2,200 കിലോമീറ്റർ അപർണ സൈക്കിൾ ചവിട്ടിയത് വെറുതെയല്ല; സ്വപ്നങ്ങൾ തിരിച്ചു പിടിക്കാൻ
Mail This Article
‘‘ഇനി അങ്ങോട്ട് സൈക്ലിങ് ബുദ്ധിമുട്ടാണെന്നു മനസ്സിലായി. കാരണം, കുറച്ച് കഴിയുമ്പോഴേക്കും സാനിറ്ററി പാഡ് കീറിപ്പോകും. ഒരു ടാക്സി വിളിക്കാൻ നോക്കിയപ്പോൾ ഫോണിൽ നെറ്റ്‌വർക്കില്ല. എന്തു ചെയ്യണമെന്നറിയാതെ രത്നഗിരിയിലെ വിജനമായ റോഡിൽ സൈക്കിൾ ഉന്തി നടക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പിക്കപ്പ് വാൻ വന്നു. ഇനി ഏകദേശം 30 കിലോമീറ്റർ കഴിഞ്ഞാൽ രത്നഗിരി ടൗൺ എത്തും. ആ പിക്കപ്പ് വാൻ എതിർദിശയിലേക്കു പോകുന്നതായിരുന്നു. കൈ കാണിച്ച് നിർത്തി ‘അത്യാവശ്യമാണ്, രത്നഗിരി വരെ പോകണ’മെന്ന് പറഞ്ഞു. അയാൾ 2,000 രൂപ പറഞ്ഞു. ആ വാഹനത്തിൽ കയറി സൈക്കിളുമായി നേരെ രത്നഗിരി ടൗണിൽ എത്തി. ഇങ്ങനെയുള്ള ചില അടിയന്തര സാഹചര്യങ്ങളിൽ മറ്റു വാഹനങ്ങൾ യാത്രയ്ക്കിടയിൽ ഉപയോഗിക്കേണ്ടി വന്നതിനാൽ 2,400 കിലോമീറ്റർ എന്ന സൈക്കിൾ യാത്രാലക്ഷ്യം വച്ചിരുന്നത് 2,200 ആയി ചുരുങ്ങി.’’
എട്ടു വയസ്സുള്ളപ്പോൾ അച്ഛനാണ് അപർണയ്ക്ക് ആദ്യമായി സൈക്കിൾ വാങ്ങി നൽകിയത്. അന്ന് കടയിൽ സാധനം വാങ്ങാനും ബന്ധുവീടുകളിൽ സന്ദർശനത്തിനും പോയിരുന്നത് സൈക്കിളിൽ ആയിരുന്നു. 28 വർഷങ്ങൾക്ക് ശേഷം, ‘ആരുണ്ട് ഭൂമിക്കു വേണ്ടി രണ്ടു ചുവടുവയ്ക്കാൻ?’ എന്ന് ചോദിച്ചാൽ 2,200 കിലോമീറ്റർ സൈക്കിളിൽ വരാമെന്നു വിളിച്ചു പറയാൻ ധൈര്യമുള്ള ഒരു മിടുക്കിയായി മാറിയിരിക്കുന്നു അപർണ. റാമിന്റെയും ദേവിന്റെയും പ്രിയപ്പെട്ട അമ്മ. കോഴിക്കോട് തളി ക്ഷേത്രത്തിൽനിന്ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം വരെ 2,200 കിലോമീറ്റർ അപർണ വിനോദ് സൈക്കിൾ ചവിട്ടിയത് വെറുതെയല്ല. ‘പ്രകൃതിസൗഹാർദപരമായ ജീവിതൈശലിയും യാത്രയും’ എന്ന ലക്ഷ്യത്തോടെ ആയിരുന്നു അത്.
‘പെഡൽ ഫോർ ദ് പ്ലാനറ്റ്’ എന്ന പേരിൽ നടത്തിയ യാത്ര ചുറ്റുമുള്ളവരിലും സുഹൃത്തുക്കളിലും സ്വാധീനം ചെലുത്തുന്നത് കണ്ടു തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ. വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും വാഹനങ്ങളിൽനിന്ന് പുറംതള്ളുന്ന കാർബണും അന്തരീക്ഷത്തെയും പ്രകൃതിയെയും മലിനമാക്കുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മണിക്കൂറുകൾ കംപ്യൂട്ടറുകൾക്കു മുമ്പിലിരുന്നു ജോലി ചെയ്യുന്നത് മനുഷ്യന്റെ ആരോഗ്യത്തെയും നശിപ്പിക്കുന്നു. ഇതെല്ലാമാണ് സൈക്കിൾ ഒരു സന്ദേശമാക്കാൻ അപർണയെ പ്രേരിപ്പിച്ചത്. ദിവസവും അരമണിക്കൂർ സൈക്ലിങ് ചെയ്യുമ്പോൾ ഓരോ മനുഷ്യനും വീണ്ടെടുക്കുന്നത് അവനവന്റെ ആരോഗ്യത്തിനൊപ്പം ശുദ്ധമായ അന്തരീക്ഷവും ഭൂമിയും കൂടിയാണ്.
2023 നവംബർ 12 ദീപാവലി ദിനത്തിലാണ് കോഴിക്കോട് തളി ക്ഷേത്രത്തിൽനിന്ന് അപർണ സൈക്കിൾ യാത്ര ആരംഭിച്ചത്. 35 ദിവസം ആയിരുന്നു മനസ്സിൽ കണ്ടത്. എന്നാൽ, 28 ദിവസം കഴിഞ്ഞ് ഡിസംബർ ഒൻപതിന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ അപർണ എത്തി. 2,200 കിലോമീറ്റർ സൈക്കിൾ ചവിട്ടി പൂർത്തിയാക്കിയപ്പോൾ മനസ്സിൽ നിറയെ സന്തോഷവും സമാധാനവും. സ്വയം നവീകരിക്കപ്പെട്ടതു പോലെയുള്ള തോന്നൽ. ഇപ്പോഴും ദിവസം നാലു മണിക്കൂറോളം സൈക്കിൾ ചവിട്ടാറുണ്ട് അപർണ. സൈക്കിൾ യാത്രയെക്കുറിച്ചും അതിലേക്ക് എത്തിയതിനെക്കുറിച്ചും യാത്രയിലുണ്ടായ അനുഭവങ്ങളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും അപർണ മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു.
സ്വപ്നങ്ങൾ തകർന്നുപോയ പ്രളയ - കൊറോണ കാലങ്ങൾ
സ്വയം തിരിച്ചു പിടിക്കാൻ വേണ്ടി നടത്തിയ യാത്രയായിരുന്നു അത്. കോഴിക്കോട് തളി ക്ഷേത്രത്തിൽനിന്നു പുറപ്പെട്ടപ്പോൾ യാത്ര അയയ്ക്കാനായി പ്രിയപ്പെട്ടവരും സുഹൃത്തുക്കളും ഒക്കെയായി നൂറുകണക്കിന് ആളുകൾ. എന്നാൽ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിൽ യാത്ര ചെന്നു നിൽക്കുമ്പോൾ ആർപ്പു വിളിക്കാനും വരവേൽക്കാനും ആരും ഉണ്ടായിരുന്നില്ല. ആൾക്കൂട്ടത്തിനിടയിലും ആ സമയത്ത് മനസ്സിന് കിട്ടിയ സന്തോഷവും സമാധാനവും ആയിരുന്നു ഏറ്റവും വലുതെന്നു പറയുന്നു അപർണ. കടന്നു പോയ വഴികളില്ലെല്ലാം ചേർത്തുപിടിച്ചത് നൂറു കണക്കിന് ആളുകളായിരുന്നു. അതിൽ മിക്കവരെയും ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടിയത്. സഹായമായും അദ്ഭുതമായും മുന്നിൽ വന്നുപെട്ടവരിൽ വിദേശികളും ഉണ്ടായിരുന്നു. അനുഭവങ്ങളാൽ സമ്പന്നമായ ഒരു യാത്ര, തിരിച്ചറിവുകൾ ഏറെയുണ്ടായ യാത്ര, മനുഷ്യരെ തിരിച്ചറിഞ്ഞ യാത്ര.
വിനോദസഞ്ചാര മേഖലയിൽ കണ്ട വലിയ സ്വപ്നങ്ങൾ സാധ്യമാക്കാനുള്ള യാത്രകൾ സുഗമമായി നടക്കുന്നതിനിടയിലാണ് 2018 ൽ ആദ്യം നിപ്പയും പിന്നെ പ്രളയവും എത്തിയത്. ആളുകൾ അതെല്ലാം മറന്നു തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് 2019 ൽ വീണ്ടും പ്രളയമെത്തിയത്. എന്നാൽ, ഇടിത്തീ പോലെ ആയിരുന്നു 2020 ന്റെ തുടക്കത്തിൽ കൊറോണ എത്തിയത്. സ്വപ്നങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ, അത് മനസ്സിനേൽപ്പിച്ച ആഘാതം വലുതായിരുന്നു.
