ADVERTISEMENT

രജപുത്രരുടെ നാട്, കോട്ടകളും കൊട്ടാരങ്ങളും സുന്ദരമാക്കുന്ന ഭൂമി. വീറും വാശിയും നിറഞ്ഞ രാജാക്കന്മാരുടെ ചരിത്രമുറങ്ങുന്ന ആ നാട്ടിലേയ്ക്കു ഒരു യാത്ര പോയാൽ കാത്തിരിക്കുന്ന കാഴ്ചകളിൽ മണലാരണ്യങ്ങളും പർവതനിരകളും തടാകങ്ങളും കൊടുംകാടുകളുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ ഥാർ മരുഭൂമിയുടെ ഭൂരിഭാഗവും രാജസ്ഥാനിലാണ്. ഇവിടുത്തെ ഒരു കോട്ടയാണ് ജുനാഗഡ്. ഈ കോട്ടയ്ക്കു ചുറ്റുമാണ് ബിക്കാനീര്‍ നഗരം പടര്‍ന്നുകിടക്കുന്നത്. ചരിത്രവും പാരമ്പര്യവും കൊണ്ടു സമ്പന്നമായ ജുനാഗഡ് കോട്ട കാണാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും സന്ദര്‍ശകര്‍ എത്താറുണ്ട്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രത്യേകതകള്‍ക്കൊപ്പം അധികം പേര്‍ക്കും പരിചിതമല്ലാത്ത പല സവിശേഷതകള്‍ കൂടിയുള്ള കോട്ടയാണിത്. 

Junagarh Fort, Bikaner, Rajasthan. Image Credit : Marcos del Mazo/shutterstock
Junagarh Fort, Bikaner, Rajasthan. Image Credit : Marcos del Mazo/shutterstock

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടകളും കൊട്ടാരങ്ങളും ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന രാജസ്ഥാനിലെ സവിശേഷമായ കോട്ടയാണ് ജുനാഗഡ്. നിര്‍മാണ വൈഭവവും ചരിത്ര പ്രാധാന്യവും ചേര്‍ന്നു നില്‍ക്കുന്നു ഇവിടെ. 1589ല്‍ ബിക്കാനീര്‍ ചക്രവര്‍ത്തിയായിരുന്ന രാജാ റായ് സിങ്ങിന്റെ മന്ത്രി കരണ്‍ ചന്ദിന്റെ മേല്‍നോട്ടത്തിലാണ് ഈ കോട്ട നിര്‍മിച്ചത്. നിരവധി കഥകള്‍ കൂടി ഒളിപ്പിച്ചിട്ടുള്ള ജുനാഗഡ് കോട്ടയുടെ പ്രത്യേകതകള്‍ എന്തൊക്കെയെന്നു നോക്കാം. 

നിര്‍മാണം

പ്രസിദ്ധമായ കോട്ടകള്‍ക്കു പഞ്ഞമില്ലാത്ത നാടാണ് രാജസ്ഥാന്‍. അതുകൊണ്ടുതന്നെ പലപ്പോഴും ഇത്തരം കോട്ടകള്‍ക്കിടയില്‍ ജുനാഗഡ് കോട്ട അധികം അറിയപ്പെടാറില്ല. എന്നാല്‍ പല കാര്യങ്ങളിലും തനതു സവിശേഷതയുള്ള കോട്ടയാണിത്. ഉദാഹരണത്തിന് കുന്നിനു മുകളില്‍ നിര്‍മിച്ച കോട്ടയല്ല ഇത്. മറ്റു പ്രധാന കോട്ടകളെല്ലാം ഉയര്‍ന്ന സ്ഥാനത്താണ് നിര്‍മിച്ചിട്ടുള്ളത് എന്നാല്‍ ജുനാഗഡ് കോട്ട ബിക്കനീറിന്റെ സമതലത്തിലാണ് സ്ഥിതി ചെയ്യുന്നത്. 

Junagarh Fort. Image Credit : Radiokafka/shutterstock
Junagarh Fort. Image Credit : Radiokafka/shutterstock

രാജാവില്ല

പല പ്രസിദ്ധമായ കോട്ടകളും അറിയപ്പെടുന്നത് അതു നിര്‍മിച്ച രാജാവിന്റെ പേരിലാണ്. എന്നാല്‍ ജുനാഗഡ് കോട്ടയുടെ പേരിനു പിന്നില്‍ രാജാക്കന്മാര്‍ക്കു പങ്കില്ല. ജുനാഗഡ് എന്നാല്‍ പഴയ കോട്ടയെന്നാണ് പ്രാദേശിക ഭാഷയില്‍ അര്‍ഥം. ചിന്താമണി എന്നാണ് ആദ്യം ഈ കോട്ട അറിയപ്പെട്ടിരുന്നത്. പിന്നീട് ജുനാഗഡ് എന്നു പേരുമാറ്റുകയായിരുന്നു. 

