ദേവഭൂമിയിലൂടെ ഒരു സ്വപ്നയാത്ര, ഉത്തരാഖണ്ഡിലെ കേദാര്നാഥ് തീര്ഥാടനം
Mail This Article
എപ്പോഴാണ് കേദാർനാഥിൽ പോകണം എന്ന ആഗ്രഹം മനസ്സിൽ കയറിയത് എന്ന് അറിയില്ല. വായന ശീലം തീരെ ഇല്ലാത്തതിനാൽ ഉത്തരാഖണ്ഡ് എന്ന ദേവഭൂമിയെ പറ്റിയോ ചാർധാമുകളെ പറ്റിയോ അധികം അറിയില്ലായിരുന്നു. കേദാർനാഥ് (ശിവൻ ), ബദരീനാഥ് (വിഷ്ണു), യമനോത്രി (ദേവി യമുന), ഗംഗോത്രി (ദേവി ഗംഗ) ഇവയാണ് ചാർധാമുകൾ. ഇവ തമ്മിലുള്ള ദൂരവും വളരെ അധികമാണ്. ശിവന്റെ മാത്രം ക്ഷേത്രങ്ങളായ പഞ്ചകേദാറുകൾ ഇങ്ങനെ ആണ് കേദാർനാഥ്, മാധമഹേശ്വർ, തുങ്കനാഥ്, രുദ്രനാഥ്, കല്പനാഥ് ഇവയെല്ലാം ശിവപ്രീതിക് വേണ്ടി പഞ്ചപാണ്ഡവന്മാർ നിർമ്മിച്ചതാണെന്ന് വിശ്വാസം.
പിന്നീടങ്ങോട്ടു കിട്ടുന്ന യാത്രവിവരണ വിഡിയോയും ഇൻസ്റ്റയിലെ റീൽസും കണ്ടു കേദാറിനെ അറിഞ്ഞു തുടങ്ങി. അങ്ങനെ സ്വപ്നം മുഴുവനും കേദാർ മാത്രമായി. പലരോടും ചോദിച്ചു എങ്കിലും യാത്ര എങ്ങിനെ തുടങ്ങണം എന്ന് ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഇങ്ങനെ ഒരു മോഹത്തെ പറ്റി അധികം ആരോടും പറയാനും ധൈര്യം വന്നില്ല. അങ്ങനെ ട്രെക്കിങ്ങിൽ താല്പര്യം ഉള്ള കസിനോടു വിവരം പറഞ്ഞു, അവനാണല്ലോ ആദ്യമായി മല കയറ്റിയത്, ഇതിനു ഒരു പരിഹാരം കണ്ടു പിടിക്കാനും അവനു ധാർമികമായ ഉത്തരവാദിത്തം ഉണ്ട്. കോയമ്പത്തൂർ ‘ഇഷ’ യുടെ അടുത്ത് വെള്ളിയാങ്കിരി മലയുണ്ടെന്നും പറഞ്ഞു ഒരു ദിവസം ഓടി വന്നതും മലമുകളിൽ ശിവനെ കാണിച്ചതും അവനാണ്. എന്തായാലും അവൻ നിരാശപെടുത്തിയില്ല എന്ന് മാത്രമല്ല ഒരു നമ്പറും തന്നു. അതിൽ അപ്പോൾ കോണ്ടാക്ട് ചെയ്തില്ല. കേദാർ യാത്രക്ക് വീണ്ടും പല വഴികളും നോക്കി, കൂടെ വരാമെന്നു പറഞ്ഞ പലരും പിന്നീട് പിന്മാറി. കേദാർ തുറക്കുന്ന സമയവും അവരുടെ പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം ഒരുപാട് ആഗ്രഹമുള്ള പലർക്കും വീണ്ടും യാത്ര മാറ്റിവയ്ക്കേണ്ടി വന്നു. എന്റെ യാത്ര ഒറ്റയ്ക്ക് നടക്കില്ല എന്ന് ബോധ്യമായപ്പോൾ ശ്രീകാന്ത് (മുൻപ് പറഞ്ഞ കസിൻ) തന്ന നമ്പറിൽ കോണ്ടാക്ട് ചെയ്തു. അവിടെയാണ് വായനാട്ടുകാരുടെ യാത്ര കൂട്ടായ്മ "ഇടം" എനിക്ക് കൂട്ടായത്. ചാർധാമുകൾ ഒരുമിച്ചു ചെയ്യുന്നത്തിന്റെ പ്രായോഗിക ബുദ്ധിമുട്ടു അവർ വിശദീകരിച്ചു അങ്ങനെ ഒരു ട്രാവൽ പ്ലാനും അയച്ചു തന്നു. അവയിൽ ചാർധാംലെയും പഞ്ചകേദാറിലെയും സാധ്യമായ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. വൈകാതെ അവരോടു കൂടെ ഉള്ള യാത്ര ഉറപ്പിച്ചു എന്നെ അവർ വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തു. പിന്നീടുള്ള നിർദേശങ്ങളെല്ലാം വളരെ വിശദമായി ഗ്രൂപ്പിൽ വന്നുകൊണ്ടിരുന്നു.
ഡൽഹിയും ഋഷികേശും
എത്തിഹാദ് എയർവേസിൽ ഡൽഹിക്കു പുറപ്പെട്ട ഞാൻ രാവിലെ 8 മണിക്ക് ഡൽഹി എയർപോർട്ടിൽ എത്തി. പിന്നീട് ഒരു കശ്മീരി പണ്ഡിറ്റിന്റെ സഹായത്തോടെയാണ് മെട്രോ റൈലിൽ (DMRC) കശ്മീർ ഗേറ്റിൽ എത്തിയത്. അവിടെയാണ് "ഇടത്തിലൂടെ" പരിചയപ്പെട്ട ദിലീപ് കാത്തു നിൽകാം എന്ന് പറഞ്ഞിട്ടുള്ളത്. വളരെ തിരക്കുള്ള മെട്രോ സ്റ്റേഷനിൽ കശ്മീർ ഗേറ്റിലേക്കുള്ള പ്ലാറ്റ്‌ഫോം കണ്ടെത്തുന്നതും ടിക്കറ്റ് എടുക്കുന്നതും പരിചയമില്ലാത്ത ആളുകൾക്കു കുറച്ചു ശ്രമകരം തന്നെ ആണ്. അദ്ദേഹം അത് അറിഞ്ഞു എന്നെ സഹായിച്ചു. ഡൽഹിയിലെ കാഴ്ചകളിൽ പ്രത്യേകിച്ചു താല്പര്യം ഇല്ലാത്ത ഞാനും ദിലീപും കശ്മീർ ഗേറ്റിൽ നിന്ന് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ട്രാൻസ്‌പോർട് ബസിൽ ഋഷികേശിലേക്കു തിരിച്ചു. പിറ്റേന്ന് എല്ലാവരുടെയും കൂടെ ഹരിദ്വാറിൽ ജോയിൻ ചെയ്യുക എന്നതാണ് തീരുമാനം. പോകുന്ന വഴിയിൽ ഹോട്ടൽ റിസർവേഷൻ ഓൺലൈനിൽ ചെയ്തു. ഗൂഗിൾ പേയോ ഓൺലൈൻ മൊബൈൽ പേയ്‌മെന്റുകളോ NRI അക്കൗണ്ടുകൾക്കു പറ്റാത്തത് കൊണ്ട് പേയ്മെന്റ് എല്ലാം ദിലീപ് ആണ് ചെയ്തിരുന്നത്. ഋഷികേശിലെത്തി മുഖാമുഖം ഇരിക്കാൻ പറ്റുന്ന ഒരു ഓട്ടോറിക്ഷയിൽ കയറി ഞങ്ങൾ ഹോട്ടലിൽ ചെക് ഇൻ ചെയ്തു. ഋഷികേശിലെ ഗംഗ ആരതിയുടെ സമയം കഴിഞ്ഞതുകൊണ്ടു ഞങ്ങൾ ചുറ്റുപാടും ഒന്ന് കറങ്ങി പെട്ടെന്ന് ഹോട്ടലിൽ തിരിച്ചെത്തി. രാവിലെ റിവർ റാഫ്റ്റിങ് ആണ് ലക്‌ഷ്യം. റിവർ റാഫ്റ്റിങ്ങിനു ധാരാളം ചെറിയ കടകൾ അവിടെ ഉണ്ട്. അവിടെനിന്നു എട്ട് പേര് അടങ്ങുന്ന ഒരു ജീപ്പിൽ മുകളിൽ നമുക്കു റാഫ്റ്റിങ് ചെയ്യാനുള്ള കയാകും കെട്ടി ഗംഗയുടെ പതിനാറു കിലോമീറ്റർ മുകളിൽ കൊണ്ടുപോയി താഴേക്കു ഒഴുക്കി വിടുന്നതാണ് റിവർ റാഫ്റ്റിങ്. കൂടെ ഒരു തുഴച്ചിൽകാരനും അതിനു മുന്നിൽ ഒരു വഴികാട്ടിയും ഉണ്ടാവും. ഞങ്ങൾ രണ്ടുപേരും കടക്കാരനും ബാക്കി ആറു പേരെ കിട്ടാൻ പ്രാർഥിച്ചിരുന്നു. എട്ട് പേരില്ലാതെ റാഫ്റ്റിങ് നടക്കില്ല. ഇടക്കിടക്ക് ദിലീപ് എന്തൊക്കെയോ വാങ്ങി കഴിക്കുന്നുണ്ടായിരുന്നു. വൈകും തോറും ടെൻഷൻ കേറികൊണ്ടിരുന്ന എനിക്ക് ഒന്നും കഴിക്കാൻ പറ്റിയില്ല. വൈകിട്ട് ഹരിദ്വാറിൽ എത്തിയില്ലെങ്കിൽ ഈ ട്രിപ്പ് തന്നെ ഇല്ലാതാവും എന്ന പേടി എനിക്ക് നല്ലതുപോലെ ഉണ്ടായിരുന്നു. അങ്ങനെ ആലോചിച്ചു ടെൻഷൻ കണ്ടുപിടിക്കുന്ന എന്നെ ദിലീപ് കളിയാകുന്നുണ്ടായിരുന്നു. രണ്ടു മൂന്നു മണിക്കൂർ കാത്തു മറ്റു ആറു പേരെ കിട്ടി. സ്റ്റാഫ് സെലക്ഷൻ കമ്മീഷനിൽ കൂടെ ജോലി നേടി പല സർക്കാർ സ്ഥാപനങ്ങളിൽ ജോലിക്കു കയറിയ വളരെ ചെറുപ്പക്കാർ ആയ ചില ഉദ്യോഗസ്ഥകളും ഉദ്യോഗസ്ഥന്മാരും ആയിരുന്നു കൂട്ട്. ജോലി കണ്ടുപിടിക്കാനും ഒഴിവു സമയങ്ങൾ ആനന്ദമാക്കനും അവർ കാണിക്കുന്ന ഉത്സാഹം എടുത്തു പറയേണ്ടതാണ് കുറച്ചു കാത്തിരുന്നെങ്കിലും റാഫ്റ്റിങ് എന്ന സാഹസം സാധിച്ചതിന്റെ സന്തോഷത്തിൽ ഞങ്ങൾ ഹരിദ്വാറിലേക്കു തിരിച്ചു. ശനിയാഴ്ച ഹരിദ്വാറിലേക്കു സാധാരണയിലും കൂടുതൽ ഉള്ള ട്രാഫിക് കാരണം മൂന്ന് നാല് മണിക്കൂർ ആവുമെന്നു പറഞ്ഞു റാഫ്റ്റിങ് കടക്കാരൻ എന്നെ വെറുതെ പേടിപ്പിച്ചിരുന്നു. വൈകിട്ട് ഗംഗ ആരതി ഹരിദ്വാറിൽ കാണാൻ ഉള്ളതാണ്. അതും കേദാർ പോലെ തന്നെ ഈ യാത്രയിലെ ഒരു വലിയ മോഹം ആണ്. അങ്ങനെ ഋഷികേശിൽനിന്നു ഹരിദ്വാറിലേക്കുള്ള ഒരു സാധാരണ ലൈൻ ബസിൽ ഞങ്ങൾ കയറി. ഞങ്ങളെ സഹായിക്കാൻ ബസിൽ ഞങ്ങളോടൊപ്പം ചാടികയറിയ ഒരു 'സഹായി' ഞങ്ങളുടെ കയ്യിൽ നിന്ന് നൂറു രൂപ സഹായഫീസ് ഈടാക്കി. നല്ല തിരക്കുണ്ടായിരുന്ന ആ ബസിൽ, ബുദ്ധിമുട്ടി ഒരു സീറ്റ് കിട്ടിയപ്പോൾ, ഞാൻ ഇരുന്ന അടുത്ത സീറ്റിൽ ഒരു സ്ത്രീ വന്നിരുന്നു. ബസിലുള്ളവർ എന്നോട് എണീക്കാൻ . പറഞ്ഞു. ഹിന്ദി തീരെ അറിയാത്തവനെ പോലെ ഇരുന്നതു കൊണ്ട് അവർ എന്നെ വെറുതെ വിട്ടു. വളരെ പെട്ടെന്നു ദേഷ്യപ്പെടുകയും അതുപോലെ ശാന്താരാകുകയും ചെയ്യുന്ന അവരെ എനിക്കിഷ്ടമായി. പിന്നീട് ആ സ്ത്രീ എന്നോട് ചില കുശലാന്വേഷണങ്ങൾ നടത്തി. ഹരിദ്വാറിൽ നിന്ന് ദിവസവും ജോലിസ്ഥലമായ ഋഷികേശിലേക്കു യാത്ര ചെയ്യുന്ന ഒരു വീട്ടമ്മ ആയിരുന്നു അവർ. ഭയപെട്ടപോലെ ഒട്ടും വൈകാതെ ഞങ്ങൾ വളരെ കുറഞ്ഞ ചെലവിൽ ഹരിദ്വാറിൽ എത്തി ബാക്കി ഉള്ളവരുടെ (ഇടം കൂട്ടുകാർ) കൂടെ അയ്യപ്പക്ഷേത്രത്തിനു അടുത്ത് എത്തി. ചുറ്റും ഹിന്ദി മാത്രം സംസാരിക്കുന്ന ആളുകൾക്കിടയിൽ അയ്യപ്പ ക്ഷേത്രവും അവിടെ ഒരു പയ്യന്നൂരുകാരനെയും കണ്ടപ്പോൾ കൗതുകവും ഒപ്പം ആശ്വാസവും തോന്നി. തീർത്ഥാടനക്കാർക്ക് ഭക്ഷണവും താമസവും അവർ ഒരുക്കി കൊടുക്കുന്നുണ്ട്. പക്ഷെ മുൻകൂട്ടി പറയണം. ഞങ്ങളുടെ താമസം അവിടെ അല്ല, നേരെ മുന്നിലുള്ള സാമാന്യം മെച്ചപ്പെട്ട അർജുൻ ഹോട്ടലിൽ ആണ്.
ഹരിദ്വാറും ഗംഗ ആരതിയും
ഹോട്ടൽ അർജുനിൽ എനിക്കും ദിലീപിനും നൗഷാദ് ഭായിക്കും ഒരേ റൂം കിട്ടി. ഇനി വല്ലതും കഴിക്കണം, രാവിലെ മുതൽ ഇത് വരെ ഒരു ഇളനീർ മാത്രമാണ് ഞാൻ കഴിച്ചിട്ടുള്ളത്. വിശപ്പുകൊണ്ടുള്ള എന്റെ വെപ്രാളം കണ്ടു വീണ്ടും ദിലീപ് ചിരിക്കുന്നുണ്ടായിരുന്നു. ഹോട്ടൽ റസ്റ്ററന്റ് വലിയ മോശമില്ലായിരുന്നത് കൊണ്ട് കുറച്ചു ജീര റൈസും ഒരു തൈരും കഴിച്ചു, അടുത്ത ലക്ഷ്യം ഹർകി പൗരി, ഗംഗ ആരതി നടക്കുന്നത് അവിടെ ആണ്. അയ്യപ്പ ക്ഷേത്രത്തിനു മുന്നിൽ നിന്ന് ഒരു ഇലക്ട്രിക്ക് ഓട്ടോറിക്ഷയിൽ കയറി ഞങ്ങൾ ഹർകി പൗരിയിൽ എത്തി. വലിയ തിരക്കും നടക്കാൻ പോലും ബുദ്ധിമുട്ടുള്ള ഒരു ഘട്ട് ആണ് ഹർകി പൗരി. ആ ഘട്ടിലൂടെ ദിലീപും ഞാനും ഓടി, എങ്ങനെയും ഗംഗ ആരതി കാണണം. അത്രയും തിരക്കുള്ള ഘട്ടിൽ എങ്ങനെ കൃത്യ സമയത്തു എത്തി എന്ന് ഞങ്ങൾക്ക് അറിയില്ല. ഇടിച്ചു കയറി ഞാൻ കാഴ്ചക്ക് സ്ഥാനം ഉറപ്പിച്ചു. മണിക്കൂറുകൾക്കു മുന്നേ അവിടെ എത്തിയ ആരൊക്കെയോ എന്നെ എന്തൊക്കെയോ പറഞ്ഞിരുന്നു. ഒന്നും കേൾക്കാനോ മറുപടി പറയാനോ പോയില്ല. അതിനിടക്ക് ആരോ എന്നെ വലിച്ചു അയാളുടെ മുന്നിലേക്ക് നിർത്തി നന്നായി കാണാൻ സഹായിച്ചു. കാഴ്ചക്ക് നല്ല ഭാരം തോന്നിക്കുന്ന ആ ആരതി വിളക്കുകൾ പൂജാരിമാർ കറക്കുന്നത് അതിമനോഹര കാഴ്ച ആണ്. ആ അനുഭവം വാക്കുകൾ കൊണ്ട് വർണിക്കാൻ സാധിക്കില്ല. വലിയ ഒരു ആൾക്കൂട്ടത്തിന്റെ ഇടയിൽ മനോഹരമായ ആറു മിനിറ്റ് നീളുന്ന ആരതി കണ്ട് എന്റെ കണ്ണ് നിറഞ്ഞു. തിരിച്ചു നടക്കുമ്പോഴാണ് ഹർകി പൗരി എന്താണ് എന്ന് ഞങ്ങൾ കണ്ടത്. നിറഞ്ഞൊഴുകുന്ന ഗംഗയുടെ കരകളിൽ എല്ലാം ചെറിയ കമ്പി ഇട്ടു കെട്ടി കുളിക്കാനുള്ള സൗകര്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും തീരെ സൗമ്യമല്ലാത്ത ഗംഗാനദിയുടെ ഒഴുക്ക് വല്ലാതെ പേടിപ്പിക്കുന്നത് തന്നെ ആണ്. വെള്ളം കാണുമ്പോഴെല്ലാം സാധാരണ ചാടി കുളിക്കാൻ തോന്നാറുള്ള ഞാൻ ഇത്തവണ ഗംഗാദേവിയെ ഒന്ന് തൊട്ടു വണങ്ങി പെട്ടെന്നു കരയ്ക്ക് കയറി. ചെറിയ കടകളിൽ മിക്കവയിലും ഗംഗാദേവിയെ കുപ്പിയിലും കാനിലും ആക്കി വച്ചിരിക്കുന്നു. പലരും അത് വാങ്ങി കയ്യിൽ വച്ചെങ്കിലും എന്തോ എനിക്ക് അതിനോട് താല്പര്യം തോന്നിയില്ല. ചില ഹരിദ്വാർ സുവനീറുകളും രുദ്രാക്ഷമാലകളും വാങ്ങി ഞങ്ങളും ഹരിദ്വാർ കച്ചവടത്തിൽ പങ്കു കൊണ്ടു. നെറ്റിയിൽ ശിവലിംഗം വരച്ചു കുറി തൊട്ടു തരുന്ന ചെറിയ കച്ചവടക്കാരും കൊച്ചുകുട്ടികൾ അടങ്ങുന്ന കുടുബങ്ങൾ താമസിക്കുന്ന ടെന്റുകളും നിറഞ്ഞ ഹർകി പൗരി ഇന്ത്യയിലെ, അല്ല ലോകത്തിലെ പല ഭാഗത്തു നിന്നുള്ള ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു . ഗംഗ ആരതി കഴിഞ്ഞപ്പോഴുള്ള തിരക്ക് കാരണം അവിടെ നിന്ന് പുറത്തു കടക്കാൻ കുറച്ചു ബുദ്ധിമുട്ടി. തിരിച്ചു ഹോട്ടലിലേക് നടന്നത് പല തരം കച്ചവടക്കാരെ കൊണ്ട് നിറഞ്ഞ അതിമനോഹരമായ തെരുവിൽ കൂടെ ആയിരുന്നു. തിരിച്ചെത്തിയ ഞങ്ങൾക്ക് അയ്യപ്പക്ഷേത്രത്തിൽ കാറ്ററിങ്ങുകാരുടെ ഭക്ഷണം തയ്യാറായിരുന്നു, അതും കഴിച്ചു റൂമിൽ എത്തി ഉടനെ "രാവിലെ അഞ്ചു മണിക്ക് ലോബിയിൽ എത്തണം" എന്ന മെസ്സേജ് ഗ്രൂപ്പിൽ വന്നു. റാഫ്റ്റിങ്ങും ആരതിക്കുള്ള ഓട്ടവും കാരണം തളർന്ന ഞങ്ങൾ പെട്ടെന്ന് തന്നെ ഉറങ്ങി. നിർദേശിച്ച പോലെ തന്നെ 5 മണിക്ക് എല്ലാവരും ലോബിയിൽ എത്തി ബസിനടുത്തേക്കു നടന്നു. ബസ് കുറച്ചു ദൂരെ ആണ് പാർക്ക് ചെയ്തത്. പോവുന്ന വഴി എല്ലവരും ഓരോ റെയ്ൻ കോട്ട് വാങ്ങി. കേദാറിൽ നല്ല മഴയ്ക്കു സാധ്യത ഉണ്ട് എന്നു കേട്ട് തെല്ലൊന്നു ഭയന്നിരുന്നു.
കേദാർ എന്ന സ്വപ്ന യാഥാർഥ്യം
സ്വപ്ന യാത്രയ്ക്കു തുടക്കം കുറിച്ചുകൊണ്ട് കേദാർ യാത്രയിലെ ആദ്യലക്ഷ്യമായ ഗൗരീകുണ്ഡിലേക്കു രാവിലെ തന്നെ പുറപ്പെട്ടു. ഹരിദ്വാറിലെ മനസാദേവി ക്ഷേത്രം ഋഷികേശിലെ ജാനകിജ്വല, ലക്ഷ്മൺ ജ്വാല, തുടങ്ങിയ ചില കാഴ്ചകൾ സമയക്കുറവു മൂലം ഉപേക്ഷിക്കേണ്ടി വന്നു. ഞാനും ദിലീപും തലേന്നു ഋഷികേശിൽ വന്നത് കൊണ്ട് ഞങ്ങൾക്ക് വലിയ വിഷമം തോന്നിയില്ല. ഋഷികേശിൽനിന്നും ബസ് വീണ്ടും മുന്നോട്ടു നീങ്ങി തുടങ്ങി. രണ്ടു ഭാഗങ്ങളിലും കൊക്കകൾ ഉള്ള താഴെ നദികൾ കാണുന്ന ഇടുങ്ങിയ വഴികൾ. പരിചയ സമ്പന്നനായ ഡ്രൈവർ ബസ് ഓടിക്കുന്നത് ഒരു വല്ലാത്ത കാഴ്ച തന്നെ ആയിരുന്നു. മലകളും അരുവികളും കണ്ടു ആസ്വദിച്ചിരുന്നെങ്കിലും എപ്പോൾ വേണമെങ്കിലും റോഡുകളിലേക്കു വീഴാവുന്ന പാറക്കെട്ടുകളും ഇളക്കമുള്ള മണ്ണും താഴെ വലിയ കൊക്കകളും വലിയ നദികളും കാണുന്നത് ഭീതി ജനിപ്പിച്ചിരുന്നു. പോവുന്ന വഴി ദേവപ്രയാഗ് എന്ന നദീസംഗമ ദൃശ്യം ഞങ്ങൾ വഴിയിൽ ബസ് നിർത്തി കണ്ടു. വ്യത്യസ്ത നിറങ്ങളിലുള്ള അളകാനന്ദയും ഭഗീരഥിയും ചേർന്നു ഗംഗയാവുന്ന ദൃശ്യംപല വിഡിയോകളിലും കണ്ടിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായിരിക്കുമെന്നു കരുതിയില്ല. ഭാഗീരഥി ഉദ്ഭവിക്കുന്ന സ്ഥലത്തിനു ഗോമുഖ് എന്നാണ് പറയുന്നത്. ഭഗീരഥന്റെ പ്രയത്നഫലമായി ദേവി ഗംഗ സ്വർഗത്തിൽനിന്ന് ഭൂമിയിലേക്കു ഇറങ്ങി വന്നത് ഈ പ്രദേശത്തുകൂടി ആണെന്നാണ് വിശ്വാസം. ഗംഗോത്രിയിൽനിന്നു ഇരുപതു കിലോമീറ്ററോളം നടന്നാണ് ഗോമുഖിൽ എത്തേണ്ടത്. നമ്മുടെ യാത്രയിൽ ഗംഗോത്രി ഇല്ല. ഇനി ഒരിക്കൽ ആ യാത്ര സാധിക്കുമായിരിക്കും.
പ്രധാനമായും അഞ്ചു പ്രയാഗുകൾ ആണ് ഉത്തരാഖണ്ഡിൽ ഉള്ളത്
- വിഷ്ണുപ്രയാഗ് - അളകനന്ദയും ധൗലിഗംഗയും
- നന്ദപ്രയാഗ്- അളകനന്ദയും നന്ദാകിനിയും
- കർണപ്രയാഗ് - അളകനന്ദയും പിണ്ടർ നദിയും
- രുദ്രപ്രയാഗ് - അളകനന്ദയും മന്ദാകിനിയും
- ദേവപ്രയാഗ് - അളകനന്ദയും ഭാഗീരഥിയും (ദേവപ്രയാഗിൽനിന്നാണ് ദേവി ഗംഗയായി മാറുന്നത്)
ഹിമവാന്റെ മടിത്തട്ടിൽ നിന്ന് ഒഴുകി വരുന്ന നദികളെ എല്ലാം തന്നിൽ ലയിപ്പിച്ചു അളകനന്ദ സ്വയം ഭാഗീരഥിയിൽ ലയിക്കുന്നതോടെ എല്ലാം ദേവി ഗംഗയായി മാറുന്നു. ഇവിടെനിന്നു ദേവി ഗംഗയാണെല്ലാം.
220 കിലോമീറ്റർ യാത്രയ്ക്കു ഏകദേശം എട്ടു മണിക്കൂർ എടുത്തു ഞങ്ങൾ സിതാപൂരിൽ എത്തി. ട്രാഫിക് തിരക്കു ഞങ്ങളെ കുറച്ചു ബുദ്ധിമുട്ടിച്ചു. നല്ല തണുപ്പും ചെറിയ ചാറ്റൽ മഴയും വക വയ്ക്കാതെ ഞങ്ങൾ താമസസ്ഥലം കണ്ടുപിടിച്ചു. താപനില മൈനസ് നാല് ഡിഗ്രി വരെ ആയിരുന്നു, ചാറ്റൽ മഴ ആശങ്ക കൂട്ടിയിരുന്നെങ്കിലും കേദാർ സ്വപ്നം കണ്ടു ഉറങ്ങി. രാവിലെ സിതാപൂരിൽ നിന്ന് സോനാപ്രയാഗിലേക്ക് രണ്ടു കിലോമീറ്റർ കാൽനട, തുടർന്ന് ഗൗരീകുണ്ഡിലേക്കു അഞ്ചു കിലോമീറ്റർ ജീപ്പ് യാത്ര. 4 മണിക്ക് ഇറങ്ങി എങ്കിലും നീണ്ട ട്രാഫിക്കും ഡോക്യുമെന്റ് വെരിഫിക്കേഷനും കഴിഞ്ഞു യാത്ര തുടങ്ങാൻ (കേദാറിലേക്കുള്ള പതിനേഴു കിലോമീറ്റർ നടത്തം) രണ്ടു മണിക്കൂറിലധികം എടുത്തു. തെർമൽ കുപ്പായങ്ങളും ടീഷർട്ടും ജാക്കറ്റും ധരിച്ചു കയ്യിൽ ട്രെക്കിങ്ങ് പോളും ക്യാമറയും പിടിച്ചാണ് യാത്ര. പവർബാങ്ക്, ക്യാമറ ബാറ്ററികൾ, ലിപ് ബാം, ഡ്രൈ ഫ്രൂട്സ്, ചെറിയ ചില വേദന സംഹാരികൾ, ഒരു ജോഡി ഡ്രസ്സ് ചൂടുവെള്ളം നിറച്ച ഫ്ലാസ്കും മാത്രം അടങ്ങിയ ഒരു കുഞ്ഞു ബാഗും തോളിൽ ഉണ്ട്. അധികം സാധനങ്ങൾ ബാഗിൽ കരുതരുത് എന്ന കർശന നിർദേശം ഞങ്ങൾക്കുണ്ടായിരുന്നു. അവിടെ കിടക്കാൻ സ്ലീപ്പിങ് ബാഗും ടെന്റും "ഇടതിന്റെ" കരുതലിനൊപ്പം ഉണ്ടാകും എന്നത് യാത്ര തുടങ്ങുന്നതിനു മുൻപ് വിശദീകരിച്ചിരുന്നു. കയ്യിൽ കരുതിയ ചെറിയ ഭക്ഷണപ്പൊതിയിൽ നിന്ന് ഭക്ഷണം കഴിച്ചു യാത്ര തുടങ്ങിയത് ഏകദേശം ഏഴു മണിക്കാണ്. ഭയങ്കര തിരക്കായിരുന്നു ഗൗരീകുണ്ഡിലും തുടർന്നു കുതിര സവാരി തുടങ്ങുന്നിടത്തും. കുതിരപ്പുറത്തു യാത്ര ഇല്ല എന്ന് ഉറപ്പിച്ച ഞാൻ കൂട്ടം തെറ്റി ഒറ്റയ്ക്കായി പോയി. എന്തായാലും മുന്നോട്ടു നടന്നു തുടങ്ങി ഏകദേശം ഒരു കിലോമീറ്ററിൽ വാക്കി ടോക്കി (ഇടം കരുതിയിരുന്ന) ഉള്ള സുരേഷേട്ടന്റെ അടുത്തെത്താൻ കഴിഞ്ഞു. അങ്ങനെ കൂട്ടത്തിൽ ഉള്ളവർ എവിടെയാണ് എന്ന് അറിയാനും കഴിഞ്ഞു. കേദാറിൽ എത്തുന്നത് വരെ വാക്കി ടോക്കി അല്ലാതെ മറ്റൊരു ആശയവിനിമയ മാർഗവും ഞങ്ങൾക്കില്ലായിരുന്നു, ഉയരം കൂടുംതോറും സിഗ്നൽ സ്ട്രെങ്ത് കാണിക്കുന്ന BSNL കേദാറിലും ഒരു അദ്ഭുതം ആയിരുന്നു. മറ്റുള്ള നെറ്റ് വർക്കുകൾ ഇല്ലാത്തിടത്തു മാത്രം സഹായത്തിനെത്തുന്ന BSNL കേദാറിൽ ഫുൾ കവറേജ് കാണിച്ചിരുന്നു. പിന്നീടുള്ള യാത്ര ഞാനും സുരേഷേട്ടനും മാത്രമായിരുന്നു. സുരേഷേട്ടൻ ഒരു സ്ഥിരം ട്രെക്കെർ ആണ്. പോവുന്ന വഴി നീളെ ചെറിയ ടിപ്‌സുകൾ ഉപദേശിച്ചു കൊണ്ട് സുരേഷേട്ടൻ നടന്നു. അതിലൊന്നായിരുന്നു ട്രെക്കിങ്ങ് സമയത്തു അധികം സംസാരിക്കരുത് എന്ന്. അധികം താമസിയാതെ കേദാറിന്റെ സൗന്ദര്യം ഞങ്ങളെ മാടി വിളിച്ചു തുടങ്ങി. അകലെ ഹിമവാന്റെ മടിത്തട്ടിൽ സർവ സൗന്ദര്യത്തോടും ഉള്ള കേദാറിന്റെ മഞ്ഞു മൂടിയ ചില ദൃശ്യങ്ങൾ കണ്ടു തുടങ്ങി. കാണുന്ന കാഴ്ചകൾ എല്ലാം എഴുതാൻ വാക്കുകൾ കിട്ടുന്നില്ല. താഴെ മന്ദാകിനിയുടെ കള കള ശബ്ദവും തണുപ്പും മഴ തീരെ ഇല്ലാത്ത കാലാവസ്ഥയും ശ്രമകരമായിരിക്കും എന്ന് കരുതിയ കയറ്റം ആസ്വാദകരമാക്കി. പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന നടവഴികളിൽ കുതിരകളും ഡോളികളും ചെറുതായി ബുദ്ധിമുട്ടിച്ചിരുന്നെങ്കിലും മറ്റൊന്നും ചിന്തിക്കാതെ ഞങ്ങൾ മുന്നോട്ടു നീങ്ങി. യാത്രയിൽ മുഴുവനും മറ്റു ഭക്ഷണങ്ങൾ ഒന്നും ഞാനും സുരേഷേട്ടനും കഴിച്ചിരുന്നില്ല. വെള്ളം ധാരാളം കുടിക്കുകയും ഇടക്ക് ഒരു കക്കരിക മാത്രം കഴിച്ചു കയ്യിലുള്ള നട്സും ഡ്രൈ ഫ്രൂട്സും നുണഞ്ഞു യാത്ര തുടർന്നു. സമയം ഉച്ച കഴിഞ്ഞിട്ടും കയറ്റത്തിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, തണുപ്പു ഇരച്ചു കയറി തുടങ്ങി. ഊരി മാറ്റിയ തെർമൽ വസ്ത്രങ്ങൾ വീണ്ടും ധരിച്ചു. വഴിയിൽ കാൽനട യാത്രയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന കുതിരകളുടെ അവസ്ഥ വളരെ കഷ്ടമാണ്. വലിയ ഭാരമുള്ള പലതരം ചരക്കുകളും മനുഷ്യന്മാരയും താങ്ങി വഴുക്കലുള്ള വഴികളിൽ പലപ്പോഴും അവയ്ക്കു കാലിടറി. വഴിയിൽ വീണു കിടക്കുന്ന ചില കുതിരകളുടെ അതി ദാരുണമായ അവസ്ഥ ആരെയും വേദനിപ്പിക്കുന്നതാണ്. മറ്റൊരു വഴിയും ഇല്ലാത്ത അവറ്റകൾക്കു എണീറ്റാൽ വീണ്ടും ഭാരമെടുക്കണം, അല്ലെങ്കിൽ പരമമായ മോക്ഷം. എന്റെ വസ്ത്രങ്ങളിൽ നല്ലതുപോലെ കുതിര ചാണകവും ചെളിയും ആയിരുന്നു. ഏകദേശം നാല് മണിയോടു കൂടെ ഞാനും സുരേഷേട്ടനും (പന്ത്രണ്ടു മണിക്കൂറോളം എടുത്തു) പകൽ വെളിച്ചത്തിൽ കേദാർ കണ്ടു തുടങ്ങി. ബേസ് ക്യാംപിലുള്ള ഹെലിപാഡിൽ നിന്ന് തുടരെ ഉയർന്നു പൊങ്ങുന്ന ഹെലികോപ്റ്ററുകൾ കണ്ടു ഞങ്ങൾ അദ്ഭുതപ്പെട്ടു. ഇത്രയും ആളുകളെ എങ്ങനെ അവിടെ ഉൾക്കൊള്ളും എന്ന ചിന്തയും ഞങ്ങളെ ആശങ്കപ്പെടുത്തി. ബേസ് ക്യാംപിൽ നിന്ന് ഉത്തരാഖണ്ട് ടൂറിസം രജിസ്റ്റർ ചെയ്ത QR കോഡ് കാണിച്ചു ഞങ്ങൾ ദർശന പാസ് വാങ്ങി. രജിസ്റ്റർ ചെയ്തവർക്ക് പാസ് വാങ്ങി ദർശനം നടത്താം, അല്ലാത്തവർക്ക് അതില്ലാതേയും മുകളിൽ എത്തിയപ്പോഴാണ് അത് മനസ്സിലായത്. വീണ്ടും നടന്ന ഞങ്ങൾ കേദാർ ധാമിന്റെ കവാടമായ ‘ഓംകാര’ ത്തിനു മുന്നിൽ എത്തി. കുറച്ചു ദൂരെ ആയി പടികളുടെ അവസാനത്തിൽ സ്വപ്നത്തിൽ മാത്രം കണ്ടു പരിചിതമായ കേദാർ ധാം കണ്ടു. ആ പടികളിൽ എപ്പോഴോ എനിക്ക് സുരേഷേട്ടനെ കാണാതായി. പിന്നീടുള്ള പടികൾ ഞാൻ ഒറ്റക്കു കയറി . കൂടെ ആരുമില്ലാതെ കയറുന്ന ഓരോ പടികളും ഊർജ്ജം തരുന്ന വല്ലാത്ത അനുഭൂതി. നടയിൽ എത്തിയ ഉടനെ തന്നെ വൈകുന്നേരത്തെ ആരതിക് ശേഷം നടതുറന്നു പൂജാരി പുറത്തു വന്നു ആരതി ഉഴിയുകയും ചെയ്തതോടെ എന്റെ സകല രോമങ്ങളും എണീറ്റ് ഞാൻ എവിടെയാണ് എന്ന് പോലും അറിയാത്ത ഒരു അവസ്ഥയിൽ എത്തി. ആരതി ദർശനം കണ്ടു മതി മറന്നു നിന്ന എന്നെ സുരേഷേട്ടൻ വിളിച്ചപ്പോഴാണ് ഉണർന്നത്. കുറച്ചു സമയത്തിനുള്ളിൽ ആ പുണ്യഭൂമിയോട് താദാമ്യം പ്രാപിച്ചു ചില ഫോട്ടോകളെല്ലാം എടുത്തു ആദിശങ്കര സമാധിയും ഭീം ശിലയും ദർശിച്ചു കേദാർ ധാമിനെ ഞങ്ങൾ വലം വച്ചുകൊണ്ടിരുന്നു. ചുറ്റും സ്വർഗ്ഗത്തിന്റെ തൊട്ടു നിൽക്കുന്ന വെളുത്തു തിളങ്ങി നിൽക്കുന്ന മഞ്ഞു മലകൾ. എങ്ങും ഹർ ഹർ മഹാദേവ് വിളികൾ. അവിടെ അനുഭവിച്ച ആനന്ദം പറഞ്ഞറിയിക്കാൻ സാധിക്കില്ല. കിടക്കാനുള്ള ടെന്റ് കണ്ടു പിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി എങ്കിലും ബബിത ടീച്ചർ സഹായത്തിനെത്തിയത് വലിയ ആശ്വാസമായി. ഓക്സിജൻ കുറഞ്ഞതു കൊണ്ടാവാം ഞാൻ വല്ലാതെ കിതയ്ക്കാൻ തുടങ്ങി. നടന്നു കയറിയതിനെ ക്ഷീണമാണോ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഉന്മാദമാണോ എന്നറിയില്ല, അവിടെ നിന്ന് ഒരു അടിപോലും അനങ്ങാൻ പറ്റാത്ത വിധം ഞാൻ തളർന്നു. ചെറുതായി ഭക്ഷണം കഴിച്ച ഞാൻ തണുപ്പു താങ്ങാൻ പറ്റാത്തതു കൊണ്ട് പെട്ടെന്ന് തന്നെ സ്ലീപ്പിങ് ബാഗിനുള്ളിൽ കയറി സ്വയം മൂടി. പിറ്റേന് തിരിച്ചിറങ്ങുന്നതു എങ്ങനെ ആണെന്ന് പോലും ഞാൻ ഭയപ്പെട്ടിരുന്നു. കേദാറിലെ താപനില മൈനസ് ഏഴു വരെ ആണെന്ന് ആരോ പറയുന്നത് കേട്ടു. ടെന്റിൽ എത്തിയതിനു ശേഷം കേദാർ രാത്രി കാണാൻ ഒന്നുകൂടെ ഇറങ്ങണം എന്ന ആഗ്രഹിച്ചിരുന്നെങ്കിലും ഒരടി പോലും നടക്കാനാവാത്ത എനിക്ക് അതിനു കഴിഞ്ഞില്ല. പിന്നീടങ്ങോട്ട് എങ്ങനെ ഉറങ്ങി എന്നത് പോലും ഓർമ ഇല്ലായിരുന്നു. പക്ഷെ രാവിലെ ഉണർന്നു എണീറ്റത് ഈ ക്ഷീണം ഒന്നും അറിയാത്ത ഞാൻ ആയിരുന്നു, ക്ഷീണമോ തളർച്ചയോ ഇല്ലെന്നു മാത്രമല്ല ഇനി ഒരിക്കൽ കൂടെ വരാനുള്ള ഊർജം കിട്ടികഴിഞ്ഞിരുന്നു. ആറു മണിയോടെ തിരിച്ചിറങ്ങണം എന്ന് കരുതിയിരുന്നെങ്കിലും വീണ്ടും ഒരിക്കൽ കൂടെ കേദാർ ചുറ്റി നടന്നു കണ്ടപ്പോൾ സമയം പോയതറിഞ്ഞില്ല. ക്ഷേത്രത്തിനു പുറകിൽ കല്ലുകൾ കൂട്ടി വച്ച് ഞാനും പ്രാർത്ഥിച്ചു. അങ്ങനെ ചുറ്റി നടക്കുന്നതിനിടയിൽ എപ്പോഴോ വീണ്ടും ഞാൻ തനിച്ചായി. ആരെയും കാണാതായപ്പോൾ ഒറ്റക് തിരിച്ചിറങ്ങാൻ തീരുമാനിച്ചു ഓംകാരത്തിനു മുന്നിൽ എത്തി. അവിടെ നിന്ന് വീണ്ടും സുരേഷേട്ടനെയും കുടുംബത്തെയും കണ്ടു മുട്ടി. ഞങ്ങൾ തിരിച്ചിറങ്ങി തുടങ്ങി. ഓംകാരത്തിനു മുന്നിൽ നിന്ന് കുറച്ചു നടന്നപ്പോഴേക്കും അഗസ്തിയെ കണ്ടു. പിന്നീടുള്ള യാത്ര ഞാനും അഗസ്തിയും മാത്രമായി. ഞങ്ങൾ സാമാന്യം നല്ലതു പോലെ വേഗത്തിൽ ഇറങ്ങി തുടങ്ങി. ചാടിയും ഓടിയും നടന്നും ഞങ്ങൾ വിഡിയോകൾ പകർത്തി. പറ്റാവുന്നിടത്തോളം ഇടവഴികൾ ഉപയോഗിച്ചു. ഇടവഴികളിൽ കൂടെയുള്ള ഇറക്കം വളരെ അപകടം പിടിച്ചത് തന്നെ ആണ്. എന്നിരുന്നാലും ഞാനും അഗസ്തിയും അത് ആവോളം ആസ്വദിച്ചു. മഞ്ഞുമലകൾ പിന്നിട്ടു തിരിച്ചിറങ്ങുമ്പോൾ വലിയ കൊക്കയ്ക്കു താഴെ മന്ദാകിനി ഒഴുകുന്നതും വളരെ തെളിഞ്ഞ ആകാശവും ആയാസരഹിതമായി ആസ്വദിച്ച് ഇറങ്ങി.
താഴെ ഗൗരീകുണ്ഡിൽ കുതിരപ്പുറത്തു എത്തിയ ജെകെ സാറിനെ കണ്ടു. ഗൗരീകുണ്ഡിൽ നിന്ന് ജീപ്പിൽ പാലത്തിനടുത്തു ഇറങ്ങിയ ഞങ്ങൾ പളുങ്കു പോലെ തെളിഞ്ഞ മന്ദാകിനി കണ്ടു. ആർക്കും ഒന്ന് കുളിച്ചാലോ എന്ന് തോന്നുന്ന തെളിഞ്ഞതാണ് വെള്ളം. ഞാനും അഗസ്തിയും ജെകെ സാറും താഴെ ഇറങ്ങി. വെള്ളത്തിൽ ഒന്ന് കാല് നനച്ചപോഴാണ് അറിഞ്ഞത്, കുളിക്കുക എന്നത് അത്ര എളുപ്പം അല്ല എന്ന്. അത്രയും തണുത്ത വെള്ളം. പെട്ടെന്ന് ഒരു ചെറിയ മഴ ചാറി പോയി. അതോടെ തണുപ്പിനോടുള്ള പേടി മാറിയ ഞങ്ങൾ കുളിക്കാൻ തീരുമാനിച്ചു . ആ കുളിയിൽ കിട്ടിയ ആനന്ദവും ഊർജവും പറഞ്ഞറിയിക്കാൻ കഴിയില്ല. വൈകാതെ സിതാപൂരിലെ റൂമിൽ എത്തിയ ഞങ്ങൾക് കാറ്ററിങ്ങുകാരുടെ ഭക്ഷണം കിട്ടി. ബസിൽ എത്താൻ ജീപ്പിൽ പോകണം, അങ്ങനെ ജീപ്പിൽ കയറി ഞങ്ങളിൽ കുറച്ചുപേർ ബസിൽ എത്തി. കൂട്ടത്തിലുള്ള ബൈജുവും കുടുംബവും കേദാറിൽ നിന്ന് താഴെ എത്താൻ വൈകിയത് കൊണ്ട് ഞങ്ങൾക്കു കുറച്ചു വിശ്രമം കിട്ടി. ബസിൽ പാട്ടും ഡാൻസും ആയി കഴിച്ചു കൂടി. പിന്നീട് ഞങ്ങൾ പോയത് ഊഖിമടിലെക്കായിരുന്നു. അവിടെ ആണ് അന്നത്തെ താമസം. വൈകാതെ അവിടെ എത്തി എങ്കിലും കേദാർ എല്ലാവരെയും തെല്ലൊന്നു തളർത്തിയിരുന്നു, അതുകൊണ്ടു തന്നെ ഭക്ഷണം കഴിച്ചു എല്ലാവരും പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.
ഊഖിമടും ഓംകാരേശ്വരക്ഷേത്രവും രാവിലെ ഉണർന്നപ്പോഴാണ് ഊഖിമടിന്റെ സൗന്ദര്യം ഞങ്ങൾ കണ്ടത്.
അതിമനോഹരമായ ഒരു ഗ്രാമം. നടന്നു സ്കൂളിൽ പോവുന്ന കുട്ടികളെയും കലപ്പ കൊണ്ട് ഉഴാൻ പോവുന്ന കർഷകരെയും ഞങ്ങൾ അവിടെ കണ്ടു. അധികം ദൂരെ അല്ലാതെ നടന്നു എത്താവുന്ന ഒരു ശിവക്ഷേത്രം അവിടെ ഉണ്ട് എന്ന് തലേന്ന് സുഭാഷേട്ടൻ പറഞ്ഞിരുന്നു (ഓംകാരേശ്വര ക്ഷേത്രം). എണീറ്റ ഉടനെ കുളി കഴിഞ്ഞു ബാക്കി ഉള്ളവരെ ഉപദ്രവിക്കുന്ന എന്റെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ല എന്ന് വീണ്ടും ദിലീപ് ഓർമിപ്പിച്ചു. അങ്ങനെ ഞാനും ശ്രീജിത്തേട്ടനും കൂടെ ഓംകാരേശ്വര ക്ഷേത്രത്തിലേക്കു നടന്നു, അതിമനോഹരഗ്രാമം എല്ലാ സൗന്ദര്യത്തിലും ആസ്വദിച്ച് ഞങ്ങൾ നടന്നു. ആയിരകണക്കിനു വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ പല നിർമാണ രീതികളും ഞങ്ങളെ അദ്ഭുതപ്പെടുത്തി. ക്ഷേത്രത്തിനു മുന്നിലുള്ള ചെറിയ കടകളിൽ 'ഷാഹി തുക്ടാ' എന്നെഴുതിയ പുഡ്ഡിങ് പോലെ തോന്നിക്കുന്ന ഒരു ഭക്ഷണം കണ്ടു. അതിൽ ധാരാളം ഡ്രൈ ഫ്രൂട്സും നട്ട്സും വിതറി മനോഹരമാക്കിയിരുന്നു. കഴിക്കാൻ തോന്നും എങ്കിലും പരിചയമില്ലാത്ത ഭക്ഷണം യാത്രയെ ബാധിക്കുമെന്ന ഭയം കൊണ്ട് ഈ യാത്രയിൽ മുഴുവനും ഞാൻ ഒരു വഴിയോര ഭക്ഷണങ്ങളും കഴിച്ചിരുന്നില്ല. കുറച്ചു നല്ല ചിത്രങ്ങൾ പകർത്തി വൈകാതെ ഞങ്ങൾ ചോപ്റ്റ വാലിയിലിക്കു തിരിച്ചു.
ചോപ്റ്റയും തുങ്കനാഥും ചന്ദ്രശിലയും
ചോപ്റ്റ വാലിയിലൂടെ ആണ് തുങ്കനാഥ് ക്ഷേത്രത്തിലേക്കു കയറേണ്ടത്. തുങ്കനാഥ് ശിവക്ഷേത്രം ആണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവക്ഷേത്രമായി കണക്കാക്കുന്നത്. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത ഇന്ത്യയിലെ സ്വിറ്റ്സർലൻഡിലൂടെ ഞങ്ങൾ പാട്ടും പാടി നടന്നു കയറി. കൂടെ അഗസ്തിയും രഞ്ജിത് ഭായിയും ആഷിനും. തിരക്ക് കുറവായതു കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും ചോപ്ടയിലെ കയറ്റം കൂടുതൽ മനോഹരവും ആസ്വാദകരവും ആയിരുന്നു. കൂട്ടത്തിലെ കുതിരയാത്രികർ ഇതൊക്കെ എങ്ങനെ ആസ്വദിച്ചിരിക്കും എന്ന് അറിയില്ല. ഈ യാത്ര നടന്നു തന്നെ കയറണം, നടന്നു തന്നെ ഇറങ്ങണം. അല്ലെങ്കിൽ ആരും ഇവിടെ വരരുത്. അങ്ങനെ ചോപ്റ്റയെ ആസ്വദിച്ച് ക്ഷേത്രത്തിൽ എത്തിയപ്പോൾ ദീപാരാധന സമയം ആയിരുന്നു. മുകളിൽ എത്തിയാൽ മലകൾക്കിടയിലൂടെ തെളിഞ്ഞ ആകാശത്തു നക്ഷത്രങ്ങളെ കാണാം, "അതുവരെ ഞാൻ നക്ഷത്രങ്ങളെ അങ്ങനെ തൊട്ടു കണ്ടിട്ടില്ല". എന്തൊരു തിളക്കമാണ് അവർക്ക്. തുങ്കനാഥ് ക്ഷേത്രത്തിൽ നിന്ന് വീണ്ടും കയറിയാൽ ചന്ദ്രശില എത്തും അവിടെനിന്നാണ് സൂര്യോദയം കാണേണ്ടത്. പുലർച്ചെ മൂന്ന് മണിയോടെ എണീറ്റ ഞാൻ ബാക്കി ഉള്ളവർ എണീക്കാൻ അക്ഷമയോടെ കാത്തു കിടന്നു. വൈകാതെ സൂര്യോദയം കാണാൻ ഉള്ളവർ എഴുന്നേറ്റു, ഞങ്ങൾ ചന്ദ്രശില ലക്ഷ്യമാക്കി നടന്നു. വെളിച്ചം കുറവായതുകൊണ്ട് നടന്ന വഴികളിലെ സാഹസം തിരിച്ചു വരുമ്പോഴാണ് ബോധ്യപ്പെട്ടത്. സൂര്യോദയത്തിനുള്ള ആകാംഷ കൂടിയതുകൊണ്ടാണോ, ഇരുട്ടത്തു തപ്പിത്തടയാതിരിക്കാൻ മുന്നിലുള്ള കാലുകൾ മാത്രം നോക്കി നടന്നതുകൊണ്ടാണോ എന്നറിയില്ല, ചന്ദ്രശില ഞങ്ങൾ വേഗം കയറി. ഇനി സൂര്യോദയത്തിനു കാത്തു നിൽക്കുക തന്നെ വേണം. നമുക്കു ഒന്നിനും ഒരു സമയോം കാലോം ഇല്ലെങ്കിലും ലോകം മുഴുവനും പല സമയത്തും അപ്പോയിന്മെന്റ് ഉള്ള അങ്ങേർക്കു ചദ്രശിലയിലെ ഇന്നത്തെ സമയം ആയിട്ടില്ല. കാത്തിരുന്ന ഞങ്ങളെ ഒട്ടും നിരാശപെടുത്താതെ തെളിഞ്ഞ ചക്രവാളം ചുവപ്പിച്ചു ചുറ്റുമുള്ള മഞ്ഞു മലകളെ ജ്വലിപ്പിച്ചുകൊണ്ട് അങ്ങ് അകലെ ഊർജതേജസ്സു ഉദിച്ചു വന്നു. ഇത്ര നേർക്കുനേരെ ഒരു കാഴ്ച, അത് ആദ്യമായിരുന്നു. ഒട്ടും കണ്ണ് വേദനിപ്പിക്കാതെ യഥാർത്ഥത്തിൽ ഉഗ്രരൂപിയായ തന്റെ ബാല രൂപം ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങൾക്ക് കാണിച്ചു തന്നു. അവിടുത്തെ തണുപ്പും കാറ്റും അസഹ്യമായിരുന്നെങ്കിലും ആ കാഴ്ചയിൽ ഞങ്ങൾ അതൊക്കെ മറന്നു. ഇനി ഒരിക്കൽ ഇവിടെ വരുമോ എന്ന് അറിയില്ല എങ്കിലും ഒരിക്കൽ കൂടെ വരണം എന്ന് അതിയായി ആഗ്രഹിച്ചുകൊണ്ട് ചന്ദ്രശിലയിലെ ശിവലിംഗത്തിൽ ഒന്നുകൂടെ തൊഴുതു ഞങ്ങൾ താഴെ ഇറങ്ങി.
ആറു മണിയോടെ ചന്ദ്രശിലയിൽനിന്നു താഴെ എത്തിയ ഞാൻ തുങ്കനാഥിലെ ക്ഷേത്രത്തിൽ കയറി തൊഴുതു. തൊട്ടു താഴെ താമസ സ്ഥലത്തു എത്തി ഇത്തവണ ആരെയും കാക്കാതെ ഒറ്റക് തന്നെ തിരിച്ചു ഇറങ്ങാൻ തീരുമാനിച്ചു. സാമാന്യം നല്ല തണുപ്പുള്ളതു കൊണ്ട്തന്നെ തലയും ചെവികളും നന്നായി മൂടി. ചില സ്ഥലത്തു വെറുതെ ഇരുന്നു, ചിലയിടത്തു കിടന്നും ഞാൻ ആകാശം കണ്ടു. ഫോട്ടോ എടുക്കില്ല എന്ന് ഉറപ്പിച്ചു ക്യാമറ ബാഗിനുള്ളിൽ വച്ചുകൊണ്ടു ആസ്വദിച്ച് പതിയെ താഴെ ഇറങ്ങി. താഴെ എത്തരുതേ എന്ന് പ്രാർത്ഥിച്ചുപോവുന്ന ചോപ്റ്റയുടെ മനോഹാരിത ആവോളം ആസ്വദിച്ച് ഞാൻ ഇറങ്ങി. വളരെ സാവധാനം ആയതുകൊണ്ട് തന്നെ ബാക്കി ഉള്ളവർ എല്ലാം പതിയെ പതിയെ എന്റെ ഒപ്പം എത്തി.
