കടുകുപാടവും സിന്ധ് നദിയും കണ്ട് ‘മിന്നൽ മുരളി’യിലെ കരാട്ടെ ടീച്ചർ
Mail This Article
മിന്നൽ മുരളിയെ മലർത്തിയടിക്കാൻ നോക്കിയപ്പോൾ മലർന്നടിച്ചു വീണ കരാട്ടെ ടീച്ചറെ നമ്മളാരും മറന്നിട്ടില്ല. ആ വീഴ്ചയെ ഒരു ചിരിയോടെ നേരിട്ട കരാട്ടെ ടീച്ചർ കല്യാണം വിളിക്കാൻ വന്ന കാമുകൻ അനീഷിനെ പഞ്ഞിക്കിട്ടതും നമ്മൾ കണ്ടതാണ്. ബ്രൂസ് ലി ബിജിയുടെ ഇടിയുടെ പഞ്ച് അത്രയ്ക്ക് ഉണ്ടായിരുന്നു. ഒറ്റ സിനിമയിലൂടെ മലയാള സിനിമപ്രേക്ഷകർക്കു പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഫെമിന ജോർജ്. ആ സ്നേഹം ഇന്നും മലയാളിക്കു ഫെമിനയോട് ഉണ്ട്. അഭിനയത്തിൽ മാത്രമല്ല മോഡലിങ്ങിലും സജീവമാണ് താരം. ഇപ്പോൾ ഇതാ തന്റെ പുതിയ യാത്രാവിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ഫെമിന ജോർജ്.
അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു താരത്തിന്റെ കശ്മീർ യാത്ര. മഞ്ഞിൽ ഇരുന്നും ഓടിക്കളിച്ചും യാത്ര ആസ്വദിച്ച താരം വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. സിന്ധ് നദിയുടെ തീരത്തു നിന്നും അച്ഛനോടും അമ്മയോടും ഒപ്പമുള്ള ചിത്രവും താരം പങ്കുവച്ചു. കശ്മീരിൽ നിന്നുള്ള നിരവധി ചിത്രങ്ങളാണ് ഫെമിന പങ്കുവച്ചിരിക്കുന്നത്. നിരവധി കമന്റുകളും ഫെമിനയ്ക്കു ലഭിച്ചിട്ടുണ്ട്.
കശ്മീരിലെ സോൻമാർഗ്, സ്വർഗ തുല്യമായ ഇടങ്ങളിൽ ഒന്നാണ്. മഞ്ഞുമലകളും താഴ്വരകളും പുൽമേടുകളും തുടങ്ങി നിരവധി കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
താജിവാസ് ഹിമശൃംഗവും സോൻമാർഗ് താഴ്വരയും
ജനുവരി സമയങ്ങളിൽ താജിവാസ് ഹിമപർവ്വതങ്ങൾ മഞ്ഞുവീണു തണുത്തുറഞ്ഞു കിടക്കുകയായിരിക്കും. തണുപ്പും മഞ്ഞും ആസ്വദിക്കാൻ പറ്റിയ ഇടം കൂടിയാണ് താജിവാസ് ഗ്ലേസിയർ. മഞ്ഞുറഞ്ഞ ഇവിടേക്കു മഞ്ഞിൽ കളിക്കാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. സാഹസിക സഞ്ചാരത്തിനും സ്കീയിംഗിനും വളരെയേറെ പ്രിയമുണ്ട്. തണുപ്പിനൊപ്പം മഞ്ഞുകാലത്തെ മനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ശീതകാല കായികവിനോദങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ പോകാവുന്ന ഇടമാണ് താജിവാസ് മഞ്ഞുമലകൾ. സോൻമാർഗ് താഴ്വരയും മഞ്ഞുകാലത്തു കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ്. മഞ്ഞുകാലത്തു ധരിക്കുന്ന ഷൂസ് ഉപയോഗിച്ചു മഞ്ഞുമൂടികിടക്കുന്ന ഈ താഴ്വരയിൽ കൂടിയുള്ള നടത്തം മനോഹരമായ ഒരു അനുഭവം ആയിരിക്കും. ഫൊട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും ഇവിടം വളരെയധികം ഇഷ്ടപ്പെടും.
സീറോ പോയിന്റും നിചിനൈ പാസും സോജി ലാ പാസും
സോൻമാർഗിൽ നിന്ന് അൽപം അകലെയായിട്ടാണ് സീറോ പോയിന്റ് സ്ഥിതി ചെയ്യുന്നത്. ലഡാക്കിലേക്കുള്ള ഗേറ്റ് വേ ആയിട്ടാണ് സീറോ പോയിന്റ് അറിയപ്പെടുന്നത്. മഞ്ഞ് നിറഞ്ഞ പർവ്വത നിരകളും മനോഹരമായ പ്രകൃതി സൗന്ദര്യം കൊണ്ടും സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് സീറോ പോയിന്റ്. വളരെ ശാന്തമായ അന്തരീക്ഷമാണ് ഇവിടെ എന്നതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. സോൻമാർഗിൽ എത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് സീറോ പോയന്റ്. അതു പോലെ തന്നെ സോൻമാർഗിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജി ലാ പാസും വളരെ മനോഹരമായ ഒന്നാണ്. മഞ്ഞു മൂടിയ കുന്നുകളും ഹിമഗിരി ശൃഗങ്ങളും എല്ലാം സോജി ലാ പാസിന്റെ സവിശേഷതയാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്കും ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പോകാവുന്ന ഇടമാണ് നിചിനൈ പാസ്. മഞ്ഞുവീഴ്ച ആസ്വദിക്കാനും ഇവിടം ബെസ്റ്റാണ്.
സോൻമാർഗിലെ കാർഗിൽ വാർ മെമ്മോറിയലും നിലഗ്രാഡ് നദിയും
കാർഗിൽ യുദ്ധസമയത്ത് രാജ്യത്തിനു വേണ്ടി ജീവൻ ബലി നൽകിയ ധീര ജവാൻമാരുടെ ഓർമയ്ക്കായി സ്ഥാപിച്ചിട്ടുള്ള കാർഗിൽ വാർ മെമ്മോറിയൽ സോൻമാർഗിലെ മറ്റൊരു പ്രധാനപ്പെട്ട കേന്ദ്രമാണ്. ഈ സ്മാരകത്തിൽ ഒരു ഗാലറി ഉണ്ട്. ആ ഗാലറിയിൽ അസ്ഥികളും ചിത്രങ്ങളും യുദ്ധത്തെക്കുറിച്ചുള്ള വിശദീകരണങ്ങളും എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ സോൻമാർഗിലെ നിലഗ്രാഡ് നദിയും പ്രസിദ്ധമാണ്. കൂടാതെ നിരവധി കാര്യങ്ങൾ ചെയ്യാനുമുണ്ട് ഇവിടെ. ഫിഷിങ് ഇഷ്ടപ്പെടുന്നവർക്ക് അതിനു അവസരമുണ്ട്. കൂടാതെ റിവർ റാഫ്റ്റിങ്ങ്, ഫൊട്ടോഗ്രഫി, ഹോഴ്സ് റൈഡിങ് എന്നിവയ്ക്കും സോൻമാർഗിൽ അവസരമുണ്ട്.
നിരവധി തടാകങ്ങളും താഴ്വരകളും മഞ്ഞുമലകളുമാണ് സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നത്. വിഷാൻസർ തടാകം, കൃഷ്ണാസർ തടാകം, ഗാഡ്സർ തടാകം, സത് സാർ തടാകം എന്നിവയും സഞ്ചാരികൾക്കു പ്രിയപ്പെട്ട ഇടങ്ങളാണ്. ഗംഗാബാൽ ട്രക്ക് സഞ്ചാരികൾക്കു വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കും. മഞ്ഞിനിടയിലൂടെ നടക്കാൻ ആഗ്രഹിക്കുന്നവർക്കും സ്കീയിങ് ഇഷ്ടപ്പെടുന്നവർക്കും വിന്റർ ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്കുമെല്ലാം നല്ലൊരു അനുഭവം ആയിരിക്കും സോൻമാർഗ്.