ഏഴു കവാടങ്ങള്‍

ഏഴു കവാടങ്ങളാണ് ജുനാഗഡ് കോട്ടയ്ക്കുള്ളത്. ഇതിലെ ഓരോ കവാടവും സവിശേഷ കെട്ടിട നിര്‍മാണ വൈഭവത്തിനു പേരുകേട്ടതാണ്. നിര്‍മാണ മികവിനൊപ്പം ഓരോ കവാടത്തിനും രക്തരൂഷിത ഭൂതകാലത്തിന്റെ കഥകളും പങ്കുവയ്ക്കാനുണ്ട്. കരന്‍ പോല്‍, സൂരജ് പോല്‍, ദൗലത്ത് പോല്‍ എന്നിങ്ങനെയാണു കവാടങ്ങളുടെ പേരുകള്‍. 

കോട്ടയ്ക്കകത്തെ കൊട്ടാരങ്ങള്‍

കോട്ട തന്നെയൊരു അദ്ഭുതമെങ്കില്‍ കോട്ടയ്ക്കകത്തെ കൊട്ടാരങ്ങള്‍ക്കും പ്രത്യേകം കഥകളും ചരിത്രവുമുണ്ട്. അനുപ് മഹല്‍, ചന്ദ്ര മഹല്‍, ഫൂല്‍ മഹല്‍ എന്നിങ്ങനെ പോകുന്നു ആ കൊട്ടാരങ്ങളുടെ പേരുകള്‍. ചുവര്‍ചിത്രങ്ങളാലും കണ്ണാടിവേലകളാലും അലങ്കാരപ്പണികളാലും നിറഞ്ഞിരിക്കുന്നു അവ. 

നിറം

ചുവപ്പിന്റെയും സ്വര്‍ണ നിറത്തിന്റെയും മിശ്രിതമാണ് ജുനാഗഡ് കോട്ട. ഥാര്‍ മരുഭൂമിക്കു നടുവിലെ ഈ നിറങ്ങള്‍ കോട്ടയ്ക്കു പ്രത്യേക ആകര്‍ഷണം നല്‍കുന്നുണ്ട്. കോട്ടയുടെ ചുവരുകളും അവയുടെ പ്രത്യേക ആകൃതികളുമെല്ലാം നിറങ്ങളാൽ കൂടുതല്‍ മനോഹരമാകുന്നു. 

Bikaner, Junagarh Fort Museum. Image Credit : mdsharma/shutterstock
Bikaner, Junagarh Fort Museum. Image Credit : mdsharma/shutterstock

മ്യൂസിയവും മൂഷിക ക്ഷേത്രവും

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുക്കളും കലാസൃഷ്ടികളും സൂക്ഷിച്ച പ്രത്യേകം മ്യൂസിയവും ജുനാഗഡ് കോട്ടയ്ക്കുള്ളിലുണ്ട്. പൗരാണിക കയ്യെഴുത്തു പ്രതികളും ആയുധങ്ങളും രാജകീയ ആടയാഭരണങ്ങളുമെല്ലാം കാണാം. ബിക്കനീറിന്റെ ചരിത്രം കൂടിയാണ് ജുനാഗഡ് കോട്ടയിലെ ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. 

അസാധാരണമായ ഒരു ക്ഷേത്രവും ജുനാഗഡ് കോട്ടയോടു ചേര്‍ന്നുണ്ട്. കര്‍നി മാതാ ടെംപിള്‍ അഥവാ എലികള്‍ക്കു വേണ്ടിയുള്ള ക്ഷേത്രമാണിത്. ഈ ക്ഷേത്രം എലികളുടെ സാന്നിധ്യം കൊണ്ടും പ്രസിദ്ധമാണ്. ഇവിടെ ആരാധിക്കാനെത്തുന്നവര്‍ എലികള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. മനുഷ്യനും പ്രകൃതിയും ചേര്‍ന്നുള്ള സഹവാസത്തിന്റെ അപൂര്‍വ ഉദാഹരണമായാണ് ഈ മൂഷിക ക്ഷേത്രം ചൂണ്ടിക്കാണിക്കപ്പെടുന്നത്.

English Summary:

Junagarh Fort is a fort in the city of Bikaner, Rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com