ADVERTISEMENT

ഹിമാലയൻ ബൈക്ക് യാത്രയ്ക്ക് ഒരുങ്ങിയപ്പോൾ, എല്ലാവരെയും പോലെ അവിടുത്തെ പ്രധാന വില്ലനായ തണുപ്പിനെ പ്രതിരോധിക്കാൻ വേണ്ട എല്ലാ സാധനങ്ങളും ഞങ്ങൾ വാങ്ങി; ജാക്കറ്റ്, തെർമൽസ്, ഗ്ലവ്സ്, വൂളൻ സോക്സ്‌ അങ്ങനെയെല്ലാം. പക്ഷേ അവിടുത്തെ മഴയെ വേണ്ടവിധം നേരിടാൻ ഞങ്ങൾ സജ്ജരായിരുന്നില്ല. അതിനു പുറമേ, ഞങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിച്ചിരുന്ന സ്പിതി വാലിയിലെ (Spiti valley) മറ്റൊരു പ്രതിബന്ധമായ വാട്ടർ ക്രോസിങ്ങിനെ പറ്റി ഞങ്ങൾക്കു കേട്ടറിവു പോലും ഉണ്ടായിരുന്നില്ല. ഹിമാലയത്തിലെ മഞ്ഞുവീഴ്ച പോലെ തന്നെ, യാത്രികരെ വലയ്ക്കുന്ന മറ്റ് രണ്ട് പ്രതിബന്ധങ്ങളാണ് മഴയും വാട്ടർ ക്രോസിങ്ങും; അധികമാരും അതിനെപ്പറ്റി സംസാരിക്കാറില്ലെന്നു മാത്രം.

Spiti-valley-2-midhun
സ്പിതി വാലി

മഴയ്ക്കു സാധ്യതയുണ്ട് എന്ന് അറിയാമായിരുന്നെങ്കിലും, അതിനെ ചെറുത്തു നിൽക്കാൻ ആകെ വാങ്ങിയത് ഒരു മഴക്കോട്ട് മാത്രമായിരുന്നു. ‘വലിയ മഴ പെയ്താൽ, വണ്ടി പാർക്ക്‌ ചെയ്തിട്ട് എവിടെയെങ്കിലും കയറി നിന്നാൽ പോരേ’ എന്നായിരുന്നു മനസ്സിൽ ഓർത്ത ന്യായം. മഴ പെയ്യുമ്പോൾ വല്ല ഹിമാലയൻ മാവിന്റെയോ പ്ലാവിന്റെയോ ചുവട്ടിൽ കയറി നിൽക്കാം എന്ന് കണക്കുകൂട്ടിയ എന്റെ നിഷ്കളങ്കതയെ ഇപ്പോൾ ഞാൻ ‘ഇഷ്ടപ്പെടുന്നു’. 

ഹിമാചൽ പ്രദേശിലെ പൂഹിൽ (Pooh) നിന്ന് സ്പിതി വാലിയിലുടെ (Spiti valley) യാത്ര ചെയ്ത്, റോത്തങ് പാസ് (Rohtang pass) കഴിയുന്നതു വരെയുള്ള ഏകദേശം 300 കിലോമീറ്റർ ശരിക്കും മരുഭൂമിയാണ് (Cold Desert). ഗൂഗിൾ മാപ്പിൽ ഇൗ സ്ഥലങ്ങൾ നോക്കിയാൽ അത് മനസ്സിലാവും. ചിലപ്പോൾ കിലോമീറ്ററുകളോളം ദൂരത്തിൽ മരങ്ങളോ പക്ഷിമൃഗങ്ങളോ മനുഷ്യരോ വീടുകളോ കാണില്ല. മഴ പെയ്താൽ നിന്ന് നനയുകയല്ലാതെ മറ്റൊരു മാർഗമില്ല. നനഞ്ഞു കുതിർന്നാൽ, യാത്രയുടെ  ആവേശം ഒക്കെ പൊടുന്നനെ കൂപ്പുകുത്തും. അവിടുത്തെ തണുത്ത കാലാവസ്ഥയിൽ  തുണിയും ഷൂസുമൊക്കെ ഉണക്കിയെടുക്കാൻ ചിലപ്പോൾ രണ്ടോ മൂന്നോ ദിവസങ്ങൾ എടുക്കും.