ബദരീനാഥും വസുധാരയും
ചോപ്റ്റയിൽ നിന്ന് ബദരീനാഥിലേക്കു ഏകദേശം 180 കിലോമീറ്റർ ഉണ്ട്. എട്ടു മണിക്കെങ്കിലും പുറപ്പെട്ടാൽ മാത്രമേ നമുക്കു ബദരിയിൽ ദർശനം സാധ്യമാകൂ . ദൂരം 180 കിലോമീറ്റർ ആണെങ്കിലും റോഡിന്റെ സ്വഭാവം മൂലം എട്ടു പത്തു മണിക്കൂർ എങ്കിലും വേണ്ടി വരും. ബസ് യാത്രയിൽ ഏറെ മടുപ്പിച്ച യാത്രയും ഇത് തന്നെ ആയിരുന്നു. കാരണം അരുവികളും മലമടക്കുകളും കണ്ടും ആസ്വദിച്ചും ഞങ്ങൾക്ക് മതിയായിരുന്നു എന്ന് മാത്രമല്ല, വഴികൾ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഡ്രൈവറുടെ മനസാന്നിധ്യം നല്ലതുപോലെ വേണ്ട അതി ദുർഘടമായ വഴികൾ. ചൂടും ക്ഷീണവും കൊണ്ട് ബസിൽ പാട്ടും കളികളും മുന്നത്തെ പോലെ കാണുന്നില്ല. പലരും എന്നെപോലെതന്നെ മയക്കത്തിൽ ആയിരുന്നു. സമയം ഉച്ചത്തിരഞ്ഞു. ഇനിയും 50 കിലോമീറ്ററിൽ അധികം പോകേണ്ടി ഇരിക്കുന്നു. എന്തുകൊണ്ടോ ദൂരം കുറയുന്നില്ല. യാത്ര വളരെ മടുപ്പിക്കുന്നു. 8 മണി കഴിഞ്ഞു. ദർശനം സാധ്യമാകുമോ എന്ന് സംശയം ആയി തുടങ്ങി. ആ യാത്രയിൽ പലപ്പോഴും അർദ്ധമയക്കത്തിലായിരുന്ന ഞാൻ ബദരീനാഥ് 16 കിലോമീറ്റർ എന്ന ബോർഡ് കണ്ടിട്ടാണ് ഉണർന്നത്. അങ്ങനെ രാത്രി 9 മണിയോട് കൂടെ ഞങ്ങൾ ബദരിയിലെത്തി, ക്ഷേത്രത്തിന്റെ അടുത്ത് തന്നെ ആണ് താമസം. വൈകാതെ നട അടയ്ക്കും എന്ന് മനസ്സിലാക്കിയ എനിക്ക് ക്ഷമ നശിച്ചു. ബസിൽ നിന്ന് ബാഗുകൾ ഒന്നും എടുക്കാതെ പുറത്തേക്കു ചാടി ഞാൻ ക്ഷേത്രത്തിന്റെ വഴികളിലൂടെ ലക്ഷ്യമാക്കി നടന്നു. QR കോഡ് കാണിച്ചു ദർശനത്തിനുള്ള കൂപ്പൺ വാങ്ങി. അപ്പോഴാണ് അവർ പറഞ്ഞത് “ഇന്ന് ചിലപ്പോൾ നിങ്ങൾക്കു ദർശനം സാധ്യമാകില്ല, പുലർച്ചെ വന്നോളൂ ക്ഷേത്രം ഇപ്പോൾ അടയ്ക്കും”. അത് കേട്ടതും കൂടെ ഉണ്ടായിരുന്ന പ്രസീത ക്ഷേത്രത്തിന്റെ വഴികളിൽകൂടെ ഓടി, കൂടെ ഞാനും. എങ്ങനെയോ ദർശനത്തിനുള്ള വരികളിൽ എത്തി. ഇനി ദർശനം സാധ്യമാകും എന്നുറപ്പായപ്പോഴാണ് സമാധാനം ആയത്. പ്രസീത ഓടിയതുകൊണ്ടു വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങളുടെ ദർശനം സാധ്യമായി. പുറത്തു ഇറങ്ങിയതോടെ ക്ഷേത്രം അടച്ചു. ആ ദർശനം വല്ലാത്തൊരു ഭാഗ്യമായി തോന്നി. പിന്നീടാണ് ഞങ്ങൾ അതിമനോഹരമായ ദീപാലംകൃതമായ ബദരീനാഥ് ക്ഷേത്രം കണ്ടതും ആസ്വദിച്ചതും. പല വർണ്ണത്തിലുള്ള വെളിച്ചത്തിൽ ക്ഷേത്രത്തിന്റെ ഭംഗി വാക്കുകകൾക്കും ചിത്രത്തിനും പറയാൻ കഴിയില്ല. ബദരിയിലും വഴിയോര കച്ചവടക്കാരെ വിഷമിപ്പിക്കാതെ പ്രസീത എന്തൊക്കെയോ വാങ്ങി. തിരിച്ചു ഹോട്ടലിൽ എത്തിയ ഞങ്ങൾ ബാഗും സാധനങ്ങളും ലോബിയിൽ നിന്ന് എടുത്തു റൂമിൽ എത്തിയപ്പോൾ തപ്തകുണ്ടിലേക്കു പോവാൻ തയ്യാറായ സുഭാഷേട്ടനെയും ആഷിനെയും കണ്ടു. വേഗം വസ്ത്രം മാറി തപ്തകുണ്ടെന്ന അദ്ഭുതം കാണാൻ ഇറങ്ങി. തണുത്തുറഞ്ഞ അളകനന്ദ തീരത്തു പ്രകൃതിയിൽ നിന്ന് തന്നെ ചൂട് വെള്ളം. സൾഫർ നിറഞ്ഞ വെള്ളം ചൂട് കുറച്ചു ഒരു കുളത്തിലേക്കു മാറ്റി കുളിക്കാൻ പാകത്തിനാക്കി നിർത്തിയിരിക്കുന്നു. ആ തണുപ്പിൽ അതിൽ ഇറങ്ങിയാൽ കയറാൻ തോന്നില്ല. രാത്രി പന്ത്രണ്ടു മണി ആയതുകൊണ്ട് തീരെ തിരക്കില്ലാത്ത തപ്തകുണ്ടിലെ കുളി ആസ്വദിച്ച് റൂമിലെത്തി. രാവിലെ ഒരിക്കൽ കൂടെ ദർശനം നടത്താം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നെങ്കിലും രണ്ടു കിലോമീറ്ററിൽ അധികം വരുന്ന വരി കണ്ടു ആ മോഹം ഉപേക്ഷിച്ചു. തലേന്ന് കണ്ടതും ഫോട്ടോ എടുത്തതും ആയ സ്ഥലത്തേക്കു എത്തിപ്പെടാൻ പോലും പറ്റാത്ത രീതിയിൽ ആളുകൾ നിറഞ്ഞിരുന്നു.
അടുത്ത ലക്ഷ്യം മാന വില്ലേജും വസുധാരയും. യാത്ര തുടങ്ങുയതിനു മുന്നേ തന്നെ വസുധാരയെ പറ്റി പറഞ്ഞുകേട്ട് ആ യാത്ര വല്ലാതെ മോഹിച്ചിരുന്നു. മാന വില്ലേജിൽ നിന്ന് ആറു കിലോമീറ്ററോളം നടന്നാൽ ആണ് വസുധാര എന്ന സ്വർഗീയ വെള്ളച്ചാട്ടത്തിനടുത്തു എത്താൻ കഴിയൂ. ബദരിയിൽ നിന്ന് മാന വില്ലേജിലേക്കു അധികം ദൂരം ഇല്ല. ബദരിയിൽ നിന്ന് ഇറങ്ങാൻ വൈകിയത് കൊണ്ട് സുഭാഷേട്ടനും രഞ്ജിതഭായിയും വസുധാര ഉപേക്ഷിച്ചതായി ബസിൽ വച്ച് പറഞ്ഞു. ഇതുകേട്ട അഗസ്തി സ്വകാര്യമായി ഞങ്ങളിൽ കുറച്ചുപേരോടു ട്രെക്കിങ്ങ് തയ്യാറെടുപ്പു നടത്താൻ പറഞ്ഞു. അതൊരു സാമാന്യം വലിയ ട്രെക്ക് ആണെന്ന് അറിയാത്തതുകൊണ്ടും ധൃതിയിൽ ആയതു കൊണ്ടും എന്റെ ട്രെക്കിങ്ങ് ഷൂസ് ധരിക്കാൻ മറന്നു. അതുകൊണ്ടു തന്നെ യാത്രയിൽ കുറച്ചു ബുദ്ധിമുട്ടി എന്നതു സത്യം. ഷൂസ് ഇല്ലാതെ ഇനി മേലാൽ ഈ വക പരിപാടിക്കു പുറപ്പെടരുത് എന്ന് സ്ഥിരം ട്രെക്കർ ആയ സുരേഷേട്ടൻ ഉപദേശിച്ചു. എന്തായാലും കൂട്ടത്തിലുള്ളവരുടെ നിർദേശം മറികടന്നു വളരെ വലിയ ഒരു ധൈര്യം ആണ് അഗസ്തി ഞങ്ങൾക്ക് വേണ്ടി കാണിച്ചത്. വസുധാര കാണാതെ നിങ്ങളെ ഞാൻ തിരിച്ചു കൊണ്ട് പോവില്ല എന്ന അഗസ്തിയുടെ വാശി ആ യാത്രയിലെ ഏറ്റവും മനോഹരമായ സ്വർഗം ഞങ്ങൾക്ക് കാണിച്ചു തന്നു. പന്ത്രണ്ടു കിലോമീറ്ററോളം ഉള്ള കാൽനടയാത്രയിൽ ആദ്യത്തെ അത്ഭുതം സരസ്വതി നദി തന്നെ ആയിരുന്നു. സരസ്വതി നദി അവിടെ മാത്രമേ നമുക്കു കാണാൻ കഴിയൂ പിന്നീട് ഭൂമിക്കടിയിലേക്കു പോവുന്നു. അത്രയും ശക്തിയായ ഒരു നീരൊഴുക് ഭൂമി എവിടെകൊണ്ടുപോയി ഒളിപ്പിക്കുന്നു എന്നതു എത്ര ചിന്തിച്ചാലും ഉത്തരം കിട്ടാത്ത ചോദ്യം തന്നെ ആണ്. കുരുക്ഷേത്രയുദ്ധത്തിനു ശേഷം സ്വർഗ്ഗാരോഹിണിക് വേണ്ടി പഞ്ചപാണ്ഡവർ തിരിഞ്ഞു നോക്കാതെ നടന്നത് ഈ സരസ്വതി നദി താണ്ടികടന്നാണെന്നു ഒരു ഐതീഹ്യം. മാനയിലെ ആദ്യ കയറ്റം കയറിയതിനു ശേഷം പിന്നീട് വസുധാര