ADVERTISEMENT

എവിടെ നോക്കിയാലും ചുട്ടുപൊള്ളുന്ന ചൂടാണ് കേരളത്തില്‍. ഉച്ചയ്ക്കു പുറത്തേക്കു നോക്കുമ്പോള്‍ കണ്ണുകള്‍ കത്തിപ്പോകുന്ന വെയിലും. ഇങ്ങനെയുള്ള സമയത്ത് മഞ്ഞു കണ്ടാല്‍ എങ്ങനെയിരിക്കും? നോര്‍ത്തിന്ത്യയിലെ പല സ്ഥലങ്ങളിലും ഇപ്പോഴും മഞ്ഞുണ്ട്. നടി നവ്യാനായരുടെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ നിറയെ മഞ്ഞും ഹിമാലയസാനുക്കളിലെ കാഴ്ചകളുമാണ്.

Image Credit : navyanair143
Image Credit : navyanair143

മഞ്ഞില്‍ കുളിച്ച്, ഒരു ബൈക്കിനു മുകളിലിരിക്കുന്ന ചിത്രം നവ്യ പോസ്റ്റ്‌ ചെയ്തു. “ഭയത്തിന്‍റെ മന്ത്രണങ്ങള്‍ക്കു നടുവിൽ ഒറ്റയ്ക്കു യാത്ര തുടങ്ങുന്നു. ജീവിതത്തിന്‍റെ ക്യാൻവാസ് കാത്തിരിക്കുന്നു, അവിടെ അധ്വാനം മാത്രമല്ല, പ്രിയപ്പെട്ട ഓർമകളുമുണ്ട്. ഈ ക്ഷണിക നിമിഷത്തിൽ, സമയമെന്നതു സൗമ്യനായ ഒരു ആതിഥേയനാണ്. നിങ്ങളുടെ അഭിനിവേശങ്ങളെ പിന്തുടരുക, കാരണം സമയം കുറച്ചേയുള്ളൂ. എന്നെ സംബന്ധിച്ച്, യാത്ര ചെയ്യുക എന്നതാണ് അത്. യാത്രയുടെ ആലിംഗനത്തിൽ, എന്‍റെ ആത്മാവ് പുതയാന്‍ തുടങ്ങിയതേയുള്ളൂ” നവ്യ കുറിച്ചു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ട്രെന്‍ഡിങ് ആയ ‘ചോര്‍’ എന്ന ഗാനത്തിനനുസരിച്ച് കണ്ണുകള്‍ കൊണ്ടും കൈകള്‍ കൊണ്ടും നൃത്തം ചെയ്യുന്ന മനോഹരമായ ഒരു വിഡിയോയും നവ്യ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഈ വിഡിയോയില്‍ നവ്യയുടെ വിവിധ ഭാവങ്ങളെ പുകഴ്ത്തിക്കൊണ്ട്‌ ഒട്ടേറെ ആരാധകര്‍ കമന്റു ചെയ്തിട്ടുണ്ട്. മറ്റൊരു വിഡിയോയില്‍, മഞ്ഞിലൂടെ നടക്കുന്ന നവ്യയെ കാണാം. “ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നും ദേവഭൂമിയിലേക്ക്” എന്നാണ് അതിന്റെ അടിക്കുറിപ്പ്.

Image Credit : navyanair143
Image Credit : navyanair143

നിരവധി ഹിന്ദു ക്ഷേത്രങ്ങളും തീർഥാടന കേന്ദ്രങ്ങളുമുള്ള ഉത്തരാഖണ്ഡിനെ "ദേവഭൂമി" എന്നു വിളിക്കാറുണ്ട്. ഇവിടെ സ്ഥിതിചെയ്യുന്ന ഹരിദ്വാറും ഋഷികേശും പുരാതനകാലത്തുതന്നെ പ്രശസ്തമായ ആരാധനാ കേന്ദ്രങ്ങളായിരുന്നു. കൂടാതെ, ബദരീനാഥ്, കേദാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങൾക്കും പുരാതന ഭാരത ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്.

