ADVERTISEMENT

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഷൂട്ടിംഗ് കേന്ദ്രമാണ് ഉദയ്പൂരിലെ ലീല പാലസ്. ഇവിടെ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി തപ്സി പന്നു. വെളുത്ത സാരി ഉടുത്ത് അതിമനോഹരിയായാണ്‌ തപ്സി ഈ ചിത്രത്തില്‍ ഉള്ളത്. പുറകില്‍ ലീല പാലസിന്‍റെ സുന്ദരമായ ദൃശ്യങ്ങളും കാണാം. ശാന്തമായ പിച്ചോല തടാകക്കരയിലുള്ള ലീല പാലസിലേക്ക് ബോട്ട് വഴി എത്തിച്ചേരാം. മേവാറിലെ രാജാക്കന്മാരുടെ കാലത്തേക്ക് അതിഥികളെ കൂട്ടിക്കൊണ്ടു പോകുന്ന വാസ്തുഭംഗിയാണ് ഇവിടുത്തെ പ്രത്യേകത. ആഡംബരപൂര്‍ണമായ മുറികളില്‍ നിന്നും തടാകക്കാഴ്ച ആസ്വദിക്കാം. തടാകക്കരയിൽ പ്രഭാതഭക്ഷണം കഴിക്കാം.

Image Credit: taapsee/instagram
Image Credit: taapsee/instagram

സ്വകാര്യ ജാക്കൂസി, സ്പാ റൂം, താപനില നിയന്ത്രിക്കുന്ന പ്ലഞ്ച് പൂൾ തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ മഹാരാജ സ്യൂട്ട്, ആരവല്ലിയുടെയുടെയും പിച്ചോല തടാകത്തിന്‍റെയും കാഴ്ചകള്‍ ഒരുക്കുന്ന മൂന്നാം നിലയിലെ റോയല്‍ സ്യൂട്ട്, ഹോട്ട് ടബ്, ഒരു ഓപ്പൺ എയർ, താപനില നിയന്ത്രിത പ്ലഞ്ച് പൂൾ, വ്യക്തിഗത ബട്ട്‌ലർ സേവനം എന്നിവയുള്ള ഡ്യുപ്ലെക്സ് സ്യൂട്ട്, ബാത്ത് ഏരിയയും ബാൽക്കണിയുമുള്ള ലക്ഷ്വറി സ്യൂട്ട്, സ്വകാര്യ പൂളോടുകൂടിയ ഗ്രാൻഡെ ഹെറിറ്റേജ് ഗാർഡൻ വ്യൂ റൂം, ബാൽക്കണി ഉള്ള ഗ്രാൻഡെ ഹെറിറ്റേജ് ലേക്ക് വ്യൂ റൂം, ഗ്രാൻഡെ ഹെറിറ്റേജ് ലേക്ക് വ്യൂ റൂം, പച്ചപ്പുനിറഞ്ഞ പൂന്തോട്ടങ്ങളിലേക്ക് തുറക്കുന്ന ജനാലകളുള്ള ഗ്രാൻഡെ ഹെറിറ്റേജ് ഗാർഡൻ വ്യൂ റൂം എന്നിങ്ങനെ, ലീല പാലസില്‍ തിരഞ്ഞെടുക്കാന്‍ വിവിധ തരത്തിലുള്ള മുറികളുണ്ട്.

Image Credit: taapsee/instagram
Image Credit: taapsee/instagram

കൂടാതെ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചികള്‍ വിളമ്പുന്ന ഭക്ഷണ മുറിയും ഇന്തോ വിക്ടോറിയൻ തീം ബാറുമെല്ലാം മനോഹരമായ അനുഭവം നല്‍കും. ആരെയും വിസ്മയിപ്പിക്കുന്ന രാജസ്ഥാനി കലയും മാർബിൾ ശിൽപങ്ങൾ, വെള്ളിപ്പണികൾ, പുരാണ കഥകളുടെ ചിത്രീകരണങ്ങള്‍, തിളങ്ങുന്ന തിക്രി മിറർ വർക്ക്, തർകാഷി ലോഹങ്ങൾ എന്നിവയുമെല്ലാം കാണേണ്ടതാണ്. പതിനാറാം നൂറ്റാണ്ടിലെ ഒരു ശിവക്ഷേത്രവും ഇതിനുള്ളിലുണ്ട്. തടാകത്തിനരികിലുള്ള ആഡംബര ടെന്റഡ് സ്പായിൽ സ്പാ, മസാജ് സേവനങ്ങളുണ്ട്. വൈകുന്നേരങ്ങളില്‍ ഗോത്രവർഗ്ഗക്കാരുടെ നാടോടി സംഗീതത്തിന്റെയും അതിമനോഹരമായ നൃത്തങ്ങളുടെയും കാഴ്ച കാണാം.

