനങ്ങളും മൂന്നു വന്യജീവി സങ്കേതങ്ങളും പിന്നിട്ട് തിരികെയെത്തുന്ന പ്രയാണം. ഗുണ്ടില്‍പേട്ടിലെ കൃഷിയിടങ്ങള്‍ കടന്നാല്‍ പിന്നെയും ബന്ദിപ്പുര്‍ ടൈഗര്‍ റിസര്‍വിലാണ് എത്തിച്ചേരുക. വിശാലമായ റോഡ് വനത്തിലേക്ക് പ്രവേശിച്ചപ്പോളേക്കും നേര്‍ത്ത കറുത്ത വര പോലെയായി. ബന്ദിപ്പുര്‍ വന്യജീവി സങ്കേതത്തിലേക്കു കയറുന്നിടത്ത് വനംവകുപ്പിന്റെ പരിശോധനയുണ്ട്. കൈകാണിച്ച് ഓരം ചേര്‍ത്ത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വണ്ടി ഒന്ന് ഉഴിഞ്ഞുനോക്കിയ ശേഷം കള്ളക്കടത്തുകാരല്ലെന്നു മനസ്സിലാക്കിയ വനപാലകര്‍ ഞങ്ങളെ കടത്തി വിട്ടു. ഇതിനിടെ പ്രവേശന ഫീസ് ആയി 20 രൂപ വാങ്ങി. വീതി കുറഞ്ഞ റോഡിലുടെ വണ്ടി നീങ്ങിത്തുടങ്ങി.
പച്ച, കറുപ്പ്, വെളുപ്പ്
പുതുമഴ ആവശ്യത്തിലധികം ലഭിച്ചുവെന്ന് കാടിന്റെ പച്ചപ്പു കണ്ടാല്‍ അറിയാം. പുത്തനിലകള്‍ ചൂടി ചെറുകാറ്റില്‍ ചാഞ്ചാടി മരത്തലപ്പുകള്‍. വന്‍മരങ്ങളൊന്നും ഇവിടെ കാണാനില്ല. ചെറിയ മരങ്ങളുടെ വലിയ കൂട്ടംതീര്‍ത്ത ഹരിതാഭയുടെ പുതുവര്‍ണം. മണ്ണോടു ചേര്‍ന്നു വളരുന്ന ചെറുപുല്ലുകളില്‍ പോലും വല്ലാത്തൊരു ആനന്ദം പ്രകടമാണ്. വരാന്‍ പോകുന്ന വര്‍ഷകാലത്തിന്റെ മനോഹരസ്വപ്‌നങ്ങളെക്കുറിച്ചുള്ള ചിന്തകളാകാം ഈ പുല്‍ത്തകിടികളെ ഇത്രയും മനോഹരമാക്കുന്നത്. അസ്ഥിരമാണ് എല്ലാം. അല്ലെങ്കില്‍ത്തന്നെ, സ്ഥിരമായി നില്‍ക്കുന്നതെല്ലാം ഒരു ഘട്ടത്തിനുശേഷം മടുപ്പിക്കുന്നതായി മാറും. പക്ഷേ ഒരിക്കലും മടുപ്പിക്കാത്ത കാഴ്ചയാണ് വനം.
ആരോരുമറിയാതെ വനത്തിന്റെ വര്‍ണം പതിയെ മാറിക്കൊണ്ടിരിക്കും. മഴക്കാലവും വേനല്‍ക്കാലവും ശരത് കാലവും എത്തുമ്പോള്‍ ആ കാലഘട്ടത്തിന് ആവശ്യമായ രീതിയില്‍ വനം മാറിക്കൊണ്ടിരിക്കും. വനത്തിന്റെ കാമുകനായ വര്‍ഷകാലം എത്തുന്നതിന് മുന്നോടിയായി പ്രണയ സന്ദേശവുമായി പുതുമഴ വരും. അതോടെ വനം അണിഞ്ഞൊരുങ്ങും. വേനലിന്റെ കാഠിന്യത്തില്‍ തലകൂമ്പിയ മരങ്ങളില്‍ പുതുപ്രതീക്ഷകള്‍ വരവായി. അതുവരെയുള്ള ദൈന്യമെല്ലാം പാടേ മറന്ന് വനം അണിഞ്ഞൊരുങ്ങാന്‍ തുടങ്ങും. അങ്ങനെ വനം അണിഞ്ഞൊരുങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ് ഞങ്ങളുടെ യാത്ര. പച്ചവനത്തെ കീറിമുറിച്ച് കറുത്ത റോഡ്. ആ റോഡിനെ നെടുകെ മുറിച്ച് വെളുത്ത വര. അതങ്ങനെ വളഞ്ഞും പുളഞ്ഞും ലക്ഷ്യത്തിലേക്കു ചലിക്കാന്‍ നമ്മെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു.
