പച്ചപ്പിൽ അലിയാൻ ഡൽഹി, ചെങ്കോട്ടയ്ക്ക് സമീപം പുതിയ ഗ്രീൻ പാർക്ക്
Mail This Article
ചരിത്രപരമായും സാംസ്കാരികപരമായും സമ്പന്നമായ മഹാനഗരമാണ് ഡൽഹി. രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് നിരവധി ചരിത്ര സ്മാരകങ്ങളാണ്. ആധുനികതയുടെ വേഗതയ്ക്കൊപ്പം സഞ്ചരിക്കുക മാത്രമല്ല പുരോഗതിയുടെ പാതയിൽ നഗരത്തിന്റെ പച്ചപ്പ് മായാതെ സൂക്ഷിക്കാനും ഇന്ദ്രപ്രസ്ഥം സന്നദ്ധമാണ്. കെട്ടിടങ്ങൾ നിറഞ്ഞ ഡൽഹിയിൽ കുറച്ചു പച്ചപ്പ് കൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ദ ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ. പ്രശസ്തമായ ചെങ്കോട്ടയോട് ചേർന്ന് ഒരു ഹെറിറ്റേജ് പാർക്ക് രൂപീകരിക്കാനുള്ള ശ്രമത്തിലാണ് എൻ ഡി എം സി.
ഘട്ടംഘട്ടമായാണ് എൻ ഡി എം സി നേതൃത്വം നൽകുന്ന ഈ പൈതൃക പാർക്കിന്റെ നിർമാണം. പദ്ധതിയുടെ ഉദ്ഘാടനം ഇതിനകം കഴിഞ്ഞു. പ്രാരംഭഘട്ടത്തിൽ മരങ്ങളും ഇലച്ചെടികളും പച്ചപ്പും നട്ടുപിടിപ്പിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നത്. ഒപ്പം വിളക്കുകൾ സ്ഥാപിക്കുന്നതിനും കാൽനടയാത്രക്കാർക്കുള്ള പാത ഒരുക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്നുണ്ട്.
പൈതൃക പാർക്ക് പദ്ധതി അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് എത്തുമ്പോൾ വ്യത്യസ്തമായ ഒരുപാട് ആശയങ്ങളാണ് മുന്നിട്ട് നിൽക്കുന്നത്. അതിർത്തി മതിൽ സ്ഥാപിക്കലാണ് അതിൽ പ്രധാനപ്പെട്ട ഒരെണ്ണം. ഏകദേശം പത്തടി ഉയരത്തിലാണ് ഈ മതിൽ വിഭാവനം ചെയ്തിരിക്കുന്നത്. പഴയ ഡൽഹിയുടെ വാസ്തുവിദ്യ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കും ഇത്. വിശ്രമവേളകൾ ആനന്ദകരമാക്കാനുള്ള നിരവധി സംവിധാനങ്ങളും പാർക്കിൽ ഒരുക്കുന്നുണ്ട്. കുട്ടികൾക്ക് മികച്ച അനുഭവം നൽകുന്നതിന് ഊഞ്ഞാലുകളും സ്ലൈഡുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികളുമായി ഒന്നിച്ച് ഇവിടെയെത്തുന്ന കുടുംബാംഗങ്ങൾക്ക് മനോഹരമായ ഒരു അനുഭവം ആയിരിക്കും ഈ പൈതൃക പാർക്ക് സമ്മാനിക്കുക.
വിനോദസഞ്ചാരികളെ ആകർഷിക്കുക മാത്രമല്ല ഈ പാർക്കിന്റെ ലക്ഷ്യം. പ്രദേശവാസികൾക്ക് ഒരു വിനോദസഞ്ചാര കേന്ദ്രമായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പാർക്ക് പ്രവർത്തനം ആരംഭിക്കുന്നത്. ഏതായാലും കൂടുതൽ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നതോടെ ചെങ്കോട്ടയുടെ പരിസരം സഞ്ചാരികളെ കൂടുതലായി ആകർഷിച്ചു തുടങ്ങും. ചെങ്കോട്ടയുടെ പരിസരവും സൗന്ദര്യത്മകമാകുന്നതോടെ കൂടുതൽ സഞ്ചാരികളും ഇവിടേക്ക് എത്തിത്തുടങ്ങും. സാംസ്കാരിക പൈതൃകം ഉയർത്തുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ട് നഗരജീവിത നിലവാരം സമ്പന്നമാക്കുന്നതിനുള്ള ഒരു ഉദ്യമമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
വിനോദസഞ്ചാര മേഖലയിൽ കൂടുതൽ സങ്കേതങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എൻഡിഎംസി കരോൾ ബാഗിൽ ഒരു തീം പാർക്ക് വികസിപ്പിച്ചു വരികയാണ്. ഏപ്രിലിൽ അത് സന്ദർശകർക്കായി തുറന്നു കൊടുക്കും. ഒരു ബഹുമുഖ വിനോദ സമുച്ചയമായി വിഭാവനം ചെയ്തിരിക്കുന്ന ഈ പാർക്ക് ഊഞ്ഞാൽ, സ്ലൈഡുകൾ, ജലവിനോദങ്ങൾ തുടങ്ങി കുട്ടികൾക്ക് ആകർഷകമാകുന്ന വിധത്തിൽ വിനോദത്തിന്റെ വ്യത്യസ്തമായ മുഖങ്ങൾ ആയിരിക്കും സമ്മാനിക്കുക. സാംസ്കാരിക പരിപാടികൾ നടത്തുന്നതിനും മറ്റുമായി ഒരു ആംഫി തിയറ്ററും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സാംസ്കാരികമായ ആസ്വാദനവും ഒപ്പം സമൂഹത്തിലുള്ള ഇടപെടലുമാണ് ഈ പാർക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.
കരോൾ ബാഗിലെ പുതിയ പാർക്ക് പ്രദേശവാസികൾക്ക് മാത്രമല്ല സമീപവാസികൾക്കും വലിയ ആശ്വാസമായിരിക്കും. ഏതായാലും ഫ്ലാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും ശ്വാസം മുട്ടുന്ന നഗരവാസികൾക്ക് പുറത്തേക്ക് ഇറങ്ങാനുള്ള സൗകര്യമാണ് ഇത്തരം വിനോദകേന്ദ്രങ്ങൾ കൂടുതലായി നിർമിക്കുന്നതിലൂടെ സർക്കാർ ചെയ്യുന്നത്. ഏതായാലും ഡൽഹിയിൽ ഉടനീളം പൊതു ഇടങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള എൻ ഡി എം സിയുടെ അചഞ്ചലമായ പ്രതിബദ്ധതയെ അടിവരയിടുന്നതാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ.