ADVERTISEMENT

സഞ്ചാരികളുടെ പറുദീസ– അക്ഷരാർഥത്തിൽ അതാണ് ഗോവ. ഏതു പ്രായക്കാരെയും ആകർഷിക്കാനുള്ളതെല്ലാം ഒരുക്കിയാണ് ഗോവ സഞ്ചാരികളെ കാത്തിരിക്കുന്നത്. കടലും തീരവും എത്ര കണ്ടാലും മതിവരാത്ത മോളുടെ സമ്മർദ്ദം ഏറിയതോടെ, വളരെ കാലമായി മാറ്റിവച്ച ഗോവ എന്ന സ്വപ്നത്തിലേക്ക് ഞങ്ങൾ വണ്ടി കയറി.

ടിക്കറ്റ് ബുക്ക് ചെയ്യും വരെയുണ്ടായിരുന്ന, വേനൽക്കാലത്തെ തോൽപിക്കും വിധമുള്ള ചൂട് മഴയ്ക്ക് വഴി മാറിയിരുന്നു. പക്ഷേ ഞങ്ങളുടെ ആശങ്കകളെ പറത്തി വിട്ടുകൊണ്ട്, യാത്ര തീരുമാനിച്ച ആഴ്ച ആയപ്പോഴേക്കും മഴ മാറി തുടങ്ങിയിരുന്നു. സെപ്റ്റംബർ 20 ആയതേയുള്ളൂ. ഗോവയിലെ ടൂറിസം സീസൺ ആരംഭിക്കാൻ ഇനിയും 10 ദിവസം മിച്ചമുണ്ടായിരുന്നു. യാത്ര മൊത്തം മഴയിൽ കുതിർന്നു പോകുമോ എന്ന ചിന്ത ഇടയ്ക്കിടെ വന്നുപോകുന്നുണ്ടായിരുന്നു. തെളിഞ്ഞ മാനവും കണ്ട് എറണാകുളത്തുനിന്ന് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റിൽ കയറി. 

ബാഗാ ബീച്ച്
ബാഗാ ബീച്ച്

കൊങ്കണിലെ തുരങ്കങ്ങളും താണ്ടി മഡ്കോൺ ജംക്‌ഷനിൽ എത്തിയപ്പോഴേക്കും കാലാവസ്ഥ തെളിഞ്ഞു. അവിടെനിന്ന് മണ്ഡോവി എക്സ്പ്രസിൽ തിവിമ്മിലേക്ക്. തിവിം സ്റ്റേഷനിൽനിന്ന് ഒരു ഓട്ടോ വിളിച്ച് ബാഗ ബീച്ചിനു സമീപം ബുക്ക് ചെയ്ത താമസസ്ഥലത്തേക്ക്.

റൂമിൽനിന്നു ഫ്രഷായി, വാടകയ്ക്ക് എടുത്ത ടൂവീലറുമായി ആദ്യ ഡെസ്റ്റിനേഷൻ ആയ അഗോഡയിലേക്ക്. അഞ്ചു മിനിറ്റ് സഞ്ചരിച്ചു കാണും, എവിടെനിന്നോ ചറപറ മഴ പെയ്യാൻ തുടങ്ങി. മഴ നനയാതെ എവിടെ കയറി നിൽക്കും എന്നു നോക്കിയപ്പോൾ കണ്ണുടക്കിയത് ഒരു ഹോട്ടൽ ബോർഡിലേക്ക്. ബ്രേക്ക് ഫാസ്‌റ്റോ കഴിക്കാൻ പറ്റിയില്ല എന്നാൽ ഒരു ബ്രെഞ്ച് തന്നെയാവാം എന്നു കരുതി ഹോട്ടലിൽ കയറി. വിസ്തരിച്ച് നോർത്തിന്ത്യൻ താലി കഴിച്ചിട്ടും മഴ അടങ്ങുന്നില്ല. മഴ കുറഞ്ഞു എന്നു കരുതി പുറപ്പെടാൻ തുടങ്ങുമ്പോഴേക്കും വീണ്ടും ശക്തിയായി പെയ്യാൻ തുടങ്ങിയിട്ടുണ്ടാകും. കഷ്ടപ്പെട്ട് യാത്ര ചെയ്ത് ഇവിടെ വരെ എത്തിയത് മഴ നോക്കി നിൽക്കാനല്ലല്ലോ എന്ന തോന്നലിൽ മഴയത്ത് യാത്ര തുടരാൻ തന്നെ തീരുമാനിച്ചു. പക്ഷേ, ആ തീരുമാനത്തിന് അധികം ആയുസ്സ് ഉണ്ടായില്ല. വീണ്ടും മഴ ശക്തമായപ്പോൾ രണ്ടിടത്ത് കേറി നിൽക്കേണ്ടിവന്നു. പിന്നെയൊന്നും ആലോചിച്ചില്ല, അടുത്ത് കണ്ട കടയിൽ കയറി മൂന്നു റെയിൻകോട്ടങ്ങ് വാങ്ങി. ഹിന്ദിയിൽ വിലപേശുവാനുള്ള വാക്കുകളൊക്കെ ഞാൻ തപ്പിപ്പിടിച്ച് വരുമ്പോഴേക്കും വിലപേശലിൽ വലിയ വൈദഗ്ധ്യമൊന്നുമില്ലാത്ത ഭർത്താവ് കച്ചവടം ഉറപ്പിച്ചിരുന്നു. പ്ലാസ്റ്റിക് കവചത്തിൽ പൊതിഞ്ഞ് ഞങ്ങൾ മൂന്നുപേരും അഗോഡ കോട്ടയിലേക്ക്.

സഞ്ചാരികളുടെ പറുദീസ– അക്ഷരാർഥത്തിൽ അതാണ് ഗോവ
സഞ്ചാരികളുടെ പറുദീസ– അക്ഷരാർഥത്തിൽ അതാണ് ഗോവ

അഗോഡ കോട്ട

ഡച്ചുകാരിൽനിന്നും മറാഠകളിൽനിന്നുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ പോർച്ചുഗീസുകാർ പണിതതാണ് മണ്ഡോവി നദിയുടെ പതനസ്ഥാനത്ത്, അറബിക്കടലിനെ അഭിമുഖീകരിച്ചിരിക്കുന്ന അഗോധാ കോട്ട. 1612 ൽ നിർമാണം പൂർത്തീകരിച്ച ഈ കോട്ട ഇന്ന് പുരാവസ്തു സംരക്ഷണ വകുപ്പിന്റെ കീഴിലാണ്. ജലം എന്ന അർഥം വരുന്ന പോർച്ചുഗീസ് വാക്കായ 'അഗ്വ'യിൽ നിന്നാണ് കോട്ടയ്ക്ക് ഈ പേര് ലഭിച്ചത്. 20 ലക്ഷം ഗാലൻ വെള്ളം സംഭരിക്കാൻ ശേഷിയുണ്ടായിരുന്ന ഒരു ജലസംഭരണി കോട്ടയിൽ ഉണ്ടായിരുന്നു. ഇതുവഴി സഞ്ചരിച്ച കപ്പലുകൾ ശുദ്ധജലം ശേഖരിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. കോട്ടയേക്കാൾ പ്രശസ്തമാണ് ഇവിടത്തെ ലൈറ്റ് ഹൗസ്. നാലു നിലകളിലായി കോട്ടയുടെ വിശാലതയിൽ തലയുയർത്തി നിൽക്കുന്ന ലൈറ്റ് ഹൗസ് 1864ലാണ് പണികഴിപ്പിച്ചത്.

ലൊക്കേഷൻ 

പനജിയിൽനിന്ന് 16 കിലോമീറ്റർ ദൂരെയായാണ് അഗോഡ കോട്ട സ്ഥിതി ചെയ്യുന്നത്.

സിൻക്വറിം കോട്ട

കുന്നിന് മുകളിലുള്ള അഗോഡ കോട്ടയുടെ അനുബന്ധമായ സിൻ ക്വറിം കോട്ട മൂന്ന് കിലോമീറ്റർ മാറി താഴെയാണ് സ്ഥിതി ചെയ്യുന്നത്. അറബിക്കടലിലേക്ക് തള്ളി നിൽക്കുന്ന കോട്ട സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. കോട്ടയുടെ അടിഭാഗത്ത് ആഞ്ഞടിച്ച് ഉയർന്നുവരുന്ന തിരമാലത്തുള്ളികൾ നനയാനും സെൽഫിയിൽ പകർത്താനും സഞ്ചാരികൾ മത്സരിക്കുന്നുണ്ടായിരുന്നു. കോട്ടയുടെ മതിലിൽ ചാരിനിന്നും കയറിയിരുന്നും പുറകിലുള്ള മനോഹരമായ ബീച്ചും കൂടി പകർത്താനുള്ള ശ്രമത്തിലായിരുന്നു ചിലർ.

മഴ നനഞ്ഞ് ഓൾഡ് ഗോവയിലേക്ക് 

ഇടയ്ക്കൊന്നുനിന്നും പിന്നെ ശക്തമായും മഴ പെയ്തുകൊണ്ടിരുന്നു. മഴയത്ത് ബീച്ചിൽ പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്തതുകൊണ്ട് യാത്ര ബോം ജീസസ് ബസിലിക്കയിലേക്ക് ആകാം എന്ന് വിചാരിച്ചു. മഴ നനയരുത് എന്ന് ലക്ഷ്യത്തോടെ ആയിരുന്നു ഈ തീരുമാനമെങ്കിലും തികച്ചും തെറ്റായിപ്പോയി. ഒരു ജീവിതത്തിൽ കൊള്ളാവുന്ന മഴയത്രയും ആ യാത്രയിൽ അനുഭവിച്ചു. മുഖത്തും ചുണ്ടിലും പതിച്ചു കൊണ്ടിരുന്ന മഴത്തുള്ളികൾ പലപ്പോഴും വേദനിപ്പിച്ചു. റെയിൻ കോട്ടിനകത്ത് ആണെങ്കിലും അത്യാവശ്യ മഴയൊക്കെ ഉള്ളിലും എത്തുന്നുണ്ടായിരുന്നു. ഭാഗ്യമെന്ന് പറയട്ടെ, ഒരു ദിവസത്തിന്റെ പകുതി മുഴുവൻ മഴ കൊണ്ടിട്ടും ഒരു ചെറിയ ജലദോഷം പോലും ഞങ്ങളെ പിടികൂടിയില്ല.

സഞ്ചാരികളുടെ പറുദീസ– അക്ഷരാർഥത്തിൽ അതാണ് ഗോവ
സഞ്ചാരികളുടെ പറുദീസ– അക്ഷരാർഥത്തിൽ അതാണ് ഗോവ

ബോം ജീസസ് ബസിലിക്ക

1605 ൽ പണികഴിപ്പിച്ച ഈ ദേവാലയം ഗോവയുടെ ഗതകാല പ്രൗഢി വിളിച്ചോതുന്ന നിർമിതിയാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടെയാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്. 1552 ഡിസംബർ മൂന്നിന് വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ മരണശേഷം ചൈനയിലെ ഷാങ്ചുവാൻ ദ്വീപിലാണ് അദ്ദേഹത്തെ ആദ്യം അടക്കിയത്. പിന്നീട് മൃതദേഹം  മലാക്കയിലേക്ക് കൊണ്ടുപോവുകയും 1553 ഡിസംബറിൽ ഭൗതികാവശിഷ്ടങ്ങൾ ഗോവയിൽ തിരികെ എത്തിക്കുകയും ചെയ്തു. യാതൊരു കേടുപാടുകളും ഈ കാലം കൊണ്ട് മൃതദേഹത്തിനുണ്ടായിരുന്നില്ല. വെള്ളിപ്പേടകത്തിലാണ് ഭൗതികാവശിഷ്ടങ്ങൾ ബോം ജീസസ് ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നത്. 10 വർഷത്തിലൊരിക്കൽ വിശുദ്ധന്റെ ചരമവാർഷിക ദിനത്തിൽ തിരുശേഷിപ്പുകൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാറുണ്ട്. വലിയ കേടുപാടുകൾ ഒന്നും തന്നെ മൃതദേഹത്തിന് ഇപ്പോഴുമില്ല. 2024 നവംബർ 21 മുതൽ 2025 ജനുവരി 5 വരെയാണ് വിശുദ്ധന്റെ തിരുശേഷിപ്പുകൾ വിശ്വാസികൾക്കായി ഇനി പുറത്തെടുക്കുന്നത്. വളരെ മനോഹരമായ അൾത്താരയും മാർബിൾ പാകിയ തറകളും ദേവാലയത്തിന് പ്രൗഢിയേകുന്നു.

