ഗുല്‍മാര്‍ഗില്‍ മഞ്ഞുവാരി ലക്ഷ്മി നക്ഷത്ര, കുതിരപ്പുറത്തേറി ദില്‍ഷ പ്രസന്നന്
Mail This Article
വീണ്ടും മഞ്ഞുകാലമായതോടെ കാശ്മീരിലേക്ക് രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളുടെ തിരക്കാണ്. ദാല്‍ തടാകവും പഹല്‍ഗാമും ഗുല്‍മാര്‍ഗുമെല്ലാം സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞു. കശ്മീര്‍ കാണാനെത്തിയ മലയാളികളുടെ കൂട്ടത്തില്‍ താരസുന്ദരിമാരായ ലക്ഷ്മി നക്ഷത്രയും ദില്‍ഷ പ്രസന്നനുമുണ്ട്. കശ്മീരില്‍ നിന്നുള്ള അതിമനോഹര ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. മഞ്ഞുമൂടിയ മലനിരകള്‍ക്കിടയില്‍ നിന്നും ഒട്ടേറെ ചിത്രങ്ങള്‍ ലക്ഷ്മി നക്ഷത്ര പങ്കുവെച്ചിട്ടുണ്ട്. ഗുല്‍മാര്‍ഗില്‍ മഞ്ഞുവാരിക്കളിക്കുന്ന വിഡിയോയും ഇക്കൂട്ടത്തിലുണ്ട്.
കശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഗുല്‍മാര്‍ഗ്. റോസാപ്പൂക്കളുടെ നാട് എന്നര്‍ത്ഥം വരുന്ന ഗുല്‍മാര്‍ഗ് അതിമനോഹരമാണ്. ഡിസംബറില്‍ മഞ്ഞുവീഴ്ചയോടെ തുടങ്ങി, ഏപ്രില്‍ വരെ നീണ്ടു നില്‍ക്കുന്ന ടൂറിസ്റ്റ് സീസണ്‍ ഇവിടെ ഉത്സവകാലമാണ്. തലസ്ഥാനനഗരമായ ശ്രീനഗറില്‍ നിന്നും വെറും ഒരു മണിക്കൂര്‍ യാത്ര മാത്രമേ ഇവിടേക്കുള്ളൂ.
സമുദ്രനിരപ്പിൽ നിന്ന് 2,730 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുൽമാർഗ്, ഇന്ത്യയിലെ ശൈത്യകാല കായിക വിനോദങ്ങളുടെ പറുദീസയാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഗൊണ്ടോള റൈഡും ട്രെക്കിങ്, പർവതാരോഹണം, സ്കീയിങ്, സ്നോബോർഡിങ് തുടങ്ങിയ വിനോദങ്ങളുമെല്ലാം ഇവിടെ ആസ്വദിക്കാം. ഇന്ത്യയിലെ ഏറ്റവും മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നുകൂടിയാണ് ഇവിടം.
കാശ്മീരില്‍ നിന്നുള്ള ദില്‍ഷ പ്രസന്നന്‍റെ ചിത്രങ്ങളും വിഡിയോകളും വളരെ മനോഹരമാണ്. കുതിരപ്പുറത്തേറിയും ചുവന്ന സാരിയുടുത്തുമെല്ലാം ദില്‍ഷയെ ഇവയില്‍ കാണാം.
നാട്യശാസ്ത്രവുമായി ബന്ധപ്പെടുത്തിയ ഒരു ഫോട്ടോഷൂട്ടാണ് നര്‍ത്തകി കൂടിയായ ദില്‍ഷ കശ്മീരില്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ചാംവേദം എന്ന് വിളിക്കപ്പെടുന്ന നാട്യശാസ്ത്രം കശ്മീരില്‍ വച്ചാണ് ഭരതമുനി എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്നു. കുതിരപ്പുറത്ത് വിഷമിച്ച് യാത്ര ചെയ്യുന്ന ഒരു പെണ്‍കുട്ടി, തന്നിലെ നര്‍ത്തകിയെ കണ്ടെത്തുന്ന രീതിയിലാണ് ദില്‍ഷയുടെ വിഡിയോ.
കശ്മീരിന്‍റെ സമ്പന്നമായ ചരിത്രവും സംസ്‌കാരവും പ്രകൃതിസൗന്ദര്യവുമെല്ലാം കാലങ്ങളായി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈയിടെ, ജി 20 സമ്മേളനത്തിന് ആതിഥ്യം വഹിച്ചതും പ്രാദേശിക വിനോദസഞ്ചാരത്തിന് ഉത്തേജനമായി. കഴിഞ്ഞ വർഷം, ഏകദേശം 18 ദശലക്ഷം വിനോദസഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിച്ചു. ഇക്കുറി, ഇതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ എത്തും എന്നാണു പ്രതീക്ഷിക്കുന്നത്.