പോക്കറ്റ് കീറാതെ യാത്ര പോകാന്‍ നാട്ടുകാര്‍ക്ക് വഴി കാണിക്കുന്ന കൂട്ടുകാരന്
Mail This Article
ഒരുപാട് യാത്രകള്‍ ചെയ്യണം എന്ന് മനസ്സില്‍ ആഗ്രഹമുണ്ട്, എന്നാല്‍ ഒരിക്കലും നടക്കാറില്ല. അങ്ങനെയൊരു ആളാണോ നിങ്ങള്‍? ജോലിയുണ്ട്, സമയമില്ല, പണമില്ല എന്നൊക്കെയാണോ അതിനു നിങ്ങള്‍ കണ്ടെത്തിയ കാരണങ്ങള്‍? എങ്കില്‍, നിങ്ങളുടെ യാത്രകള്‍ മുടക്കുന്നത് മറ്റാരുമല്ല, നിങ്ങള്‍ തന്നെയാവാം!
കുറഞ്ഞ ചെലവില്‍, കൃത്യമായി പ്ലാന്‍ ചെയ്ത് യാത്രകള്‍ ചെയ്യാന്‍ മലയാളികളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ് അസ്‌ലം ഓ എം എന്ന കണ്ണൂര്‍ക്കാരന്‍. ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലുമെല്ലാം ഒട്ടേറെ ആരാധകരുള്ള ട്രാവല്‍ വ്ളോഗര്‍ എന്നതിലുപരി, യാത്രകളുടെ ആത്മാവറിയുന്ന സഞ്ചാരിയാണ് അസ്‌ലം. യാത്രാപ്രേമികള്‍ക്ക് ചില കിടിലന്‍ ടിപ്പുകളും യാത്രാവിശേഷങ്ങളുമെല്ലാം മനോരമഓൺലൈനോടു പങ്കുവയ്ക്കുകയാണ് അസ്‌ലം...
∙ ആരാണ് അസ്‌ലം ഓ എം? താങ്കള്‍ സ്വയം എങ്ങനെയാണ് കാണുന്നത്?
യാത്രകള്‍ വളരെയേറെ ഇഷ്ടപ്പെടുന്ന, ധാരാളം യാത്രകള്‍ ചെയ്യാനാഗ്രഹിക്കുന്ന, യാത്രകളിലൂടെ നല്ല മനുഷ്യനായിത്തീരണം എന്ന് ചിന്തിക്കുന്ന ഒരാളാണ്. സ്വദേശം കണ്ണൂരാണ്. ബാംഗ്ളൂരാണ് ജോലി ചെയ്യുന്നത്. എൻജിനീയറാണ്. യാത്ര എന്‍റെ പാഷനാണ്. ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും യാത്രയുമായി ബന്ധപ്പെട്ട വിഡിയോകള്‍ ചെയ്യാറുണ്ട്. യാത്രകള്‍ എന്നെ ഒരുപാട് പഠിപ്പിച്ചു. ഏകദേശം അഞ്ചു വര്‍ഷമായി ഓണ്‍ മൈ വേ എന്നൊരു ക്ലബ് ഉണ്ട്. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കമ്മ്യൂണിറ്റിയാണത്. യാത്രകള്‍ ചെയ്ത ആളുകളെ മീറ്റ് ചെയ്യാനും ഒരുമിച്ച് ക്യാംപ് ചെയ്യാനുമെല്ലാം ക്ലബ്ബില്‍ അവസരമുണ്ട്.
യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ ജോലി, ചെലവ് തുടങ്ങി പലവിധ പ്രശ്നങ്ങള്‍ കാരണം അതിനു സാധിക്കുന്നില്ല. ജോലി ചെയ്തു കൊണ്ടുതന്നെ യാത്ര എങ്ങനെ പ്ലാന്‍ ചെയ്യാന്‍ പറ്റും? യാത്ര ചെയ്യാന്‍ വേണ്ടി ജോലി ഉപേക്ഷിക്കണം എന്നൊക്കെ പറയുന്നത് ശരിയാണോ? യാത്രാ ചെലവ് എങ്ങനെയൊക്കെ കുറയ്ക്കാനാവും?