ലൊക്കേഷൻ 

പനജിയിൽനിന്ന് 12 കിലോമീറ്റർ അകലെയാണ് ബോം ജീസസ് ബസിലിക്ക സ്ഥിതി ചെയ്യുന്നത്. പ്രവേശനം തിങ്കൾ മുതൽ ശനി വരെ. രാവിലെ 9 മണി മുതൽ 5 മണി വരെ. ഞായറാഴ്ച 11 മണി മുതൽ 5 മണി വരെ.

സേ കത്തീഡ്രൽ
സേ കത്തീഡ്രൽ

സേ കത്തീഡ്രലും ആർക്കിയോളജിക്കൽ മ്യൂസിയവും

ഏഷ്യയിലെ തന്നെ വലുപ്പമേറിയ കത്തീഡ്രലുകളിൽ ഒന്നായ സേ കത്തീഡ്രൽ ബോം ജീസസ് ബസിലിക്കയുടെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഈ ദേവാലയം അലക്സാഡ്രിയയിലെ സെന്റ് കാതറീനാണ് സമർപ്പിച്ചിരിക്കുന്നത്. പോർച്ചുഗീസ് ഭരണാധികാരി അൽഫോൺസോ ഡി അൽബുക്കിർക്ക് ബീജാപുർ സുൽത്താനായിരുന്ന ആദിൽഷായെ പരാജയപ്പെടുത്തി ഗോവ പിടിച്ചെടുത്തത് സെന്റ് കാതറിന്റെ തിരുനാൾ ദിവസമായ നവംബർ 25 ആയിരുന്നു. 250 അടി നീളവും 181 അടി ഉയരവുമുള്ള ഇവിടെയാണ് ഗോവയിലെ ഏറ്റവും വലിയ മണി സ്ഥാപിച്ചിരിക്കുന്നത്.

കത്തീഡ്രലിന് സമീപം ആയാണ് സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ആർക്കിയോളജി മ്യൂസിയം സ്ഥിതി ചെയ്യുന്നത്. അൽഫോൻസോ ഡി അൽബുക്കിർക്കിന്റെ വെങ്കല പ്രതിമയാണ് മ്യൂസിയത്തിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. 400 വർഷത്തെ പോർച്ചുഗീസ് അധിനിവേശത്തിന്റെ തിരുശേഷിപ്പുകൾ ഇവിടെ കാണാം.  ശനി - വ്യാഴം രാവിലെ 10 മണി മുതൽ 5 വരെയാണ് ഇവിടെ പ്രവേശനം. വെള്ളിയാഴ്ച അവധിയാണ്.

ഫൗണ്ടൻഹാസ്

ഇരുട്ടിത്തുടങ്ങിയെങ്കിലും ഗോവയിലെ വർണാഭമായ ഫൗണ്ടൻഹാസ് സന്ദർശിക്കാതെ തിരിച്ചു പോകുന്നത് എങ്ങനെയാണ്. പനജിയിൽനിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രമാണ് ഫൊട്ടോഗ്രഫർമാരുടെ ഇഷ്ട സ്ഥലമായ ഈ തെരുവിലേക്കുള്ള ദൂരം. പല വർണത്തിലും രൂപത്തിലുമുള്ള ഇന്തോ -വെസ്റ്റേൺ ശൈലിയിലുള്ള കെട്ടിടങ്ങൾ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലും സുന്ദരമായിരുന്നു. 

ബാഗാ ബീച്ച്
ബാഗാ ബീച്ച്

ഈ യാത്രകളിൽ ഉടനീളം മഴ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ബാഗാ ബീച്ചിന് സമീപമുള്ള താമസസ്ഥലത്ത് എത്തിയപ്പോഴേക്കും മഴ നിന്നിരുന്നു. പബുകളും ടാറ്റു പാർലറുകളും നിറഞ്ഞ ബാഗയിലെ തെരുവിലൂടെ നടക്കുമ്പോൾ ഗോവയുടെ ആഘോഷ തിമിർപ്പിന്റെ മുഖം ദൃശ്യമാകാൻ തുടങ്ങി. പാട്ടും ഡാൻസും ഡ്രിങ്ക്സും ഭക്ഷണവും പ്രകാശ പൂർണമാക്കുന്ന ഗോവൻ തെരുവുകൾ.