വണ്ടി മുതുമലൈ വന്യജീവി സങ്കേതത്തിലേക്കു പ്രവേശിച്ചപ്പോഴും വനപാലകര്‍ പരിശോധന നടത്തി. ഹംപുകള്‍ നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര നീണ്ടു. റോഡ് കുറുകെ കടക്കുന്ന മൃഗങ്ങളെ ഇടിക്കാതിരിക്കാനായി പതുക്കെ പോകാനാണ് ഈ ഹംപുകള്‍ നിര്‍മിച്ചിരിക്കുന്നത്. പക്ഷേ, അതിവേഗം കടന്നുപോകുന്ന, ധൃതി പിടിച്ച യാത്രയ്ക്കിടെ ഇടയ്‌ക്കൊന്നു ബ്രേക്ക് ചവിട്ടേണ്ടത് അത്യാവശ്യമാണെന്ന ഒാര്‍മപ്പെടുത്തലായി ഉയര്‍ന്നു നില്‍ക്കുന്നവയാണ് ഈ ഹംപുകള്‍. അകലേക്ക് നീണ്ടുകിടക്കുന്ന വഴി മാത്രമല്ല, ആ വഴിക്കിരുവശവും അനേകം കാഴ്ചകളുണ്ടെന്ന ഓര്‍മപ്പെടുത്തലുകള്‍. നൂറുകണക്കിന് മാനുകളുടെ കൂട്ടങ്ങള്‍ പച്ചത്തലപ്പുകള്‍ കൊറിച്ചുകൊണ്ടു നില്‍ക്കുന്നു.
അകലെ ഏതോ മരത്തില്‍ പേരറിയാത്ത ഏതോ പക്ഷി അജ്ഞാതമായ രാഗത്തില്‍ പാട്ടുമൂളുന്നു. കുട്ടിക്കരണം മറിയുന്ന ഹനുമാന്‍ കുരങ്ങുകള്‍ ഒരോ മരത്തിന്റെയും തുഞ്ചത്തുകൂടി ചാടിമറിയുന്നു. ഗഗന സഞ്ചാരിയായ പരുന്ത് മേഘങ്ങള്‍ക്കു മുകളിലേക്കും പറന്നുയരാന്‍ ശ്രമിക്കുന്നു. അങ്ങകലെ നീലഗിരിക്കുന്നുകള്‍ പച്ചപ്പണിഞ്ഞ് മേഘങ്ങളെ പുണര്‍ന്നു നില്‍ക്കുന്നു. ജീവിത പ്രയാണത്തിലും 'തല്‍ത്സമയം' ആസ്വദിക്കാന്‍ മറന്നു പോകുന്നുണ്ട് പലപ്പോഴും. നീണ്ടുകിടക്കുന്ന റോഡിനവസാനം കാണാമെന്ന വ്യഗ്രതയോടെ ചുറ്റുമുള്ളവയെ പാടേ മറന്നു പായുകയാണ്. എന്നാല്‍ ഈ കറുത്ത റോഡ് മറ്റൊരു റോഡില്‍ ചേരുകയും അത് വീണ്ടും വേറൊരു റോഡില്‍ ചേരുകയും റോഡങ്ങനെ അനന്തമായി നീളുകയും ചെയ്യുന്നുവെന്ന തിരിച്ചറിവിലേക്കെത്തുമ്പോളേക്കും നമ്മുടെ യാത്ര അവസാനിപ്പിക്കേണ്ടി വരും. ഇതിനിടെ തൊട്ടടുത്തുണ്ടായിരുന്ന ആ മനോഹര കാഴ്ചകളും അനുഭവങ്ങളും നഷ്ടമായിരിക്കും.
