മഞ്ഞിൽ പൊതിഞ്ഞ മണാലി, കാഴ്ചകളുമായി ഇന്ത്യൻ ബാഡ്മിന്റനിലെ ലേഡി സൂപ്പർ സ്റ്റാർ
Mail This Article
കണ്ണെത്താദൂരം വരെ പരന്നുകിടക്കുന്ന കാഴ്ചകൾക്ക് വെളുപ്പിന്റെ മായിക നിറം നൽകുന്ന മഞ്ഞ്, എത്ര കണ്ടാലാണ് മതിവരുക? അത്തരമൊരു മായിക കാഴ്ച്ചയിൽ മതിമറന്നു നിൽക്കുകയാണ് ഇന്ത്യയുടെ പ്രിയപ്പെട്ട ബാഡ്‌മിന്റൺ താരം സൈന നെഹ്‌വാൾ. മണാലി യാത്രയിലെ രസകരമായ വിഡിയോ സൈന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഒരു കുഞ്ഞിന്റെ കൗതുകത്തോടെ മഞ്ഞു വാരി കളിക്കുന്ന സൈന കാഴ്ചക്കാരെയും കൊതിപ്പിക്കും. ഒരിക്കലെങ്കിലും മണാലിയിലെ ആ സ്വർഗീയ കാഴ്ചകളിലേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്നവർക്കു നിരവധി കാഴ്ചകളാണ് ഈ നാട് ഒരുക്കിയിരിക്കുന്നത്.
ഹിമാചൽപ്രദേശിലെ കുളു താഴ്‍വരയിലാണ് മണാലി സ്ഥിതി ചെയ്യുന്നത്. ഡൽഹിയിൽ നിന്നും പതിനഞ്ചുമണിക്കൂർ യാത്രയുണ്ട് ഈ മനോഹരതീരത്തേക്ക്. വേനലിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന, അത്രയധികം സുഖകരമായ കാലാവസ്ഥയുള്ള നാടാണ് മണാലി. 10 ഡിഗ്രി മുതൽ 25 ഡിഗ്രി വരെയാണ് ഈ സമയത്തെ അവിടുത്തെ താപനില എന്നു കേൾക്കുമ്പോൾ തന്നെ ഊഹിക്കാമല്ലോ വിനോദസഞ്ചാരികൾക്ക് എന്തുകൊണ്ടാണ് ഈ നാട് ഇത്രയേറെ പ്രിയപ്പെട്ടതാകുന്നതെന്ന്. സുഖകരമായ കാലാവസ്ഥ മാത്രമല്ല മനോഹരമായ പ്രകൃതിയും ഇവിടെയെത്തുന്നവരുടെ മനസ്സ് നിറയ്ക്കും. പകൽ സമയത്തെ ചെറുവെയിലും രാത്രിയിലെ തണുപ്പും കൂടി ചേരുമ്പോൾ അവധി ആഘോഷിക്കാൻ ഏറ്റവുമുചിതമായ ഇടമായി മണാലി മാറുന്നതിൽ അതിശയോക്തിയില്ല.
അതിഥികളായി എത്തുന്നവരെ കാത്തിരിക്കുന്നത് സുന്ദരമായ കാഴ്ചകൾ മാത്രമല്ല, ട്രെക്കിങ്, റിവർ റാഫ്റ്റിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ വിനോദങ്ങളുമുണ്ട്. മണാലി കാഴ്ചകളിൽ മോഹിപ്പിക്കുന്ന ഒരിടമാണ് റോഹ്താങ് പാസ്, ഏപ്രിലിൽ റോഹ്താങ് പാസ് സന്ദർശകർക്കായി തുറന്നു നൽകും. മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും ചുരത്തിന്റെ കാഴ്ചകളുമൊക്കെ സന്ദർശകരുടെ മനസ്സ് കുളിർപ്പിക്കും.
മഞ്ഞിന്റെ മായിക കാഴ്ചകൾ മാത്രമല്ല ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, ചൂട് നീരുറവകൾ എന്നിങ്ങനെ ആകർഷകമായ മറ്റു കാഴ്ചകളും മണാലിയിലേക്കു സന്ദർശകരെ അടുപ്പിക്കുന്നവയാണ്. ഭക്ഷണപ്രേമികളും വിഷമിക്കണ്ട, അവർക്കായി തനതു രുചിയിൽ തയാറാക്കിയെടുക്കുന്ന സിദ്ധു, തേന്തുക്, മോമോസ് തുടങ്ങിയ വിഭവങ്ങളുമുണ്ട്.