ഇന്ത്യയുടെ സ്വന്തം വെനീസ് എന്നറിയപ്പെടുന്ന നഗരമാണ് ഉദയ്പൂര്‍. തെക്കൻ രാജസ്ഥാനില്‍, ആരവല്ലി മലനിരകളുടെ തെക്കേച്ചരിവിലുള്ള പീഠഭൂമി പ്രദേശത്താണ് ഈ നഗരം. മനുഷ്യനിര്‍മ്മിതമായ തടാകങ്ങളും മനോഹരമായ നിര്‍മ്മിതികളുമുള്ള ഉദയ്പൂരില്‍ കാണാനും അറിയാനും ഒട്ടേറെ കാര്യങ്ങളുണ്ട്. ഉദയ്പൂര്‍ കൊട്ടാരം, മണ്‍സൂണ്‍ പാലസ് തുടങ്ങി നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന എണ്ണമറ്റ കോട്ടകളും ജെയ്‌സാമന്ദ്, രാജ്സമന്ത്, ഉദയസാഗർ, പച്ചോള തുടങ്ങിയ തടാകങ്ങളും ആരവല്ലി മലനിരകളുടെ വശ്യമായ പ്രകൃതിഭംഗിയുമെല്ലാം ഉദയ്പൂരിന്‍റെ മുഖമുദ്രകളാണ്.

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിർമിത തടാകമാണ് ജെയ്‌സാമന്ദ് തടാകം. 102 അടി ആഴമുള്ള തടാകമാണിത്. പതിനേഴാം നൂറ്റാണ്ടിലെ മഹാറാണ ജയ് സിങ്ങിന്‍റെ ബുദ്ധിയിലുദിച്ചതായിരുന്നു ഈ ആശയം.

ഉദയ്പൂര്‍ കോട്ട ഏറെ പ്രസിദ്ധമാണ്. നഗരത്തിലെ ഏറ്റവും ഉയർന്ന ഭാഗത്ത് മഹാറാണാപ്രാസാദം, യുവരാജഗൃഹം, സർദാർ ഭവനം തുടങ്ങിയ നിര്‍മ്മിതികളും പ്രസിദ്ധമായ ജഗന്നാഥക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഇവയുടെ പ്രതിബിംബങ്ങൾ സമീപത്തുള്ള പിച്ചോല തടാകത്തിൽ പ്രതിബിംബിക്കുന്നത് മനോഹരമായ കാഴ്ച്ചയാണ്. തടാകത്തിനു നടുവിലായി, യജ്ഞമന്ദിരം, ജലവാസഗൃഹം എന്നിങ്ങനെ രണ്ടു വാസ്തുശില്പങ്ങളുമുണ്ട്. 

മുഗള്‍ വാസ്തുവിദ്യയുടെ സൗന്ദര്യം ആവാഹിച്ച് പിച്ചോല തടാകനടുവില്‍ ഗാംഭീര്യത്തോടെ നില്‍ക്കുന്ന താജ് ലേക്ക് പാലസ് ലോകപ്രശസ്തമാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ മഹാറാണ ജഗത് സിംഗ് രണ്ടാമൻ നിർമ്മിച്ച ജഗ് നിവാസ്,  1963-ൽ മേവാര്‍ രാജകുടുംബത്തിലെ മഹാറാണ ഭഗവത് സിംഗ് ഒരു ഹെറിറ്റേജ് ഹോട്ടലാക്കി മാറ്റി. പിന്നീട്, ജെയിംസ് ബോണ്ട് ചിത്രമായ 'ഒക്ടോപസി'യില്‍ ചിത്രീകരിക്കപ്പെട്ടതോടെ പാലസിന്‍റെ പ്രശസ്തി ലോകമെമ്പാടും പരക്കുകയും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഇവിടേക്ക് പറന്നെത്തുകയും ചെയ്തു. ഇന്ന് ഇവിടെ 65 ആഡംബര മുറികളും 18 ഗ്രാൻഡ് സ്യൂട്ടുകളും ഉണ്ട്.

English Summary:

Taapsee Pannu's Ethereal Look at Leela Palace Udaipur.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com