2019 ൽ ഐഐഎം ബെംഗളൂരുവിൽ നടന്ന എൻഎസ്ആർസിഇഎൽ - ബിസിനസ് ഇൻകുബേഷൻ പരിപാടിയിൽ ഒരു ബിസിനസ് ഐഡിയ സബ്മിറ്റ് ചെയ്യുകയും അത് വിജയിക്കുകയും ചെയ്തു. ആകെ സമർപ്പിക്കപ്പെട്ട 6,000 അപേക്ഷകളിൽനിന്ന് 100 എണ്ണം തിരഞ്ഞെടുത്തതിൽ ഒന്ന് അപർണയുടേത് ആയിരുന്നു. വിനോദസഞ്ചാരികൾക്ക് ഇക്കോ ഫ്രണ്ട്ലി ഹോട്ടലുകളും താമസസ്ഥലങ്ങളും മാത്രം ബുക്ക് ചെയ്യാൻ കഴിയുക എന്നതായിരുന്നു ഐഡിയ. അത് പ്രാവർത്തികമാക്കാൻ അരയും തലയും മുറുക്കി ഇറങ്ങാൻ ഒരുങ്ങിയപ്പോൾ പ്രതിസന്ധിയായി എത്തിയത് പ്രളയവും കൊറോണയും. വിനോദസഞ്ചാരമേഖല അടഞ്ഞുപോയപ്പോൾ അടിയേറ്റത് അപർണയുടെ സ്വപ്നങ്ങൾക്കു കൂടിയായിരുന്നു. മാനസികമായും ശാരീരികമായും തകർന്നുപോയ സമയത്ത് സുഹൃത്താണ് സൈക്ലിങ്ങിലേക്കു കൈപിടിച്ച് നടത്തിയത്.
സൈക്കിളിന്റെ കൈ പിടിച്ച് ആരോഗ്യത്തിലേക്ക്
മാനസിക സമ്മർദം പല ശാരീരിക അസ്വാസ്ഥ്യങ്ങളിലേക്കും നയിച്ചു. വൈദ്യപരിശോധനയ്ക്ക് ചെന്നപ്പോൾ സമ്മർദം ഒഴിവാക്കാൻ യോഗ പോലെയുള്ള എന്തെങ്കിലും വ്യായാമങ്ങൾ ചെയ്യാനായിരുന്നു നിർദേശം. എന്നാൽ, സമയക്കുറവ് കാരണം അപർണ തിരഞ്ഞെടുത്തത് സൈക്ലിങ് ആയിരുന്നു. മാസങ്ങൾക്കുള്ളിൽത്തന്നെ ശരീരത്തിനും മനസ്സിനുമുണ്ടായ മാറ്റങ്ങൾ തിരിച്ചറിഞ്ഞു. സൈക്കിളിൽ ഒരു യാത്ര പോകാൻ ആലോചിച്ചപ്പോഴും മനസ്സിൽ നിറയെ തടസങ്ങൾ ആയിരുന്നു. അവയെല്ലാം മറികടന്നാണ് കേരളത്തിൽനിന്നു ഗുജറാത്തിലേക്കുള്ള യാത്ര പ്ലാൻ ചെയ്തത്. ചരിത്ര വിദ്യാർഥിനി ആയിരുന്നു എന്നതും ക്ഷേത്രങ്ങളോടുള്ള ഇഷ്ടവും മൂലം യാത്ര തുടങ്ങിയത് തളി ക്ഷേത്രത്തിലും അവസാനിപ്പിച്ചത് സോമനാഥ് ക്ഷേത്രത്തിലുമാക്കി.
ഭൂമിക്ക് വേണ്ടി ഒരു സൈക്ലിങ്; ആരോഗ്യത്തിനു വേണ്ടിയും
സൈക്കിളിൽ യാത്ര പോകുമ്പോൾ നമ്മൾ ചുറ്റുപാടുകളെ അറിയുക കൂടിയാണ്. കടൽത്തീരത്തേക്കാൾ കാടും മലയുമായിരുന്നു ഇഷ്ടം. അതുകൊണ്ടുതന്നെ സൈക്കിൾ യാത്ര തുടങ്ങിയപ്പോൾ എന്തുകൊണ്ട് കടൽത്തീരത്തു കൂടി യാത്ര ചെയ്തുകൂടാ എന്ന ചിന്ത മനസ്സിലേക്ക് എത്തി. അങ്ങനെ സൈക്കിൾ യാത്രയിലെ ആദ്യത്തെ തീരുമാനത്തിലേക്ക് എത്തി. തീരദേശങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും സാംസ്കാരിക വൈവിധ്യം അറിയാനും ഈ യാത്രയിലൂടെ കഴിയുമെന്നതും ബീച്ച് സൈക്ലിങ്ങിന് ഒരു കാരണമായി. കാർബൺ പുറംതള്ളൽ ഏറ്റവും കൂടുതൽ വരുന്നത് വാഹനങ്ങളിൽ നിന്നാണ്. അതുകൊണ്ടു തന്നെ ദൈനംദിന ജീവിതത്തിൽ സൈക്ലിങ് എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന ചിന്തയും അങ്ങനൊരു സന്ദേശം സമൂഹത്തിന് നൽകുക എന്നതും സൈക്കിളിൽ 2200 കിലോമീറ്റർ താണ്ടാൻ പ്രേരണയായി.
ജർമനിയിൽ നിന്നുള്ള ബെർഗമോണ്ട് ഗ്രാൻഡുറൻസ് ആർഡി 3 ടൂറിങ് ബൈക്ക് ആയിരുന്നു ഉപയോഗിച്ചത്. സൈക്കിളിങ്ങിന് ആവശ്യമായ എല്ലാ ആക്സസറീസും ജർമൻ ആയിരുന്നു. വസ്ത്രങ്ങൾ സാധാരണ ഉപയോഗിക്കുന്നവ തന്നെയായിരുന്നു. അതെല്ലാം ബാഗിൽ സൈക്കിളിൽ തന്നെ വച്ചിരുന്നു. പോകുന്ന റൂട്ടും അവിടെയുള്ള പരിചയക്കാരെയും സംബന്ധിച്ച് ഒരു ചെറിയ തയാറെടുപ്പ് നടത്തിയിരുന്നു. പക്ഷേ, മഹാരാഷ്ട്രയിലെ രത്നഗിരി മേഖലയിൽ ഒരു പരിചയക്കാരും ഉണ്ടായിരുന്നില്ല. സൈക്കിൾ യാത്രയിലെ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടായതും അവിടെ വച്ചാണ്. തനിച്ചാണ് യാത്ര പോയതെങ്കിലും തനിച്ചല്ല എന്ന തോന്നലാണ് സൈക്ലിങ് നൽകിയത്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരു ചെറുപുഞ്ചിരിയോടെ വരവേറ്റു. ചെന്ന എല്ലായിടങ്ങളിലും വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. മുംബൈയിൽ ആയിരുന്നു ഏറ്റവും വലിയ സ്വീകരണം ലഭിച്ചത്. ജിയോ സൈക്ലത്തോൺ സംഘാടകരെ മീറ്റ് ചെയ്യാൻ കഴിഞ്ഞു. മാത്രമല്ല, സമൂഹത്തിന്റെ നാനാതുറയിലുള്ള ആളുകളെയും വിദേശികളും സ്വദേശികളുമായവരെയും പരിചയപ്പെടാനും കഴിഞ്ഞു.
അപ്രതീക്ഷിതമായ 28 ദിവസങ്ങൾ
തനിച്ചു യാത്ര പോകുമ്പോൾ ഒന്നും പ്രതീക്ഷിക്കാനും പ്രവചിക്കാനും കഴിയില്ല. കാരണം പുതിയതായി എത്തിപ്പെടുന്ന സ്ഥലങ്ങൾ, കാണുന്ന ആളുകൾ. വാഹനങ്ങൾ ഒന്നും ഇല്ലാത്ത വിജനമായ പ്രദേശങ്ങൾ. എന്ത് സംഭവിക്കുമെന്ന് അറിയില്ല. നമ്മുടെ സുരക്ഷിതത്വവും ആരോഗ്യവും എല്ലാം നമ്മുടെ കൈകളിൽ തന്നെയാണ്. യാത്രയ്ക്കിടെ രണ്ടു തവണ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഗുജറാത്തിലെ സൂറത്തിൽ എത്തിയതിനു ശേഷം ഭാവ്നഗറിലേക്ക് പോയപ്പോൾ ഫെറി ഉപയോഗിച്ചു. യാത്ര പോലെ തന്നെ പ്രധാനമാണ് നമ്മുടെ സുരക്ഷ ഉറപ്പു വരുത്തുക എന്നതും.