ഓസ്‌കര്‍ കാടു താണ്ടി മസിനഗുഡിയിലേക്ക്
ആനക്കുട്ടികളെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തുന്ന ബൊമ്മന്റെയും ബെള്ളിയുടെയും സ്ഥലമായ തെപ്പക്കാട് എത്തി. ഓസ്‌കര്‍ വേദി വരെ എത്തിയ അവരുടെ ജീവിത നാള്‍വഴികള്‍ ചിതറിക്കിടക്കുന്ന ഇടം. കാടിന്റെ വന്യതയിലേക്ക് ക്യാമറ വച്ച് കാര്‍ത്തി ഗോണ്‍സാല്‍വസ് പകര്‍ത്തിയത് മനുഷ്യ-മൃഗ ബന്ധത്തിന്റെ ആഴങ്ങളായിരുന്നു. തെപ്പക്കാട് ആനക്കൊട്ടിലുമായി ബന്ധപ്പെട്ടു ജീവിച്ച രണ്ട് ആദിവാസികളുടെ കഥ അഭ്രപാളികളിലെ മനോഹരകാവ്യമായി മാറുകയായിരുന്നു. തെപ്പക്കാടുനിന്നും ഇടത്തോട്ടുള്ള വഴി പിടിച്ചു. വീണ്ടും കാടിനുള്ളിലൂടെ യാത്ര. മസിനഗുഡി എന്ന ചെറുപട്ടണം ഏറെക്കുറെ കാടിനു നടുവിലാണ്. വലിയൊരു വാകമരം തണല്‍വിരിച്ചു നില്‍ക്കുന്ന അങ്ങാടി.
വീതികുറഞ്ഞതെങ്കിലും കുഴികളില്ലാത്ത വഴി. മേഘം തൊട്ടുരുമ്മി നില്‍ക്കുന്ന നീലഗിരിക്കുന്നുകള്‍. ഇന്‍സ്റ്റ റീല്‍സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ആ മനോഹരമായ പാലത്തിനടുത്തേക്കെത്തിയത് അപ്രതീക്ഷിതമായാണ്. മലയാളികളായ കുറച്ചുപേര്‍ ആ പലത്തില്‍ നില്‍ക്കുന്നുണ്ടായിരുന്നു. വണ്ടി ഒതുക്കിവച്ച് പുറത്തിറങ്ങി ആ പാലത്തിനു മുകളിലേക്ക് നടന്നു. ചാഞ്ഞുനില്‍ക്കുന്ന ഇല്ലിക്കമ്പുകളുടെ പച്ചപ്പിനിടെ മഞ്ഞയും കറപ്പും നിറംചാര്‍ത്തിയ പാലത്തിന്റെ കൈവരിയും റോഡിന്റെ കറുപ്പും വര്‍ണങ്ങളുടെ വല്ലാത്തൊരു കോംബിനേഷന്‍ തീര്‍ക്കുന്നുണ്ടായിരുന്നു. റോഡിനരികിലെ വന്‍മരച്ചോട്ടിലെ പുല്‍ത്തകിടിയില്‍ ചുമ്മാ കാറ്റേറ്റിരുന്നാല്‍ അറിയാതെ പ്രകൃതിയോട് അലിഞ്ഞുപോകും.