ജോലിക്കിടെ ലീവെടുത്ത് യാത്ര ചെയ്യുന്നവരും ജോലി വിട്ടു യാത്ര ചെയ്യുന്നവരുമെല്ലാം ഒരുപാടുണ്ട്. യാത്ര ചെയ്യണം, കാര്യങ്ങള്‍ അറിയണം എന്നൊക്കെയുള്ള കഠിനമായ ആഗ്രഹമാണ് നമുക്ക് മനസ്സില്‍ ആദ്യം വേണ്ടത്. അതുണ്ടെങ്കില്‍ത്തന്നെ യാത്രയ്കുള്ള പണവും സമയവും കണ്ടെത്താന്‍ നമുക്ക് പറ്റും, അതിനായി പരിശ്രമിക്കാനുള്ള മനസ്സും ഉണ്ടാകും. പണമില്ല, സമയമില്ല എന്നിങ്ങനെ യാത്ര ചെയ്യാതിരിക്കാന്‍ ഒരുപാട് കാരണങ്ങള്‍ എപ്പോഴും നമുക്ക് കണ്ടെത്താന്‍ പറ്റും.
Read Also : വീൽ ചെയർ യാത്രകൾ അത്രയെളുപ്പമല്ല, പക്ഷെ ഞങ്ങൾക്കും യാത്രകൾ പോകണം...
ഞാന്‍ ഈയിടെ ശ്രീലങ്കയില്‍ പോയിരുന്നു. ഫ്ലൈറ്റ് ടിക്കറ്റ് അടക്കം ആകെ എനിക്ക് ചെലവായത് 24,000 രൂപയാണ്. വെറും പതിനായിരം രൂപയാണ് എനിക്ക് അവിടെ ചെലവായത്. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്ന ഒരുപാട് ആപ്പുകള്‍ ഉണ്ട്. വെറും 200-300 രൂപയ്ക്ക് താമസം കിട്ടാന്‍ സഹായിക്കുന്ന, booking.com, couchsurfing പോലെയുള്ള ആപ്പുകള്‍ ഉണ്ട്. ചില സ്ഥലങ്ങളിലൊക്കെ കൃഷിയിടങ്ങളില്‍ ചെറുതായി സഹായിക്കാന്‍ കൂടിയാല്‍ സൗജന്യ താമസവും ഭക്ഷണവും കിട്ടുന്ന സ്ഥലങ്ങളുണ്ട്. ഗുരുദ്വാര പോലുള്ള സ്ഥലങ്ങളില്‍ സൗജന്യ താമസവും ഭക്ഷണവും കിട്ടും. സ്ഥലങ്ങള്‍ കാണാന്‍ പോകാന്‍ ഷെയേര്‍ഡ് ടാക്സികളും പബ്ലിക് ട്രാന്‍സ്പോര്‍ട്ടും ഉപയോഗപ്പെടുത്തിയാല്‍ ചെലവ് കുറയുക മാത്രമല്ല, അതാതിടങ്ങളിലെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും പറ്റും. നല്ലൊരു സഞ്ചാരിയാവാന്‍ നന്നായി അഡ്ജസ്റ്റ് ചെയ്യാന്‍ പഠിക്കണം.
∙ താങ്കള്‍ എങ്ങനെയാണ് യാത്രകളിലേക്ക് കടന്നുവന്നത്? ആദ്യത്തെ യാത്ര എങ്ങനെയായിരുന്നു? യാത്രകളുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത ഒരു അനുഭവം പങ്കുവയ്ക്കാമോ?
കോളേജ് കാലഘട്ടത്തിലൊക്കെ ഒരുപാട് യാത്രകള്‍ നടത്തിയിരുന്നു. എന്നാല്‍ ഈയടുത്താണ് പ്ലാന്‍ ചെയ്തൊക്കെ യാത്ര ചെയ്യാന്‍ തുടങ്ങിയത്. പണ്ടൊക്കെ സ്ഥലങ്ങള്‍ മാത്രമാണ് മനസ്സില്‍ തങ്ങി നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ യാത്രകളില്‍ കാണുന്ന കാഴ്ചകളും അനുഭവങ്ങളും മനുഷ്യരുമെല്ലാം മനസ്സിലുണ്ടാകും. ശ്രീലങ്കന്‍ യാത്ര ഒരു മറക്കാനാവാത്ത അനുഭവമായിരുന്നു. ഒരു ദിവസം പതിനഞ്ചും പതിനാറും കിലോമീറ്റര്‍ നടന്നിട്ടുണ്ട്. പത്തു പതിനഞ്ചു ദിവസത്തോളം ഒറ്റയ്ക്കുള്ള യാത്രയായിരുന്നു അത്. നുവാര ഏലിയ എന്നൊരു സ്ഥലത്തെ മലയുടെ മുകളില്‍ പോയി തിരിച്ചു വരുന്ന വഴി എന്നെ പൊലീസ് പിടിച്ചു കൊണ്ടുപോയി. അവിടുത്തെ സിറ്റി പൊലീസ് കമ്മീഷണരുടെ കാര്യാലയത്തില്‍ നാലു മണിക്കൂറോളം ഇരിക്കേണ്ടി വന്നു. എന്‍റെ കയ്യിലുണ്ടായിരുന്ന വസ്തുവകകള്‍ എല്ലാം അവര്‍ പിടിച്ചുവച്ചിരുന്നു. മുന്നേ ഐ എസ് ഗൂഡാലോചന നടത്തിയ സ്ഥലമായിരുന്നു നുവാര ഏലിയ. എന്‍റെ പേരും താടിയുമെല്ലാം കണ്ട് തെറ്റിദ്ധരിച്ചാണ് അവര്‍ പിടിച്ചുവച്ചത്.
റയാന്‍ എന്ന് പേരുള്ള സുഹൃത്തിന്‍റെ ഹോസ്റ്റലില്‍ ആയിരുന്നു ഞാന്‍ താമസിച്ചത്. അദ്ദേഹം ഒരു മ്യുസിഷ്യനാണ്. പൊലീസ് സ്റ്റേഷനില്‍ പരിപാടികള്‍ക്ക് പാട്ടൊക്കെ പാടുന്ന ആളാണ്. അങ്ങനെ പുള്ളി പൊലീസ് സ്റ്റേഷനില്‍ വന്നാണ് എന്നെ ഇറക്കികൊണ്ടു പോയത്. അതൊരു മറക്കാനാവാത്ത അനുഭവം തന്നെയായിരുന്നു.
∙ സഞ്ചാരികള്‍ക്ക് വേണ്ടി അടിസ്ഥാന സൗകര്യവികസനം പലയിടങ്ങളിലും നടന്നു വരുന്നേയുള്ളൂ. സുഗമമായ യാത്രകള്‍ക്കായി ഇനിയും എന്തൊക്കെ കാര്യങ്ങളാണ് ഈ മേഖലയില്‍ ആവശ്യം?
നമ്മുടെ നാട്ടില്‍ത്തന്നെ നോക്കിക്കഴിഞ്ഞാല്‍ ടൂറിസ്റ്റുകള്‍ക്ക് മാത്രമല്ല, സാധാരണ യാത്രക്കാര്‍ക്ക് പോലും ആവശ്യമായത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഇല്ലെന്നു കാണാം. റെയില്‍വേ സ്റ്റേഷനുകളിലെ വൃത്തിയില്ലാത്ത ടോയ്‌ലറ്റുകള്‍ തന്നെ ഉദാഹരണം. വിദേശ സഞ്ചാരികള്‍ അടക്കം എത്തുന്ന പല ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികള്‍ക്ക് വേണ്ട ഒരു പ്രാഥമിക സൗകര്യങ്ങളും ഇല്ല. തുടക്ക സമയത്ത് കുറച്ചു കാലം എല്ലാം നന്നായി നടക്കുമെങ്കിലും കുറച്ചങ്ങു കഴിയുമ്പോള്‍ ഇവ സംരക്ഷിക്കപ്പെടാതെ നശിച്ചു പോകുന്ന സ്ഥിതിയുണ്ട്. ഇവിടങ്ങളില്‍ എത്തുന്ന ആളുകള്‍ തന്നെ ഈ സൗകര്യങ്ങള്‍ നശിപ്പിക്കുന്നതും കാണാറുണ്ട്. നമുക്ക് ഓരോരുത്തര്‍ക്കും പ്രകൃതിയോടും മനുഷ്യനോടും ഒരു കമ്മിറ്റ്മെന്റും റെസ്പോണ്‍സിബിലിറ്റിയും ഉണ്ടെങ്കില്‍ നമ്മള്‍ ആരും ഇതൊന്നും വൃത്തികേടാക്കില്ല.
സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് മറ്റൊരു വിഷയം. ടൂറിസം കേന്ദ്രങ്ങളില്‍ പരിശോധനകള്‍ കൃത്യസമയത്ത് നടത്തണം. അതിനായി അടുത്ത അപകടം ഉണ്ടാകും വരെ കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകരുത്.
∙ “Tourism and Green Investment” എന്നതാണ് ഈ വര്‍ഷത്തെ ലോക ടൂറിസം ദിനത്തിന്‍റെ തീം. നമ്മുടെ നാട്ടിലെ പരിതസ്ഥിതികളുമായി ബന്ധപ്പെട്ട് ഇതൊന്നു വിലയിരുത്താമോ?
നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. പ്രകൃതിയില്ലെങ്കില്‍ മനുഷ്യനില്ല. മനോഹരമായ കുന്നുകളും മലകളും വെള്ളച്ചാട്ടങ്ങളും പോലുള്ള കാഴ്ചകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിലെ സ്‌ട്രെസ് കുറയ്ക്കാനും മറ്റും വളരെ സഹായിക്കുന്നുണ്ട്. എന്നാല്‍, പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള യാത്രകള്‍ എന്നത് എല്ലാ കാലത്തും സംസാരവിഷയമായിട്ടുണ്ട്. വാഹനങ്ങളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുമെല്ലാം പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യുമെന്ന് നമ്മള്‍ പറയാറുണ്ട്. എന്നാല്‍ ഇതെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതം നമുക്ക് ആലോചിക്കാന്‍ പറ്റില്ല. അപ്പോള്‍, പരിസ്ഥിതിയ്ക്കു ദോഷം വരുത്താത്ത രീതിയിലുള്ള നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്തുക എന്നതാണ് വേണ്ടത്.
∙ നല്ല ഒരു യാത്രക്കാരന്‍ എന്നാല്‍ താങ്കളുടെ മനസ്സിലുള്ള സങ്കല്പം എന്താണ്?
എല്ലാവരും യാത്ര ചെയ്യുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അതില്‍ സോഷ്യല്‍ മീഡിയയുടെയും മറ്റും പങ്ക് ചെറുതല്ല. യാത്രകളിലൂടെ ഒരുപാട് പഠിക്കാനും തിരിച്ചറിയാനുമുണ്ടെന്ന് പുതുതലമുറയ്ക്ക് മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. ഒരു സ്ഥലത്ത് നമ്മള്‍ യാത്ര കഴിഞ്ഞ് വരുമ്പോള്‍ ആ നാട് നമ്മളെ എങ്ങനെ സ്വീകരിച്ചു, എങ്ങനെയാണ് നമ്മളോട് പെരുമാറിയത് എന്നുള്ള കാര്യങ്ങള്‍ എന്നും നമ്മുടെ മനസ്സിലുണ്ടാകും. എത്ര നല്ല സ്ഥലമാണെങ്കിലും അതിന്‍റെ പേര് നശിപ്പിക്കാന്‍ മോശമായി പെരുമാറുന്ന ഒന്നോ രണ്ടോ നാട്ടുകാര്‍ മതി.
യാത്ര ജീവിതത്തിന്‍റെ ഭാഗമാണ്. അതുകൊണ്ടുതന്നെ, സന്തോഷം മാത്രമല്ല യാത്രകള്‍ക്കിടയില്‍ നമ്മെ തേടിയെത്തുക. ജീവിതം പോലെ തന്നെ യാത്രക്കിടയില്‍ ഒട്ടേറെ ബുദ്ധിമുട്ടുകളും നമുക്ക് നേരിടേണ്ടതായി വരും. ഒരു നല്ല യാത്രക്കാരന്‍ എന്നാല്‍, പ്രകൃതിയോടും സമൂഹത്തോടും മനുഷ്യരോടും സംസ്കാരത്തോടുമെല്ലാം കടപ്പാടുള്ള വ്യക്തിയായിരിക്കണം. ഇടപെടുന്ന ചുറ്റുപാടുകള്‍ മനസ്സിലാക്കി, നല്ല കാര്യങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ പറ്റണം.
ഇന്നത്തെ യാത്രകള്‍ പലപ്പോഴും, മറ്റുള്ളവരെ ബോധിപ്പിക്കാന്‍ വേണ്ടിയുള്ളതായിപ്പോകുന്നു എന്ന് തോന്നാറുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആളുകളെ കാണിക്കാന്‍ വേണ്ടിയുള്ള യാത്രകളുണ്ട്. മറ്റുള്ളവര്‍ യാത്ര ചെയ്യുന്നത് കണ്ടിട്ട് ചുമ്മാ ഓരോരോ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുണ്ട്.
മതത്തിന്‍റെയും ജാതിയുടെയും രാഷ്ട്രീയത്തിന്‍റെയുമെല്ലാം പേരില്‍ ആളുകളെ മാറ്റി നിര്‍ത്തുന്നതുമെല്ലാം പോലുള്ള ഇടുങ്ങിയ ചിന്താഗതി മാറാനും എല്ലാവരും മനുഷ്യരാണ് എന്ന തിരിച്ചറിവുണ്ടാകാനും സഹായിക്കുന്നതാവണം യാത്രകള്‍.
Content Summary : Aslam OM, traveller, vlogger, story teller and influencer.