നീർമഹൽ! ജലത്താൽ ചുറ്റപ്പെട്ട ആ കൊട്ടാരത്തിന്റെ കാഴ്ചകൾ പങ്കുവച്ച് സുരേഷ് ഗോപി
Mail This Article
ത്രിപുരയെന്ന കൊച്ചു സംസ്ഥാനത്തിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന കാഴ്ചയിലേക്കായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി എംപിയുടെ യാത്ര. കൃത്യമായി പറഞ്ഞാൽ നീർമഹൽ എന്ന ട്വിജിലിക്മ നുയുങ് കാണാനും ജലത്താൽ ചുറ്റപ്പെട്ട ആ കൊട്ടാരത്തിന്റെ കാഴ്ചകൾ ആസ്വദിക്കാനുമാണ് കേന്ദ്ര സഹമന്ത്രി ആ സംസ്ഥാനത്തിലെത്തിയത്. കൊട്ടാരം സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത് സുരേഷ് ഗോപി എം പി തന്നെയാണ്. രുദ്രസാഗർ തടാകത്തിനു മധ്യത്തിലായി സ്ഥിതി ചെയ്യുന്ന നീർമഹലിന്റെ വാസ്തുവിദ്യാചാതുര്യത്തെക്കുറിച്ചും ചരിത്ര പ്രാധാന്യത്തെക്കുറിച്ചുമെല്ലാം മലയാളത്തിന്റെ പ്രിയനടൻ പങ്കുവെച്ച ദൃശ്യങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്.
ത്രിപുരയിലെ അഗര്‍ത്തലയില്‍ നിന്നും 53 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന പ്രൗഢഗംഭീരമായ വാസ്തുവിദ്യാ അദ്ഭുതമാണ് നീര്‍മഹല്‍. ആ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ രുദ്രാസാഗര്‍ തടാകത്തിനു നടുവിലായാണ് ഇ വിസ്മയ നിർമിതി നിലകൊള്ളുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ത്രിപുരയിലെ മഹാരാജാവായിരുന്ന ബിര്‍ ബിക്രം കിഷോര്‍ ദേബെന്ദ്ര മാണിക്യന്‍ തന്‍റെ വേനല്‍ക്കാല വസതിയായി നിര്‍മിച്ച ഈ കൊട്ടാരം ഇന്ന് ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ്. ഹിന്ദു, മുസ്ലിം ശൈലികള്‍ സംയോജിപ്പിച്ചു കൊണ്ട് അങ്ങേയറ്റം ആകര്‍ഷണീയമാണ് ഇതിന്‍റെ വാസ്തുവിദ്യ.
ഇന്ത്യയില്‍ വെള്ളത്തിന് നടുവില്‍ നിര്‍മിച്ച കെട്ടിടങ്ങളില്‍ വച്ച് ഏറ്റവും വലുതാണ് നീര്‍മഹല്‍. മറ്റൊന്ന് രാജസ്ഥാനിലുള്ള ജല്‍മഹലാണ്. ഒന്‍പതു വര്‍ഷമെടുത്താണ് നീര്‍മഹലിന്‍റെ നിര്‍മാണം പൂര്‍ത്തിയായത്. മണൽ കല്ലും മാർബിളും ഉപയോഗിച്ച് നിര്‍മിച്ച കൊട്ടാരത്തിനുള്ളിലെ പവലിയനുകൾ, ബാൽക്കണി, ടവറുകൾ, പാലങ്ങൾ എന്നിവയെല്ലാം വിസ്മയകരമാണ്. താഴികക്കുടത്തിന്‍റെ ആകൃതിയിലുള്ള മിനാറുകൾ കൊട്ടാരത്തിന് കോട്ട പോലുള്ള രൂപം നൽകുന്നു.
നീർമഹലിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പടിഞ്ഞാറ് ഭാഗം ആൻഡർ മഹൽ എന്നാണ് അറിയപ്പെടുന്നത്. രാജകുടുംബത്തിന് വേണ്ടി നിർമിച്ചതാണ് ഈ ഭാഗം. മഹാരാജാക്കന്മാര്‍ക്കും കുടുംബങ്ങളുടെയും വിനോദവേളകള്‍ക്കായി നാടകം, നൃത്തം, മറ്റ് സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചിരുന്ന ഒരു ഓപ്പൺ എയർ തിയേറ്ററാണ് കിഴക്ക്. ആകെ 24 മുറികളാണ് കൊട്ടാരത്തിലുള്ളത്. ഗോവണിപ്പടികളിലൂടെ രുദ്രസാഗർ തടാകത്തിലെ വെള്ളത്തിലേക്ക് ഇറങ്ങാം. രാജാക്കന്മാരുടെ കാലത്ത് ബോട്ട് ഓടിച്ചു കൊണ്ട് കൊട്ടാരത്തിലേക്ക് നേരിട്ട് കടക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ടെറസ് ഗാർഡനുകളിലൊന്ന് ഇവിടെയാണ്.
അഗർത്തലയിൽ നിന്ന് 53 കിലോമീറ്റർ അകലെയുള്ള മേലഘർ പട്ടണത്തിലാണ് കൊട്ടാരം. അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ, കുമാർഘട്ട് (160 കിലോമീറ്റർ), ധർമ്മ നഗർ (200 കിലോമീറ്റർ) എന്നിവയാണ്. അഗർത്തല വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.