ഏറ്റവും പ്രിയപ്പെട്ട ഇടം, മനോഹര ചിത്രങ്ങളുമായി ആന്‍ഡ്രിയ ജെറമിയ
Mail This Article
ഹിമാലയൻ താഴ്വരകളുടെ മനോഹാരിതയിൽ മുങ്ങി നിൽക്കുന്ന സിക്കിം എന്ന ചെറുസംസ്ഥാനമോ താരസുന്ദരി ആൻഡ്രിയയോ ആർക്കാണ് കൂടുതൽ സൗന്ദര്യമെന്നു ചോദിച്ചാൽ ചിലപ്പോൾ കാഴ്ചക്കാർ ഒരു നിമിഷം ആശയക്കുഴപ്പത്തിലാകും. ആൻഡ്രിയ പങ്കുവച്ച ചിത്രങ്ങളിൽ അത്രയേറെ മനോഹരമാണ് ആ സംസ്ഥാനത്തിന്റെ ഭൂപ്രകൃതി. സിക്കിമും ഡാർജിലിങ്ങുമാണ് ഇത്തവണ താരത്തിന്റെ യാത്രകൾക്കു പകിട്ടേകിയത്. സിക്കിമിലൂടെയുള്ള മനോഹരമായ യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആന്‍ഡ്രിയ പങ്കുവച്ചു. ഗാംഗ്ടോക്കില്‍ നിന്നും ലാച്ചുങ്ങിലേക്ക് പോകാനായിരുന്നു പ്ലാനെങ്കിലും ഉരുള്‍പൊട്ടല്‍ കാരണം അതു നടന്നില്ല. പകരം പെല്ലിംഗിലേക്കായിരുന്നു യാത്ര. ഇപ്പോള്‍ സിക്കിമില്‍ തന്‍റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് പെല്ലിംഗ് എന്നും ആന്‍ഡ്രിയ കുറിച്ചു.
റോഡോഡെൻഡ്രോൺ പൂക്കളുടെ ലാച്ചുങ്
ടിബറ്റിന്റെ അതിർത്തിയോടു ചേർന്ന്, സിക്കിമിലെ മംഗൻ ജില്ലയിലാണ് ലാച്ചുങ് ഹില്‍സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. ടീസ്റ്റ നദിയുടെ കൈവഴികളായ ലാചെൻ, ലാചുങ് നദികളുടെ സംഗമസ്ഥാനത്ത്, ഏകദേശം 9,600 അടി ഉയരത്തിലുള്ള ഈ പ്രദേശം, തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് ഏകദേശം 125 കിലോമീറ്റർ അകലെയാണ്. ഒക്ടോബറിനും മേയ് മാസത്തിനും ഇടയിൽ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ നഗരം സന്ദർശിക്കാൻ എത്തുന്നു.
യംതാങ് താഴ്‌വരയിൽ നിന്ന് ആരംഭിച്ച് ലാച്ചൻ താഴ്‌വരയിൽ അവസാനിക്കുന്ന റോഡോഡെൻഡ്രോൺ വാലി ട്രെക്കിന്റെ ബേസ് ക്യാംപ് ആണ് ഇവിടം. ലാച്ചുങ്ങിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്യണം. ലാച്ചുങ്ങിൽ നിന്ന് 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സീറോ പോയിന്റ്, മഞ്ഞുമൂടിയ മലകളാൽ ചുറ്റപ്പെട്ടിരിക്കുന്ന മനോഹരമായ ഒരു സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്ന് 17,800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുരുഡോങ്മർ തടാകമാണ് മറ്റൊരു ആകര്‍ഷണം, ലോകത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന ശുദ്ധജല തടാകങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഗുരുഡോങ്‌മാറിലേക്ക്, ലാച്ചുങ്ങിൽ നിന്ന് 3-4 മണിക്കൂർ ട്രെക്ക് ചെയ്താണ് എത്തുന്നത്.
മൂന്ന് നിലകളിലായി പതിക്കുന്ന ഭീം നലയും നാഗ വെള്ളച്ചാട്ടവും ലാച്ചുങ്ങിലെ അറിയപ്പെടുന്ന രണ്ട് വെള്ളച്ചാട്ടങ്ങളാണ്. മഞ്ഞുമൂടിയ മലനിരകളുടെയും താഴ്‌വരകളുടെയും ഇടതൂർന്ന പൈൻ മരങ്ങളുടെയും മനോഹരമായ കാഴ്ച കണ്ടുകൊണ്ടു കറ്റാവോ പർവ്വതത്തിലേക്കുള്ള ട്രെക്കിങ് ചെയ്യാം, മഞ്ഞുകാലത്തു സ്കീയിങ്, സ്നോബോർഡിങ്, സ്നോ ട്യൂബിങ് തുടങ്ങിയ വിനോദങ്ങളും വസന്തകാലത്തും വേനൽക്കാലത്തും റോഡോഡെൻഡ്രോൺ, പോപ്പി, പ്രിമുല എന്നിവയുടെ കാഴ്ചയും സഞ്ചാരികളുടെ മനം കവരും.
ബുദ്ധമത വിശ്വാസികൾ സ്ഥാപിച്ച ലാചുങ് മൊണാസ്ട്രി സന്ദര്‍ശിക്കാതെ ഈ യാത്ര പൂര്‍ണ്ണമാവില്ല. സാംതെൻ ചോർലിങ് എന്നും അറിയപ്പെടുന്ന ഈ മൊണാസ്ട്രി മനോഹരമായ രൂപകല്പനയ്ക്കും ലാമകൾ വർഷം തോറും നടത്തുന്ന മാസ്‌ക് ഡാൻസിനും പ്രസിദ്ധമാണ്. ഗുരു പത്മസംഭവയുടെ പാദമുദ്രകള്‍ പതിഞ്ഞതെന്നു വിശ്വസിക്കുന്ന ചുങ്‌താങ്ങിലെ മൊണാസ്ട്രിയും സന്ദര്‍ശിക്കാവുന്നതാണ്.
ഹിമാലയം കയ്യെത്തും ദൂരത്തില്‍ പെല്ലിങ്
സിക്കിമിലെ ഗയാൽഷിങ് ജില്ലയിലെ മറ്റൊരു മനോഹരമായ ഹിൽ സ്റ്റേഷനാണ് പെല്ലിങ്. സമുദ്രനിരപ്പില്‍ നിന്നും 2,150 മീറ്റർ ഉയരത്തിലാണ് പെല്ലിങ് സ്ഥിതി ചെയ്യുന്നത്. ഹിമാലയവും കാഞ്ചൻജംഗയും പെല്ലിങ്ങിൽ നിന്നു വളരെ അടുത്തായി കാണാൻ കഴിയും. അതുകൊണ്ടുതന്നെ, ട്രെക്കിങ് പ്രേമികളുടെ പറുദീസയാണ് ഇവിടം. മൊണാസ്ട്രികൾ, റോക്ക് ഗാർഡൻ, വെള്ളച്ചാട്ടങ്ങള്‍, റാണി ധൂംഗയുടെ വിശുദ്ധ പാറ , ഇരട്ടത്തലയുള്ള കാഞ്ചൻജംഗ വെള്ളച്ചാട്ടം, പുരാതനവും വിചിത്രവുമായ സിങ്ഷോർ പാലം, ചേഞ്ചി വെള്ളച്ചാട്ടം, ബുദ്ധമതക്കാർക്കു വിശുദ്ധമായ ഖെചേപാൽരി തടാകം എന്നിവയാണ് ഇവിടുത്തെ ചില വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍.
സിക്കിമിലെ ഏറ്റവും പഴക്കം ചെന്ന ആശ്രമങ്ങളിലൊന്നാണു പെമയങ്ത്സെ മൊണാസ്ട്രി. മൂന്ന് നിലകളുള്ള ഈ മൊണാസ്ട്രിയില്‍ വിശുദ്ധരുടെയും റിൻപോച്ചുകളുടെയും പ്രതിമകളും കാണാം. പടിഞ്ഞാറൻ സിക്കിമിലെ ഏറ്റവും പ്രസിദ്ധമായ റിംബി വെള്ളച്ചാട്ടം ദാരാപ്പിൽ നിന്ന് ഖേചോപൽരിയിലേക്കുള്ള വഴിയിൽ 5 കിലോമീറ്റർ അകലെയാണ്. സിക്കിമിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നായ കാഞ്ചൻജംഗ വെള്ളച്ചാട്ടം, റിംബി നദിയിൽ നിന്നു 18 കിലോമീറ്റര്‍ അകലെയാണ്. ഇത് സാധാരണയായി വർഷം മുഴുവനും സജീവമാണ്. ഇവ കൂടാതെ, സംഗ ചോലിങ് മൊണാസ്ട്രി, പെല്ലിങ് സ്കൈ വാക്കും ചെൻറെസിങ് പ്രതിമയും സന്ദര്‍ശിക്കേണ്ടതാണ്.
സ്വർഗം താണിറങ്ങി വന്നതോ...
യാത്രാപ്രിയർ ഒരിക്കലെങ്കിലും പോകേണ്ടയിടങ്ങളിൽ ഒന്നാണ് സിക്കിം. ഹിമവാന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്നതു കൊണ്ടുതന്നെ സ്വർഗം താണിറങ്ങി വന്നതാണോ എന്ന തോന്നലുണ്ടാക്കും ഇവിടുത്തെ പ്രകൃതി. തടാകങ്ങളും മഞ്ഞുമലകളും ആശ്രമങ്ങളും കാഞ്ചൻജംഗ എന്ന കൊടുമുടിയുമൊക്കെയാണ് ആ ദേശത്തേക്കു സഞ്ചാരികളെ സ്വാഗതം ചെയ്യുക. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിൽ എത്തുന്ന അതിഥികൾക്കു തങ്ങളുടെ നാടും നഗരവും ചുറ്റികാണുന്നതിനായി നിരവധി കാര്യങ്ങൾ ഒരുക്കിവച്ചിട്ടുണ്ട്.
യാക്ക് സവാരി
ഗാങ്ടോക്കിലെ പ്രധാനവിനോദങ്ങളിലൊന്ന് കേബിൾ റൈഡ് ആണ്. ഡിയോറാലിയിൽ നിന്നും ആരംഭിച്ച് താഷിങ് വരെയെത്തുന്ന ഒരു കിലോമീറ്റർ നീളുന്ന യാത്രയിൽ നഗര കാഴ്ചകളാണ് കണ്ണിലുടക്കുക. ഏഴു മിനിറ്റാണ് ഈ യാത്രയുടെ ദൈർഘ്യം. സിക്കിമിലെത്തിയാൽ ഏതൊരു സന്ദർശകനും മടിക്കാതെ ചെയ്യുന്ന ഒന്നാണ് യാക്ക് സവാരി. ഇവിടുത്തെ പ്രധാന വിനോദങ്ങളിൽ ഒന്നുകൂടിയാണിത്. യാക്കിനു പുറത്തു കയറി സോംഗോ തടാകക്കരയിലൂടെ യാത്ര ചെയ്യുക എന്നതു മനോഹരമായ ഒരനുഭവം തന്നെയാണ്. ഗാങ്ടോക്കിലെ വനങ്ങൾ, ഗ്രാമങ്ങൾ, ആശ്രമങ്ങൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, ജൈവവൈവിധ്യം എന്നിവയെല്ലാം തന്നെ ആസ്വദിക്കാന്‍ അവസരം നല്‍കുന്ന മൗണ്ടൻ ബൈക്കിങ് വിനോദസഞ്ചാരികൾക്കു മുമ്പിൽ സിക്കിമിന്റെ സൗന്ദര്യം മുഴുവൻ വെളിപ്പെടുത്തും. ആകാശത്തു പറക്കാനായി പാരാഗ്ലൈഡിങ്ങും ടീസ്ത, രംഗീത് നദികളിൽ റിവർ റാഫ്റ്റിങ്ങും സാഹസിക പ്രിയർക്കായി സിക്കിം കരുതി വച്ചിട്ടുണ്ട്.
പെല്ലിങ്ങിലെ തടാകം
തലസ്ഥാനമായ ഗാങ്ടോക്കിൽ നിന്നും ഏകദേശം 112 കിലോമീറ്റർ അകലെയാണ് പെല്ലിങ് സ്ഥിതി ചെയ്യുന്നത്. ഖേച്ചിയോൽപരി തടാകമാണ് ഇവിടുത്തെ പ്രധാന കാഴ്ച. പെല്ലിങ്ങിൽ നിന്നും തടാക കാഴ്ചകൾ ആസ്വദിക്കാൻ പോകുന്നതിനായി ജീപ്പുകളും ക്യാബുകളും ലഭിക്കും. ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ഒരുപോലെ പ്രധാനപ്പെട്ട ഈ തടാകം, സിക്കിമിലെ വളരെ പ്രധാനപ്പെട്ട ഒരു തീര്‍ഥാടനകേന്ദ്രം കൂടിയാണ്. യുക്‌സോമിലെ ദുബ്ദി മൊണാസ്ട്രി, പെമയാങ്‌റ്റ്‌സെ മൊണാസ്ട്രി, റാബ്‌ഡെന്റ്‌സെ, സംഗ ചോലിങ് മൊണാസ്ട്രി , താഷിഡങ് മൊണാസ്ട്രി എന്നിവ ഉൾപ്പെടുന്ന ബുദ്ധമത തീർഥാടന സർക്യൂട്ടിന്‍റെ ഭാഗമാണ് ഖേചിയോപൽരി തടാകം. ബുദ്ധ ഗുരുവായിരുന്ന പത്മസംഭവ ഇവിടെ അറുപത്തിനാല് യോഗിനിമാരോട് പ്രസംഗിച്ചു എന്നുപറയപ്പെടുന്നു. മാത്രമല്ല, ബുദ്ധന്‍റെ പാദത്തിന്‍റെ ആകൃതിയാണ് തടാകത്തിന് എന്നും അവര്‍ വിശ്വസിക്കുന്നു. ചുറ്റുമുള്ള കുന്നുകള്‍ക്കു മുകളില്‍നിന്നു നോക്കിയാല്‍ ഈ രൂപം വ്യക്തമായി കാണാനാവും.
തടാകത്തിനടുത്തുള്ള പര്‍വതശിഖരത്തിലേക്ക് സഞ്ചാരികള്‍ക്ക് ട്രെക്കിങ് നടത്താം. ഏകദേശം ഇരുപതു മിനിറ്റെടുക്കും ഏറ്റവും മുകളിലെത്താന്‍. ഇവിടെനിന്ന് നോക്കിയാല്‍ തടാകക്കാഴ്ച വളരെ മനോഹരമാണ്. തടാകത്തിൽനിന്നു പതിനേഴു കിലോമീറ്റർ അകലെയാണ് കാഞ്ചൻജംഗ വെള്ളച്ചാട്ടം. നിബിഡ വനങ്ങളാലും ചുറ്റപ്പെട്ട മനോഹരമായ വെള്ളച്ചാട്ടത്തിലേക്ക് എത്താന്‍ ഖേചിയോപൽരിയിൽനിന്ന് നാല്‍പതു മിനിറ്റ് ഡ്രൈവ് ചെയ്യണം. കാഞ്ചൻജംഗ പർവതത്തിലെ ഹിമാനികളില്‍നിന്ന് ഒഴുകിയെത്തുന്ന ശുദ്ധജലമാണ് ഇവിടെയുള്ളത്. പെല്ലങ് മേഖലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണിത്.