chathru-midhun
കാസയിൽനിന്ന് ഛത്രുവിലേക്കുള്ള വഴി

കാസ - ഛത്രു

സ്പിതി വാലിയിലെ പ്രധാന ടൗൺ ആയ കാസയിൽ (Kaza) നിന്ന് ഞങ്ങൾ യാത്രയുടെ നാലാം ദിവസം ആരംഭിച്ചു; മണാലി ആണ് ലക്ഷ്യസ്ഥാനം. ഏകദേശം 190 കിലോമീറ്റർ ദൂരം. ഇതുവരെ ഉള്ള ഞങ്ങളുടെ യാത്രയിൽ കണ്ട ഏറ്റവും മനോഹരമായ പ്രദേശം ആയിരുന്നു സ്പിതി വാലി. സ്പിതി നദി ഒഴുകി ഉണ്ടായ അതിവിശാലമായ താഴ്​വര. മഞ്ഞുമലകളുടെ ഇടയിൽ പരന്നൊഴുകുന്ന സ്പിതി നദിയുടെ കരയിലൂടെ ഞങ്ങൾ ബൈക്ക് ഓടിച്ചു നീങ്ങി. എത്ര കണ്ടാലും, ഫോട്ടോ എടുത്താലും മതിയാകില്ല എന്നു തോന്നി; എല്ലാം ഫ്രെയിമും ഒന്നിനൊന്നു മെച്ചം. യാത്ര തുടങ്ങി ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ആ സന്തോഷം അവസാനിച്ചു; ടാറിട്ട റോഡ് അവസാനിച്ച് മൺറോഡ് തുടങ്ങി. പിന്നിടുള്ള ഏകദേശം 100 കിലോമീറ്റർ മൺറോഡിലൂടെ ആയിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്. കാസയിൽനിന്നും മണാലിയിലേക്കുള്ള ഈ റൂട്ട്  (Atal tunnel വരുന്നതിന് മുൻപുള്ള സമയമാണിത്) വളരെ  ബുദ്ധിമുട്ടേറിയതാണെന്നു നേരത്തേ വായിച്ചറിഞ്ഞിരുന്നു. പക്ഷേ ഇതുവരെയുള്ള എന്റെ അനുഭവത്തിൽവച്ച് ഏറ്റവും കടുപ്പമേറിയ യാത്രയാവും ഇതെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.

നാട്ടിലെ മൺറോഡുകൾ പോലെയല്ല ഇവിടെ; പൂഴിമണ്ണും വലിയ ഉരുളൻ കല്ലുകളും നിറഞ്ഞതാണിവ.

കാസയിൽനിന്ന് ഛത്രു വരെയുള്ള യാത്രയ്ക്കിടയിൽ പലപ്പോഴായി മൂന്ന് ബൈക്കുകളും മറിഞ്ഞു. അതിൽ ഒന്ന് സാമാന്യം നല്ല വീഴ്ചയായിരുന്നു. എന്തോ ഭാഗ്യത്തിന്, ചെറിയ മുറിവുകളല്ലാതെ വലിയ പരുക്കൊന്നും പറ്റിയില്ല.

ഞങ്ങൾ  പോയ സെപ്റ്റംബർ മലകളിൽനിന്ന് മഞ്ഞുരുകുന്ന കാലമാണ്. ഇങ്ങനെ മഞ്ഞുരുകിയ വെള്ളം മലമുകളിൽ നിന്ന് ചെറിയ അരുവികളായി താഴേക്കു വരും. ഇത് പോലുള്ള  പല അരുവികൾ ചേർന്ന് ചെറുതല്ലാത്ത റിവർ ക്രോസിങ്ങുകൾ റോഡിൽ പലയിടത്തും ഉണ്ടാവും. അന്നത്തെ യാത്രയിൽ ആദ്യത്തെ തിരിച്ചടി കിട്ടിയത് അതുപോലൊരു അരുവി കടന്നപ്പോഴാണ്. ഞങ്ങൾ പ്രതീക്ഷിച്ചതിലും ആഴം അതിനുണ്ടായിരുന്നു. കാഴ്ചയിൽ ആഴം തോന്നാഞ്ഞതു കൊണ്ട് മറ്റിടങ്ങളിൽ ചെയ്തത് പോലെ ഷൂ ഊരി വയ്ക്കുകയോ ജീൻസ്‌ അധികം ഉയർത്തി വയ്ക്കുകയോ ഒന്നും ചെയ്തില്ല. മുട്ടോളം വെള്ളത്തിൽ ജീൻസും ഷൂസും നനഞ്ഞു. അപ്പോൾ അത് വലിയ കാര്യമായെടുത്തില്ലെങ്കിലും, ഏകദേശം  അര മണിക്കൂർ കഴിഞ്ഞപ്പോൾ കാലുകൾ തണുത്തുറഞ്ഞു തുടങ്ങി. ഐസ് വെള്ളത്തിൽ മുങ്ങിയ ജീൻസും ഷൂവും ഇട്ടുകൊണ്ട്  അൽപ നേരം വെറുതെ നിന്നാൽ പോലും കാൽ മരയ്ക്കും, അപ്പോൾ അതും ഇട്ടു കൊണ്ട് മണിക്കൂറുകളോളം വണ്ടിയോടിക്കുന്നതിനെപ്പറ്റി ആലോചിച്ചു നോക്കൂ. 

ഹിമാലയത്തിൽ സ്ഥിരമായി ബൈക്ക് റൈഡിന് വരുന്നവർ മുട്ടൊപ്പം ഉയരമുള്ള വാട്ടർ പ്രൂഫ് ആയുള്ള ഷൂ ആണ് ധരിക്കാറുള്ളത്. അതിനു പുറമെ വാട്ടർപ്രൂഫ് പാന്റും ധരിക്കും. ഈ വക ഷൂസും സംവിധാനങ്ങളുമായി ബൈക്ക് ട്രിപ്പിനു പോകുന്നവരെ പുച്ഛിക്കാൻ യാതൊരു മടിയും കാണിക്കാത്ത ഒരു ശരാശരി മലയാളിയായിരുന്നു ഞാനും.

ഛത്രുവിൽ വെച്ചൊരു ധാബ കണ്ടു. ഭക്ഷണം കഴിക്കാൻ കയറിയ സമയം ഷൂസും സോക്സും ഉണങ്ങാൻ വച്ചു. എന്നാൽ ചാറ്റൽ മഴയും തണുപ്പും കാരണം അത് ഒട്ടുംതന്നെ ഉണങ്ങിയില്ല. അധികം സമയം ചെലവഴിക്കാൻ ഇല്ലാതിരുന്നത് കൊണ്ട്  കാലിൽ പ്ലാസ്റ്റിക് കൂടിട്ട് അതിനുമുകളിൽ ഷൂസ്‌ ഇട്ട് യാത്ര തുടർന്നു.

ഛത്രു -മാർഹി

ധാബയിൽനിന്നു പുറപ്പെട്ട് അൽ‌പ ദൂരം കഴിഞ്ഞപ്പോൾത്തന്നെ കാലാവസ്ഥ ആകെ മാറി. കാർമേഘങ്ങൾ ഉരുണ്ടു കൂടി, പരിസരം ഇരുട്ടി, ശക്‌തിയായ മഴയും തുടങ്ങി; ആകെ നനഞ്ഞു കുതിർന്നു. മുൻപ് കയ്യ് നനഞ്ഞിട്ടില്ലായിരുന്നു, ഇപ്പോൾ കയ്യിൽ ഇട്ടിരുന്ന ഗ്ലൗസും നനഞ്ഞു.

ഞങ്ങൾ ഭക്ഷണം കഴിക്കാൻ കയറിയ ധാബ നടത്തുന്ന ആൾ  പറഞ്ഞതനുസരിച്ച്, ഛത്രുവിൽ നിന്ന് 17 കിലോമീറ്റർ കഴിഞ്ഞാൽ പുതുതായി ടാർ ചെയ്ത ഒരു നല്ല റോഡ് തുടങ്ങും. അവിടെനിന്ന് ഏകദേശം 60 കിലോമീറ്റർ സഞ്ചരിച്ചാൽ മണാലി എത്തും. ഒരു പകൽ മുഴുവൻ ഉരുളൻ കല്ലുകൾ നിറഞ്ഞ മൺറോഡിൽ കൂടി വണ്ടിയോടിച്ചിട്ടും യാത്രയുടെ ഏകദേശം അൻപത് ശതമാനമേ അത് വരെ ഞങ്ങൾ പൂർത്തിയാക്കിയിരുന്നുള്ളു. ഞങ്ങളുടെ പ്രതീക്ഷ മുഴുവൻ എത്രയും വേഗം ആ നല്ല റോഡിൽ എത്തുന്നതിനെ പറ്റിയായി. എങ്ങനെയും അവിടെ എത്തിപ്പെട്ടാൽ പിന്നെ ഏറിയാൽ ഒന്നര മണിക്കൂർ കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്താം. 

അപ്പോഴാണ് അടുത്ത ട്വിസ്റ്റ്, ഞങ്ങൾക്ക് പോകേണ്ടിയിരുന്ന നല്ല റോഡിൽ മണ്ണിടിഞ്ഞുവീണ് അതുവഴിയുള്ള യാത്ര തടസ്സപ്പെട്ടു. ഇനിയുള്ള ഏക മാർഗം പൊട്ടിപ്പൊളിഞ്ഞ റോഡിൽക്കൂടി യാത്ര തുടരുക എന്നതാണ്.

തണുപ്പിനു പുറമെ ഇത് കൂടി ആയപ്പോൾ മനസ്സ് മടുത്തു. കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോൾ കാറ്റടിച്ചു തണുപ്പ് സഹിക്കാൻ ആവുന്നതിലും അധികമായി. മേലാകെ വിറയ്ക്കാൻ തുടങ്ങി, കൈ തണുത്ത് മരക്കഷണം പോലെയായി. വണ്ടി നിർത്തി, വഴിയിൽനിന്ന് ഞാൻ നനഞ്ഞ ജീൻസ്  മാറ്റി ബാഗിൽനിന്ന് വേറൊരെണ്ണം എടുത്തിട്ടു; ഗ്ലൗസും ഊരി മാറ്റി. എന്തോ ഭാഗ്യത്തിന് അപ്പോഴേക്കും മഴ കുറഞ്ഞിരുന്നു.

റോതൻങ് പാസ്സ്

ഞങ്ങൾ റോതൻങ് കയറിത്തുടങ്ങി. ഇത് കയറി ഇറങ്ങുമ്പോഴാണ് മണാലി. ഈ രാത്രി മണാലി എത്താം എന്ന പ്രതീക്ഷ ഞങ്ങൾ കൈവിട്ടിരുന്നു. അടുത്ത് കാണുന്ന ഏതെങ്കിലും ടൗണിൽ കൂടാം എന്ന് മനസ്സിൽ ഉറപ്പിച്ചു. 

വണ്ടിയോടിക്കുമ്പോൾ മലമുകളിൽനിന്നു താഴ്​വാരത്തിലേക്കു നോക്കിയ ഞാൻ ആകെ തളർന്നു പോയി. അടുത്തെങ്ങും ഒരു പട്ടണം ഉള്ളതിന്റെ യാതൊരു ലക്ഷണവും ഇല്ല. ഞാനാകെ മടുത്തിരുന്നു; ജീവിതത്തിൽ ഇത്രയും തളർന്നിട്ടില്ല. വഴിയിൽ കണ്ട ലോറിയിലോ മറ്റോ കയറിയിരുന്ന് നേരം വെളുപ്പിച്ചാലോ എന്നു മനസ്സിൽ ആലോചിച്ചു. പക്ഷേ വാടകയ്‌ക്കെടുത്ത വണ്ടി വഴിയിൽ  ഉപേക്ഷിച്ചു പോകാൻ പറ്റില്ല. പൊട്ടിപ്പൊളിഞ്ഞ വഴിയിൽ കൂടിയുള്ള ഡ്രൈവിങ്ങിനെക്കാളും ശരീരത്തെ തളർത്തിയത് തണുപ്പാണ്. 

ഇങ്ങനെ ഒരു അവസരത്തിൽ അപകടം ഉണ്ടാവാതിരിക്കാൻ വളരെ സാവധാനമാണ് ഞങ്ങൾ വണ്ടി ഓടിച്ചത്. ഒന്നും രണ്ടും ഗിയർ മാത്രം മാറ്റി ഉപയോഗിച്ച് അപകടം പിടിച്ച ഇറക്കം ഞങ്ങൾ ഇറങ്ങി. വേണ്ടവണ്ണം തയാറെടുപ്പ് നടത്താത്ത എന്റെ ബുദ്ധിശൂന്യതയെ ഓരോ നിമിഷവും ഞാൻ പഴിച്ചു. 

എതിരെ കടന്നു വന്ന ഒരു ലോറിക്കാരനിൽ നിന്ന്, അടുത്തുള്ള ടൗൺ 17 കിലോമീറ്റർ അകലെയാണ് എന്ന് ഞങ്ങൾ മനസ്സിലാക്കി. ഇത്രയും മോശം റോഡിൽ കൂടി ഇപ്പോൾ പോകുന്ന വേഗത്തിൽ ഓടിച്ചാൽ, അവിടെ എത്താൻ കുറഞ്ഞപക്ഷം ഒരു മണിക്കൂർ എങ്കിലും എടുക്കും. അത്രയും നേരം എനിക്ക് പിടിച്ചുനിൽക്കാൻ പറ്റുമായിരുന്നില്ല. ആ സമയത്ത് ഒരു വളവ് തിരിഞ്ഞ് ഞങ്ങൾ വന്നപ്പോൾ അടഞ്ഞു കിടക്കുന്ന രണ്ടു മൂന്ന് ധാബകൾ കണ്ടു. അതിനടുത്തായി നിന്നിരുന്ന ഒരാളെ കണ്ടു ഞാൻ വണ്ടി നിർത്തി. അവിടെ താമസിക്കാൻ ഇടം കിട്ടുമോ എന്നു ചോദിച്ചു. നോക്കട്ടെ എന്ന് പറഞ്ഞ് അയാൾ അതിൽ ആദ്യത്തെ ധാബയുടെ അടുത്തേക്ക് പോയി.

spiti-valley-room
ധാബയിൽ ജോലി ചെയ്യുന്നവർക്ക് താമസിക്കാൻ വേണ്ടി ഉണ്ടാക്കിയ മുറി

അതിനുള്ളിൽ നിന്ന് വേറൊരാളെയും കൂട്ടി വന്ന്, നാലുപേർക്കും കൂടി ഒരു മുറി തരാം എന്ന് പറഞ്ഞു. വണ്ടിയിൽ കെട്ടിവച്ചിരുന്ന സാധനങ്ങളെല്ലാം വാരിക്കൂട്ടി ഞങ്ങൾ മുറിയിൽ കയറിപ്പറ്റി. കന്നാലിക്കൂടു പോലൊരു മുറിയായിരുന്നു അത്. ആ ധാബയിൽ ജോലി ചെയ്യുന്നവർക്ക് താമസിക്കാൻ വേണ്ടി ഉണ്ടാക്കിയ മുറി ആയിരുന്നു അത്. ആ സമയത്ത് എന്തു കിട്ടിയാലും മതിയെന്ന മാനസികാവസ്ഥയിലായിരുന്നു ഞങ്ങൾ; തണുത്ത് ചാകുന്നതിലും നല്ലതല്ലേ അത്. 

നനഞ്ഞ തുണികൾ മാറ്റി ഞങ്ങൾ കമ്പിളിക്കുള്ളിൽ കയറി. തണുത്തു മരവിച്ച കയ്യും കാലും നേരെയാവാൻ പിന്നെയും കുറെ സമയമെടുത്തു. ഏതായാലും അപകടം ഒന്നും സംഭവിക്കാതെ കര പറ്റി.

മഴയുണ്ടാവില്ല എന്ന പ്രതീക്ഷയിൽ, മഴ പെയ്താൽ കയറി നിൽക്കാൻ ഇടം കിട്ടുമെന്ന പ്രതീക്ഷയിൽ, വണ്ടി കേടാവില്ല എന്ന പ്രതീക്ഷയിൽ, രാത്രിയിൽ താമസിക്കാൻ ഇടം കിട്ടും എന്ന പ്രതീക്ഷയിൽ, അങ്ങനെ കുറെ ശുഭപ്രതീക്ഷകളുടെ മുകളിലാണ് നമ്മളിൽ പലരും യാത്രകൾ  ആസൂത്രണം ചെയ്യാറുള്ളത്. ഹിമാലയം പോലെ തീവ്രമായ കാലാവസ്ഥയുള്ള ഒരു പ്രദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ ചെയ്യാവുന്ന ഏറ്റവും വലിയ മണ്ടത്തരം ആണത്. 

ചെറിയ  മഴയെ പ്രതിരോധിക്കാൻ ശേഷിയുള്ള water repellent സാധനങ്ങൾ ആണ് ഞങ്ങൾ അന്ന് വാങ്ങിയത്; പക്ഷെ ശരിക്കും മേടിക്കേണ്ടിയിരുന്നത് water proof ആയിരുന്നു (അൽപം പൈസ ലാഭിക്കാൻ നോക്കിയതാണ്). ബൈക്ക് ട്രിപ്പ്‌ ആണെങ്കിൽ വാട്ടർ പ്രൂഫ് ഗ്ലവ്, റെയിൻകോട്ട്, പാന്റ്, ഷൂ കവർ, ആവശ്യമുള്ള മരുന്നുകൾ, വേണ്ടി വന്നാൽ ഒന്നോ രണ്ടോ ദിവസമെങ്കിലും പിടിച്ചു നിൽക്കാനുള്ള ഭക്ഷണം, വണ്ടിയുടെ ബ്രേക്ക് കേബിൾ, ക്ലച്ച് കേബിൾ, പങ്ചർ കിറ്റ്  ഇതൊക്കെ കൂടെ കരുതണം. ഹിമാലയം പോലെ തീവ്രവും അപ്രതീക്ഷിതവുമായ കാലാവസ്ഥയുള്ള ഒരു പ്രദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ എല്ലാ മുൻകരുതലുകളും എടുക്കുന്നത് ഒരു ‘ഷോ’ അല്ല, കോമൺസെൻസ് ആണെന്നു നമ്മൾ മനസ്സിലാക്കണം.

ഇതു പോലെയുള്ള യാത്ര പോകുന്നവരിൽ നൂറിൽ തൊണ്ണൂറ്റിയഞ്ച് പേരും സുഖമായി പോയി വരും. പക്ഷേ നിങ്ങൾ ചെവികൊടുക്കേണ്ടത് ബാക്കി വന്ന അഞ്ച് പേരുടെ വാക്കുകൾക്കാണ്. കാരണം അവർ അകപ്പെട്ട സാഹചര്യങ്ങളിൽ നിങ്ങളും പെട്ടു പോയേക്കാം. 

English Summary:

Himalayan Tours: Everything You should know.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com