36 വളവുള്ള ചുരം
പാലം കഴിഞ്ഞാല്‍ കയറ്റം തുടങ്ങുകയാണ്. മരങ്ങള്‍ക്കിടയിലൂടെ നൂണ്ടു കയറിപ്പോകുന്ന റോഡിലൂടെ മുകളിലേക്ക് വാഹനം നീങ്ങി. 36 ഹെയര്‍പിന്‍ വളവുകളുള്ള കല്ലട്ടി ചുരം കയറാന്‍ തുടങ്ങി. കുത്തനെയുള്ള കയറ്റം. ഇതിനിടെ കൊടുംവളവുകള്‍. ബൈക്കും കാറുമൊക്കെയാണ് ഈ വഴി സാധാരണ കടന്നു പോകുന്നത്. ഇടയ്ക്ക് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് പോകുന്നു. ചെങ്കുത്തായ ഈ കയറ്റം കയറാന്‍ ബസിനാകുമോ എന്ന സംശയം ആദ്യം തോന്നിയിരുന്നു. എന്നാല്‍ ഗര്‍ജിക്കുന്ന ശബ്ദത്തോടെ ഇഴഞ്ഞിഴഞ്ഞ് ആ ബസ് കയറ്റം കയറിക്കൊണ്ടിരുന്നു. പരിണിതപ്രജ്ഞനായ ആ ഡ്രൈവര്‍ അനായാസം കൊടുംവളവുകളിലൂടെ ബസ് ഒടിച്ചു.
ഈ വഴി വാഹനങ്ങള്‍ കടന്നു പോകുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഊട്ടിയില്‍നിന്ന് ഇതേ വഴി മടങ്ങിവരാന്‍ സാധിക്കില്ല. തദ്ദേശീയരായ ആളുകള്‍ ഈ വഴി തിരിച്ചിറങ്ങാനും ഉപയോഗിക്കുന്നുണ്ട്. കുത്തനെയുള്ള ഇറക്കത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യത വളരെ കൂടുതലായതുകൊണ്ടോ വനമായതിനാലോ ആകാം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചെങ്കുത്തായ കുന്നിൻചെരുവിലൂടെ നേര്‍ത്തൊരു വെള്ളച്ചാട്ടം കാണാം. വനഭൂമി അവസാനിക്കുന്നിടം മുതല്‍ കുന്നുകള്‍ തട്ടാക്കി തിരിച്ച് കാരറ്റും ബീറ്റ്‌റൂട്ടുമെല്ലാം കൃഷി ചെയ്തിരിക്കുന്നു. ഇതിനിടയില്‍ കുന്നിന്‍ചെരിവില്‍ ഇപ്പോള്‍ മറിഞ്ഞുവീഴുമെന്നു തോന്നിക്കുന്ന തരത്തില്‍ ഒറ്റനില വീടുകളും കെട്ടിടങ്ങളും കാണാം.
ചുരം താണ്ടി ഊട്ടിയിലേക്കുള്ള പ്രധാന പാതയിലേക്കെത്തി. ഊട്ടിയായിരുന്നില്ല ലക്ഷ്യം. മസിനഗുഡി വഴി കല്ലട്ടി ചുരം കടന്ന് ഊട്ടിയിലെത്തുക എന്നതായിരുന്നു. ഊട്ടിയിലെ മിക്ക സ്ഥലങ്ങളിലും പലവട്ടം പോയിട്ടുള്ളതിനാല്‍ ടൗണിലൂടെ അല്‍പനേരം വട്ടം കറങ്ങി. ബ്രിട്ടിഷുകാര്‍ നിര്‍മിച്ച 200 വര്‍ഷം പഴക്കമുള്ള പള്ളിമുറ്റത്ത് വണ്ടി നിര്‍ത്തി. വെളുപ്പും പര്‍പ്പിളും കളറുള്ള പൂക്കള്‍ അവിടമാകെ വിരിഞ്ഞു നില്‍ക്കുന്നു. രണ്ടു നൂറ്റാണ്ട് പിന്നിട്ടിട്ടും ആ പള്ളി ഇന്നും ഊട്ടി കുന്നുകള്‍ക്ക് മുകിളില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു.
അവിടെനിന്നു തിരിച്ച് ഗൂഡല്ലൂര്‍ റോഡിലേക്ക് വണ്ടി വിട്ടു. ഷൂട്ടിങ് പോയന്റില്‍ അല്‍പ്പനേരം ചെലവഴിക്കാമെന്നു കരുതി വണ്ടി നിര്‍ത്തി പുറത്തിറങ്ങിയതും മഴ. മൊട്ടക്കുന്നിനു മുകളിലേക്ക് കയറി മഴ നനഞ്ഞ് തണുത്തുവിറയ്ക്കാന്‍ മടി തോന്നിയതിനാല്‍ അടുത്തുള്ള പെട്ടിക്കടയില്‍ കയറി. ആവി പാറുന്ന നൂഡില്‍സ് തിന്നു കഴിഞ്ഞതും മഴ സ്ഥലം വിട്ടു. മൊട്ടക്കുന്ന് കയറാന്‍ നില്‍ക്കാതെ മടങ്ങി. പിന്നീട് വണ്ടി നിര്‍ത്തിയത് പൈക്കര വെള്ളച്ചാട്ടത്തിനടുത്താണ്. തട്ടുതട്ടായി പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം വേനലായിട്ടുപോലും ജലസമൃദ്ധമാണ്. പുല്‍ത്തകിടികളില്‍ മാനം നോക്കിക്കിടക്കുന്ന ആളുകള്‍. ഓടിച്ചാടി നടക്കുന്ന കുട്ടികള്‍. എത്രയെടുത്തിട്ടും തൃപ്തി വരാതെ വീണ്ടും വീണ്ടും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന യുവമിഥുനങ്ങള്‍.
ഫ്രഷ് കാരറ്റ്
തണ്ടോടെയുള്ള കാരറ്റും ബീറ്റ്‌റൂട്ടും മുള്ളങ്കിയുമെല്ലാം ഊട്ടിയിലെ പാതയോരങ്ങളില്‍ സുലഭമാണ്. കയറ്റി അയയ്ക്കാനല്ലാത്തതിനാല്‍ ഈ കാരറ്റില്‍ ചീയാതിരിക്കാനുള്ള മരുന്ന് അടിക്കാറില്ല. അതിനാല്‍ പച്ചയ്ക്കു തിന്നാന്‍ നല്ലതാണ്. വഴിയോരത്തുണ്ടായിരുന്നു ഒരു അക്കയോട് വില ചോദിച്ചു. ഒന്നേ കാല്‍ കിലോയ്ക്ക് 125 രൂപ എന്നു പറഞ്ഞു. അതു വളരെ കൂടുതലാണല്ലോ എന്നു പറഞ്ഞപ്പോള്‍, ഇപ്പോള്‍ പറിച്ചതാണെന്നും ഫ്രഷ് ആണെന്നും മറുപടി. എന്തായാലും വേണ്ടിയില്ല, കുറച്ചു വാങ്ങി വണ്ടി വിട്ടു. അല്‍പദൂരം കഴിഞ്ഞ് മറ്റൊരു കച്ചവടക്കാരിയുടെ അടുത്തെത്തി ചുമ്മാ വില ചോദിച്ചു. അവിടെ കിലോ 60. കാശുപോയല്ലോ എന്നുപറഞ്ഞ് പിന്നേയും വണ്ടി മുന്നോട്ടുപോയി. വീണ്ടും മറ്റൊരു സ്ഥലത്തെത്തി വില ചോദിച്ചു. ‘‘കിലോ 40 റൂപ, ഫ്രഷ് കാരറ്റ് താൻ കൊഞ്ചം പാരുങ്കെ’’ ഷാള്‍ കഴുത്തിലൂടെ ചുറ്റിനിന്ന അക്ക പറഞ്ഞു. ഒന്നും മിണ്ടാതെ വണ്ടി വിട്ടു എന്നുമാത്രമല്ല, ഒരിക്കല്‍ കൂടി വണ്ടി നിര്‍ത്തി വില ചോദിക്കാനുള്ള ധൈര്യവുമുണ്ടായില്ല.
Content Summary : Ooty, known for its scenic beauty, pleasant climate, and variety of attractions.