ഒരു സ്ത്രീയെന്ന നിലയിൽ സൈക്കിൾ യാത്രയുടെ സമയത്ത് അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും വലിയ പ്രശ്നം ശുചിമുറി ആയിരുന്നു. നമ്മുടെ ഉപയോഗത്തിന് ആവശ്യമായ പൊതു ശൗചാലയങ്ങൾ മിക്കയിടങ്ങളിലും ഇല്ല. ഉള്ളതുതന്നെ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരിക്കും. നല്ലൊരു ശുചിമുറി ഉപയോഗിക്കണമെങ്കിൽ നല്ല ഹോട്ടലുകളിൽ കയറേണ്ട അവസ്ഥയാണ്. യാത്ര ചെയ്യുന്ന സ്ത്രീകൾ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്നതും ആവശ്യത്തിന്, വൃത്തിയുള്ള ശൗചാലയങ്ങൾ ഇല്ലെന്ന പ്രശ്നമാണ്. സാധാരണയായി മെൻസ്ട്രുൽ കപ്പാണ് ഉപയോഗിക്കാറുള്ളത്. അത് നന്നായി കഴുകി വൃത്തിയാക്കി വേണം ഉപയോഗിക്കാൻ. യാത്രയ്ക്കിടയിൽ വൃത്തിയുള്ള ടോയിലറ്റുകൾ ഇല്ലാതെ വരുമ്പോൾ കപ്പ് ഉപയോഗിക്കുന്നത് അസാധ്യമാകും. അതുകൊണ്ടു തന്നെയാണ് സാനിറ്ററി നാപ്കിൻ ഈ സൈക്കിൾ യാത്രയ്ക്കിടയിൽ ഉപയോഗിക്കാൻ തീരുമാനിച്ചത്. പ്രകൃതിസൗഹൃദമല്ലെങ്കിൽ കൂടിയും ചില സമയത്ത് ഇത്തരം തീരുമാനങ്ങളെടുക്കേണ്ടി വരും.
പുതിയ പദ്ധതികൾ സൈക്കിളിങ് പ്രചാരത്തിനു വേണ്ടി
സൈക്ലിങ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനു വേണ്ടി യൂറോപ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ‘റോഡ് പങ്കുവയ്ക്കുക’ ക്യാംപെയ്നിന്റെ ചുവടു പിടിച്ചാണ് അപർണയുടെ പുതിയ പദ്ധതികൾ. ഇതിന്റെ ഭാഗമായി, ഭർത്താവ് വിനോദിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് ക്രൗൺ തിയറ്ററിന്റെ മുമ്പിൽ ഈ ബോർഡ് സ്ഥാപിച്ചു കഴിഞ്ഞു. റോഡ് പങ്കുവയ്ക്കുക എന്ന ആശയത്തിൽ ഉൾക്കൊള്ളുന്നത് വലിയ വാഹനങ്ങൾ നിറഞ്ഞോടുന്ന നിരത്തുകളിൽ സൈക്കിളുകൾ വരാനുള്ള സാധ്യത മുന്നിൽ കണ്ട് സൈക്കിൾ ഉപയോഗിക്കുന്നവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കുക എന്നതാണ്. ഇത്തരത്തിലുള്ള ബോർഡുകൾ കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കാനും ആളുകൾക്കു ധൈര്യമായി സൈക്ലിങ് ചെയ്യാനുള്ള സാഹചര്യം ഒരുക്കാനുമാണ് തന്റെ ശ്രമമെന്നും അപർണ വ്യക്തമാക്കുന്നു. വയനാടിനെ സൈക്ലിങ് കേന്ദ്രമാക്കി ഒരു പ്രൊജക്ട് ചെയ്യണമെന്നുള്ളതാണ് ലക്ഷ്യം. സ്കൂൾ ഓഫ് സസ്റ്റയിനബിലിറ്റി എന്ന ലേണിങ് സെന്ററും പദ്ധതിയിലുണ്ട്. നൈപുണ്യശേഷി വികസനം ഉൾപ്പെടെയുള്ള പരിശീലന പരിപാടികളാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അതുകൊണ്ടു തന്നെ ഇനി മുന്നോട്ടുള്ള സൈക്കിൾ യാത്രകളും ഇതിനെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വച്ചു കൊണ്ടായിരിക്കും. കോഴിക്കോട് ബീച്ച് റോട്ടറി മെംബറായ അപർണയുടെ യാത്രയ്ക്ക് റോട്ടറിയുടെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു.