ADVERTISEMENT

പത്ത് ദിവസത്തോളം നടത്തിയ ഹിമാചൽയാത്രയിലെ മറക്കാനാകാത്ത അനുഭവമായിരുന്നു ബിർ ബില്ലിംഗിലെ കാഴ്ച്ചകൾ.  രാജ്യത്തെ ഏറ്റവും മികച്ച പാരാഗ്ലൈഡിംഗ് സെൻററാണ് ബിർ ബില്ലിംഗ്. ചെന്നിറങ്ങിയത് ധരംശാലയിലായിരുന്നതിനാൽ സമീപപ്രദേശങ്ങൾ സന്ദർശിച്ചതിന് ശേഷം മതി ദൂരസ്ഥലങ്ങളിലേക്കുള്ള യാത്രയെന്ന് ആതിഥേയനും സൈനികനും അതിലുമുപരി ആത്മബന്ധുവുമായ  ബിനുകുമാർ പറഞ്ഞിരുന്നു. ധരംശാലയിലെ സൈനികകേന്ദ്രത്തിലെ ക്വാർട്ടേഴ്സിന്റെ ഒരു മുറി  തയാറാക്കി ബിനുവും ഭാര്യ സുബിയും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയും അവിടേക്ക് പോകാൻ ടാക്സിയും ബിനു ഏർപ്പെടുത്തിയിരുന്നു.  

himachal-03

പാരാഗ്ലൈഡിങ് സെന്ററിലേക്കാണ്   പോകുന്നതെന്നു കേട്ടപ്പോൾ സത്യം പറഞ്ഞാൽ ആവേശത്തൊടൊപ്പം നെഞ്ചിടിപ്പും കൂടി. ഒരു പാരച്യൂട്ട് യാത്ര കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നെങ്കിലും ഉയരങ്ങളിലെ പറക്കലോർത്തപ്പോൾ മുട്ട് വിറയ്ക്കാൻ തുടങ്ങി. അതേസമയം ഉയരം കൂടുന്തോറും ആവേശവും കൂടുമെന്ന മട്ടിൽ ആവേശഭരിതനായി കൂടെയുള്ള ഭർത്താവ്. ഒരു ധൈര്യത്തിന് ബിനുവിനെയും സുബിയേയും കൂട്ടിന് വിളിച്ചെങ്കിലും സുബി ഒരു വിധത്തിൽ സമ്മതിച്ചില്ല. പറക്കാൻ മാത്രമല്ല  പറക്കുന്നത് കാണാനുള്ള ധൈര്യം പോലും തനിക്കില്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് അവൾ ബിനുവിന്റെ ഉത്സാഹത്തിനും തടയിട്ടു.        

himachal-02

  ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലെ ബൈജ്‌നാഥിലാണ്   ബിർ.   ധർമ്മശാലയിൽ നിന്ന്     ഏകദേശം 50 കിലോമീറ്റർ ധൂരത്തുള്ള ഇവിടേക്ക് ഏകദേശം മൂന്ന് മണിക്കൂറിനുള്ളിൽ എത്താം.  കൃത്യമായി പറഞ്ഞാൽ  ഹിമാലയത്തിന്റെ താഴ്‌വരയിലെ ദൗലാധർ പർവതനിരയിലെ ജോഗീന്ദർ നഗർ താഴ്‌വരയിലാണ് ബിർ സ്ഥിതി ചെയ്യുന്നത്. പത്താൻകോട്ടിനും ജോഗീന്ദർനഗറിനും ഇടയിൽ കാംഗ്ര വഴി കടന്നുപോകുന്ന അഹ്ജുവാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 

himachal-04

റോഡ് മാർഗമാണെങ്കിൽ വളഞ്ഞും തിരിഞ്ഞും മുകളിലേക്കു യാത്ര ചെയ്യണം. നാഗരിക സ്പർശമുള്ള വീടുകളാണ് നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും. എന്നാൽ ഗ്രാമപ്രദേശങ്ങളിലേക്കു കടന്നാൽ പരമ്പരാഗത ഹിമാചല്‍ ഗൃഹങ്ങള്‍ കാണാം. ഒപ്പം വിശാലമായ കുന്നുകളുടെയും മലകളുടെയും താഴ്​വരകളുടെയും അവയിലൂടെ ഒഴുകുന്ന നദികളുടെയും മനോഹരമായ കാഴ്ച്ചകള്‍ മാത്രം.  ഹിമാചലിന്റെ പ്രകൃതിഭംഗി കേട്ടല്ല കണ്ടുതന്നെ അനുഭവിക്കണം. അത്രമേൽ പ്രൗഢവും മനോഹരവും വിസ്മയകരവുമായ കാഴ്ച്ചകളാണ് ഓരോ യാത്രയും സമ്മാനിക്കുന്നത്. 

Image Credit : Christopher Moswitzer/istockphotos
Image Credit : Christopher Moswitzer/istockphotos

യാത്രയ്ക്കൊടുവിൽ വിശാലവും നിരപ്പാര്‍ന്നതുമായ ഒരു ഭൂപ്രദേശത്തെത്തി.  മൈതാനം പോലെയുള്ള ആ സ്ഥലത്ത് അങ്ങിങ്ങായി കുറേപേരുണ്ട്. പറന്നുയരുന്ന സ്ഥലമല്ല പറന്നിറങ്ങുന്ന സ്ഥലമാണത്. മിക്കവരും മുകളിലേക്ക് നോക്കിനിൽപ്പാണ്. കാറിൽ നിന്നിറങ്ങി മുകളിലേക്ക് നോക്കിയപ്പോൾ ഉള്ള് കിടുങ്ങിപ്പോയി. വളരെ ഉയരത്തിൽ   പൊട്ടുപോലെ ഒഴുകിനടക്കുകയാണ് പാരച്യൂട്ടുകള്‍.  ഭയന്ന് വിറച്ച്  ഭര്‍ത്താവിനെ നോക്കിയപ്പോള്‍  ഏജൻറുമായി ഡീൽ ഉറപ്പിക്കുന്ന തിരക്കിലാണ് പുള്ളി. ഭൂമിയിൽ  നിന്ന് മുകളിലെ കാഴ്ച്ച കാണുമ്പോള്‍തന്നെ കാലുകള്‍ കുഴയുന്നതുപോലെ. പിന്നെ എങ്ങനെയാണ് ഇത്ര ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്നത്. എന്ത് പറഞ്ഞാണ് ഇദ്ദേഹത്തെ തടയുക എന്നറിയാതെ കുഴങ്ങിപ്പോയി. 

Image Credit : hp_tourism/twitter.com
Image Credit : hp_tourism/twitter.com

പാരാഗ്ലൈഡിങ്ങിനു ഫീസ് അടച്ചാൽ പിന്നെ രണ്ട് മൂന്ന് മണിക്കൂർ നേരത്തേക്കു നമ്മളുടെ നിയന്ത്രണം ഏജന്റുമാർക്കാണ്.  പത്ത് പന്ത്രണ്ട് കിലോമീറ്റർ ദൂരെയുള്ള  കുന്നിൻമുകളിൽ അവർ നമ്മെ എത്തിക്കും. അവിടെ പാരാഗ്ലൈഡിങ്ങിൽ വൈദഗ്ധ്യം നേടിയവർ കാത്തിരിക്കുന്നുണ്ടാകും. കാറ്റിന്റെ ഗതിയും മറ്റും നോക്കിയാണ് അവർ സഞ്ചാരിയുമായി പറക്കാനൊരുങ്ങുന്നത്. പരിശീലകനൊപ്പം ഒരാള്‍ക്ക് മാത്രമേ അനുവാദമുള്ളു. ഇത്രയും ഉയരത്തിൽ പറക്കാനുള്ള ധൈര്യമില്ലെന്നു കരഞ്ഞ് പറഞ്ഞപ്പോൾ എന്നാൽ നീ പറക്കേണ്ടെന്നായി അദ്ദേഹം. എന്നെ ഒറ്റയ്ക്കാക്കി രണ്ട് മൂന്ന് മണിക്കൂർ എവിടെയോ പോയി ഇത്രയും ഉയരത്തിൽ പറക്കാൻ ആരെയും അനുവദിക്കില്ലെന്ന്  വ്യക്തമാക്കിയതോടെ പുള്ളി കുഴങ്ങി.  

Image Credit : hptdc.in
Image Credit : hptdc.in

വാസ്തവത്തിൽ വല്ലാതെ ഭയന്നുപോയിരുന്നു. ചിന്തിക്കാനാകാത്ത ഉയരത്തിലാണ് പറക്കേണ്ടത്. അദ്ദേഹത്തെ അപകടകരമായ ആ പറക്കലിന് വിട്ടിട്ട് രണ്ട് മൂന്ന് മണിക്കൂർ കാത്തിരിക്കേണ്ടി വന്നാൽ ടെൻഷനടിച്ച് മരിച്ചുപോകുമെന്ന് തോന്നിയത് കൊണ്ടാണ് അത്ര കടുപ്പിച്ച് എതിർത്തത്. 'എനിക്കൊന്നിനെയും പേടിയില്ല നല്ല ധൈര്യമുണ്ടെന്ന്'  സ്ഥാനത്തും അസ്ഥാനത്തും നടത്താറുള്ള  പതിവുവാചകങ്ങളൊക്കെ എത്രമാത്രം അര്‍ത്ഥശൂന്യമാണെന്ന് സ്വയം ബോധ്യപ്പെട്ട നിമിഷങ്ങളായിരുന്നു അത്. എന്തായാലും നല്ലപാതിക്ക് മനസ്സലിഞ്ഞ് തത്കാലം പറക്കുന്നില്ല എന്ന തീരുമാനത്തിലെത്തി.   കാറിന്റെ ഡ്രൈവർ കൂടി അതിന് കാരണക്കാരനായി. കുളു മണാലി യാത്രയിൽ പാരാഗ്ലൈഡിംഗ് നടത്താമെന്നും അത് ഇത്ര ഉയരത്തിൽ അല്ലെന്നും റിസ്കില്ലെന്നും പുള്ളി പറഞ്ഞപ്പോൾ പറക്കാനുള്ള സ്ഥലം ആളൊന്നു മാറ്റപിടിച്ചെന്ന് മാത്രം. എന്തായാലും അപ്പോഴാണ് ശ്വാസം നേരെ വീണത്. 

ഇരുപത് വയസ് മുതൽ 35 വയസ്സ് വരെ വരുന്നവരാണ് പരിശീലകന്‍മാരില്‍ അധികവും. അതിരറ്റ ആത്മവിശ്വാസത്തോടെയാണ്  അവര്‍ സഞ്ചാരികളെ ഉയരങ്ങളിലേക്ക് നയിക്കുന്നത്.   കാലാവസ്ഥയും നിശ്ചയിച്ചുറപ്പിക്കുന്ന തുകയും അനുസരിച്ചാവും പറക്കൽ. അത്യാവശ്യം ധൈര്യമുള്ള ഒരാൾക്ക് പക്ഷേ അത് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായിരിക്കുമെന്നുറപ്പ്. നല്ല കുളിരുള്ള അന്തരീക്ഷത്തിലൂടെ ഒഴുകി നടക്കുമ്പോൾ താഴെ   മഞ്ഞുമലകളുടെയും ദേവദാരുവൃക്ഷങ്ങളുടെയും അതിമനോഹരമായ കാഴ്ച കാണാം.   

പാരാഗ്ലൈഡിങ് സെഷനുകൾക്കുള്ള രാജ്യത്തെ   ഏറ്റവും മികച്ച സ്ഥലമാണ് ബിർ-ബില്ലിംഗ്. സമുദ്രനിരപ്പിൽ നിന്ന് 8000 അടി ഉയരത്തിലുള്ള ബില്ലിംഗിൽ നിന്ന് പറന്നുയർന്ന്  4300 അടി ഉയരത്തിലുള്ള ബിറിൽ ലാന്റ്  ചെയ്യും. 15 മുതൽ 20 മിനിറ്റ് വരെ ആകാശത്ത് അങ്ങനെ ഒഴുകി നടക്കാം.

എല്ലാ വര്‍ഷവും പാരാഗ്ലൈഡിങ് പ്രി വേള്‍ഡ് കപ്പ് മത്സരം നടക്കുന്നത് ഇവിടെയാണെന്ന് ഡ്രൈവര്‍ പറഞ്ഞു. ഒക്ടോബർ മുതൽ ജൂൺ വരെയാണ് പാരാഗ്ലൈഡിംഗിന്റെ സീസൺ. ഒക്‌ടോബർ-നവംബർ, മാർച്ച്-ജൂൺ മാസങ്ങളാണ് ഏറ്റവും അനുയോജ്യമായ സമയം. ഡിസംബർ, ജനുവരി മാസങ്ങളിലെ പാരാഗ്ലൈഡിങ്ങ് അനുഭവം വ്യത്യസ്തമാണ്, ചുറ്റുമുള്ള എല്ലാ പർവ്വതങ്ങളും അപ്പോൾ മഞ്ഞിൽ പുതഞ്ഞ് കിടക്കുകയായിരിക്കും, മൂന്നോ നാലോ ദിവസം വരുന്നതാണ് ബിർ ബില്ലിംഗ് ടൂർ പാക്കേജ്. പാരാഗ്ലൈഡിങ്ങ് മാത്രല്ല മൊണാസ്ട്രികൾ, ട്രക്കിങ്, റാപ്പലിങ്, മൗണ്ടൻ ബൈക്കിങ് മുതലായവ ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ് ഈ സ്ഥലം.

English Summary:

Unforgettable Paragliding Experience in Himachal Pradesh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com