ബീച്ചുകളിലായി ഒരു ദിനം

ഗോവൻ ട്രിപ്പ് മുഴുവൻ വെള്ളത്തിലായിപ്പോകുമോ എന്ന് ശങ്കിച്ചിരുന്ന ഞങ്ങളെ പിറ്റേ ദിവസം മഴ ഉപദ്രവിച്ചില്ല. രണ്ടാമത്തെ ദിവസം മുഴുവൻ ബീച്ചുകൾക്കായി വിനിയോഗിക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. കൻഡോലിം, അൻജുന, വാഗതാർ, കലങ്ങാട്ട്, ബാഗാ എന്നിങ്ങനെ സമീപമുള്ള ബീച്ചുകളിലും തെരുവുകളിലും എല്ലാം കറങ്ങി. ആമിർഖാൻ അഭിനയിച്ച ദിൽ ചാഹ്താഹേ സിനിമയിലൂടെ പരിചിതമായ ചപ്പോറ കോട്ടയും സന്ദർശിച്ചു. ബീജാപ്പുർ സുൽത്താൻമാരുടെ കാലത്താണ് ഈ കോട്ട നിർമിച്ചിരിക്കുന്നത്.

goa-travelogue
കൻഡോലിം, അൻജുന, വാഗതാർ, കലങ്ങാട്ട്, ബാഗാ എന്നിങ്ങനെ നിരവധി ബീച്ചുകൾ ഗോവയിലുണ്ട്.

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം എന്ന ലേബലിൽ ഗോവയെ ഒരിക്കലും ഒതുക്കുവാൻ പറ്റില്ല. ഒറ്റനോട്ടത്തിൽ കേരളമാണെന്ന് തോന്നിപ്പിക്കുന്ന ഗോവയിൽ , റോഡുകളും പാലങ്ങളും കാണുമ്പോൾ തന്നെ ആ വ്യത്യാസം മനസ്സിലാക്കാൻ പറ്റും. വിശാലമായ പാതകളും പാലങ്ങളും ഗോവയിൽ മികച്ച ഡ്രൈവിങ് അനുഭവമാണ് നൽകുന്നത് .

ലഹരിയായി ഗോവൻ രുചി

ഗോവൻ രുചിയെ കുറിച്ച് പറയാതെ ഈ കുറിപ്പ് പൂർണമാകില്ല. നോൺ വെജ് വിഭവങ്ങളെല്ലാം ഒന്നിനൊന്ന് രുചികരം. ഇവിടുത്തെ മീൻ രുചികൾ ഒരിക്കൽ രുചിച്ചവർ മറക്കില്ല. പിങ്ക് നിറത്തിലുള്ള സോൾകടിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. കുടംപുളിയുടെ ജനുസ്സിൽ പെട്ട കോകം കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. തേങ്ങാപ്പാലിൽ പച്ചമുളകും മല്ലിയിലയും ഉപ്പുമൊക്കെ ചേർത്തുണ്ടാക്കുന്ന സോൾകടിക്ക് അപാര രുചിയാണ്. ചോറിലൊഴിച്ചോ ഭക്ഷണ ശേഷമോ കുടിക്കാം, നമ്മുടെ രസം പോലെ. ദഹനപ്രക്രിയ സുഗമമാക്കുവാൻ ഇത് സഹായിക്കുന്നു. ചായ എന്ന പേരിൽ ചായവെള്ളം തന്നു നമ്മളെ പറ്റിക്കുന്ന മലയാളി ഹോട്ടലുകൾ പാല് നല്ലവണ്ണം ചേർത്ത് തയ്യാറാക്കുന്ന ഗോവൻ ചായ ഒരിക്കലെങ്കിലും കുടിക്കണം.

സീസൺ ടൈമിൽ വീണ്ടുമൊരിക്കൽ കൂടി വരണമെന്ന് തീരുമാനിച്ചു രാത്രി നേത്രാവതി എക്സ്പ്രസിന് ഞങ്ങൾ കയറി. പകൽ മുഴുവൻ മാറിനിന്ന മഴ അപ്പോഴേക്കും പെയ്യാൻ തുടങ്ങിയിരുന്നു.

English Summary:

Goa is about rich traditions, rich culture, great food, great people, great eco-tourism.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com