ഞങ്ങളെ കൊണ്ടുപോവുക ആയിരുന്നു, ഒരു അടി വച്ചാൽ പത്തു അടി വയ്ക്കാനുള്ള ഊർജം തരുന്ന വസുധാര. ആ യാത്രയിൽ ഉടനീളം ഞങ്ങൾ കണ്ടത് കുഞ്ഞരുവികളും ഹിമശിഖിരങ്ങളിൽ വന്നു വിശ്രമിക്കുന്ന മേഘശകലങ്ങളെയും ആണ്. ഭൂമിയും ആകാശവും തമ്മിലുള്ള അതിർത്തി മനസ്സിലാവാത്ത കാഴ്ചകളിൽ മയങ്ങി ഞങ്ങൾ നടന്നു. ഈ ഹിമശിഖിരങ്ങളിൽ കൂടെ ആണത്രേ ദേവന്മാർ ഭൂമിയിലേക്കു ഇറങ്ങി വരുന്നത് എന്നത് സ്വല്പം അതിശയോക്തി ആണെങ്കിലും അതെല്ലാം വിശ്വസിച്ചു പോവുന്ന കാഴ്ചകൾ. യാത്രയിൽ പല പാറക്കെട്ടുകളിലും അചഞ്ചലമായി ധ്യാനത്തിലിരിക്കുന്ന വിദേശികളെ കണ്ടു. അവർ ഈ സ്ഥലത്തിന്റെ ശക്തിയും മനോഹാരിതയും ഒരുപോലെ മനസ്സിലാക്കി തന്നെ ആണ് അവിടെ ഇരിക്കുന്നത് എന്ന് മണിക്കൂറുകൾ കഴിഞ്ഞു തിരിച്ചു വരുമ്പോഴും ഒരു മാറ്റവും ഇല്ലാതെ അവർ അവിടെ തന്നെ തുടരുന്നത് കണ്ടപ്പോഴാണ് ബോധ്യമായത്. അങ്ങനെ എവിടെയൊക്കെയോ വായിചുകേട്ട സ്വർഗ്ഗകവാടം പോലെ തോന്നിക്കുന്ന വസുധാര വെള്ളച്ചാട്ടത്തിലെത്തിയ ഞങ്ങൾ ഒഴുകുന്ന വെള്ളം കാണാതെ തെല്ലൊന്നു നിരാശരായെങ്കിലും 400 അടിയിൽ നിന്നും പല തുള്ളികളായി തെറിച്ചു വീഴുന്ന വെള്ളം താഴെ എത്തുന്നതിനു മുന്നേ ഉറച്ചു ഐസുപാളികൾ ആവുന്ന കാഴ്ച അതിമനോഹരം ആയിരുന്നു. എല്ലാവരും ഐസുപാളികളിൽ കൂടെ ഓടി കയറി വസുധാരയെ തൊട്ടറിഞ്ഞു. കൂടെ ഓടിക്കയറിയ ഞാൻ തണുത്തുറഞ്ഞ ഐസുപാളികളിൽ കാലുടക്കിയപ്പോഴാണ് എന്റെ കാലിൽ ഷൂസ് ഇല്ലെന്നു അറിഞ്ഞത്. കയറിയതിനേക്കാൾ വേഗത്തിൽ തിരിചിറങ്ങി താഴെ കാത്തു നിന്ന് അഗസ്റ്റിയുടെ ഷൂസ് ഇട്ടു വീണ്ടും ആവേശത്തോടെ ഓടി കയറി. ഇത്തവണ ഊർന്നിറങ്ങുന്ന ചിലരുമായി തടഞ്ഞു വീണെങ്കിലും മുകളിൽ എത്തി ഷർട്ട് അഴിച്ചു വസുധാര വെള്ളത്തുള്ളികളെതൊട്ടറിഞ്ഞപ്പോഴാണ് എന്തിനു വേണ്ടിയാണ് ഇത്ര കഷ്ടപ്പെട്ട് നടന്നത് എന്ന് ഞാൻ അറിഞ്ഞത്. ചില ഫോട്ടോകൾ എടുത്തെങ്കിലും ആസ്വാദനത്തിനു സമയം കുറവാണെന്നു മനസ്സിലാക്കിയ ഞങ്ങൾ വൈകാതെ തിരിച്ചിറങ്ങി തുടങ്ങി. തിരിച്ചു നടക്കുമ്പോഴും ഞങ്ങൾ എല്ലാവരും പല തവണ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. കണ്ടതും അനുഭവിച്ചതും മതിവരാതെ ഞങ്ങൾ തിരിച്ചു നടന്നു. ഞങ്ങളെ കാത്തു ബസിലുള്ളവർക് ക്ഷമ നശിച്ചുകാണും എന്നുറപ്പാണ്. എവിടെനിന്നോ മൊബൈലിൽ റേഞ്ച് കിട്ടിയപ്പോൾ അഗസ്തി അവരോടു പൊയ്ക്കോളാൻ പറഞ്ഞിരുന്നത് കേട്ട് ചെറുതായി ഒന്ന് പേടിച്ചു. പ്ലാൻ B മുതൽ Z വരെ കയ്യിലുണ്ടായിരുന്ന അഗസ്തിക് വലിയ ടെൻഷൻ ഒന്നുമില്ലായിരുന്നു. വീണ്ടും കഴ്ചകൾ കണ്ടു നടന്നു സരസ്വതി നദിയും താണ്ടി ഞങ്ങൾ മാന വില്ലേജിൽ എത്തി. ബദ്ധപ്പെട്ടു ബസിൽ കയറിയപ്പോൾ എല്ലാവർക്കും അറിയേണ്ടത് വസുധാരയെ പറ്റി ആയിരുന്നു. കണ്ടത് മുഴുവനും പറഞ്ഞു അവരെ വിഷമിപ്പിക്കരുത് എന്ന് അഗസ്തി പ്രത്യേകം പറഞ്ഞതു കൊണ്ട് അധികം വർണിച്ചില്ല. പക്ഷേ യാത്രയിലെ അവസാന സ്പോട് ആയ വസുധാര തൃശൂർപൂരത്തിന്റെ വെടിക്കെട്ടു പോലെ ഞങ്ങളുടെ മനസ്സിൽ മായാതെ നിന്നു. മാനവില്ലേജിലെ ചില കാഴ്ചകൾ ഞങ്ങൾക്കും നഷ്ടപ്പെട്ടിരുന്നു എന്നത് ബസിലുള്ളവരുടെ കയ്യിലെ ഫോട്ടോസ് കണ്ടപ്പോഴാണ് മനസ്സിലായത്.
പിപ്പിൾകോട്ടും യാത്രപറച്ചിലും
തിരിച്ചു ബസിൽ കയറി. ഇനിയുള്ള യാത്ര മടക്കയാത്രയാണ്. പുതിയ കാഴ്ചകൾ കാണാനുള്ള ആവേശം ഇല്ലാത്ത ഡൽഹിയിലെ റെയിൽവേ സ്റ്റേഷനും എയർപോർട്ടും ലക്‌ഷ്യം വച്ചുള്ള യാത്ര. ഇടക്കൊന്നു ഉറങ്ങാനുള്ള സമയം ഉണ്ട്. ഒരു തവണ കൂടെ ഒത്തു ചേർന്നിരിക്കാനുള്ള അവസരമുണ്ട്. പിപ്പിൾകോട്ടിലെ താമസസ്ഥലം. അവിടെയാണ് ഈ യാത്രയുടെ അവസാന ഇടത്താവളം. 75 കിലോമീറ്റർ യാത്ര ചെയ്തു ഞങ്ങൾ പിപ്പിൾകോട്ടിലെത്തി. എല്ലാവർക്കും റൂം അലോട് ചെയ്തു. യാത്ര തുടങ്ങിയപ്പോൾ കിട്ടിയപോലെ ഞാനും കുട്ടിമാമാമനും (നൗഷാദ് ഭായ്) വീണ്ടും ഒരു റൂമിലായി. വളരെ വിശദമായി തന്നെ ഒന്ന് കുളിച്ചു. പെട്ടിയും ബാഗും തുറന്നു അടുക്കി പെറുക്കി. "ഇതുവരെ കയ്യിലുള്ള ഒന്നും നഷ്ടപെട്ടില്ലേ" എന്ന് വീട്ടിലേക്കു വിളിച്ചപ്പോൾ ഭാര്യ അദ്ഭുതത്തോടെ ചോദിച്ചു. സത്യത്തിൽ അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്. എന്തൊക്കെയോ കാണാതായിരിക്കുന്നു. ഒരു യാത്രയിൽ അതൊക്കെ സർവസാധാരണം ആണല്ലോ എന്ന് ഞാൻ എന്നെ സമാധാനിപ്പിച്ചു പെട്ടിയും ബാഗും പാക്ക് ചെയ്തു പിറ്റേന്ന് കാലത്തു പോവാൻ റെഡി ആയി. മുകളിൽ ടെറസ്സിൽ വീണ്ടും കാറ്ററിങ്ങുകാരുടെ ഭക്ഷണം തയ്യാറായിരുന്നു. ചെറിയ യാത്ര അവലോകനവും പാട്ടും ഡാൻസും കഴിഞ്ഞു റൂമിൽ എത്തി ഉറക്കം പിടിച്ചു. പിറ്റേന്ന് പുലർച്ചെ വളരെ നേരത്തെ തന്നെ ഡൽഹിക്കു തിരിച്ചു. മുൻപ് പറഞ്ഞപോലെ മടക്ക യാത്ര ആയതു കൊണ്ടായിരിക്കാം കണ്ടു മടുത്ത ഹിമാലയമടക്കുകളെ കാണാൻ ആരും വലിയ താല്പര്യം കാണിച്ചിരുന്നില്ല. പകൽ യാത്രയിൽ മുഴുവനും പാതി മയക്കത്തിലായിരുന്ന ഞങ്ങൾ ഇടക്കൊന്നു വീണ്ടും യാത്ര തുടങ്ങിയ ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിൽ എത്തി. യാത്രാക്ഷീണം മാറ്റാനും ഭക്ഷണം കഴിക്കാനും വേണ്ടി നീണ്ട യാത്രയിൽ ചെറിയൊരു ഇടവേള. ഒന്ന് കുളിച്ചു ഒരിക്കൽ കൂടെ അയ്യനെ തൊഴുതു ഹരിദ്വാറിൽ നിന്ന് ഡൽഹിലേക്ക് തിരിച്ചു. പുലർച്ചെ 2. 30 ന് എയർപോർട്ടിൽ എത്തിയ ബസിൽ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. പത്തു ദിവസത്തെ യാത്രയുടെ ഒരുപാട് നല്ല ഓർമ്മകൾ ബാക്കി വച്ച് ഇനിയും ഒരു യാത്രയ്ക്കു ചിലരോടൊപ്പം എങ്കിലും കൂടാൻ കഴിയുമെന്ന പ്രതീക്ഷയോടെ……