മനോഹരമായ ഹിമാലയൻ മലനിരകളാണ് ഈ സംസ്ഥാനത്തിന്‍റെ പ്രത്യേകത. ഇന്ത്യയിലെ പ്രധാന നദികളായ ഗംഗയുടെയും യമുനയുടേയും ഉത്ഭവം ഇവിടെയുള്ള ഗംഗോത്രി, യമുനോത്രി എന്നീ പ്രദേശങ്ങളാണ്. ഈ നദിയുടെ കൈവഴികളായി മറ്റനവധി നദികളും ഈ പ്രദേശത്തുകൂടി ഒഴുകുന്നു. റിവർ റാഫ്റ്റിങ് പോലുള്ള ജലവിനോദങ്ങള്‍ ഇവിടെ സജീവമാണ്.

മഞ്ഞുകാലത്ത് പൂർണമായും മഞ്ഞിൽ പുതച്ചുകിടക്കുന്നവ കൂടാതെ, വർഷം മുഴുവനും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളുമുണ്ട് ഇവിടെ. കൗസാനി, ലാൻസ്ഡൗൺ, നാഗ് ടിബ്ബ, അബോട്ട് മൗണ്ട്, ചോപ്ത താഴ്​വര, മുക്തേശ്വർ, ഹേമകുണ്ഡ് സാഹിബ്, ഓലി, അൽമോറ, ജിയോലിക്കോട്ട്, ചക്രത, ബിൻസാർ, ഉത്തരകാശി, റാണിഖേത്, മുൻസിയരി, ഹർസിൽ, നൈനിറ്റാൾ, ധനോൽട്ടി, മസൂറി, ഡെറാഡൂൺ, തെഹ്രി മുതലായവയാണ് ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.

ത്രിശൂൽ, നന്ദാദേവി, പഞ്ചചൂലി കൊടുമുടികളുടെ മനോഹരമായ കാഴ്ചകള്‍ ഒരുക്കുന്ന കൗസാനി, ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഹണിമൂൺ ലക്ഷ്യസ്ഥാനമാണ്. ബ്രിട്ടിഷ് കാലഘട്ടത്തിലെ മനോഹരമായ കാഴ്ചകള്‍ ഇപ്പോഴും കാണാൻ കഴിയുന്ന ഇന്ത്യയിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ലാൻസ്‌ഡൗൺ. ബന്ദർപഞ്ച്, സ്വർഗരോഹിണി തുടങ്ങിയ കൊടുമുടികളുടെ ആകർഷകമായ കാഴ്ചകളും നാഗ ദേവതയ്ക്കു സമർപ്പിച്ചിരിക്കുന്ന ഒരു പഴയ ക്ഷേത്രവുമുള്ള നാഗ് ടിബ്ബ, താഴ്ന്ന ഹിമാലയൻ പർവതനിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ്.

ഗ്രാമീണ യൂറോപ്യൻ ബംഗ്ലാവുകൾ നിറഞ്ഞ ഒരു ഹിൽ സ്റ്റേഷനാണ് കുമയൂണിലെ ചമ്പാവത്ത് ജില്ലയിലെ അബോട്ട് മൗണ്ട്. 350 വർഷം പഴക്കമുള്ള ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന മുക്തേശ്വർ ഒരു പ്രശസ്തമായ തീർഥാടന നഗരവും, റോക്ക് ക്ലൈംബിങ്, റാപ്പല്ലിങ്, ട്രെക്കിങ് തുടങ്ങിയ നിരവധി സാഹസിക വിനോദങ്ങളുടെ കേന്ദ്രവുമാണ്. മുൻവശത്ത് മനോഹരമായ തടാകവും പശ്ചാത്തലത്തിൽ മഞ്ഞുമൂടിയ മലനിരകളുമുള്ള ഹേമകുന്ത് സാഹിബ് ഭൂമിയിലെ ഒരു സ്വർഗമാണ്. ഇന്ത്യയിലെ മിനി സ്വിറ്റ്‌സർലൻഡ് എന്ന ഖ്യാതിയുള്ള ഓലിയാണ് മറ്റൊരു ഇടം. നന്ദാദേവി, ഹാത്തി ഘോഡ, കാമെറ്റ് തുടങ്ങിയ പ്രശസ്തമായ കൊടുമുടികളാൽ ചുറ്റപ്പെട്ട ഈ ഹിൽ സ്റ്റേഷനു ചുറ്റും വിവിധ ഹൈക്കിങ്, ട്രക്കിങ് റൂട്ടുകൾ ഉണ്ട്.

English Summary:

Navya Nair, travel to Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com