ADVERTISEMENT

പാഠപുസ്തകങ്ങളിലും പിഎസ്‌സിക്കുമെല്ലാം പഠിക്കുന്നതാണ് സിന്ധു നദീതട സംസ്കാരത്തെപ്പറ്റി. ബിസി മൂവായിരത്തോടെ നിലവിൽ വന്ന മഹത്തായ സംസ്കാരമാണ് സിന്ധു നദീതട സംസ്കാരം അഥവാ ഹാരപ്പൻ സംസ്കാരം. വൻ നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും ഇടകലർന്ന വലിയ പ്രദേശത്താണ് ഈ സംസ്കാരം ഉദയം കൊണ്ടത്. എന്നാൽ പുരാവസ്തു വകുപ്പിന്റെ പുതിയ കണ്ടെത്തലുകൾ പ്രകാരം, സിന്ധുനദീതട സംസ്കാരത്തിലെ ഏറ്റവും വലിയ നഗരം രാഖിഗർഹി ആണ്. അതായത് ഹാരപ്പയിലും മോഹൻജൊദാരോയിലും കണ്ടെത്തിയ നഗരങ്ങളെക്കാൾ വളരെ വലുതായിരുന്നു ഇതെന്നും പറയപ്പെടുന്നു. 5000 വർഷങ്ങൾക്കിപ്പുറം ഇന്നും അദ്ഭുതപ്പെടുത്തുന്ന കണ്ടെത്തലുകൾ ഇവിടെനിന്നു ലഭിക്കുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യം. ഹരിയാനയിലെ ഹിസാർ ജില്ലയിലെ, സിന്ധുനദീതട സംസ്‌കാരത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമവും ഏറ്റവും പഴക്കം ചെന്ന പുരാവസ്തു കേന്ദ്രവുമാണ് രാഖി ഗാർഹി. കഴിഞ്ഞ 32 വർഷമായി ഹരിയാനയിലെ രാഖി ഗർഹിയിൽ പ്രവർത്തിക്കുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഓരോ തവണയും കണ്ടെത്തുന്നത് ഇന്നത്തെ നാഗരികതയെപ്പോലും തോൽപിക്കുന്ന നിർമാണപാടവമാണ്. 

 

ആയിരക്കണക്കിന് വർഷം പുറകോട്ടു പോയാലും അമ്പരപ്പിക്കുന്ന ചരിത്രം

 

നമ്മുടെ നാഗരികതയുടെ 5000 വർഷത്തെ ചരിത്രം തിരുത്തിയെഴുതാൻ ഒരുങ്ങുകയാണു രാഖിഗർഹി. ഹരിയാനയിലെ ഹിസ്സാർ ജില്ലയിലെ രാഖി ഗർഹിയിലെ സമീപകാല ഉത്ഖനനങ്ങൾ നാഗരികതയുടെ ചരിത്രത്തെ ആയിരത്തിലധികം വർഷങ്ങൾ പിന്നോട്ടു നയിച്ചേക്കാം. സിന്ധുനദീതട നാഗരികതയെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാട് മാറ്റാൻ ഇതിനു കഴിയും. രാഖിഗർഹി ഇപ്പോൾ വറ്റിവരണ്ട സരസ്വതി നദിയുടെ തീരത്താണു സ്ഥിതി ചെയ്യുന്നത്. മോഹൻജൊദാരോ കഴിഞ്ഞാൽ ഏറ്റവും വലിയ സിന്ധുനദീതട പ്രദേശമായ രാഖിഗർഹിയിൽ നിന്നുള്ള കണ്ടെത്തലുകൾ പുരാവസ്തു ഗവേഷകർക്കും ചരിത്രകാരൻമാർക്കും എപ്പോഴും ആവേശം നൽകുന്നതാണ്. 

 

224 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന സൈറ്റിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് ആർക്കിയോളജിക്കൽ സർേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ളത്. ഇന്നുവരെ നടത്തിയ പഠനങ്ങൾ അനുസരിച്ച്, സിന്ധുനദീതട സംസ്കാരത്തിൽ ഉൾപ്പെടുന്ന ഏറ്റവും വലിയ വാസസ്ഥലങ്ങളിൽ പലതും ഈ സ്ഥലത്തായിരുന്നുവത്രേ. ഈയടുത്ത് ഇവിടെനിന്ന് 5000 വർഷം പഴക്കമുള്ള ആഭരണനിർമാണ ശാലയുടെ ഭാഗങ്ങൾ ഖനനം ചെയ്തെടുത്തിരുന്നു. പ്രദേശത്തിന്റെ അഞ്ച് ശതമാനം മാത്രമേ ഇന്നുവരെ ഖനനം ചെയ്യപ്പെട്ടിട്ടുള്ളൂ. 

 

രാഖിഗര്‍ഹിയിലെ നിലവിലെ പ്രധാന പുരാവസ്തു കേന്ദ്രങ്ങളാണ് രാഖി ഖാസ്, രാഖി ഷാപൂര്‍ എന്നീ ഗ്രാമങ്ങള്‍. 1963 ലാണ് എഎസ്ഐ ഇവിടെ ഖനനം തുടങ്ങിയത്. 1998 വരെ രാഖിഗര്‍ഹി മേഖലയില്‍ നിന്ന് 56 അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സ്ത്രീകളുടെ രണ്ട് അസ്ഥികൂടങ്ങള്‍ക്ക് ഏകദേശം 7000 വര്‍ഷം പഴക്കമുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഈ നാഗരികത വളരെ സജീവമായ ഒന്നായിരുന്നുവെന്നതിനു മറ്റ് തെളിവുകളും ലഭിച്ചിട്ടുണ്ട്. വീടുകളില്‍ നിന്നുള്ള മലിനജലം കൈകാര്യം ചെയ്യാന്‍ ഇഷ്ടിക പാകിയ ഓടകളുണ്ടായിരുന്നു. ടെറാക്കോട്ട പ്രതിമകള്‍, വെങ്കല വസ്തുക്കള്‍, ചീപ്പ്, ചെമ്പുകൊണ്ടുള്ള ചൂണ്ടക്കൊളുത്തുകള്‍, സൂചികള്‍, ടെറാക്കോട്ട നിര്‍മിതികള്‍ എന്നിവയും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

 

സിന്ധു നദീതട നാഗരികതയുടെ കാലത്ത്, നദിക്കരയിലുള്ള ഈ വാസസ്ഥലം തിരക്കേറിയ ഒരു പട്ടണമായിരുന്നിരിക്കണം. നദീതടത്തെ ഫലഭൂയിഷ്ഠമാക്കി മാറ്റുന്ന നദി, ഈ പ്രദേശത്തെ കൃഷിയുടെ പരിണാമത്തിന് സഹായിച്ചിരിക്കണം. അവ ഈ പ്രദേശത്തെ ഏറ്റവും മികച്ച വാസസ്ഥലങ്ങളിൽ ഒന്നാക്കി മാറ്റി. ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഈ സൈറ്റ് യഥാർഥത്തിൽ സിന്ധുനദീതട സംസ്കാരത്തിനും മുമ്പുള്ളതായിരിക്കാം എന്നാണ്. ഹാരപ്പൻ സംസ്കാരം ഉറങ്ങുന്ന ഈ മണ്ണിൽ ഒരു ഗ്രാമമുണ്ട്. അതും രാഖിഗർഹി എന്നുതന്നെ അറിയപ്പെടുന്നു. ഈ ഗ്രാമത്തിൽ ഇന്ത്യ ഗവൺമെന്റ് ഹാരപ്പന്‍ സംസ്‌കാരം സംബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം സ്ഥാപിക്കാനൊരുങ്ങുകയാണ്. ഏഷ്യയിൽ നിലനിൽപിനു ഭീഷണി നേരിടുന്ന 10 പൈതൃക സൈറ്റുകളില്‍ ഒന്ന് കൂടിയാണ് ഈ പ്രദേശം.

 

Content Summary : Harappan civilization, One of the earliest urban cultures of the world.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com